കണ്ണൂർ പ്രസ് ക്ലബ്ബിന്റെ പാമ്പൻ മാധവൻ അവാർഡ് സി. ഹരികുമാറിന് ഇ.എം.എസ്. സമ്മാനിക്കുന്നു (ഫയൽചിത്രം)
പത്തനംതിട്ട: ഹാസ്യസമ്രാട്ട് ഇ.വി. കൃഷ്ണപിള്ളയുടെ കൊച്ചനന്തരവനും അടൂർ ഭാസിയുടെ അടുത്ത ബന്ധുവുമായ സി. ഹരികുമാറിന് നർമബോധം പാരമ്പര്യമായിരുന്നു. നല്ല നിരീക്ഷണം, മലയാളഭാഷയിൽ ആഴത്തിലുള്ള അറിവ്, കുറിക്കുകൊള്ളുന്ന വിമർശനം ഇതൊക്കെ സി.ഹ. എന്ന ചുരുക്കപ്പേരിലറിയപ്പെട്ട അദ്ദേഹത്തെ വേറിട്ട പത്രപ്രവർത്തകനാക്കി. കൈവെച്ചവയിലൊക്കെ തന്റെ കൈയ്യൊപ്പിട്ടാണ് അദ്ദേഹം മൺമറഞ്ഞത്.
മാതൃഭൂമിയുടെ നർമഭൂമിയിൽ അദ്ദേഹം എഴുതിയിരുന്ന വക്രദൃഷ്ടിയും പിന്നീട് വാരാന്തപ്പതിപ്പിലെ നർമം എന്ന പംക്തിയും അക്കാലത്തെ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളോടുള്ള ഹാസ്യപ്രധാനമായ വിമർശനമായിരുന്നു. അവയ്ക്ക് ഏറെ വായനക്കാരുമുണ്ടായി.
ആർക്കാണ് വിമർശനത്തിന്റെ കുറിവീഴുന്നതെന്ന് നേതാക്കളും ഭയന്ന കാലം. ശൂന്യവേള എന്ന പംക്തിയിലൂടെ നിയമസഭാ റിപ്പോർട്ടിങ്ങിൽ വിമർശനശരങ്ങളെയ്തു. അക്കാലത്തെ ജനപ്രതിനിധികളിൽ അമ്പുകൊള്ളാത്തവർ ചുരുക്കം. വിമർശനത്തിന് വിധേയരാകുന്നവർപോലും സ്വയം വായിച്ച് രസിച്ചു.

തകഴി ശിവശങ്കരപ്പിള്ള, കടമ്മനിട്ട രാമകൃഷ്ണൻ തുടങ്ങിയ വിഖ്യാത സാഹിത്യകാരൻമാരുമായി അടുത്ത വ്യക്തിബന്ധം പുലർത്തി. 1987-ൽ മാതൃഭൂമിയിൽ ചേർന്ന സി.ഹരികുമാർ കാൽ നൂറ്റാണ്ടിനിടെ, കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ യൂണിറ്റുകളിൽ പ്രവർത്തിച്ചു. കൂടുതൽക്കാലവും പത്തനംതിട്ടയിലായിരുന്നു.
അവിടെ ജില്ലാ ലേഖകനായും സ്‌പെഷ്യൽ കറസ്‌പോണ്ടന്റായും പ്രവർത്തിച്ചു. ആറന്മുള വള്ളംകളിക്ക് മാതൃഭൂമി ഏർപ്പെടുത്തിയ ട്രോഫി രണ്ടുതവണ ആഘോഷപൂർവമായി പമ്പയുടെ തീരങ്ങളിലൂടെ കൊണ്ടുപോയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ശബരിമലവികസനവുമായി ബന്ധപ്പെട്ട് മാതൃഭൂമി പത്തനംതിട്ടയിലും പന്തളത്തും നടത്തിയ സെമിനാറുകൾക്കും നേതൃത്വം നൽകി.
മാധ്യമപ്രവർത്തനത്തിനുള്ള കണ്ണൂർ പ്രസ് ക്ലബ്ബിന്റെ പാമ്പൻ മാധവൻ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി. പത്തനംതിട്ട പ്രസ് ക്ലബ്ബ് പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
പന്തളം പട്ടിരേത്ത് പ്രൊഫ. പി.ആർ.സി. നായരുടെയും അടൂർ തറയിൽ ഭാരതിയമ്മയുടെയും മകനായ സി.ഹരികുമാർ അടൂർ ഗവ. ഹൈസ്‌കൂൾ, പന്തളം എൻ.എസ്.എസ്. കോളേജ്, ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജ് എന്നിവടങ്ങളിലാണ് പഠിച്ചത്. ആർ.ഗീതയാണ് ഭാര്യ. വിഷ്ണുനായർ (ഇൻഫോപാർക്ക്), മഹേഷ് നായർ (അബുദാബി) എന്നിവരാണ് മക്കൾ. 2012 ഓഗസ്റ്റ് 18-നാണ് സി. ഹരികുമാർ അന്തരിച്ചത്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..