എ.വി. കുഞ്ഞിരാമൻ നായർ
തൊട്ടിൽപ്പാലം: സ്വാതന്ത്ര്യ സമരത്തിന്റെ തീക്ഷ്ണമായ നാൾവഴികളിൽ 'മാതൃഭൂമി' പത്രത്തിന്റെ പ്രചാരണംകൂടി രഹസ്യമായി നടത്തിവന്ന വ്യക്തിയായിരുന്നു കാവിലുംപാറയിലെ എ.വി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എ.വി. കുഞ്ഞിരാമൻ നായർ. ഗാന്ധിജിയുടെ നേതൃത്വത്തിൽ 1922-ൽ നടന്ന നിസ്സഹകരണ സമരത്തിലൂടെയായിരുന്നു എ.വി. യുടെ സ്വാതന്ത്ര്യസമര പ്രവേശം. കായക്കൊടിയിലെ ചങ്ങരംകുളം എലിമെന്ററി സ്‌കൂൾ അധ്യാപകനായിരുന്നു ഇദ്ദേഹം.

1940-ൽ അധ്യാപകജോലി ഉപേക്ഷിച്ച് മുഴുവൻസമയ സ്വാതന്ത്ര്യസമരഭടനായി. അയിത്തോച്ചാടനജാഥയ്ക്ക് എ. വി.യുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് സ്വീകരണം നൽകി. മിശ്രഭോജനത്തിന്റെ പേരിൽ എ.വി.ക്ക് സമുദായം ഭ്രഷ്ട് കല്പിച്ചിരുന്നു. കേളപ്പജിയുടെ നിർദേശപ്രകാരം ചങ്ങരംകുളത്ത് ഖാദിനൂൽപ്പ് കേന്ദ്രം സ്ഥാപിച്ച് കുട്ടികളെ പരിശീലിപ്പിച്ചു.
അന്ന് അപൂർവം ചിലർക്ക് മാത്രമാണ് 'മാതൃഭൂമി' പത്രം ലഭിച്ചിരുന്നത്. കെ. കേളപ്പൻ വഴിയാണ് എ.വി.ക്ക് പലപ്പോഴും പത്രം കിട്ടിയിരുന്നത്. അത് രഹസ്യമായി വാങ്ങി തന്റെ നീളൻ ഖദർ ജുബ്ബയ്ക്കുള്ളിൽ തിരുകി ഒളിപ്പിച്ചാണ് എ.വി. രഹസ്യ യോഗങ്ങൾ നടക്കുന്ന ഒളി സങ്കേതങ്ങളിൽ കൊണ്ടു പോയിരുന്നത്.
മാതൃഭൂമിയിൽ സ്വാതന്ത്ര്യ സമരവുമായി വരുന്ന വാർത്തകൾ എ.വി. തന്റെ കൂട്ടുകാരായ സമര ഭടന്മാർക്ക് വായിച്ച് കേൾപ്പിക്കുമായിരുന്നു. ഗാന്ധിജിയുടെ വ്യക്തിസത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത് കുറ്റ്യാടി പോലീസ് സ്റ്റേഷനുമുമ്പിൽ നിയമ ലംഘനം നടത്തിയെങ്കിലും പോലീസ് അറസ്റ്റുചെയ്തില്ല. അറസ്റ്റുണ്ടാകാത്ത സാഹചര്യത്തിൽ ഡൽഹിവരെ കാൽനടയായി സഞ്ചരിക്കാനായിരുന്നു ഗാന്ധിജിയുടെ നിർദേശം. അത് ശിരസാ വഹിച്ച എ.വി.യും കൂട്ടുകാരായ പി.കെ. ഗോപാലൻ, എം. കുമാരൻ, വി. കുഞ്ഞിരാമൻ എന്നിവരും ഒന്നരമാസം നീണ്ട കാൽനടയാത്രയ്‌ക്കൊടുവിൽ മുംബൈയിലെ ഭട്കലിൽ എത്തുകയായിരുന്നു. അവിടെ വെച്ച് പോലീസ് പിടിയിലായി ജയിലിലടയ്ക്കപ്പെട്ടു.
1942-ലെ ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് കക്കട്ടിൽ സബ് രജിസ്ട്രാഫീസ് പിക്കറ്റിങ്ങിന്റെ ചുമതല എ.വി.ക്കായിരുന്നു. ഇതിന് തലേന്നാൾ രാത്രി കക്കട്ടിലെ കുഴിക്കലിടത്തിൽ നടന്ന രഹസ്യയോഗത്തിൽ മാതൃഭൂമി പത്രം ഉയർത്തിക്കാട്ടി എ.വി. സദസ്യരെ കൈയിലെടുത്തു. സ്വാതന്ത്ര്യ സമരത്തിൽ നമ്മൾ പിന്നോട്ടു പോകുന്ന പ്രശ്‌നമില്ലെന്നും നമുക്കൊപ്പം ആയിരങ്ങളുണ്ടെന്നും സമരഭടന്മാർക്ക് പ്രചോദനമായി മാതൃഭൂമി എന്ന വലിയൊരു പ്രസ്ഥാനമുണ്ടെന്നും എ.വി. പറഞ്ഞപ്പോൾ കൈയടിയോടെയാണ് സഹഭടന്മാർ അതേറ്റെടുത്തത്.
അന്നത്തെ രഹസ്യയോഗത്തിൽ പങ്കെടുത്തവരാരുംതന്നെ ആ രാത്രി ഉറങ്ങിയില്ല. പിറ്റേന്നാൾ നേരം പുലരും മുമ്പുതന്നെ അവരൊക്കെ പിക്കറ്റിങ് സമരത്തിനൊരുങ്ങി കക്കട്ടിലെത്തി. പിക്കറ്റിങ്ങിൽ ബ്രിട്ടീഷ് പോലീസിന്റെ തൊപ്പി വലിച്ചെറിഞ്ഞതടക്കമുള്ള അനിഷ്ട സംഭവങ്ങളുണ്ടായി. കല്ലാച്ചി കോടതിക്ക് ബോംബ് വെക്കുന്നതിന്റെ ആസൂത്രണം നടന്നതും ഇതേ കുഴിക്കലിടത്തിൽ വെച്ചുതന്നെ. അതും എ.വി. യുടെ നേതൃത്വത്തിലായിരുന്നു.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ താമ്രപത്രം ലഭിച്ച അപൂർവം സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാളാണ് എ.വി. തലശ്ശേരിക്കടുത്ത നിട്ടൂരിൽ ആലിയാടൻ വീട്ടിൽ കൃഷ്ണൻ നായരുടെയും പാർവതി അമ്മയുടെയും മകനായി 1903 ഓഗസ്റ്റ് നാലിന് ജനിച്ച അദ്ദേഹം 2000 ഓഗസ്റ്റ് ഒമ്പതിന് അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി അമ്മ. ലീല, മീനാക്ഷി, സുശീല, രാധ, രാമകൃഷ്ണൻ, രാജൻ, രവീന്ദ്രൻ, നാരായണൻ, മോഹനൻ എന്നിവർ മക്കളാണ്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..