അയ്യന്തോളിലെ അപ്പൻ തമ്പുരാൻ സ്മാരക ലൈബ്രറി
തൃശ്ശൂർ: മലയാളിയെ എഴുത്തിന്റെയും വായനയുടെയും വഴി നടത്തിയ മാതൃഭൂമി ആഴ്ചപ്പതിപ്പിനൊപ്പം നടന്ന ഒരു സാംസ്‌കാരികപ്രസ്ഥാനം തൃശ്ശൂരിലുണ്ട്-അയ്യന്തോളിലെ അപ്പൻ തമ്പുരാൻ സ്മാരക ലൈബ്രറി. സാഹിത്യ അക്കാദമിയുെട ഈ വിജ്ഞാനശേഖരം നൂറ്റാണ്ട് പിന്നിട്ട മാതൃഭൂമിക്കൊരു അഭിമാനസ്തംഭമാണ്. ആദ്യകാല ആഴ്ചപ്പതിപ്പുകൾ ലഭ്യമായ ഒരിടം എന്ന നിലയിൽ ഈ ലൈബ്രറി പ്രശസ്തമാണ്.
1932 ജനുവരി പതിനെട്ടിനാണ് മാതൃഭൂമി ആദ്യമായി ആഴ്ചപ്പതിപ്പ് ഇറക്കുന്നത്. സ്വാതന്ത്ര്യസമരകാലത്തെ നേർസാക്ഷ്യവും സാഹിത്യലോകത്തെ പുത്തനുണർവുമായിരുന്നു ആദ്യകാല പതിപ്പുകൾ. സമരരംഗത്തെ അനുഭവസ്ഥരുടെ പങ്കുവയ്ക്കലും സാഹിത്യരംഗത്തെ വാർത്തകളും അതിലിടംകണ്ടു. ഇന്നത്തെ തലമുറയ്ക്ക് അറിവേകുന്ന ഒട്ടേറെ വിവരങ്ങൾ അതിലുണ്ട്. 26 പേജുമായി പുറത്തിറക്കിയ ആദ്യപതിപ്പുകൾ കൈയിലുള്ളവർ വിരളമായിരിക്കും. അപ്പൻ തമ്പുരാൻ സ്മാരക ലൈബ്രറി ഹാളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒന്നാംലക്കം മുതൽ സൂക്ഷിച്ചിട്ടുണ്ട്.

ഏഴായിരത്തിലധികം മാസികകൾ ഇവിടെയുണ്ട്. 1976-ൽ രാമവർമ അപ്പൻ തമ്പുരാന്റെ ഓർമയ്ക്കായാണ് അയ്യന്തോളിൽ ലൈബ്രറി ആരംഭിച്ചത്. സാഹിത്യത്തിന് പ്രാമുഖ്യം നൽകി ആരംഭിച്ച ആഴ്ചപ്പതിപ്പിന്റെ ആദ്യകാല പതിപ്പുകൾ പരിശോധിച്ചാൽ അവ എത്രമാത്രം സ്വാതന്ത്ര്യസമരചരിത്രത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. ആദ്യകാല പതിപ്പുകളിലെ ഫോട്ടോ ആൽബങ്ങളിൽ മിക്കതും ഗാന്ധിജിയുടെ യാത്രാവേളകളിൽ പകർത്തിയവയായിരുന്നു.
ഗാന്ധിജിയുടെ യാത്രകളിലെ നല്ലൊരു ഫോട്ടോ ആൽബം കൂടിയാണ് ആദ്യകാല മാതൃഭൂമി ആഴ്ചപ്പതിപ്പ്. 1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ ഓഗസ്റ്റ് 17-ന് മാതൃഭൂമി ആഴ്ചപ്പതിപ്പിറക്കി. 1950-ൽ റിപ്പബ്ലിക്കിനോടനുബന്ധിച്ച് പ്രത്യേക പതിപ്പാണ് പ്രസിദ്ധീകരിച്ചത്. കൂടാതെ പഞ്ചവത്സരപദ്ധതികളെക്കുറിച്ചുള്ള സ്‌പെഷ്യൽ പതിപ്പുകളും നമുക്കിവിടെ കാണാം. ഓണപ്പതിപ്പുകളും ഇക്കൂട്ടത്തിലുണ്ട്.
1956-ൽ കേരള നിയമസഭ രൂപവത്കൃതമായപ്പോഴും മാതൃഭൂമി പ്രത്യേക ആഴ്പ്പതിപ്പിറക്കി. സ്‌പെഷ്യൽ ആഴ്ചപ്പതിപ്പുകളിൽ നൂറുപേജുകളിൽ അധികമുള്ളവയും ഉണ്ട്. ലൈബ്രറിയിലെത്തി ആർക്കും ആഴ്ചപ്പതിപ്പുകൾ വായിക്കാം.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..