ചൊവ്വര പരമേശ്വരൻ
കൊച്ചി: തിരുവിതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന നാളുകൾ. ദിവാനായിരുന്ന സർ സി.പി. അടിച്ചമർത്താൻ ഭീകരമായ മർദനമുറകൾ തുടങ്ങി. അതെല്ലാം മാതൃഭൂമിയിൽ വാർത്തകളായി അച്ചടിച്ചു വന്നു. അതിനു പിന്നിൽ 'സ്വന്തം ലേഖകനാ'യിരുന്നു. മാതൃഭൂമിയുടെ സ്വന്തം ലേഖകനെന്ന് പത്രാധിപർ കെ.പി. കേശവമേനോൻ സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്ന ചൊവ്വര പരമേശ്വരൻ.
അദ്ദേഹം ആരുമറിയാതെ അന്നത്തെ കോട്ടയം ഡിവിഷൻ ഡി.എസ്.പി. രാജരാജവർമയുടെ വീട്ടിൽ അരിവെപ്പുകാരനായി കടന്നുകൂടിയാണ് വിവരങ്ങൾ ശേഖരിച്ചത്. പത്രപ്രവർത്തകൻ, പ്രക്ഷോഭകാരി, പ്രാസംഗികൻ... പല നിലകളിൽ തിളങ്ങിയ ധീരമായ വ്യക്തിത്വമായിരുന്നു ചൊവ്വര. സ്വാതന്ത്ര്യസമര കാലമാണ്. തൃശ്ശൂരിൽ ഒരു സമ്മേളനത്തിൽ സരോജിനി നായിഡുവിന്റെ പ്രസംഗം തർജമ ചെയ്തതോടെയാണ് ചൊവ്വര പരമേശ്വരൻ വേദികളിൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നെഹ്‌റു ഉൾെപ്പടെ പല ദേശീയ നേതാക്കളുടെയും സന്ദർശനങ്ങളിൽ പരിഭാഷ മറ്റാരുമായിരുന്നില്ല.
സർവകലാശാല വിദ്യാഭ്യാസം നേടാത്ത അദ്ദേഹത്തിന്റെ ഇംഗ്ലീഷ്, മലയാളം ഭാഷാ സ്വാധീനം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. 1902-ൽ ചൊവ്വര തച്ചപ്പിള്ളി വീട്ടിലായിരുന്നു ജനനം. വിദ്യാർഥികൾ കോട്ടും ടൈയും ധരിക്കണമെന്ന നിർദേശത്തിനെതിരേ പഠിപ്പുമുടക്ക്. ഫൈനൽ പരീക്ഷയുടെ അപേക്ഷയിൽ ജാതി എഴുതണമെന്ന ചട്ടത്തിനെതിരേയുള്ള ക്ലാസ് ബഹിഷ്‌കരണവും ശ്രദ്ധിക്കപ്പെട്ടു.

അക്കാലത്ത് കൊച്ചി രാജ്യ തലസ്ഥാനത്തിന്റെ സ്റ്റാഫ് ലേഖകനായ അദ്ദേഹം 1949-ലെ തിരു - കൊച്ചി സംയോജനത്തിനു ശേഷം തിരുവനന്തപുരം ബ്യൂറോ ചീഫായി. എം.എൽ.എ.മാർക്ക് താമസിക്കാൻ സൗകര്യങ്ങൾ ഇന്നത്തെ പോലെ ഇല്ലാതിരുന്ന ആ കാലത്ത് കെ. കുണാകരൻ ഉൾെപ്പടെയുള്ള ചൊവ്വരയുടെ ശിഷ്യന്മാർ അദ്ദേഹത്തിനൊപ്പം മാതൃഭൂമി ഓഫീസിൽ താമസിച്ചിരുന്നു.
ചൊവ്വരയുടെ ആറു മക്കളിൽ രണ്ടുപേർ പത്രപ്രവർത്തനം പിന്തുടർന്നു; മാതൃഭൂമി ബ്യൂറോ ചീഫായ കെ. രാമചന്ദ്രനും ഇന്ത്യൻ എക്‌സ്പ്രസ്സിൽ പ്രവർത്തിച്ച സർവദമനനും.
നിരവധി അനുയായികളും ജനസമ്മതിയുമെല്ലാമുണ്ടായിരുന്ന ചൊവ്വര പക്ഷേ പദവികൾക്കു പിന്നാലെ പോയില്ല. നിസ്വാർത്ഥനും നിർഭയനുമായി ജീവിച്ച് മറഞ്ഞു.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..