രവിവർമയിൽനിന്ന് ബിനാലെയിലേക്ക്


വിജയകുമാർ മേനോൻ

3 min read
Read later
Print
Share

കാലം മാറി, ചിത്രരചനാ രീതികളും. പോയകാലത്ത്‌ ചിത്രരചനയിൽ വന്ന മാറ്റങ്ങളെക്കുറിച്ചൊരു വിലയിരുത്തൽ

Photo: Mathrubhumi Archives

നിഴലും വെളിച്ചവും നിമ്നോന്നതസ്വഭാവങ്ങളും സ്ഫുരിക്കപ്പെടാത്ത മാതിരിയിൽ രൂക്ഷങ്ങളായ ചായങ്ങൾകൊണ്ട് എഴുതിയത് കണ്ടുരസിച്ച് ആവക എഴുത്തുകാർക്ക് പലവിധ സമ്മാനങ്ങൾ കൊടുത്തുവന്നിരുന്ന പലർക്കും ഇപ്പോൾ അതുകളിൽ വിരക്തിവന്ന് മനുഷ്യന്റെയോ മൃഗത്തിന്റെയോ വേറെ വസ്തുക്കളുടെയോ സാധാരണ സ്വഭാവങ്ങൾ കാണിക്കുന്ന എണ്ണച്ചായച്ചിത്രം വെള്ളച്ചായച്ചിത്രം ഇതുകളെക്കുറിച്ച് കൗതുകപ്പെട്ട് എത്രണ്ടു സൃംഷ്ടിസ്വഭാവങ്ങൾ ചിത്രങ്ങൾ ഒത്തുവരുന്നുവോ അത്രണ്ട് ആ ചിത്രകർത്താക്കന്മാരെ ബഹുമാനിച്ചുവരുന്നത് കാണുന്നില്ലയോ’ -ഇന്ദുലേഖയുടെ ഒന്നാം പതിപ്പിനെഴുതിയ ആമുഖത്തിൽ ഒ. ചന്തുമേനോൻ ചോദിക്കുന്നു. പുരാണകഥകളിൽനിന്ന് നോവലിലേക്ക് സാഹിത്യം പരിണമിക്കുന്നതിന് വളരെ മുമ്പുതന്നെ കേരളത്തിലെ ചിത്രകല നവീനസ്വഭാവം കൈവരിച്ചിരുന്നു. ചിത്രകലയിലുണ്ടായ ആ പരിവർത്തനമാണ് സാഹിത്യത്തെ സ്വാധീനിച്ചതെന്നതിന്റെ സൂചനയായി ചന്തുമേനോന്റെ ഈ വാക്കുകളെ കാണാം.

രവിവർമയുടെ കാലം

രവിവർമയ്ക്കുമുമ്പ് മലയാളിക്ക് ചിത്രകലയെന്നാൽ പുരാണങ്ങളെ കൂട്ടുപിടിക്കുന്ന വിചിത്ര രൂപങ്ങളായിരുന്നു. ക്ഷേത്രങ്ങളിലും സവർണഗൃഹങ്ങളിലും മാത്രമുണ്ടായിരുന്ന അത്തരം ചിത്രങ്ങൾ കാണാനോ ആസ്വദിക്കാനോ സാധാരണക്കാർക്ക് അവസരമുണ്ടായില്ല. അക്കാലത്താണ് രവിവർമയുടെ മുല്ലപ്പൂചൂടിയ നായർ യുവതിയും ശകുന്തളയും ദമയന്തിയുമൊക്കെ വരുന്നത്. രവിവർമ ചിത്രങ്ങളും ആദ്യകാലത്തൊന്നും സാധാരണക്കാരിലേക്ക് എത്തിയിരുന്നില്ല. എന്നാൽ, പ്രിന്റിങ് വന്നശേഷം ആ ചിത്രങ്ങളുടെ പകർപ്പുകൾ നാട്ടിലെങ്ങും ലഭ്യമാണ്. കേരളത്തിൽ ചിത്രകലാസ്വാദനത്തിന്റെ താത്ത്വികചരിത്രം അവിടെ തുടങ്ങുന്നു.

ഇന്ത്യയിൽ സ്വദേശിപ്രസ്ഥാനം ശക്തിയാർജിച്ച കാലത്താണ് ബംഗാൾ സ്കൂൾ പ്രചാരംനേടിയത്. അതുവരെ ഇന്ത്യയിലെ ചിത്രകലാരംഗത്ത് രവിവർമയ്ക്കുണ്ടായിരുന്ന സ്വീകാര്യതയെ ബംഗാൾ സ്കൂൾ ചോദ്യംചെയ്തു. അതിനുള്ള പ്രധാന കാരണം രവിവർമയുടെ ചിത്രരചന പാശ്ചാത്യശൈലിയുടെ അനുകരണം ആണെന്നതായിരുന്നു. ഇന്ത്യക്ക്‌ തനതായ ചിത്രകലാശൈലി ഉണ്ടാകണമെന്ന് അവർ വാദിച്ചു. എന്നാൽ, രവിവർമയ്ക്കെതിരായ വിമർശനം മലയാളികൾ തള്ളിക്കളഞ്ഞു. മാത്രമല്ല, ചരിത്രപരമായി ഇന്ത്യക്ക്‌ പൊതുവായൊരു ശൈലി ഉണ്ടായിരുന്നില്ലതാനും. കലയുടെ വികാസപരിണാമങ്ങൾ എന്നും പ്രാദേശികസ്വഭാവം നിലനിർത്തിയിരുന്നു. ഇക്കാരണങ്ങൾകൊണ്ടൊക്കെ രവിവർമയുടെ പൊതുസ്വീകാര്യതയെ വെല്ലുവിളിക്കാൻ ബംഗാൾ സ്കൂളിന് സാധിച്ചില്ല. പിന്നെയും ഏറെക്കാലം ഉത്തമമാതൃകയായി രവിവർമചിത്രങ്ങൾ തുടരുകയും ചെയ്തു.

കെ.സി.എസ്‌. സ്കൂൾ കേരളത്തിലെ ഫൈനാർട്‌സ് കോളേജുകൾ ഉൾപ്പെടെ ചിത്രകല എന്നാൽ അത് രവിവർമചിത്രം തന്നെയെന്ന് പൂർണമായി അംഗീകരിച്ചുപോന്നു. 1960-കളിലാണ് അതിനൊരു മാറ്റമുണ്ടായത്. മദ്രാസ് സ്കൂളിനെ പിന്തുടർന്ന് കെ.സി.എസ്. പണിക്കരാണ് ആ മാറ്റത്തിന് ചുക്കാൻപിടിച്ചത്. പിക്കാസോയെപ്പോലുള്ളവരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ചിത്രകലയിലെ ആധുനികത മലയാളിക്ക് പരിചയപ്പെടുത്തിയത് കെ.സി.എസ്. ആണെന്നു പറയാം. അതോടെ വിശദ വരകളെക്കാൾ ജീവിതപരിസരങ്ങളുമായി ചേർന്നുനിൽക്കുന്ന അടയാളങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൈവന്നു. അതുകൊണ്ടുണ്ടായ ഒരു കുഴപ്പം ആധുനികതയെന്നാൽ അമൂർത്തകല മാത്രമാണെന്ന സങ്കല്പം ഇവിടെ നിലയുറപ്പിച്ചുപോയി എന്നതാണ്. അക്കാലത്തെ സാഹിത്യസൃഷ്ടികളിലും അത് പ്രകടമായിരുന്നു.

ആധുനികതയെ അമൂർത്തതയിൽ പൊതിഞ്ഞുനിർത്തിയത് അന്നത്തെ അന്താരാഷ്ട്ര സാഹചര്യങ്ങൾകൂടിയാണ്. ശീതയുദ്ധം മൂർധന്യത്തിലെത്തിയ സമയം. സോവിയറ്റ് യൂണിയനിൽനിന്ന് അധ്വാനിക്കുന്ന തൊഴിലാളികളുടെയും മറ്റും ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങി. അതിനെ പ്രതിരോധിക്കാൻ കലയിൽ മൂലധനശക്തികൾ നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് അമൂർത്തതയ്ക്ക് ലോകവ്യാപകമായി പ്രചാരം ലഭിച്ചത്. അടിയന്തരാവസ്ഥയ്ക്കുശേഷം ഇടതുപക്ഷബുദ്ധിജീവികളാണ് ആധുനികതയെന്നാൽ അമൂർത്തമായതുമാത്രമല്ല എന്ന വസ്തുത കേരളത്തിൽ അവതരിപ്പിച്ചത്.

കേരളത്തിൽ സാഹിത്യനിരൂപണം ആദ്യകാലംമുതൽ ശക്തമായിരുന്നു. എന്നാൽ, ’90-കളിലെത്തുംവരെ ചിത്രകലാനിരൂപണങ്ങൾ കേരളത്തിൽ കാര്യമായി ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സാഹിത്യത്തെ അപേക്ഷിച്ച് ചിത്രകലാ ആസ്വാദനം വേണ്ടത്ര ജനകീയമാകാതെപോയി. അന്ന് ഫൈനാർട്‌സ് കോളേജുകൾപോലും ചിത്രകലയെ സൈദ്ധാന്തികമായി സമീപിച്ചില്ല. ചരിത്രവും ലാവണ്യശാസ്ത്രവും സിലബസിന് പുറത്തുനിന്നു.

മാതൃഭൂമിയുടെ പങ്ക്‌

1990-കൾക്കുമുമ്പ് ചിത്രകലയെ സാധാരണക്കാരുമായി ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പാണ്. എം.വി. ദേവൻ, നമ്പൂതിരി, എ.എസ്. തുടങ്ങിയവരുടെ വരകൾ അന്ന് വലിയ ചലനങ്ങൾ ഉണ്ടാക്കി. വലിയ കാൻവാസുകളിൽനിന്ന് കൈയിലൊതുങ്ങിനിന്ന കടലാസിലേക്ക് വര ഇറങ്ങിവന്നത് പുതിയ അനുഭവമായി. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്ക് മനശ്ശാസ്ത്രപരമായ സ്വാധീനവുമുണ്ട്; അതിലെ വർണങ്ങൾ വായനക്കാരന് സങ്കല്പിക്കാം.

’90-കൾക്കുശേഷം കലാപഠനത്തിന് കൂടുതൽ പ്രാധാന്യമുണ്ടായി. ചിത്രകലയെക്കുറിച്ച് ആഴത്തിലുള്ള എഴുത്തുകൾ വരാൻതുടങ്ങി. അതോടൊപ്പം ആർട്ട് ഗാലറികളും സജീവമായി. ചിത്രം വരയ്ക്കുന്നവർക്ക് അത് എവിടെ, ആരെ കാണിക്കണമെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആർട്ട് ഗാലറികൾക്ക് സാധിച്ചു. മാത്രമല്ല, ചിത്രങ്ങളുടെ വിപണിസാധ്യതയും വർധിച്ചു.

കേരളത്തിന്റെ കലാ സാംസ്കാരിക മണ്ഡലത്തെ ഒറ്റയടിക്ക് ആഗോളതലത്തിലേക്ക് എടുത്തുയർത്തിയ അദ്‌ഭുതം 2012-ൽ സംഭവിച്ചു. അതാണ് കൊച്ചി മുസിരിസ് ബിനാലെ. ചിത്രകലാരംഗത്ത് വലിയ സ്വാധീനമുണ്ടാക്കാൻ ബിനാലെയ്ക്ക് സാധിച്ചു. ആ സമയത്തുതന്നെയാണ് ഇന്റർനെറ്റും സാധാരണക്കാരിലേക്കെത്തിയത്. അനന്തമായ സാധ്യതകളാണ് ഇന്റർനെറ്റ് തുറന്നിട്ടത്. ഗാലറികളെ ആശ്രയിക്കാതെ തന്നെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വന്നു. കോവിഡ്കാലം ഓൺലൈൻ ചിത്രപ്രദർശനങ്ങളെ വ്യാപകമാക്കി.
ചിത്രത്തിന്റെ പ്രദർശനത്തിലും വിപണിയിലും മാത്രമല്ല സാങ്കേതികവിദ്യ ഇടപെടൽ നടത്തിയത്, ചിത്രരചനാരീതികൾതന്നെ എത്രത്തോളം മാറിയെന്ന് ഡിജിറ്റൽ വരകൾക്ക് ഇന്നുള്ള സ്വീകാര്യതയിൽനിന്ന് വ്യക്തം.

Content Highlights: ravivarma paintings, biennale, history of painting, mathrubhumi 100 years

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented