വരകൾക്ക് തീപിടിച്ച കാലം


വരകളിൽ കാറ്റായും മഴയായും വെയിലായും തെളിഞ്ഞുനിന്നതായിരുന്നു എ.എസ്. നായരെന്ന കലാകാരൻ തീർത്ത കാലം. പൂർവമാതൃകകൾ ഇല്ലാതിരുന്ന ഒരു കാലത്ത് വരകളിലൂടെ സ്വപ്നസാമ്രാജ്യങ്ങൾ തീർത്തു. ധിഷണയിലും വരകളിലും വാക്കിലും നോക്കിലും ചിരിയിലുമെല്ലാം കേരളത്തിന്റെ സാൽവദോർ ദാലിയെന്ന വിശേഷണത്തിന് അർഹനായ ആൾ... കഴിഞ്ഞ ആ കാലത്തെക്കുറിച്ച് മാതൃഭൂമിയുടെ ആർട്ട് എഡിറ്ററായിരുന്ന ചിത്രകാരൻ മദനൻ ഓർക്കുന്നു

എ.എസ്. നായർ (മദനൻ വരച്ച ചിത്രം)

ബോർഡിൽ നിവർത്തിവച്ച പേപ്പറിൽ ചിത്രം പൂർത്തിയായിക്കഴിഞ്ഞാൽ വലതുകൈയിന്റെ ചൂണ്ടുവിരൽ കൊണ്ട് എ.എസ്. പതുക്കെ താളമിടും. അതൊരു അടയാളമാണ്. വരച്ച ചിത്രത്തിൽ തൃപ്തനായതിന്റെ. രാവിലെ എ.എസ്. ഓഫീസിന്റെ വാതിൽ കടക്കുംമുമ്പേ നനുത്ത ഒരു സുഗന്ധം മുറിക്കകത്തെത്തും. പിന്നാലെ മുണ്ടും ഷർട്ടും ധരിച്ച നാട്യങ്ങളില്ലാത്ത ഒരു മനുഷ്യൻ. ഫുൾക്കൈ ഷർട്ടിന്റെ കൈകൾ ചെറുതാക്കി മടക്കി മുട്ടിനുമുകളിൽ കയറ്റിവച്ചിരിക്കും. കറുത്ത കട്ടിക്കണ്ണട, അറ്റം കൂർപ്പിച്ച മീശ, കണ്ണടയിലൂടെ ചെരിഞ്ഞുള്ള നോട്ടം.

1984-ൽ ഞാൻ മാതൃഭൂമിയിൽ ചേർന്നതുമുതൽ ഇരിപ്പും നടപ്പും ഭക്ഷണവുമെല്ലാം ഒരുമിച്ചായിരുന്നെങ്കിലും എ.എസ്സിന്റെ നേരെമുന്നിൽ ഇരിക്കാനും നിൽക്കാനും ചെറിയൊരുപേടി മനസ്സിലുണ്ടായിരുന്നു. എ.എസ്. ഇരിക്കുന്നതിന്റെ ഒരു വശത്തിരുന്നാണ് വരയ്ക്കുക. അതിനിടയിൽ ഒന്നുരണ്ടുതവണ എ.എസ്സിനെത്തന്നെ വരച്ചു. രാവിലെ വന്നാൽ വരയ്ക്കാനുള്ള കഥകളെടുത്ത് തരും. വരയ്ക്കുന്ന ചിത്രങ്ങളൊക്കെ എ.എസ്സിനെ കാണിക്കും. ചില ചിത്രങ്ങൾ കണ്ടാൽ ഒന്നുകൂടെ ഒന്നുനോക്കൂ എന്ന് നിർദേശിക്കും. പോരാ... എന്നതിന് മറുവാക്കായിരുന്നു അത്. പുസ്തകത്തിന് കവർ ചിത്രം വരച്ചാൽ അതിനൊപ്പം പുസ്തകത്തിന്റെ പേര് എഴുതുന്നത് മറ്റൊരു കാഴ്ചയായിരുന്നു. പെൻസിൽകൊണ്ട് അക്ഷരങ്ങളുടെ ഔട്ട് ലൈൻ ഇട്ടശേഷം കറുപ്പിക്കാൻ തരും. ഞാൻ എ.എസ്സിന്റെ വരകൾക്ക് മുകളിലൂടെ എത്രയോതവണ വരച്ചു !.. ഇത്രയും മനോഹരമായ അക്ഷരങ്ങളുടെ വിന്യാസം (കാലിഗ്രാഫി) മലയാളത്തിനുനൽകിയത് എ.എസ്. നായരാണ്. ഇന്നും അതിനെ മറികടക്കാൻ ഒരാളില്ലെന്നാണ് എന്റെ വിശ്വാസം. പൂർവമാതൃകകൾ ഒന്നും ഇല്ലാതിരുന്നകാലത്താണ് ഇതെന്നുകൂടി ഓർക്കണം. എ.എസ്സിന്റെ അക്ഷരങ്ങളെ ഒ.വി. വിജയനും ഇഷ്ടപ്പെട്ടിരുന്നുവെന്ന് അദ്ദേഹംതന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.വായനയുമായി ചിത്രകലയെ ചേർത്തുവെച്ചുതുടങ്ങിയത് സി.എൻ. കരുണാകരൻ, ജനയുഗത്തിൽ വരച്ചിരുന്ന ഗോപാലൻ, ആർട്ടിസ്റ്റ് നമ്പൂതിരി, എ.എസ്. നായർ, ഭാസ്‌കരൻ തുടങ്ങിയവരുടെയൊക്കെ ചിത്രങ്ങളിലൂടെയാണ്.

കണ്ണൂർ സ്വദേശിയാണെങ്കിലും വടകരയിലാണ് ഞാൻ പഠിച്ചതും വളർന്നതുമെല്ലാം. വടകരക്കാരുടെ 'ആചാരിമാസ്റ്ററാ'യിരുന്ന അച്ഛൻ വീട്ടിൽ ഗുരുകുലരീതിയിൽ ചിത്രകല പഠിപ്പിച്ചിരുന്നു. ബിരുദപഠനത്തിനൊപ്പം ചിത്രകലയിൽ ഡിപ്ലോമനേടാൻ ഈ സാഹചര്യം തുണച്ചു. ബിരുദം കഴിഞ്ഞതോടെ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്‌കൂളിൽ ചിത്രകലാ അധ്യാപകനായി ഞാൻ ജോലിയിൽ പ്രവേശിച്ചു. ഇടയ്‌ക്കൊക്കെ ദേശാഭിമാനി വാരികയിൽ ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. ചിത്രകാരനും കവിയുമൊക്കെയായിരുന്ന പോൾ കല്ലാനോട് മാഷാണ് ഒരിക്കൽ എ.എസ്. നായർ കാണണമെന്ന് പറഞ്ഞതായി പറയുന്നത്. നേരിൽ കാണാനാഗ്രഹിച്ചിരുന്ന ചിത്രകാരനാണ്. എനിക്ക് സന്തോഷവും അഭിമാനവും തോന്നി. ആർട്ടിസ്റ്റ് നമ്പൂതിരി ഇക്കാലത്ത് മാതൃഭൂമി വിട്ടിരുന്നു. 1984-ൽ തിരുവനന്തപുരത്ത് എസ്.എം.വി. ഹൈസ്‌കൂളിൽ നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ പങ്കെടുക്കാൻ പോയതിന്റെ കൂട്ടത്തിലാണ് തിരുവനന്തപുരത്തെ മാതൃഭൂമിയിലായിരുന്ന എ.എസ്. നായരെ കാണാൻ പോവുന്നത്. ചെന്നദിവസം അദ്ദേഹം അവിടെയില്ലായിരുന്നു. ആർട്ടിസ്റ്റ് പ്രസാദാണ് എന്നെ എ.എസ്. നായർ താമസിച്ചിരുന്ന വീട്ടിലേക്ക് കൊണ്ടുപോയത്. സ്‌കൂളിലെ ജോലി രാജിവയ്ക്കാനാവുമോ എന്നായിരുന്നു ചോദ്യം. അതിന് സമ്മതമറിയിച്ചതോടെ അപേക്ഷ സ്വന്തം കൈപ്പടയിൽ എഴുതിത്തന്നു.

ആ വർഷംതന്നെ മാതൃഭൂമിയിൽ ചേർന്നു. തിരുവനന്തപുരം പെരുന്താന്നിയിൽ പത്മനാഭസ്വാമിക്ഷേത്രത്തിനുപിന്നിലെ ഒരു അമ്മവീടായിരുന്നു മാതൃഭൂമി ഓഫീസ്. നാലുകെട്ടിന്റെ ഒരുവശത്ത് മേശയും കസേരയുമിട്ടിരുന്നു. അതിലാണ് എ.എസ്സിനടുത്തായി ഇരിക്കാൻ ഭാഗ്യം ലഭിച്ചത്. ഗോപി പഴയന്നൂർ, എം.ജി. രാധാകൃഷ്ണൻ, പി.എസ്. നിർമല, കെ.സി. നാരായണൻ, ടി.എൻ. ഗോപകുമാർ തുടങ്ങി ഇന്നത്തെ മുതിർന്ന പത്രപ്രവർത്തകരുടെ യൗവന ക്രിയാത്മക ചിന്തകൾ പങ്കുവച്ചതായിരുന്നു അക്കാലം.

പാലക്കാട്ടെ കാറ്റ് വയൽപ്പരപ്പ് കയറിവരുന്നത് എ.എസ്സിന്റെ ചിത്രങ്ങളിലറിയാം. ഗ്രാമ പശ്ചാത്തലങ്ങൾ, അതിസുന്ദരശരീരികളായ സ്ത്രീകൾ, പുരുഷന്മാർ, ഉത്തരേന്ത്യൻ കഥാപാത്രങ്ങൾ ഓരോന്നും എ.എസ്. ടച്ചിൽ തുടിച്ചു. കാലം കടന്നുപോയിട്ടും എ.എസ്. നായരുടെ ചിത്രങ്ങളെക്കുറിച്ച് ഇന്നും വേണ്ടത്ര പഠനമുണ്ടായിട്ടില്ല. മലയാളികളെല്ലാവരും ശ്രദ്ധിച്ചിരുന്ന ഏക ആഴ്ചപ്പതിപ്പ് മാതൃഭൂമിയായിരുന്ന കാലത്താണ് എ.എസ്സിനൊപ്പം വരച്ചുതുടങ്ങുന്നത്. ജീവിതത്തിലെ വലിയ ഒരു ഭാഗ്യമായിരുന്നു അതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

Content Highlights: Mathrubhumi 100 Years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented