അതാവണം പോലീസ്!


എ. ഹേമചന്ദ്രന്‍

3 min read
Read later
Print
Share

മനുഷ്യന്റെ അന്തസ്സിനെയും ഭരണഘടനാമൂല്യങ്ങളെയും ബഹുമാനിച്ചുകൊണ്ടാണ് പ്രൊഫഷണലിസം വളര്‍ന്നുവരേണ്ടത്. അധികാരത്തിന്റെ ഉപാസന മാത്രമാകുന്ന രാഷ്ട്രീയം പോലീസിനുമേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കും

.

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സെക്രട്ടേറിയറ്റിന് മുകളില്‍ ദേശീയപതാക ഉയര്‍ത്തിയ സ്വാതന്ത്ര്യസമരസേനാനി മണ്ണന്തല കരുണാകരനോട് അദ്ദേഹത്തിന്റെ അനുഭവങ്ങളെപ്പറ്റി ഞാന്‍ സംസാരിച്ചിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പും പിന്‍പും അദ്ദേഹത്തിന് പോലീസ് മര്‍ദനമേറ്റിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ഉണ്ടായതാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കൂടുതല്‍ രൂക്ഷം. സ്വാതന്ത്ര്യസമരകാലത്ത് രാഷ്ട്രീയപ്രവര്‍ത്തനം നടത്തി, കൊടിയ പോലീസ് മര്‍ദനമേറ്റ പല നേതാക്കളും പില്‍ക്കാലത്ത് കേരളത്തില്‍ രാഷ്ട്രീയ അധികാരത്തിന്റെ ചുക്കാന്‍പിടിച്ചിട്ടുണ്ട്. അന്നും പോലീസ് അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പോലീസിനെതിരേ ഏറ്റവും കടുത്ത ആക്ഷേപമുണ്ടായത് അടിയന്തരാവസ്ഥയിലാണല്ലോ. അന്ന് കസ്റ്റഡിമര്‍ദനത്തിനിരയായ ഇപ്പോഴത്തെ കേരള മുഖ്യമന്ത്രിക്ക് 2019-ല്‍ അടിയന്തരാവസ്ഥയുടെ വാര്‍ഷികദിനത്തില്‍ കസ്റ്റഡിമരണം സംബന്ധിച്ച് നിയമസഭയില്‍ മറുപടിപറയേണ്ടിവന്നതിന്റെ ദൗര്‍ഭാഗ്യകരമായ ആകസ്മികത അദ്ദേഹംതന്നെ പറഞ്ഞതോര്‍ക്കുന്നു.
സ്വാതന്ത്ര്യവും ജനാധിപത്യവും പോലീസില്‍ ഗുണപരമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, വ്യക്തിയുടെ അന്തസ്സ് പാലിക്കുന്നതിന്റെ പ്രാധാന്യം ഭരണഘടനയുടെ ആമുഖത്തില്‍ത്തന്നെ പറയുന്നുണ്ടെങ്കിലും അതിന്റെ ചെറുതും വലുതുമായ ലംഘനങ്ങള്‍ മുതല്‍ കസ്റ്റഡിമര്‍ദനവും മരണവുംവരെ ഇന്നും സംഭവിക്കുന്നു. മനുഷ്യന്റെ അന്തസ്സ് പൂര്‍ണമായും പാലിക്കുന്ന സേവനത്തിന്റെ ഉപകരണമാകണം നാളത്തെ കേരള പോലീസ്.

വിശ്വാസ്യത

കുറ്റാന്വേഷണത്തില്‍ ഏത് അന്വേഷണ ഏജന്‍സിയോടും കിടപിടിക്കാന്‍ കേരള പോലീസിന് കഴിയും. പ്രാപ്തരായ ഉദ്യോഗസ്ഥര്‍ സിവില്‍ പോലീസ് ഓഫീസര്‍ തലംതൊട്ട് ഉണ്ട് എന്നതും ജനങ്ങളുടെ സഹകരണവുമാണ് ഇതില്‍ നിര്‍ണായകം. എന്നാല്‍, നിയമവിരുദ്ധ കസ്റ്റഡി, മൂന്നാംമുറ, രാഷ്ട്രീയം ഉള്‍പ്പെടെയുള്ള ബാഹ്യസമ്മര്‍ദങ്ങള്‍ തുടങ്ങിയ ദുഷ്പ്രവണതകള്‍ പോലീസിന്റെ വിശ്വാസ്യതയെ ബാധിക്കുന്നു. കേസ് അന്വേഷിക്കുന്ന പോലീസിനും വിചാരണ നടത്തുന്ന കോടതിക്കും നിയമപരമായ അധികാരം സിദ്ധിക്കുന്നത് ക്രിമിനല്‍ പ്രൊസീജിയര്‍ കോഡില്‍ നിന്നാണ്. വിശ്വാസ്യതയുടെ കാര്യത്തില്‍ ഈ രണ്ട് ഏജന്‍സിയും തമ്മില്‍ ഇന്ന് വലിയ അന്തരമുണ്ട്. പ്രൊഫഷണലിസം വളര്‍ത്തേണ്ടതിന്റെ പ്രസക്തിയിലേക്കാണിത് വിരല്‍ചൂണ്ടുന്നത്. മനുഷ്യന്റെ അന്തസ്സ് മാനിക്കുക തുടങ്ങിയ ഭരണഘടനാമൂല്യങ്ങളും നിയമങ്ങളോടുള്ള പ്രതിബദ്ധതയും പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്. ആ ബോധ്യത്തോടെയുള്ള ഉറച്ച കാല്‍വെപ്പുകള്‍ നാളെയുടെ പ്രതീക്ഷയാണ്.

സമാന്തര അധികാരകേന്ദ്രം

നഗരവത്കരണത്തിന്റെ തണലില്‍ രാജ്യത്ത് പലയിടത്തും അധോലോകം സമാന്തര അധികാരകേന്ദ്രമായി വളരുന്നു. രാഷ്ട്രീയ, ഉദ്യോഗസ്ഥ, സമ്പന്നശക്തികള്‍ കുറ്റവാളികളുമായി കൂട്ടുചേരുമ്പോഴാണിത് സംഭവിക്കുന്നത്. രാഷ്ട്രീയ, ഉദ്യോഗസ്ഥമേഖലകളിലെ ദുഃസ്വാധീനം മുതലാക്കിയുള്ള സാമ്പത്തികശക്തികളുടെ നിയന്ത്രണമില്ലാത്ത പോക്ക് കേരളത്തെയും നാളെ ഈ വഴിക്ക് നയിക്കാം. ഹവാല, സ്വര്‍ണക്കടത്ത്, മയക്കുമരുന്ന്, ബ്ലേഡ് തുടങ്ങിയവ ഇടയ്ക്കിടെ വാര്‍ത്തയാകുന്നു. വാര്‍ത്തയില്‍ ഇടംപിടിക്കുന്ന സംഭവങ്ങള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. ഇവയെല്ലാം നമ്മുടെ സമൂഹത്തെ ബാധിച്ച ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാണ്. ഇത്തരം കറുത്ത ശക്തികളുടെ പ്രലോഭനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. അത് ഉറപ്പാക്കാനാവശ്യമായ ജാഗ്രതപുലര്‍ത്തുന്ന ആഭ്യന്തരസംവിധാനം കൂടിയേതീരൂ. ഒപ്പം അധോലോക ശക്തികളുടെ വളര്‍ച്ചയ്‌ക്കെതിരേ പോലീസ് മറ്റ് ഏജന്‍സികളുമായി സംയോജിച്ച് ആസൂത്രിതമായ പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്.

ജനാധിപത്യസമൂഹത്തില്‍ പോലീസിന്റെ സ്വഭാവം നിര്‍ണയിക്കുന്നതില്‍ രാഷ്ട്രീയത്തിനും നല്ല പങ്കുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളത്തിലെ രാഷ്ട്രീയസാഹചര്യം മെച്ചപ്പെട്ടതാണ്. പക്ഷേ, കേരളത്തിലും ക്രമേണ രാഷ്ട്രീയത്തില്‍ അഴിമതി വര്‍ധിക്കുകയും മൂല്യശോഷണം സംഭവിക്കുകയും ചെയ്യുന്നു. അധികാരത്തിന്റെ ഉപാസന മാത്രമാകുന്ന രാഷ്ട്രീയം പോലീസിനുമേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കും. അതിനെ ചെറുക്കുന്നതില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം വലുതാണ്. സങ്കുചിത രാഷ്ട്രീയ അജന്‍ഡകളും ഉദ്യോഗസ്ഥ സ്ഥാപിതതാത്പര്യങ്ങളും ഐക്യപ്പെട്ടാല്‍ അതിനോട് പൊതുസമൂഹവും മറ്റ് ജനാധിപത്യസ്ഥാപനങ്ങളും എങ്ങനെ പ്രതികരിക്കുമെന്നതും നാളത്തെ പോലീസിനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാകും.

എങ്ങനെ മാറാം

സാങ്കേതിക വിദ്യ

സാങ്കേതികവിദ്യയുടെ വളര്‍ച്ചയും വികാസവും പ്രയോജനപ്പെടുത്തേണ്ടത് ഒരു തുടര്‍പ്രക്രിയയാകണം. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ശേഖരിക്കുന്ന പല തെളിവുകളുടെയും ഫൊറന്‍സിക് പരിശോധനാഫലം മണിക്കൂറുകള്‍ക്കകം ലഭ്യമാക്കിയാല്‍ അത് കുറ്റാന്വേഷണത്തെ ശക്തിപ്പെടുത്തും. എന്നാല്‍, മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞാണ് ഇന്ന് പരിശോധനാഫലം കിട്ടുക. ഈ അവസ്ഥ മാറണമെങ്കില്‍ ശാസ്ത്രീയ കുറ്റാന്വേഷണത്തിനുള്ള ആധുനികസൗകര്യം വിപുലമാക്കണം.

കണ്‍ട്രോള്‍റൂമുകളുടെ പ്രവര്‍ത്തനത്തിനും ഡിജിറ്റല്‍ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കണം. ജനങ്ങള്‍ക്ക് കൃത്യതയോടെ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും പോലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം.

ചുമതല വിനിയോഗം

പോലീസിന്റെ അടിസ്ഥാന യൂണിറ്റ് പോലീസ് സ്റ്റേഷനുകളാണ്. സൂര്യനുതാഴെയുള്ള ഏതു വിഷയവും ചെന്നെത്തുന്ന ഇടമാണത്. അവിടെ പോലീസ് ഉദ്യോഗസ്ഥരുടെ ജോലിസാഹചര്യം ബുദ്ധിമുട്ടുള്ളതാണ്. വിശ്രമരഹിതമായ ജോലിയുടെമാത്രം പ്രശ്‌നമല്ല അത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട പോലീസ് സേവനം ലക്ഷ്യമാക്കി മനുഷ്യവിഭവശേഷി വിനിയോഗം പരിഷ്‌കരിക്കണം.

നൈപുണ്യം

ഇന്ന് സൈബര്‍ക്രൈം മുതല്‍ പോക്‌സോനിയമംവരെയുള്ള കുറ്റകൃത്യങ്ങളും സ്റ്റേഷനില്‍ വരുന്നുണ്ട്. ഇതൊക്കെ കാര്യക്ഷമമായി അന്വേഷിക്കാന്‍ സാങ്കേതികവിദ്യ മുതല്‍ മനശ്ശാസ്ത്രംവരെ വ്യത്യസ്ത ശാഖകളിലുള്ള അറിവും നൈപുണ്യവും വേണം. ഒരു പോലീസ് സ്റ്റേഷന്റെ അടിസ്ഥാനശേഷിക്കപ്പുറം സവിശേഷവൈദഗ്ധ്യം ആവശ്യമായ കേസ് അന്വേഷിക്കാന്‍ അത്തരം വൈദഗ്ധ്യമുള്ള യൂണിറ്റുകള്‍ ജില്ലാതലത്തിലുണ്ടാകണം.

കൂടുതല്‍ സിവില്‍ പോലീസ്

കേരളത്തില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ കാലക്രമേണ കുറഞ്ഞുവരുന്നതായാണ് കാണുന്നത്. അതിവേഗം സേനയെ വിന്യസിക്കാനുള്ള ശേഷി വര്‍ധിച്ചിട്ടുമുണ്ട്. ആ സാഹചര്യത്തില്‍ സായുധപോലീസിന്റെ എണ്ണം കുറച്ച് സിവില്‍ പോലീസിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതും പരിശോധിക്കണം.

വനിതകള്‍ വരട്ടെ

തിരുവിതാംകൂറില്‍ 1939-ല്‍ വനിതകള്‍ പോലീസിന്റെ ഭാഗമായിരുന്നു. പില്‍ക്കാലത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നോട്ടുപോയി. കേരളത്തിലെ പോലീസില്‍ ഇന്ന് സ്ത്രീകള്‍ എട്ടു ശതമാനത്തില്‍ താഴെയാണ്. എണ്ണത്തില്‍ മാത്രമല്ല ചുമതലയിലും വനിതകള്‍ മിക്കപ്പോഴും നിഷ്‌ക്രിയസാന്നിധ്യം മാത്രമാകുന്നു. അബലയായ സ്ത്രീ, ശക്തനായ പുരുഷന്‍ എന്ന പഴഞ്ചന്‍ ചിന്താഗതിതന്നെയാണ് സ്ത്രീകളെ പോലീസിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന് തടസ്സം. ഇതില്‍ മുന്നോട്ടുപോയ ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ പോലീസ് സേനയിലെ സ്ത്രീയും പുരുഷനും പോലീസ് തന്നെ. അവിടെ വനിതാപോലീസ് ഇല്ല. കേരളവും ആ വഴിക്ക് നീങ്ങണം.

(റിട്ട. ഡി.ജി.പി.യാണ് ലേഖകന്‍)

Content Highlights: retd dgp hemachandran writes about police

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented