കെ.മാധവൻ
'ഒന്നുകിൽ ഞാൻ ഉന്നയിച്ച ആവശ്യങ്ങൾ നേടി ആശ്രമത്തിലേക്ക് മടങ്ങും. അല്ലെങ്കിൽ അറബിക്കടലിൽ എന്റെ മൃതശരീരം ഒഴുകും' ഉപ്പ് സത്യാഗ്രഹത്തിന് ആഹ്വാനംചെയ്തുകൊണ്ടുള്ള മഹാത്മാ ഗാന്ധിയുടെ വാക്കുകൾ രാജ്യത്തങ്ങോളമിങ്ങോളം അലയടിച്ചു. സാബർമതി ആശ്രമത്തിലെ 78 അന്തേവാസികളുമായി 1930 മാർച്ച് 12-ന് ദണ്ഡിയിലേക്ക് ആ യാത്ര തുടങ്ങി.

അറബിക്കടലിൽനിന്നുളള കാറ്റും തിരയുമേൽക്കുന്ന കേരളത്തിലും ഉപ്പുസത്യാഗ്രഹത്തിന്റെ ആവേശം അലതല്ലി. കേളപ്പജിയുടെ നേതൃത്വത്തിൽ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് 1930 ഏപ്രിൽ 13-ന് പുറപ്പെട്ട 32 അംഗ സംഘത്തിൽ ഏറ്റവും ഇളയവനായി കാഞ്ഞങ്ങാട്ടുകാരൻ കെ.മാധവനും പങ്കെടുത്തു. പ്രായം 15. പിന്തിരിപ്പിക്കാൻ കേളപ്പജിയുടെ ശ്രമം. സത്യാഗ്രഹസംഘത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മാധവൻ. 'വലിയ വീട്ടിലെ കുട്ടി' വിരലിലുണ്ടായിരുന്ന ഒരു പവന്റെ മോതിരം ഊരി സത്യാഗ്രഹ ഫണ്ടിലേക്ക് സംഭാവന നൽകി. മാധവന്റെ ആവേശവും ധൈര്യവും കണ്ട കേളപ്പജിക്ക് മറ്റൊന്നും തീരുമാനിക്കാനുണ്ടായിരുന്നില്ല. വയസ്സ് കൂട്ടിപ്പറഞ്ഞാണ് കെ.മാധവൻ ജയിൽശിക്ഷ വാങ്ങിയത്.
ഉപ്പുനിയമം ലംഘിക്കാൻ പുറപ്പെട്ട വൊളന്റിയർമാരെ, നിങ്ങൾ എത്ര ഭാഗ്യവാന്മാർ എന്ന് വള്ളത്തോൾ പ്രശംസിച്ച് പ്രോത്സാഹിപ്പിച്ചിരുന്നെന്നും മകൻ അച്യുതക്കുറുപ്പിനോട് ഒരു പോറലെങ്കിലും ഏൽക്കാതെ തിരിച്ചുവരരുതെന്നാണ് മഹാകവി പറഞ്ഞതെന്നും മാധവൻ അനുസ്മരിക്കാറുണ്ടായിരുന്നു.
കേരളത്തിൽ ഉപ്പുസത്യാഗ്രഹം നടക്കില്ലെന്നൊരു അഭിപ്രായം ഉയർന്നുവന്നിരുന്നു. എന്നാൽ, അതിനെതിരേ വടകര കോൺഗ്രസ് സമ്മേളനത്തിൽ കെ.കേളപ്പൻ ഗർജിച്ചു -അഞ്ഞൂറ് നാഴികയിലധികം കടൽത്തീരമുള്ള കേരളത്തിൽ ഉപ്പുസത്യാഗ്രഹം നടക്കില്ലെന്ന് പറയുന്നത് അസംബന്ധവും ഭീരുത്വവുമാണ്. ഇവിടെ ഉപ്പുസത്യഗ്രഹം നടക്കും. കേളപ്പൻ നടത്തും. കേളപ്പജിയുടെ പ്രഖ്യാപനം നിലക്കാത്ത കൈയടിയോടെയാണ് സമ്മേളനം സ്വീകരിച്ചത്. ഇതെല്ലാം 'മാതൃഭൂമി' അന്ന് അച്ചുനിരത്തി വായനക്കാരിലെത്തിച്ചുകൊണ്ടിരുന്നു.
1947 ഓഗസ്ത് 15-ന് രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിൽ മതിമറക്കുമ്പോൾ കുട്ടിക്കാലം മുതൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് യാതനകൾ ഏറ്റുവാങ്ങിയ താൻ പോലീസ് സ്റ്റേഷനിൽ തടവുകാരനായി കഴിയുകയായിരുന്നുവെന്ന് 'മാതൃഭൂമി'യിൽ എഴുതിയ ലേഖനത്തിൽ കെ.മാധവൻ വിവരിക്കുന്നു.
ആനപ്പുറത്ത് ഗാന്ധിജിയുമായി എഴുന്നള്ളി രാഷ്ട്രീയത്തിൽ ഹരിശ്രീ
ആനപ്പുറത്ത് ഖദർ വിരിച്ച് അതിൽ ഗാന്ധിജിയുടെ ഫോട്ടോ പിടിച്ചിരുന്ന് 'ഹരിശ്രീ'കുറിച്ചാണ് മാധവൻ രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ചെറുപ്പത്തിൽ രാഷ്ട്രീയജീവിതം വിദ്യാഭ്യാസത്തിന് തടസ്സമായതായും ജയിലായിരുന്നു തന്റെ സർവകലാശാലയെന്നും അദ്ദേഹം മാതൃഭൂമിയിൽ എഴുതിയ 'എന്റെ സർവകലാശാല ജയിൽ' എന്ന ലേഖനത്തിൽ പറയുന്നു.
അവർണ ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് നടന്ന ഗുരുവായൂർ സത്യാഗ്രഹത്തിന് 'മാതൃഭൂമി' നൽകിയ പിന്തുണയെക്കുറിച്ച് പലപ്പോഴും കെ.മാധവൻ വാചാലനായിട്ടുണ്ട്. പി.കൃഷ്ണപിള്ള ഗുരുവായൂർ അമ്പലമണി അടിച്ചതിന് സാക്ഷിയായിരുന്നു മാധവൻ. ആ 'തെറ്റിന്' കൃഷ്ണപിള്ളയ്ക്ക് കൊടിയ മർദനം ഏൽക്കേണ്ടിവന്നു. 'ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽത്തീനികൾ പുറത്തടിക്കും' എന്ന കൃഷ്ണപിള്ളയുടെ പ്രതികരണം മാധവൻ 'മാതൃഭൂമി'യിലൂടെ വിവരിച്ചിട്ടുണ്ട്.
ഗുരുവായൂരിൽ ആനയ്ക്കുമുന്നിലും പതാറാതെ നിന്ന സമരവീര്യത്തെക്കുറിച്ചുള്ള അനുഭവവും മാധവൻ 'മാതൃഭൂമി'യിലൂടെ വായനക്കാരിലേക്ക് എത്തിച്ചിട്ടുണ്ട്. സമരം പൊളിക്കാൻ സമരപ്പന്തലിനടുത്തുള്ള ചെറിയ ഗേറ്റിലൂടെ ആനകളെ കൊണ്ടുപോകുമെന്ന് പ്രഖ്യാപനമുണ്ടായി. അതിനെ കേളപ്പജി വെല്ലുവിളിച്ചു. സത്യാഗ്രഹത്തിലെ പ്രായംകുറഞ്ഞ വൊളന്റിയറായ കെ.മാധവനും കോൺഗ്രസ് നേതാവ് കുഞ്ഞിശങ്കര മേനോന്റെ അനുജൻ ഉണ്ണിയും ചെറിയ ഗേറ്റിൽ നിൽക്കുമെന്നും അവരുടെ ശരീരത്തിൽ കയറ്റിയേ ആനയെ കൊണ്ടുപോകാൻ കഴിയൂ എന്നും കേളപ്പജി തറപ്പിച്ചുപറഞ്ഞു. മാധവനും ഉണ്ണിയും ചെറിയ ഗേറ്റിലെത്തിയപ്പോൾ ആനയും പാപ്പാനും തൊട്ടരികിൽ. പടിവാതിലിന് രണ്ടറ്റത്തും കുലുങ്ങാത്ത ഉശിരോടെ രണ്ടാളെ കണ്ടപ്പോൾ ആന നടത്തം നിർത്തി. നടക്കാനാവശ്യപ്പെട്ട് പാപ്പാൻ അടിയും തുടങ്ങി. മർദനം സഹിക്കാതായപ്പോൾ മസ്തകം താഴ്ത്തി ആന ഒരൊറ്റ ഓട്ടം. അതിന്റെ വയർ തട്ടി രണ്ടാളും രണ്ടു ഭാഗത്തേക്ക് തെറിച്ചുവീണതായി മാധവൻ വിവരിക്കുന്നു.
കേളപ്പജിയെ കൊല്ലാൻ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനമെടുത്തെന്ന മാധവന്റെ 'മാതൃഭൂമി'യിലൂടെയുള്ള വെളിപ്പെടുത്തൽ ഒരുകാലത്ത് രാഷ്ട്രീയരംഗത്ത് കൊടുങ്കാറ്റുയർത്തിയിരുന്നു. കിണാവൂരിൽ കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിക്കാനെത്തുന്ന കേളപ്പജിയെ സർ സി.പി.യെ ആക്രമിച്ചരീതിയിൽ ജനറേറ്റർ തകർത്ത് ഇരുട്ടിന്റെ മറവിൽ ആക്രമിക്കാനായിരുന്നു ലക്ഷ്യം. കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന കെ.വി.നാരായണൻ നമ്പ്യാരുടെയും ഇ.കെ.നായനാരുടെയും അറിവോടെയാണ് അതിന് പദ്ധതി തയ്യാറാക്കിയതെന്നും മാധവൻ വെളിപ്പെടുത്തി. കനത്ത പോലീസ് ബന്തവസ് മൂലമാണ് പദ്ധതി പാളിയതെന്നും സി.പി.എമ്മിന്റെ നയവൈകല്യങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടിയുമായുള്ള ബന്ധം വിടർത്തിക്കൊണ്ട് ഇ.എം.എസിന് അയച്ച തുറന്ന കത്തിൽ മാധവൻ പറയുന്നു.
2015 ഓഗസ്ത് 26-ന് കെ.മാധവന്റെ നൂറ്റൊന്നാം പിറന്നാൾ വാർത്ത ഒന്നാം പേജിലാണ് 'മാതൃഭൂമി' ചിത്രസഹിതം നൽകിയത്. ദേശീയപ്രസ്ഥാനത്തിന്റെ സന്ദേശം കാസർകോടൻ ഗ്രാമങ്ങളിൽ എത്തിക്കുകയും ബഹുജന പ്രസ്ഥാനമാക്കുകയുംചെയ്ത ആ യുഗം 2016 സെപ്റ്റംബർ 26-ന് അസ്തമിച്ചു.
മഹാത്മാ ഗാന്ധിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായി ദേശീയപ്രസ്ഥാനത്തിലെത്തി പിന്നീട് ക്യൂണിസ്റ്റായെങ്കിലും മരണംവരെ അദ്ദേഹം ഗാന്ധിയനായിരുന്നു -ഗാന്ധിയൻ കമ്യൂണിസ്റ്റായിരുന്നു.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..