പൈതൽ നായർ
കൊയിലാണ്ടി: കൊയിലാണ്ടിയിലെയും സമീപ ദേശങ്ങളിലെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ചൂരുംചൂടും റിപ്പോർട്ട് ചെയ്ത വിയ്യൂർ കന്മനക്കണ്ടി പൈതൽ നായരെക്കുറിച്ചുള്ള സ്മരണ ദേശവാസികളുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വളരെ മുമ്പ് തന്നെ മാതൃഭൂമി പത്രവുമായി അടുത്ത ബന്ധമായിരുന്നു സ്വ.ലേ. എന്ന പേരിൽ അറിയപ്പെട്ടിരുന്ന പൈതൽ നായരുടേത്. പ്രാദേശിക ലേഖകനായി പ്രവർത്തിച്ചിരുന്നപ്പോൾ ഒരുകോപ്പി മാതൃഭൂമി പത്രം മാത്രമാണ് പൈതൽ നായർ പ്രതിഫലമായി വാങ്ങിയിരുന്നത്.
വീടിനടുത്തുള്ള ഒരു പെട്ടിക്കടയിലായിരുന്നു പൈതൽ നായർക്കുള്ള പത്രം നൽകുക. പ്രദേശവാസികളെല്ലാം അവിടെ ഒത്തുകൂടി പത്രം ഉറക്കെ വായിക്കും. ചർച്ച ചെയ്യും.
ഉച്ചയോടെയാണ് പത്രം വീട്ടിലെത്തുക. ഇന്നത്തെപ്പോലെ വാർത്താവിനിമയ സംവിധാനങ്ങളൊന്നും വളരാത്ത കാലത്ത് വാർത്തകൾ കോഴിക്കോട്ട് എത്തിക്കുക വളരെ ക്ലേശകരമായിരുന്നു. എന്നിട്ടും സംഭവങ്ങൾ നടന്ന ദിവസംതന്നെ വാർത്തയാക്കാൻ പൈതൽ നായർ ജാഗ്രത കാട്ടി. കഷ്ടപ്പാടുകൾ അവഗണിച്ച്.
ഇന്റർ മീഡിയറ്റിനുശേഷം മദ്രാസിൽ കമ്പൗണ്ടർ പരീക്ഷ ജയിച്ചശേഷം 1938-ലാണ് പൈതൽ നായർ കൊയിലാണ്ടിയിൽ തിരിച്ചെത്തിയത്. ശേഷമാണ് മാതൃഭൂമി ലേഖകനായത്. ഇതോടൊപ്പം കൊയിലാണ്ടിയിൽ ഒരു ഫാർമസിയും നടത്തിയിരുന്നു.
കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന പൈതൽ നായർ മുൻ കെ.പി.സി.സി. പ്രസിഡന്റ് സി.കെ. ഗോവിന്ദൻ നായരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. തികഞ്ഞ ഗാന്ധിയൻ. സർവോദയ പ്രവർത്തകൻ കൂടിയായിരുന്നു.
ആചാര്യവിനോബ ഭാവെ നയിച്ച ഭൂദാന പ്രവർത്തനത്തിലും സജീവമായി ഇടപെട്ടു. കൊല്ലം-നെല്യാടി റോഡ് യാഥാർഥ്യമാക്കുന്നതിലും മുൻനിരയിൽനിന്ന് പ്രവർത്തിച്ചു. വിവിധ പ്രാദേശിക വികസന വിഷയങ്ങൾ വാർത്തയായി നൽകിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. അവയ്ക്ക് പരിഹാരവുമുണ്ടായി.
1979 ഓഗസ്റ്റ് 11-നാണ് പൈതൽ നായർ അന്തരിച്ചത്. പരേതയായ നരിക്കോട്ട് ചന്ദ്രക്കണ്ടി മീനാക്ഷി അമ്മയാണ് ഭാര്യ. ബാലൻ നായർ, പത്മനാഭൻ നായർ, രാധ അമ്മ, ശ്രീധരൻ നായർ, ജാനകി അമ്മ, ശാന്ത എന്നിവർ മക്കളും.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..