എ.സി. കണ്ണൻ നായർ
'...കുറച്ചു കഴിഞ്ഞപ്പോൾ ആനകൾ വന്നു. അതിന് ചോറുകൊടുത്തു. പുറത്ത് കയറി. ട്രൗസർ, ബൂട്സ് എന്നിവ ധരിച്ചു. ഫോട്ടോ എടുത്തു... അക്ഷരശ്ലോകം ചൊല്ലി... സൈക്കിൾ അഭ്യസിച്ചു... ആനക്കൊമ്പ് വിറ്റു... മലാന്റെ കറക മുറിച്ച് ഓഹരിവെച്ചു... ഭാഗവതരെക്കൊണ്ട് പാട്ടുപാടിച്ചു. സ്വയം ഹാർമോണിയം വായിച്ചു... കൊല്ലൻ കണ്ണനെക്കൊണ്ട് കള്ളത്തോക്ക് ഉണ്ടാക്കിച്ചു...' സമ്പന്ന കുടുംബത്തിൽ ജനിച്ച് വടക്കേ മലബാറിൽ ദേശീയപ്രസ്ഥാനത്തിന് വേരോട്ടം നൽകുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച എ.സി. കണ്ണൻ നായരുടെ ചെറുപ്പകാലത്തെ ഡയറിക്കുറിപ്പുകളിൽനിന്നുള്ള കാര്യങ്ങളാണ് വായിച്ചത്. പതിനഞ്ചാംവയസ്സിൽ അദ്ദേഹം മഹാത്മാഗാന്ധിയെക്കുറിച്ചുള്ള കെ.പി. കേശവ മേനോന്റെ 'ഗാന്ധി' ജീവചരിത്രം വായിക്കാനിടയായി. ഒരു വലിയ മനഃപരിവർത്തനത്തിന്റെ ചരിത്രമായിരുന്നു പിന്നീട് കണ്ണൻ നായർ. 1924 ഫെബ്രുവരി അഞ്ചിന് അദ്ദേഹം ഡയറിയിൽ കുറിച്ചു- 'ചെറുമന്മാർ അടിമകളല്ലെന്ന് അറിയണം. ഈ അടിമസ്ഥാനം ഇല്ലായ്മ ചെയ്യുന്നതിനായിരിക്കും ഇനി എന്റെ മുഖ്യ ജോലി.'

കണ്ണൻ നായർ അടിമത്തത്തിനെതിരായ പ്രവർത്തനത്തിന് തുടക്കംകുറിച്ചത് സ്വന്തം വീട്ടിൽനിന്നാണ്. ഒരു പുലയക്കുട്ടിയെ അദ്ദേഹം വീട്ടിൽ പാർപ്പിച്ച് വളർത്തി. കണ്ണൻ നായരുടെ ഡയറിക്കുറിപ്പുകളിൽ ഇതുംകൂടി അറിയേണ്ടതുണ്ട്- 'ഇന്നുച്ചയ്ക്ക് കഞ്ഞിയാണ് കുടിച്ചത്. അരിവെപ്പിന്നില്ല. വൈകുന്നേരത്തേക്കു അരി തീരെ ഇല്ലാത്തതിനാൽ അന്വേഷിച്ചു. എവിടുന്നും കിട്ടിയില്ല...! വലിയ വീട്! ജന്മി! പാട്ടം! പക്ഷേ, സാധാരണ കൂലിക്കാരനിലും താണ നില...' നട്ടുച്ചനേരത്ത് ജ്വലിച്ചുനിന്ന സൂര്യന്റെ ജീവിതത്തിലെ പോക്കുവെയിൽകാലം നോവിന്റെതായിരുന്നു.

തുടക്കംമുതൽ 'മാതൃഭൂമി'ക്കൊപ്പം
അർഥംകൊണ്ടും അക്ഷരങ്ങൾകൊണ്ടും 'മാതൃഭൂമി'യുമായി ചേർന്ന് പ്രവർത്തിച്ച വടക്കേ മലബാറിലെ പ്രമുഖ വ്യക്തിയായിരുന്നു എ.സി. കണ്ണൻ നായർ.
എഴുത്തുകാരനെന്ന നിലയിലും എ.സി. 'മാതൃഭൂമി'യിൽ നിറഞ്ഞുനിന്നിരുന്നു. കണ്ണൻ നായർ അന്തരിച്ചപ്പോൾ എഡിറ്റ് പേജിൽ 'മാതൃഭൂമി' കുറിച്ചു -ഹൊസ്ദുർഗ് താലൂക്കിൽനിന്ന് ആദ്യമായി സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗം എ.സി.യായിരുന്നു. കോൺഗ്രസിന്റെ ചരിത്രത്തിൽ ത്യാഗത്തിന്റെതായ കാലത്തിൽ എ.സി. കണ്ണൻ നായർ എന്നും മുൻപന്തിയിലായിരുന്നു. പക്ഷേ, കോൺഗ്രസിന്റെ മാറിയ നിലപാടുകളിൽ അധികാര ദുർമോഹത്തിനായുള്ള ചരടുവലികളിൽ എ.സി. ഖേദിച്ചു. അതിന്റെ സജീവമായ നേതൃത്വത്തിൽനിന്ന് ഒഴിഞ്ഞു. പണത്തിനും പദവിക്കും വേണ്ടി ആദർശം ബലികഴിക്കാൻ ഒരുക്കമില്ലാത്ത തികഞ്ഞ ഗാന്ധിശിഷ്യനായി അദ്ദേഹം ജീവിച്ചു.
1998 ഓഗസ്റ്റ് പത്തിന് പുറത്തിറങ്ങിയ 'മാതൃഭൂമി'യിൽ കണ്ണൻ നായരുടെ ജന്മശതാബ്ദി ആഘോഷം കാഞ്ഞങ്ങാട് ടൗൺഹാളിൽ തുടങ്ങിയ വാർത്ത നൽകിയിട്ടുണ്ട്. ഒന്നാംപേജിൽ എ.സി. കണ്ണൻ നായർ അന്തരിച്ചു എന്ന വാർത്തയുമായാണ് 1963 മാർച്ച് 28-ന് 'മാതൃഭൂമി' പുറത്തിറങ്ങിയത്. ഹൊസ്ദുർഗ് ആസ്പത്രിയിൽ ഉച്ചതിരിഞ്ഞ് നാലുമണിയോടെയായിരുന്നു അന്ത്യമെന്നും ശസ്ത്രക്രിയ നടത്തി വലതുകൈ മുഴുവൻ മുറിച്ചുകളയേണ്ടിവന്ന കണ്ണൻ നായർ സുഖം പ്രാപിക്കുന്നുവെന്ന് കരുതുന്നതിനിടെയായിരുന്നു മരണമെത്തിയതെന്നും വാർത്തയിൽ പറയുന്നു. മരണത്തിന് തൊട്ടുമുൻപായി മാർച്ച് 25-ന് കണ്ണൻ നായർക്ക് സുഖമില്ലാതായതും 'മാതൃഭൂമി' റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..