ഡോ. സിറിയക് തോമസ്
'മാതൃഭൂമി' മനസ്സിൽപ്പതിഞ്ഞതെന്നാണെന്ന് കൃത്യമായി ഓർമയില്ല. പക്ഷേ, എന്റെ പിതാവ് ആർ.വി. തോമസ് നിയമസഭാ സ്പീക്കറായിരിക്കെ, ഞങ്ങൾ തിരുവനന്തപുരത്തായിരുന്നപ്പോൾ അദ്ദേഹം മുടങ്ങാതെ മാതൃഭൂമി വായിച്ചിരുന്നത് ഞാൻ ഓർക്കുന്നു. പിന്നീട് അപ്പച്ചൻ ആദ്യ പബ്ലിക് സർവീസ് കമ്മീഷനംഗമായി. ഞാൻ അന്ന് പ്രൈമറി സ്‌കൂൾ ക്‌ളാസുകളിലായിരുന്നു.
മാതൃഭൂമി പത്രം എന്റെ നിത്യവായനാനുഭവമായത് ഹൈസ്‌കൂൾ ക്‌ളാസുകളിൽ വന്നപ്പോഴാണ്. മാതൃഭൂമി പത്രത്തിന്റെ മറുപേരായിരുന്ന പത്രാധിപർ കെ.പി. കേശവമേനോൻ എഴുതിയിരുന്ന 'നാം മുന്നോട്ട്' എന്ന കോളം മുടങ്ങാതെ വായിക്കണമെന്ന് മലയാളം അധ്യാപകൻ എം.എ. സക്കറിയ സാറും ഹിന്ദി മാസ്റ്റർ പുരുഷോത്തമൻ നായർ സാറും ഞങ്ങളെ നിർബന്ധിച്ചിരുന്നു. നിത്യ ഖാദിധാരിയും കടുത്ത ദേശീയവാദിയുമായിരുന്നു പുരുഷോത്തമൻ നായർ സാർ. കെ.പി. കേശവമേനോൻ അദ്ദേഹത്തിന് ഒരു ഹീറോ ആയിരുന്നെന്നതാണ് ശരി.
കോളേജുകാലമായപ്പോഴേക്കും മാതൃഭൂമി ആഴ്ചപ്പതിപ്പിലായി കമ്പം. ആഴ്ചപ്പതിപ്പിലെ കഥകളും നോവലുകളും കവിതകളും ബാലപംക്തിക്കഥകളും 'ചെറിയ മനുഷ്യരും വലിയ ലോകവും' കാർട്ടൂണുമെല്ലാം ആകർഷണങ്ങളായിരുന്നു. ഹിന്ദി-ബംഗാളി നോവലുകളുടെ തർജ്ജമകളും ആഴ്ചപ്പതിപ്പിൽ വന്നാൽ ആദ്യം വായിക്കുന്ന ഉള്ളടക്കങ്ങളിൽപ്പെട്ടിരുന്നു.
വായനക്കാരുടെ പ്രതികരണങ്ങളും, വായനയുടെ വാതിലുകൾ തുറന്നിടാൻ പ്രേരിപ്പിച്ച അനന്യമായ ഒരു മാതൃഭൂമി വായനാനുഭവമായിരുന്നു.
അക്കാലത്ത് എന്റെ രാഷ്ട്രീയവീക്ഷണങ്ങളെ മാത്രമല്ല വ്യക്തിശീലങ്ങളെപ്പോലും സ്വാധീനിച്ച രണ്ട് റെസിഡന്റ് എഡിറ്റർമാരെയും ഓർക്കാതിരിക്കാനാവില്ല. കെ.എ. ദാമോദരമേനോനും എ.പി. ഉദയഭാനുവും സ്വാതന്ത്ര്യസമരകാലത്തെ എന്റെ പിതാവിന്റെ സഹപ്രവർത്തകർ കൂടിയായിരുന്നു. ഒരളവുവരെ ഉദയഭാനുസാറിന് ഞാൻ മാനസപുത്രനുമായിരുന്നു.
കോഴിക്കോട്ടെ മാതൃഭൂമി ഓഫീസിൽച്ചെന്ന് ഉദയഭാനുസാറിനെ കണ്ടുമടങ്ങുമ്പോൾ പലപ്പോഴും തൊട്ടടുത്ത ബസ് സ്റ്റോപ്പുവരെ വന്നാണ് അദ്ദേഹം യാത്രയയച്ചിരുന്നത്. എറണാകുളത്ത് കലൂരിലെ മാതൃഭൂമി ഓഫീസിൽവെച്ചാണ് ദാമോദരമേനോൻ സാറിനെ കണ്ടിരുന്നത്. അദ്ദേഹം ധരിച്ചിരുന്ന ശുഭ്രഖദർവസ്ത്രത്തിന്റെ വെണ്മ ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. ദേശീയതയുടെ വെണ്മയാണല്ലോ മാതൃഭൂമിയുടെയും കൊടിയടയാളം.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..