
പ്രതീകാത്മക ചിത്രം
സ്വാതന്ത്ര്യസമര പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ഒരു ദേശീയ പത്രത്തിന്റെ പത്രാധിപരെ അദ്ദേഹത്തിന്റെ പത്രാധിപക്കസേരയില്‍നിന്ന് അറസ്റ്റുചെയ്തത് ക്വിറ്റ് ഇന്ത്യ്ര പ്രക്ഷോഭകാലത്തായിരുന്നു. മാതൃഭൂമിക്കും അതിന്റെ പത്രാധിപരായിരുന്ന കെ.എ. ദാമോദര മേനോനുമാണ് ക്വിറ്റ് ഇന്ത്യ സമരത്തിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടി വന്നത്. 1942 ഓഗസ്റ്റ് ഒന്‍പതിന് പകല്‍ മാതൃഭൂമി ഓഫീസിലെ അദ്ദേഹത്തിന്റെ കസേരയില്‍നിന്നാണ് പോലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോയത്. ഇതിനൊപ്പം മാതൃഭൂമിയുടെ ഡയറക്ടറും കോഴിക്കോട് മുനിസിപ്പല്‍ ചെയര്‍മാനുമായ കോഴിപ്പുറത്ത് മാധവമേനോനെയും അറസ്റ്റുചെയ്തു. അതും മാതൃഭൂമി ഓഫീസില്‍ നിന്നായിരുന്നു. മുന്‍ പത്രാധിപര്‍ കേളപ്പനെയും അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 9-ന് ഗാന്ധിജിയെ അറസ്റ്റുചെയ്തതിനു പിന്നാലെയാണിത്.
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ശക്തിപ്പെട്ടതോടെ പത്രങ്ങളുടെ മേലുള്ള നിയന്ത്രണവും നടപടികളും കടുത്തു. ഔദ്യോഗിക ഏജന്‍സികളും റിപ്പോര്‍ട്ടര്‍മാരും നല്‍കുന്ന വാര്‍ത്തകള്‍ മാത്രമേ പ്രസിദ്ധീകരിക്കാവൂ, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ നല്‍കാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും ബ്രിട്ടീഷ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചു. നാഷണല്‍ ഹൊറാള്‍ഡ്, ടെലിഗ്രാഫ് തുടങ്ങി 14 പത്രങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്തി. കോണ്‍ഗ്രസ് വാര്‍ത്തകള്‍ക്ക് മൂന്നുകോളത്തിലധികം സ്ഥലം നല്‍കരുതെന്ന പുതിയ കല്പനയും പിന്നാലെയെത്തി.
എന്നാല്‍, 'പത്രങ്ങള്‍ അവയുടെ ചുമതല സ്വതന്ത്രമായും നിര്‍ഭയമായും നിറവേറ്റണം. അവയൊരിക്കലും ഗവണ്‍മെന്റിന്റെ ഭീഷണികള്‍ക്കോ, മറ്റു പ്രേരണകള്‍ക്കോ വഴിപ്പെട്ടു പോകരുത്' - ഗാന്ധിജിയുടെ ഈ വാക്കുകള്‍ മാതൃഭൂമിക്ക് ആത്മവിശ്വാസം പകര്‍ന്നു. ആത്മചൈതന്യം നഷ്ടപ്പെടുത്തി ജീവിക്കുന്നതിലും നല്ലത് അതു നിലനിര്‍ത്തി മരിക്കുന്നതാണെന്ന് മാതൃഭൂമി തീരുമാനിച്ചു. ഓഗസ്റ്റ് 22-ന് പത്രം നിര്‍ത്തുന്നത് സംബന്ധിച്ച് ഒന്നാംപേജില്‍ അറിയിപ്പു നല്‍കി. 'ഞങ്ങളുടെ പത്രബന്ധുക്കളോട്'' എന്ന തലക്കെട്ടിലാണിത്. 23-ന് പ്രസിദ്ധീകരണം നിര്‍ത്തി. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ കാലത്ത് മുഖപ്രസംഗമില്ലാതെയാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നത്. പത്രം നിരോധിച്ചതില്‍ പ്രതിഷേധിച്ചാണിത്.
ഏപ്രില്‍ 30-ന് വീണ്ടും പ്രസിദ്ധീകരണം തുടങ്ങിയെങ്കിലും സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുഖപ്രസംഗ കോളവും പത്രാധിപക്കുറിപ്പും നിര്‍ത്തിവെച്ചു. മുഖപ്രസംഗ കോളം ഒഴിച്ചിട്ടിരുന്നെങ്കിലും ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയിരുന്നു.ഓഗസ്റ്റ് 9-ലെ പത്രത്തില്‍ എ.ഐ.സി.സി.യില്‍ ഗാന്ധിജി നടത്തിയ പ്രസംഗം പ്രധാന വാര്‍ത്തയായി നല്‍കി. സമരംകൊണ്ടേ സ്വാതന്ത്ര്യം കിട്ടൂവെന്ന തലക്കെട്ടിലാണ് വാര്‍ത്ത നല്‍കിയത്. പിറ്റേന്നത്തെ പത്രത്തില്‍ 'ഗാന്ധിജിയും പ്രവര്‍ത്തകക്കമ്മിറ്റി മെമ്പര്‍മാരും അറസ്റ്റില്‍'° എന്ന തലക്കെട്ടിലാണ് ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയത്. ഇതിനൊപ്പം കേളപ്പന്റെയും മാധവമേനോന്റെയും പത്രാധിപര്‍ ദാമോദര മേനോന്റെയും അറസ്റ്റ് വിവരങ്ങളും നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ഒന്നാംപേജില്‍ നാടൊട്ടുക്ക് നടന്ന അറസ്റ്റ് വിവരങ്ങളും ജവാഹര്‍ലാല്‍ നെഹ്രുവിന്റെ പ്രസംഗവും നല്‍കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..