നാലരപ്പതിറ്റാണ്ട് 'മാതൃഭൂമി'ക്കൊപ്പം നടന്ന 'ബാലേട്ടൻ'


ജോബ് ജോൺ

കെ. ബാലകൃഷ്ണൻ നായർ

ആലത്തൂർ: നൂറ്റാണ്ടുപിന്നിടുന്ന 'മാതൃഭൂമി'ക്കൊപ്പം നാലരപ്പതിറ്റാണ്ടാണ് കെ. ബാലകൃഷ്ണൻ നായർ സഞ്ചരിച്ചത്. 1968 മുതൽ 2013 വരെ ആലത്തൂർ ലേഖകനായിരുന്ന അദ്ദേഹം മേഖലയിൽ 'മാതൃഭൂമി'യുടെ പ്രതിനിധിയും പ്രതീകവുമായി.

'മാതൃഭൂമി' സ്ഥാപകപത്രാധിപർ കെ.പി. കേശവമേനോനിൽ നിന്ന് നിയമന ഉത്തരവ് ലഭിക്കാൻ ഭാഗ്യംലഭിച്ചവരുടെ പട്ടികയിലാണ് ബാലേട്ടന്റെ സ്ഥാനം. അന്ന് കോഴിക്കോട്ടുനിന്നാണ് പത്രം അച്ചടിക്കുന്നത്. പിന്നീട് തൃശ്ശൂരിൽനിന്നും പാലക്കാട്ടുനിന്നും അച്ചടിതുടങ്ങിയ 'മാതൃഭൂമി'യുടെ വളർച്ചയുടെ ചരിത്രനിമിഷങ്ങൾക്ക് നേർസാക്ഷിയായി.

ആലത്തൂർ താലൂക്കാശുപത്രിയടക്കമുള്ള നിരവധി പൊതുസ്ഥാപനങ്ങളുടെ വികസനത്തിനുപിന്നിൽ ബാലകൃഷ്ണൻനായർ ചലിപ്പിച്ച പേനയുടെ അടയാളമുണ്ട്. കർഷകത്തൊഴിലാളികൾക്ക് പെൻഷൻനൽകണമെന്ന ആവശ്യത്തിലൂന്നി ആദ്യമായി വാർത്തകളെഴുതിയത് അദ്ദേഹമാണ്.

കെ.പി. കേശവമേനോന്റെ ജന്മനാടായ തരൂർ ഉൾപ്പെടുന്ന ആലത്തൂർ താലൂക്കിനെ 'മാതൃഭൂമി'യുടെ ബലമേഖലകളിലൊന്നായി പടുത്തുയർത്തി. എരിമയൂർ കുന്നത്ത് ബാലകൃഷ്ണൻനായർ പതിനഞ്ചാംവയസ്സിൽ കോൺഗ്രസ് നേതാവ് കെ.സി. പഴനിമലയുടെ ടി.ബി.ടി. കമ്പനിയിൽ മാനേജരായാണ് കാവശ്ശേരിയിലെത്തുന്നത്. വേപ്പിലശ്ശേരി കോതേവീട്ടിൽ സത്യഭാമയെ വിവാഹംചെയ്തതോടെ കാവശ്ശേരിയിൽ സ്ഥിരതാമസമാക്കി. 1992 ഡിസംബർ മൂന്നിന് ഭാര്യയുടെ ചരമവാർത്ത എഴുതിയയക്കേണ്ടിവന്നപ്പോൾ മാത്രമാണ് അദ്ദേഹം പതറിയത്. 2013 ഏപ്രിൽ മാസത്തിലാണ് രോഗബാധിതനായി ഒരുമാസത്തെ അവധിയെടുത്ത് ചികിത്സയ്ക്കുപോയത്. ചികിത്സയ്ക്കിടയിലും കിട്ടുന്ന വാർത്തകളും വിവരങ്ങളും കെമാറി. മേയ് നാലിനായിരുന്നു മരണം.

വാർത്ത കവറിൽ

40 വർഷംമുമ്പ് ആലത്തൂർതാലൂക്കിൽ ന്യൂസ് ബ്യുറോയുള്ള ഏകപത്രം 'മാതൃഭൂമി'യായിരുന്നു. വാർത്തകൾ എഴുതി കവറിലാക്കി നേരിട്ട് പാലക്കാട് ജില്ലാ ബ്യൂറോയിൽ എത്തിച്ച് ടെലിപ്രിന്റർവഴി അച്ചടികേന്ദ്രത്തിലേക്ക് അയച്ചിരുന്ന കാലത്താണ് അദ്ദേഹം പത്രപ്രവർത്തനം ആരംഭിച്ചത്. കെ.കെ. നമ്പീശനായിരുന്നു ടെലിപ്രിന്റർ ഓപ്പറേറ്റർ. ടെലിഫോൺ അന്ന് അപൂർവമാണ്. പിന്നീട് വാർത്തയും ചിത്രവും കവറിലാക്കി ബസിൽ കൊടുത്തയയ്ക്കുന്ന കാലമായി. ഫാക്സ് എത്തിയത് പിന്നെയും കുറേക്കാലം കഴിഞ്ഞാണ്. കംപ്യൂട്ടറിൽ വാർത്ത ടൈപ്പ് ചെയ്ത് ചിത്രവും ചേർത്ത് ഇന്റർനെറ്റ് വഴി അയയ്ക്കുന്ന പുതിയ കാലത്തിനും അദ്ദേഹം സാക്ഷിയായി.

1988-ൽ വീട്ടിൽ ലാൻഡ്‌ഫോൺ എത്തി. ഫോൺ ബെല്ലടിച്ചാൽ വീട്ടിലുള്ള എല്ലാവരും കാതോർക്കുമെന്ന് മകന്റെ ഭാര്യ പത്മിനി ഓർമിക്കുന്നു.

തെന്നിലാപുരം ഏജന്റ് ബാലകൃഷ്ണൻ, ആലത്തൂർ ഏജന്റ് അബ്ദുൾസലിം, പുതുക്കോട് ഏജന്റ് വേലായുധൻ എന്നിവരിലാരുടെയെങ്കിലും സൈക്കിളിനുപിന്നിൽ കയറിയാണ് പലപ്പോഴും വാർത്തശേഖരിക്കാൻ പോവുക. പാടൂർ ഏജന്റ് നാരായണൻകുട്ടിയാണ് രാത്രി വൈകിക്കിട്ടുന്ന വാർത്തകൾ കവറിലാക്കി ബസിൽ പാലക്കാട് ഓഫീസിലേക്ക് പോകുക. വാർത്തയൊക്കെ കൊടുത്ത് പിറ്റേന്ന് പുലർച്ചെ പത്രവണ്ടിയിൽ തിരിച്ചെത്തി പത്രവിതരണവും നടത്തിയിട്ടാകും അദ്ദേഹം വീടെത്തുക.

ചായ്‌വില്ലാത്ത ലേഖകൻ

25 വർഷക്കാലം കഴനി സഹകരണബാങ്ക് പ്രസിഡന്റും രണ്ടുതവണ കോൺഗ്രസ് കാവശ്ശേരി മണ്ഡലം പ്രസിഡന്റും ഡി.സി.സി. അംഗവുമായിരുന്നു. കോൺഗ്രസുകാരനായിരിക്കുമ്പോഴും വാർത്തയെഴുത്തിൽ രാഷ്ട്രീയചായ്വ് കാട്ടിയില്ല. കമ്യൂണിസ്റ്റ് നേതാവ് ആലത്തൂർ ആർ. കൃഷ്ണൻ 'മിസ്റ്റർ ബാലൻ, നിങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പമാണ് പ്രവർത്തിക്കേണ്ടത്' എന്നുപറഞ്ഞ് ക്ഷണിക്കുമായിരുന്നു. സി.പി.ഐ. നേതാവ് കെ.ഇ. ഇസ്മയിൽ, കോൺഗ്രസ് നേതാവ് വി.സി. കബീർ, സി.പി.എം. നേതാക്കളായ എ.കെ. ബാലൻ, എം. ചന്ദ്രൻ എന്നിവരോടൊക്കെ അടുത്തബന്ധം കാത്തുസൂക്ഷിച്ചു. അന്തരിച്ച കോൺഗ്രസ് നേതാവ് കെ. ശങ്കരനാരായണനും ബാലേട്ടനും ഒരേ കാലഘട്ടത്തിൽ 'മാതൃഭൂമി' ലേഖകരായിരുന്നു. പി. ബാലനായിരുന്നു രാഷ്ട്രീയത്തിലെ മാർഗദർശി. എ.കെ. ആൻണി 'ബാലു' എന്നാണ് വിളിച്ചിരുന്നത്. വി.എസ്. വിജയരാഘവന് അദ്ദേഹം 'ബാലൻനായരാ'യിരുന്നു. എ.വി. ഗോപിനാഥിന് 'ബാലേട്ട'യായിരുന്നു. നാട്ടുകാർക്കെല്ലാം 'മാതൃഭൂമി ബാലേട്ടനും'.

Content Highlights: Mathrubhumi 100 Years

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


07:39

കാടിനിടയിലെ വശ്യത, ഏത് വേനലിലും കുളിര്, ഇത് മലബാറിന്റെ ഊട്ടി | Kakkadampoyil | Local Route

Mar 22, 2022

Most Commented