ജി.രവീന്ദ്രൻ
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് യു.പി. സ്‌കൂളിലെ അധ്യാപകനായിരുന്നു ജി.രവീന്ദ്രൻ എന്ന നാട്ടുകാരുടെ രവി സാർ. പത്രങ്ങളും ആനുകാലികങ്ങളും നൽകുന്ന അറിവ് നാടിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണെന്ന തിരിച്ചറിവാണ് അധ്യാപകനായ ജി.രവീന്ദ്രൻ എന്ന രവി സാറിനെ പത്രം ഏജന്റുകൂടിയാക്കി മാറ്റിയത്.
രവി സാറായിരുന്നു വെഞ്ഞാറമ്മൂട് പ്രദേശത്തെ ആദ്യത്തെ പ്രധാന പത്രം ഏജന്റ്. തന്റെ ഗ്രാമത്തെയും വിദ്യാർഥികളെയും വായനയിലൂടെ അറിവിന്റെ ലോകത്തെത്തിക്കുക എന്ന സ്വപ്നമാണ് അദ്ദേഹത്തെ നയിച്ചത്. നല്ല സാമ്പത്തികശേഷിയും ജോലിയും ഉണ്ടായിരുന്നിട്ടും രവീന്ദ്രൻ പത്രങ്ങളുടെ ഏജൻസി എടുക്കാൻ തീരുമാനിച്ചത് നാടിനു വേണ്ടിയായിരുന്നു.

യുവജനങ്ങളിലും കുട്ടികളിലും വായനശീലം വളർത്താൻ രവീന്ദ്രൻ കൂടുതൽ ശ്രദ്ധ ചെലുത്തി. സ്‌കൂളുകൾ, ക്ലബ്ബുകൾ, ഗ്രന്ഥശാലകൾ എന്നിവയ്ക്ക് പത്രങ്ങളും പ്രസിദ്ധീകരണങ്ങളും സൗജന്യമായും നൽകി. പ്രദേശത്തെ വാർത്തകൾ പത്രങ്ങളിൽ വരുത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഭാര്യ സുഭദ്രയുടെ പേരിലായിരുന്നു ഏജൻസി.
ഏജൻസി തുടങ്ങുന്ന ആദ്യ കാലത്ത് മാതൃഭൂമി തിരുവനന്തപുരം എഡിഷൻ ആരംഭിച്ചിട്ടില്ല. കൊച്ചിയിൽനിന്ന് ബസിലാണ് പത്രം എത്തിച്ചിരുന്നത്. പുസ്തകക്കടയിൽ പുലർച്ചെ മൂന്നുമണിയാകുമ്പോൾ വിതരണക്കാർ എത്തും. പത്രക്കെട്ടുകൾ വന്നാലുടൻ അടുക്കി സൈക്കിളുകളിൽ കെട്ടിവെച്ച് വെഞ്ഞാറമൂട്ടിലും സമീപ പ്രദേശങ്ങളിലുമെത്തിക്കും. പത്തോളം വിതരണക്കാരും അന്ന് രവീന്ദ്രനൊപ്പമുണ്ടായിരുന്നു. കണക്കുകൾ എഴുതിയിരുന്നത് ഇന്നത്തെ മാതൃഭൂമി കാവറ ഏജന്റ് സുദർശനൻ ആയിരുന്നു. പതിനഞ്ചാമത്തെ വയസ്സിലാണ് പത്രവിതരണത്തിനായി സുദർശനൻ, രവീന്ദ്രന്റെ അടുത്തെത്തിയത്.
74-ാം വയസ്സിൽ 2007-ലാണ് രവീന്ദ്രൻ മരിച്ചത്. മരണശേഷം ഓരോ പ്രദേശങ്ങളിലെ പത്രം നിലവിലുള്ള വിതരണക്കാരെ ഏൽപ്പിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ പുത്തൻവീട്ടിലാണ് രവീന്ദ്രൻ താമസിച്ചിരുന്നത്. ഭാര്യ സുഭദ്ര, അഭിഭാഷകനായ അജിത്, ബിസിനസുകാരനായ ബിജു, സോഫ്റ്റ്വേർ എൻജിനിയർ ബിനു എന്നിവർ മക്കളാണ്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..