ഇ.സി. മാധവൻ നമ്പ്യാർ: സവിശേഷ വാർത്തകളുടെ ഉപാസകൻ


എബി പി. ജോയി

ഇ.സി. മാധവൻ നമ്പ്യാർ

കോഴിക്കോട്: ലേഖകന്റെ നിരന്തരജാഗ്രതയും ശ്രദ്ധയും കഠിനപ്രയത്‌നവും സമ്മേളിക്കുമ്പോഴാണ് മാധ്യമഭാഷയിൽ 'സ്‌കൂപ്പ്' എന്നുവിളിക്കുന്ന സവിശേഷവാർത്ത പിറക്കുന്നത്. ഒരുദിവസം മാത്രം ആയുസ്സുള്ള ആ സവിശേഷവാർത്ത പുരുഷായുസ്സിനപ്പുറവും ലേഖകന് യശസ്സ് നൽകും. മാതൃഭൂമിയുടെ എക്കാലത്തെയും മികച്ച ചീഫ് റിപ്പോർട്ടർമാരിൽ ഒരാളായ ഇ.സി. മാധവൻ നമ്പ്യാരെ സവിശേഷ വാർത്തകളുടെ നിത്യോപാസകൻ എന്നുവേണം വിളിക്കാൻ. പത്രത്തിന്റെയും ലേഖകന്റെയും സജീവസാന്നിധ്യം നാടിനെ അറിയിച്ചയാൾ. വസ്തുതകളുടെ പക്ഷത്ത് നിൽക്കുമ്പോൾ ആരെയും കൂസാത്ത നിർഭയത്വമുള്ളയാൾ.

പാതിരാത്രിയോടടുത്തും ഉണർന്നിരുന്ന് പ്രവർത്തിക്കുന്ന മാധവൻ നമ്പ്യാരുടെ പതിവുശീലം പതിറ്റാണ്ടുകൾമുമ്പ് 'ഗുരുവായൂർ ക്ഷേത്രം കത്തിയമർന്നു' എന്ന എക്‌സ്‌ക്ലുസീവ് ഒന്നാംപേജ് മെയിൻവാർത്ത മാതൃഭൂമിക്ക് നൽകി. ഒരു ഫോട്ടോകൂടി കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹം രാവേറെ വൈകിയിട്ടും തന്റെ സ്റ്റുഡിയോ അടയ്ക്കാതിരുന്ന അയ്യപ്പനെന്ന ഫോട്ടോഗ്രാഫറും സഫലമാക്കി.

തൃശ്ശൂർ ചെട്ടിയങ്ങാടിയിൽ അഴീക്കോടൻ രാഘവൻ കുത്തേറ്റുമരിച്ചത് തിരിച്ചറിഞ്ഞതും ആദ്യം റിപ്പോർട്ട് ചെയ്തതും നമ്പ്യാരായിരുന്നു. ഗുരുവായൂർ കേശവൻ ചരിഞ്ഞു എന്നെഴുതാതെ 'കഥാവശേഷനായി' എന്ന് തലക്കെട്ടു നൽകി, അടിമുടി പുതുമയുള്ള ഫീച്ചർശൈലിയിൽ തയ്യാറാക്കിയ റിപ്പോർട്ട് ഏറെ ചർച്ചചെയ്യപ്പെട്ടു. തൃശ്ശൂർ പൂരവും വെടിക്കെട്ടും കുടമാറ്റവും ഇലഞ്ഞിത്തറമേളവുമൊക്കെ നമ്പ്യാരുടെ തൂലിക വ്യത്യസ്തതയുള്ള വായനാനുഭവമാക്കി. കൊട്ടിക്കയറുമ്പോഴെന്നപോലെ ആസ്വാദനത്തിന്റെ ആനന്ദധാരയൊരുക്കി. തൃശ്ശൂർപൂരം വെടിക്കെട്ട് അപകടവാർത്ത വായിച്ച് ആ നഗരം വിതുമ്പി. വാർത്തയ്ക്കപ്പുറം കാമ്പുള്ള ധാരാളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പുരാണവും നർമവും നാടൻഭാഷയും ആക്ഷേപ ഹാസ്യവും പഴഞ്ചൊല്ലുമൊക്കെ ചേർത്ത് പ്രതിവാര വിമർശന കോളങ്ങളെഴുതി.

തൃശ്ശൂരിൽ 'തേക്കിൻകാടിനു ചുറ്റും', വടകരയിൽ 'അഞ്ചുവിളക്കിനുചുറ്റും' എന്നീ പംക്തികൾ ഞായറാഴ്ചകളിൽ ഭരണാധികാരികളുടെ ഉറക്കം കെടുത്തി. മാധവൻ നമ്പ്യാർ മരിച്ചപ്പോൾ 'വൈശിഷ്ട്യമാർന്ന വ്യക്തിത്വം' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനം നിറകണ്ണുകളോടെയല്ലാതെ ഇന്നും ആർക്കും വായിക്കാനാവില്ല.

കെ. കരുണാകരനെ 'ലീഡർ' എന്ന് ആദ്യമായി വിശേഷിപ്പിച്ച നമ്പ്യാർ വി.എം. സുധീരൻ, കെ.പി. രാജേന്ദ്രൻ, ടി.എൻ. പ്രതാപൻ തുടങ്ങി അന്നത്തെ പുതുതലമുറക്കാർക്കും പ്രോത്സാഹനം ചൊരിഞ്ഞു. ലോനപ്പൻ നമ്പാടൻ, കെ. വേണു തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. പാർട്ടി ഭേദമെന്യേ ബന്ധങ്ങൾ നിലനിർത്തി. കണ്ണൂരിലും വടകരയിലും ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമിയോടുള്ള സ്‌നേഹം രക്തത്തിലലിഞ്ഞ നമ്പ്യാർ സർവീസിൽനിന്ന് വിരമിച്ച ശേഷവും ലേഖകനായി തുടർന്നു.

സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി സ്ഥാപക പത്രാധിപസമിതി അംഗവുമായിരുന്ന ടി.പി.സി. കിടാവിന്റെ മകനാണ് മാധവൻ നമ്പ്യാർ. ദീർഘകാലം തൃശ്ശൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റായിരുന്നു. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം, കൊട്ടിയൂർ പെരുമാൾ സേവാസംഘത്തിന്റെ ആദ്യപ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 73-ാം വയസ്സിൽ അന്തരിച്ചു. സി.എം. സരോജിനിയമ്മയാണ് ഭാര്യ. ആറുമക്കളിൽ രണ്ടുപേർ മാതൃഭൂമിയിൽ പത്രപ്രവർത്തകരാണ്.

Content Highlights: Mathrubhumi 100 Years

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023

Most Commented