സി.കെ. അരവിന്ദാക്ഷൻ
നെട്ടൂർ: ''അച്ഛന് മാതൃഭൂമി ജീവനും, ജീവിതവുമായിരുന്നു. ഓർമവെച്ച കാലം മുതൽ ഞങ്ങൾ കാണുമ്പോഴെല്ലാം ഏതെങ്കിലും മാതൃഭൂമി പ്രസിദ്ധീകരണം അച്ഛന്റെ കൈയിലുണ്ടാവും. യാത്ര പോകുമ്പോഴും അത് പതിവായിരുന്നു.'' ഓർമകൾ പങ്കുവെച്ചപ്പോൾ മാതൃഭൂമിയുടെ ഏജന്റും മൂത്ത മകനുമായ അനീഷിന്റെ വാക്കുകൾ. മാതൃഭൂമിയുടെ നെട്ടൂരിലെ ആദ്യകാല ഏജന്റും പ്രാദേശിക ലേഖകനുമായിരുന്നു നെട്ടൂർ ചാലിയത്ത് സി.കെ. അരവിന്ദാക്ഷൻ. 1970-ലാണ് അരവിന്ദാക്ഷൻ മാതൃഭൂമിയുടെ ഏജൻസി എടുക്കുന്നത്. അക്കാലത്ത് വഞ്ചിയിൽ കൊണ്ടുവന്ന് കാൽനടയായാണ് വീടുകളിൽ പത്രം ഇട്ടിരുന്നത്. നാട്ടുകാരുടെ ജീവിത പ്രശ്‌നങ്ങളിലും നാടിന്റെ വികസന കാര്യങ്ങളിലും അരവിന്ദാക്ഷൻ ക്രിയാത്മകമായി ഇടപെട്ടു.
സാമൂഹിക വിഷയങ്ങൾ 'മാതൃഭൂമി'യിലൂടെ അധികൃതരിലെത്തിച്ചു. പത്രവിതരണത്തിനെത്തുന്ന അരവിന്ദനെ കാത്തുനിന്ന് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത നേതാക്കൾ ജനകീയ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തും. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച കാതലായ പല വിഷയങ്ങൾക്കും പരിഹാരങ്ങളും കണ്ടെത്താൻ കഴിഞ്ഞതോടെ നാട്ടുകാർ അദ്ദേഹത്തെ 'മാതൃഭൂമി അരവിന്ദൻ' എന്നു വിളിച്ചു.

പനങ്ങാട് പാടത്ത് നടന്ന ഇരട്ടക്കൊലപാതകവും 'മാതൃഭൂമി'യിൽ വാർത്തയാക്കിയത് അരവിന്ദനാണ്.
നാലുവർഷം മുമ്പായിരുന്നു അരവിന്ദന്റെ വിയോഗം. ഇപ്പോൾ മാതൃഭൂമിയുടെ ഏജൻസി മുത്തമകൻ അനീഷിനാണ്. രണ്ടാമത്തെ മകൻ രാജേഷ് ഓസ്‌ട്രേലിയയിലാണ്. ഇളയ മകൻ ശ്രീജേഷ് 'മാതൃഭൂമി' കൊച്ചി യൂണിറ്റിൽ പ്രിന്റിങ് ടെക്‌നീഷ്യൻ. റിട്ട. പോസ്റ്റ്മാസ്റ്റർ എ.കെ. അംബികയാണ് ഭാര്യ.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..