സി.എച്ച്.ഗംഗാധരൻ
പത്രഭാഷയ്ക്ക് കാല്പനികതയും സാഹിത്യഭംഗിയും നൽകിയ മയ്യഴിയുടെ സ്വന്തം ലേഖകനായിരുന്നു സി.എച്ച്.ഗംഗാധരൻ. നാലുപതിറ്റാണ്ടിലേറെ മയ്യഴിയിൽ മാതൃഭൂമിയുടെ മുഖമായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലയിലെ അഴിയൂർ സ്വദേശിയായ ഗംഗാധരന് മാതൃഭൂമിയും മയ്യഴിയും ഒരു വികാരമായിരുന്നു. ആരോഗ്യവകുപ്പിൽ ക്ലാർക്കായി നിയമനം ലഭിച്ച ഗംഗാധരൻ ഒന്നര വർഷത്തിനകം ജോലി രാജിവെച്ച് ബോംബേക്ക് വണ്ടി കയറി.

ഫ്രഞ്ച് ചരിത്രവും സംസ്‌കാരവും ഗംഗാധരനെ ഏറെ സ്വാധീനിച്ചിരുന്നു. പുതുമയുള്ളതും കൗതുകരവുമായ വാർത്തകൾ കണ്ടെത്തി വായനക്കാരെ ആകർഷിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ ഗംഗാധരന് പ്രത്യേക മിടുക്കായിരുന്നു. മാതൃഭൂമിയുടെ മുൻ പേജിൽ മലബാർ വിശേഷം എന്ന പേരിൽ മയ്യഴിയുടെ കൗതുകങ്ങളും ആവശ്യങ്ങളും സംഭവങ്ങളും വിശേഷ വാർത്തകളായി. നാലുവർഷത്തോളം ഈ മലബാർ വിശേഷം തുടർന്നു.
മാതൃഭൂമിയുടെ പഴയകാല ലേഖകൻ കൂടിയായ മയ്യഴി വിമോചന സമര നേതാവ് ഐ.കെ.കുമാരൻ മാസ്റ്ററുമായി ഗംഗാധരൻ ആത്മബന്ധം പുലർത്തിയിരുന്നു. മാതൃഭൂമി വരാന്തപ്പതിപ്പിലുൾപ്പെടെ ഐ.കെ.യെക്കുറിച്ചും വിമോചനസമര ചരിത്രത്തെക്കുറിച്ചും ഗംഗാധരന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മാഹി സെയ്ന്റ് തെരേസ പള്ളിക്ക് സമീപത്തെ ആൽമരത്തോട് ചേർന്ന് മാണിക്കന്റെ ബാർബർഷാപ്പിലെ കല്ലുകൊണ്ട് കെട്ടിയ തിണ്ണയിലിരുന്നാണ് ഗംഗാധരൻ പലപ്പോഴും വാർത്ത തയ്യാറാക്കിയിരുന്നത്. മാസങ്ങളോളം നീണ്ടുനിന്ന മാഹി ടാഗോർ പാർക്ക് സമരവാർത്തകൾ ജനപക്ഷത്തുനിന്ന് റിപ്പോർട്ട് ചെയ്തു. ദീർഘകാലം ഗവേഷണം നടത്തി രചിച്ചതാണ് മയ്യഴി എന്ന ചരിത്ര ഗ്രന്ഥം. ചരിത്രസംബന്ധമായ ഏതുകാര്യത്തിനും മയ്യഴിക്കാർക്ക് അവസാന വാക്കാണ് ഈ ഗ്രന്ഥം. ഉസ്മാൻ സ്മാരക കോളേജിലെയും ദൃശ്യ ഫിലിം സൊസൈറ്റിയുടെയും പ്രവർത്തകരുടെ സഹായത്തോടെ 1987-ലാണ് മയ്യഴിയുടെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്.
2013 സെപ്റ്റംബർ 30-നാണ് ഗംഗാധരൻ വിടപറഞ്ഞത്. മരിക്കുന്നതുവരെ അദ്ദേഹം മാതൃഭൂമി ലേഖകനായിരുന്നു. അടുത്ത കാലത്ത് കേരള സാഹിത്യ അക്കാദമി മയ്യഴി ചരിത്രഗ്രന്ഥം പുനഃപ്രസിദ്ധീകരിച്ചു.
ഗംഗാധരന്റെ തിരഞ്ഞെടുക്കപ്പെട്ട കൃതികൾ ചേർത്ത് 'എന്റെ മയ്യഴി, നിങ്ങളുടെയും' എന്ന പേരിൽ മയ്യഴിക്കൂട്ടവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..