അച്ചടിവെച്ചടിവെച്ച്...മാതൃഭൂമിയിലെ അച്ചടിയുടെ കഥ


പത്രം തുടങ്ങാനുള്ള ആലോചന തുടങ്ങിയപ്പോള്‍ മാതൃഭൂമിക്ക് പ്രസ്സോ അച്ചടിമെഷീനോ ഉണ്ടായിരുന്നില്ല. ഷെയര്‍ പിരിച്ചുതുടങ്ങിയതോടെ പ്രസിദ്ധീകരണത്തിന്റെ ആദ്യപടിയായി പ്രസ് വാങ്ങാന്‍ തീരുമാനിച്ചു.

പ്രതീകാത്മക ചിത്രം | Photo: Sivaprasad G

ശയവിനിമയത്തിനുള്ള മുഖ്യോപാധികളില്‍ ഒന്നാണ് അച്ചടി. മനുഷ്യ സമൂഹത്തിന്റെ പുരോഗതിയുടെ എല്ലാ വശങ്ങളെയും ഇത് ഒരുപോലെ സ്പര്‍ശിക്കുന്നു. മാതൃഭൂമിയും ജനങ്ങളോട് സംവദിച്ചിരുന്നത് അതിലെ വടിവൊത്ത അക്ഷരങ്ങളിലൂടെയായിരുന്നു. ആ അക്ഷരങ്ങളിലൂടെ പത്രം മലയാളിയുടെ
ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടി

പത്രം തുടങ്ങാനുള്ള ആലോചന തുടങ്ങിയപ്പോള്‍ മാതൃഭൂമിക്ക് പ്രസ്സോ അച്ചടിമെഷീനോ ഉണ്ടായിരുന്നില്ല. ഷെയര്‍ പിരിച്ചുതുടങ്ങിയതോടെ പ്രസിദ്ധീകരണത്തിന്റെ ആദ്യപടിയായി പ്രസ് വാങ്ങാന്‍ തീരുമാനിച്ചു. കുറുപ്പത്ത് കേശവമേനോന്‍ അന്ന് കോഴിക്കോട്ട് എംപ്രസ് വിക്ടോറിയ (പിന്നീട് മാതൃഭൂമി പ്രസ് എന്ന് പേര് മാറ്റി) എന്ന അച്ചുകൂടം നടത്തിയിരുന്നു. കെ.പി. കേശവമേനോനും കെ. മാധവന്‍ നായരും മുന്‍കൈയെടുത്ത് 21,500 രൂപയ്ക്ക് ആ പ്രസ് വാങ്ങി. പ്രസിന്റെ മുഴുവന്‍ തുകയും റൊക്കമായി കൊടുക്കാന്‍ ഉണ്ടായിരുന്നില്ല. പകുതി കടമായി പ്രസ് വാങ്ങിയപ്പോഴും പ്രിന്റിങ് മെഷീന്‍ ഉണ്ടായിരുന്നില്ല. അന്ന് വിദ്യാവിലാസം പ്രസ്സില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന പഴയ സിലിണ്ടര്‍ പ്രസ് ഉണ്ടെന്നും അതു വാങ്ങാമെന്നും ഫോര്‍മാന്‍ ചാത്തുക്കുട്ടി കേശവമേനോനെയും മാധവന്‍ നായരെയും അറിയിച്ചു. ചാത്തുക്കുട്ടിയുടെ പ്രേരണയില്‍ 900 രൂപയ്ക്ക് ആ സിലിണ്ടര്‍ പ്രസ് വാങ്ങി. ചാത്തുക്കുട്ടി തന്നെയാണ് മെഷീനെ നന്നാക്കി അച്ചടിക്കാനുള്ള പരുവത്തിലാക്കിയത്. ഈ പ്രസ്സിലാണ് ആദ്യത്തെ മാതൃഭൂമി അച്ചടിക്കുന്നത്. ചാത്തുക്കുട്ടി പ്രസ്സിനെ വൈകാരിക അടുപ്പത്തോടെ പരിപാലിച്ചു. അങ്ങനെ പ്രസ് കുറച്ചുകാലം ഒരു തടസ്സവുമില്ലാതെ പ്രവര്‍ത്തിച്ചു. ഇതിനിടെ ചാത്തുക്കുട്ടി അന്തരിച്ചു.

തുടക്കത്തില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് പത്രം അച്ചടിച്ചിരുന്നത്. കാലം മാറി. നിയമലംഘനപ്രസ്ഥാനം ശക്തിപ്പെട്ടതോടെ മാതൃഭൂമിയുടെ സ്വാധീനവും ഉത്തരവാദിത്തവും കൂടി. 1930-ല്‍ ദിനപത്രമായി. വായനക്കാര്‍ വര്‍ധിച്ചു. പഴയ സിലിണ്ടര്‍ പ്രസ്സിന് ഇത്രയും ഭാരം താങ്ങാനാകില്ലെന്നുവന്നതോടെ പുതിയ പ്രസ് വാങ്ങേണ്ടിവന്നു. സ്വദേശി മിത്രനില്‍നിന്ന് ഡബിള്‍ഫീഡര്‍ പ്രസ് വാങ്ങി. ഒരു ലോകയുദ്ധവും സഹനസമരവും സ്വാതന്ത്ര്യലബ്ധിയും മഹാത്മാവിന്റെ അന്ത്യവുമെല്ലാം അച്ചടിമഷിപുരണ്ടത് ഈ ഡബിള്‍ഫീഡര്‍ പ്രസ്സിലൂടെയാണ്.


അച്ചുകൂടങ്ങളുടെ കഥ

തൃഭൂമിയുടെ ഒരു നൂറ്റാണ്ട്, കേരളത്തിലെ അച്ചടി സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെകൂടി ചരിത്രമാണ്. 1923-ല്‍ മാതൃഭൂമി പ്രസിദ്ധീകരണം തുടങ്ങിയത് സിലിണ്ടര്‍ പ്രസ്സിലായിരുന്നു. 1930-ല്‍ ഡബിള്‍ഫീഡര്‍ പ്രസ്സിലേക്ക് മാറി. ന്യൂയോര്‍ക്കില്‍നിന്ന് എത്തിച്ച ഗോസ് യൂനിറ്റിയൂബ് (റോട്ടറി) പ്രസ്സിലേക്ക് 1950-ല്‍ അച്ചടി മാറ്റി. 1962-മേയ് 25-ന് മാതൃഭൂമി കൊച്ചി എഡിഷന്‍ തുടങ്ങിയതോടെ ഒന്നിലധികം സ്ഥലത്തുനിന്ന് ഒരേസമയം പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാള പത്രമായി മാതൃഭൂമി. മണിക്കൂറില്‍ 35,000 കോപ്പികള്‍വരെ അച്ചടിക്കാന്‍ കഴിയുന്ന പ്ലമാഗ് റോട്ടറി പ്രസ്സിലാണ് കൊച്ചിയില്‍ അച്ചടി തുടങ്ങിയത്. കൈകൊണ്ട് ഓരോ അച്ചും പെറുക്കിയെടുത്ത് നിരത്തി അച്ചടിക്ക് തയ്യാറാക്കുന്ന രീതിയില്‍നിന്ന് മാറി മോണോ ടൈപ്പ് സമ്പ്രദായം തുടങ്ങിയതും ഇതിലൂടെയാണ്.

കേരളത്തില്‍ ആദ്യമായി കളര്‍ ഫോട്ടോയോടുകൂടി ഓഫ്സെറ്റ് പ്രിന്റിങ് തുടങ്ങിയതും മാതൃഭൂമിയാണ്. 1980 നവംബര്‍ 23-ന് മാതൃഭൂമി തിരുവനന്തപുരം എഡിഷനിലൂടെയാണ് ഈ പുതുസംരംഭത്തിന് തുടക്കമിട്ടത്. മണിക്കൂറില്‍ നാലു കളറില്‍ മുപ്പതിനായിരം കോപ്പി അച്ചടിക്കാന്‍ കഴിയുന്ന ക്രുസോലുവ യു.ബി. 35 ഗസറ്റ് മോഡല്‍ മെഷീനാണ് തുടര്‍ന്ന് എത്തിയത്. ഫ്രാന്‍സില്‍നിന്നാണ് ഇത് വാങ്ങിയത്. പിന്നീട് റോക്ക്വെല്‍, കൊറോസെറ്റ് മെഷീന്‍ മോഡല്‍, ന്യൂസ് ലൈന്‍ 45 മോഡല്‍ എന്നിങ്ങനെ മണിക്കൂറില്‍ വിവിധ കളറില്‍ 45000 കോപ്പി അച്ചടിക്കാന്‍ കഴിയുന്ന ഹൈലൈന്‍ മെഷീനുകള്‍ വരെ മാതൃഭൂമിയുടെ വിവിധ യൂണിറ്റുകളില്‍ എത്തി.

പിന്നീട് വന്നത് മണിക്കൂറില്‍ 60,000 കോപ്പി അച്ചടിക്കാന്‍ കഴിയുന്ന ഫ്രണ്ട്‌ലൈന്‍ മെഷീന്‍. അതിനുശേഷം എത്തിയ ജപ്പാന്‍ നിര്‍മിത ടി.കെ.എസ്. മെഷീനില്‍ മണിക്കൂറില്‍ 75,000 കോപ്പികള്‍ അടിക്കാമായിരുന്നു. ഇന്ത്യയില്‍ ടി.കെ.എസ്. മെഷീന്‍ ആദ്യമായി എത്തിയതും മാതൃഭൂമിയിലാണ്. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനമുള്ള കളര്‍ ടോപ്പ് 5000 യു.ഡി.ഐ. മെഷീനാണിത്.

കൈകൊണ്ട് പ്രവര്‍ത്തിപ്പിച്ച സിംഗിള്‍ ഫീഡര്‍ മെഷീനില്‍ മണിക്കൂറില്‍ നൂറുകണക്കിന് കോപ്പികള്‍മാത്രം അച്ചടിച്ചിരുന്ന മാതൃഭൂമി, ഇന്ന് മണിക്കൂറില്‍ 75,000 കോപ്പികള്‍ അച്ചടിക്കാന്‍ ശേഷിയുള്ള അത്യാധുനിക സാങ്കേതിക ഔന്നത്യത്തിലേക്ക് വളര്‍ന്നിരിക്കുന്നു.

പ്രസ് വരുന്നു ന്യൂയോര്‍ക്കില്‍ നിന്ന്


ന്യൂയോര്‍ക്കില്‍നിന്ന് വരുത്തിച്ച ഗോസ് യൂനിറ്റിയൂബ് പ്രസ്സിലേക്ക് അച്ചടി മാറ്റിയത് മാതൃഭൂമിയുടെ വളര്‍ച്ചയില്‍ അതിപ്രധാനമായി. ഈ പ്രസ്സിന്റെ വരവിനെക്കുറിച്ചുള്ള ആലോചനയും അത് കോഴിക്കോട്ട് എത്തിയതും ഇന്ന് അത്യദ്ഭുതത്തോടെയേ ഓര്‍ക്കാനാകൂ. സാങ്കേതികകാര്യങ്ങളില്‍ മാതൃഭൂമിക്ക് ഉപദേശങ്ങള്‍ നല്‍കിയിരുന്ന ഝെ. ഷെമ്മല്‍ എന്ന ജര്‍മന്‍ എന്‍ജിനിയറില്‍നിന്നാണ് ആധുനികമായ പ്രസ് ന്യൂയോര്‍ക്കില്‍ നിര്‍മിക്കുന്നതായി അറിഞ്ഞത്. വലിയ വിലയുള്ള പ്രസ്സായിരുന്നു അത്. അന്ന് ഇന്ത്യയില്‍ മറ്റൊരിടത്തും ഈ പ്രസ് ഇല്ല. അത്രയേറെ പണം ചെലവഴിക്കാനുള്ള സാമ്പത്തികസ്ഥിതി ഇല്ലാതിരുന്നിട്ടും പത്രാധിപര്‍ കെ.എ. ദാമോദരമേനോന്‍ ഡല്‍ഹിയില്‍ച്ചെന്ന് അധികൃതരെക്കണ്ട് ലൈസന്‍സിന് അപേക്ഷിച്ചു. 1946 മധ്യത്തോടെ ലൈസന്‍സ് കിട്ടി.

പ്രസ്സിന് ചെലവാകുന്ന ഭാരിച്ച തുകയ്ക്ക് കമ്പനിയുടെ പേരില്‍ അന്ന് ബാങ്കില്‍നിന്ന് വായ്പ ലഭിക്കില്ലായിരുന്നു. കാരണം, മിക്കവര്‍ക്കും അതിനുള്ള ആസ്തിയില്ല. പ്രഥമ ഡയറക്ടറായിരുന്ന ടി.വി. സുന്ദരയ്യരുടെ വ്യക്തിഗത ആസ്തികള്‍കൂടി പണയംവെച്ചുകൊണ്ടാണ് ബാങ്കില്‍നിന്ന് വായ്പ സംഘടിപ്പിച്ചത്. ചിക്കാഗോയിലെ ഗോസ് കമ്പനിക്ക് അഡ്വാന്‍സ് സഹിതം ഓര്‍ഡര്‍ അയച്ചു. പ്രസ് അയച്ചു എന്ന വിവരത്തിനു പകരം പ്രസ്സിന്റെ വിലയില്‍ 10 ശതമാനം വില കൂടിയിരിക്കുന്നു എന്ന അറിയിപ്പാണ് മറുപടിയായിവന്നത്. വിലക്കയറ്റംകൂടി ബാധകമാകുന്ന രീതിയിലായിരുന്നു കമ്പനിയുമായുള്ള കരാര്‍. ഇങ്ങനെ ഒന്നിലധികംതവണ വില വര്‍ധിച്ചതായി അറിയിപ്പുകിട്ടി. ഇതേ കാലത്താണ് അമേരിക്കയിലെ മറ്റൊരു വലിയ റോട്ടറി കമ്പനിയായ ഡ്യൂപ്ലെക്സ്, ഗോസ് കമ്പനിയെ വാങ്ങിയത്. ഇതോടെ പ്രസ് അയക്കുന്നു എന്ന വിവരം കിട്ടി. 1948 സെപ്റ്റംബറില്‍ എക്സ്മിനിസ്റ്റര്‍ എന്ന കപ്പലില്‍ പ്രസ്സും ഉപകരണങ്ങളും ന്യൂയോര്‍ക്കില്‍നിന്ന് കപ്പലില്‍ മദിരാശിയിലേക്ക് അയച്ചത് ഇന്ത്യയിലെ മാധ്യമചരിത്രത്തിലെ അപൂര്‍വ അധ്യായമായി.

കപ്പലില്‍ 78 ദിവസം

ന്യൂയോര്‍ക്കില്‍നിന്ന് പ്രസ്സിന്റെ യാത്ര തുടങ്ങി മാതൃഭൂമിയിലെത്തി അച്ചടി തുടങ്ങുന്നതുവരെയുള്ള കാലം സംഭവബഹുലമായിരുന്നു. കപ്പലില്‍ 78 ദിവസത്തെ യാത്രയ്ക്കൊടുവിലാണ് പ്രസ് മദ്രാസില്‍ എത്തിയത്. കപ്പലില്‍നിന്ന് ഇറക്കി കോഴിക്കോട്ടേക്കുള്ള തീവണ്ടിയില്‍ കയറ്റാനുള്ള ജോലി മദിരാശിയിലെ ഷെയ്ഖ് മുഹമ്മദ് റാവുത്തര്‍ ആന്‍ഡ് കമ്പനി ഏറ്റെടുത്തു. കോഴിക്കോട്ട് എത്തിയപ്പോള്‍ ഇറക്കാന്‍ കടത്തുമൂപ്പന്മാര്‍ (ഖലാസികള്‍) തയ്യാറായിനിന്നു. അവരാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പ്രസ് മാതൃഭൂമി ഓഫീസിലേക്ക് എത്തിച്ചത്.

പ്രസ് എത്തിയെങ്കിലും അതിന്റെ സാങ്കേതികവശങ്ങള്‍ അറിയുന്നവരൊന്നും അന്ന് കേരളത്തില്‍ ഉണ്ടായിരുന്നില്ല. കൊല്‍ക്കത്തയിലെ പ്രിന്റിങ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മെഷിനറി ലിമറ്റഡുകാരെയാണ് പ്രസ് കൂട്ടുന്ന ജോലി ഏല്‍പ്പിച്ചത്. അമൃത ബസാര്‍ പത്രികയിലെ ചീഫ് എന്‍ജിനിയര്‍ ബിമല്‍ ചാറ്റര്‍ജിയും മറ്റൊരു എന്‍ജിനിയര്‍ എസ്.കെ. ഘോഷും കോഴിക്കോട്ടെത്തി പ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. പ്രസ് സ്ഥാപിച്ചപ്പോഴാണ് മറ്റൊരു പ്രശ്നം കയറിവന്നത്. ഇത്രയും ബൃഹദ്‌സംവിധാനങ്ങളുള്ള പ്രസ് പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതിസംവിധാനം ഇവിടെയില്ലായിരുന്നു. അതിനായി കേരള ചീഫ് എന്‍ജിനിയര്‍ സി.കെ. ശ്രീധരന്റെ സഹായത്തോടെ വൈദ്യുതിവിതരണത്തിന് പ്രത്യേക സംവിധാനമുണ്ടാക്കി. ഇതിനുമാത്രം പതിനാറായിരത്തോളം രൂപ ചെലവായി.

കെ.എ. ദാമോദരമേനോന്റെ കാലത്താണ് ഗോസ് കമ്പനിയുടെ പ്രസ്സിനുവേണ്ടിയുള്ള ആലോചന തുടങ്ങിയതെങ്കിലും അത് സ്ഥാപിക്കുന്ന കാലമായപ്പോഴേക്കും കേശവമേനോന്‍ പത്രാധിപരായി തിരിച്ചെത്തിയിരുന്നു. കുറൂര്‍ നമ്പൂതിരിപ്പാട് ആയിരുന്നു മാനേജിങ് ഡയറക്ടര്‍. 1950 ഏപ്രില്‍ 14-ന് മദ്രാസ് സര്‍ക്കാരിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രി എം. ഭക്തവത്സലം പുതിയ പ്രസ് ഉദ്ഘാടനം ചെയ്തു. മലയാള മനോരമ മാനേജിങ് എഡിറ്റര്‍ മാമന്‍ മാപ്പിള, പൗരശക്തി പ്രതിനിധിയായി ബി.സി. വര്‍ഗീസ്, ദി ഹിന്ദുവിന്റെ വര്‍ഗീസ് കളത്തില്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ ആശംസയര്‍പ്പിച്ചു.
മണിക്കൂറില്‍ മുപ്പതിനായിരം കോപ്പി അടിക്കാന്‍ ശേഷിയുള്ള പുതിയ പ്രസ് മാതൃഭൂമിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു.

സിലിണ്ടര്‍ പ്രസിനെ പോറ്റിയ കൈകള്‍

മാതൃഭൂമി' തുടങ്ങുന്നതിനുമുമ്പായി കുറുപ്പത്ത് കേശവമേനോന്റെ വിക്ടോറിയ എംപ്രസ് പ്രസ് വാങ്ങുമ്പോള്‍ പത്രം അച്ചടിക്കാന്‍പറ്റുന്ന അച്ചടിയന്ത്രം അതിലുണ്ടായിരുന്നില്ല.
പുതിയ പ്രസ് വാങ്ങാനുള്ള പണവും കൈയിലില്ല. അപ്പോഴാണ് ഫോര്‍മാന്‍ ചാത്തുക്കുട്ടി വിദ്യാവിലാസം പ്രസില്‍ പഴയൊരു സിലിന്‍ഡര്‍ പ്രസ് ഉണ്ടെന്നുപറയുന്നത്. ഈ അച്ചടിയന്ത്രം മുമ്പ് ചാത്തുക്കുട്ടി പ്രവര്‍ത്തിപ്പിച്ചിട്ടുണ്ട്. അതു വളരെപഴയതായിരുന്നു. അതുവാങ്ങി പണം കളയണ്ടാ എന്നായിരുന്നു പലരുടെയും അഭിപ്രായം. പക്ഷേ ചാത്തുക്കുട്ടി, കേശവമേനോന്റെയും മാധവന്‍ നായരുടെയും അടുത്തുചെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ പ്രസ് വാങ്ങിയാല്‍ മതിയെന്ന് നിര്‍ബന്ധിച്ചു. ഒടുവില്‍ അവര്‍ അതിനുസമ്മതിച്ചു. ചാത്തുക്കുട്ടിതന്നെയാണ് പ്രസ് വാങ്ങാന്‍ പോയത്. 900 രൂപ റൊക്കം കൊടുത്ത് പ്രസ് കൊണ്ടുവന്നു. ആ പ്രസ്, ചാത്തുക്കുട്ടിയുടെ ജീവിതത്തിന്റെ ഭാഗംതന്നെയായി. രാവുംപകലും ജോലിചെയ്ത് ചാത്തുക്കുട്ടി അതിനെ മെരുക്കിയെടുത്തു. മാര്‍ച്ച് 17-ന് പുലര്‍ച്ചെ ആദ്യപത്രം അച്ചടിക്കുമ്പോഴും ആ പ്രസിന് കേടുവന്നു. പക്ഷേ, ചാത്തുക്കുട്ടിതന്നെ അതുപരിഹരിച്ചു. 1930വരെ അതുപ്രവര്‍ത്തിച്ചു. അതിനുമുമ്പേ ചാത്തുക്കുട്ടി മരണമടഞ്ഞു. സിലിന്‍ഡര്‍ പ്രസില്‍ മണിക്കൂറില്‍ 120 കോപ്പിയിലധികം അച്ചടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പത്രം കൂടുന്നതിനനുസരിച്ച് പ്രിന്റിങ് സമയം നേരത്തേയാക്കിക്കൊണ്ടിരുന്നു. ആദ്യകാലത്ത് കൈകള്‍കൊണ്ട് തിരിച്ചാണ് പത്രം അച്ചടിച്ചിരുന്നെങ്കില്‍ രണ്ടുവര്‍ഷത്തിനുശേഷം എന്‍ജിന്‍ ഉപയോഗിച്ച് പ്രസ് തിരിക്കാന്‍ തുടങ്ങി. ഇങ്ങനെ പതിനെണ്ണായിരം കോപ്പിവരെ അച്ചടിക്കാന്‍ കഴിഞ്ഞു.
പത്രത്തിനു വീണ്ടും ആവശ്യക്കാര്‍ കൂടിയതോടെയാണ് സ്വദേശി മിത്രനില്‍നിന്ന് 1930 നവംബറില്‍ ഒരു ഡബിള്‍ ഫീഡര്‍ പ്രസ് വാങ്ങിയത്. രണ്ടാം ലോകയുദ്ധവും സ്വാതന്ത്ര്യലബ്ധിയും ആ യന്ത്രത്തില്‍കൂടിയാണ് പുറംലോകമറിഞ്ഞത്. ആ പ്രസ് വാങ്ങാന്‍ തീരുമാനമെടുത്ത കെ. മാധവന്‍ നായരുടെയും അച്യുതന്‍ വക്കീലിന്റെയും മരണത്തില്‍, അതു കരഞ്ഞിരിക്കണം.

പ്രദീപ് ബോള്‍ഡ്*

വാസുപ്രദീപ് എന്നു കേള്‍ക്കുമ്പോള്‍ നാടകക്കാര്‍ മാത്രമല്ല അഭിമാനംകൊണ്ട് തല ഉയര്‍ത്തുക. മാതൃഭൂമിക്ക് ജീവന്‍നല്‍കിയ അക്ഷരങ്ങളുടെ ജനയിതാവാണ് പ്രദീപ് ആര്‍ട്സിന്റെ എല്ലാമായ വാസുപ്രദീപ്. അതിനുപിന്നിലും ഒരു കഥയുണ്ട്. പ്രദീപ് ആര്‍ട്സ് പണ്ട് ആര്‍ട്സ് ആന്‍ഡ് പബ്ലിസിറ്റി സര്‍വീസ് എന്ന പരസ്യക്കമ്പനിയായിരുന്നു. രാമുകാര്യാട്ടും സുഹൃത്തുക്കളും ചേര്‍ന്നു നടത്തുന്ന സ്ഥാപനം, മൂന്നുമാസം ജോലിചെയ്തിട്ടും ശമ്പളം കിട്ടിയില്ല. ശമ്പളം ചോദിച്ചപ്പോള്‍ നടത്തിപ്പുകാരന്‍ സത്യന്‍ പിറ്റേദിവസംതരാമെന്നു പറഞ്ഞു. പിറ്റേന്ന് ജോലിക്കു ചെന്നപ്പോള്‍ ഒരു കത്ത്. ശമ്പളംതരാനില്ല. കമ്പനി ഏറ്റെടുത്ത് നടത്തുക! അന്നുമുതല്‍ ആ സ്ഥാപനം പ്രദീപ് ആര്‍ട്സ് ആയി. പിന്നെ വാസുപ്രദീപ് ചെയ്യാത്ത തൊഴിലും കലയുമില്ല. നാടകകൃത്ത്, നടന്‍, ബോര്‍ഡ്-ബാനര്‍ ആര്‍ട്ടിസ്റ്റ്, കവര്‍ചിത്രകാരന്‍, ഛായാചിത്രകാരന്‍, സ്ലൈഡ് മേക്കര്‍, ബ്ലോക്ക് മേക്കര്‍, ഫോണ്ട് മേക്കര്‍ എന്നിങ്ങനെ ആ ജീവിതം പലവഴിയായി ഒഴുകി.

മാതൃഭൂമിയുടെ തലക്കെട്ടുകളുടെ ഫോണ്ടുകള്‍ പരിഷ്‌കരിച്ചത് വാസുപ്രദീപാണ്. മാതൃഭൂമി മാനേജര്‍ കൃഷ്ണന്‍നായരാണ് ലിപി പരിഷ്‌കരിച്ച കാലത്ത് ആ ജോലി ഏല്‍പ്പിച്ചത്. അങ്ങനെ മാതൃഭൂമിയില്‍ പ്രദീപ് ബോള്‍ഡ്, പ്രദീപ് തിന്‍, പ്രദീപ് കണ്ടന്‍സ് തുടങ്ങിയ പ്രത്യേക ടൈപ്പുകള്‍ നിലവില്‍വന്നു. മാതൃഭൂമിയുടെ പ്രധാന തലക്കെട്ടുകള്‍ ഈ ടൈപ്പ് ഉപയോഗിച്ചാണ് സംവിധാനം ചെയ്തത്.

പ്രമുഖവ്യക്തികളുടെ ബ്ലോക്കുകളും മറ്റും നേരത്തേ തയ്യാറാക്കി വാസുപ്രദീപ് നല്‍കിയിരുന്നു. പ്രമുഖ വ്യക്തികളുടെ മരണവാര്‍ത്ത അവര്‍ മരിക്കുന്നതിനുമുമ്പേ പത്രങ്ങള്‍ക്ക് എഴുതി നല്‍കിയിട്ടുണ്ട്. 1960-ല്‍ മാതൃഭൂമി മോണോടൈപ്പിലേക്ക് മാറുമ്പോള്‍ അക്ഷരങ്ങള്‍ പുതുതായി ഡിസൈന്‍ ചെയ്യേണ്ടിവന്നു. അതുവരെ പുറത്തുനിന്നുള്ള അച്ചുകളാണ് മാതൃഭൂമി ഉപയോഗിച്ചിരുന്നത്. വാസുപ്രദീപ് ഓരോ അക്ഷരവും വള്ളിയും പുള്ളിയുമൊക്കെ കൊത്തിയുണ്ടാക്കി. പിന്നീട് അത് കാസ്റ്റ് ചെയ്തു. മാതൃഭൂമിയുടെ അക്ഷരവടിവ് ലണ്ടനിലെ മോണോടൈപ്പ് കമ്പനിക്ക് ആകര്‍ഷകമായി തോന്നി. അവര്‍ അത് മലയാളത്തിന്റെ പൊതുടൈപ്പായി അംഗീകരിച്ചു.

1950-ല്‍ ഗോസ് യൂണിഫൈഡ് പ്രസ് മാതൃഭൂമി ഇറക്കുമതി ചെയ്തപ്പോള്‍ അതിലെ അക്ഷരങ്ങളുടെ ഭംഗിയും വിന്യാസവും കണ്ട് വായനക്കാര്‍ ആഹ്ലാദിച്ചു. കോഴിക്കോട് ചിത്രാ സ്റ്റുഡിയോ നടത്തുന്ന ജി. വിന്‍സന്റിന്റെ സൃഷ്ടിയായിരുന്നു ആ അക്ഷരവടിവുകള്‍. വിന്‍സന്റ് തയ്യാറാക്കിയ മാതൃകാലിപികള്‍ അതേ വടിവില്‍ ഉരുക്കില്‍കൊത്തിയുണ്ടാക്കിയത് തൃശ്ശൂരുകാരനായ ടി. തെയ്യനായിരുന്നു. ഓരോ അക്ഷരവും തെയ്യന്‍ കൊത്തിയെടുത്തു. അതിനു മാസങ്ങള്‍ വേണ്ടിവന്നു.

അന്നുവരെ മലയാളത്തില്‍ വലിയ വെണ്ടക്ക, ചെറിയ വെണ്ടക്ക, ഇംഗ്ലീഷ് ബോഡി, സ്മാള്‍ പെക്ക് എന്നിങ്ങനെ നാലുതരം ടൈപ്പുകളാണ് ഉണ്ടായിരുന്നത്. ഇംഗ്ലീഷ് ബോഡിക്കും സ്മാള്‍ പെക്കിനും ഇടയിലാണ് ഇന്ന് മാതൃഭൂമിയില്‍ കാണുന്ന 12 പോയന്റ് ടൈപ്പിന്റെ സ്ഥാനം.
തലക്കെട്ടിനായി തെയ്യന്‍ വലിയ ടൈപ്പുകള്‍തന്നെ കൊത്തിയുണ്ടാക്കി. അങ്ങനെ മാതൃഭൂമിയില്‍ തെയ്യന്‍ ടൈപ്പുകള്‍ നിലവില്‍വന്നു.

വാസുപ്രദീപ്, വിന്‍സന്റ്, തെയ്യന്‍ എന്നിവരുടെ കാലഘട്ടത്തില്‍ മാതൃഭൂമി എന്ന തലക്കെട്ടിനും മാറ്റം സംഭവിക്കുന്നുണ്ട്. 1942-ലെ ക്വിറ്റിന്ത്യാ സമരകാലത്ത് മാസ്റ്റ് ഹെഡ്ഡില്‍ പ്രത്യക്ഷപ്പെട്ട മാതൃഭൂമി എന്ന കൂടുതല്‍ കറുപ്പുള്ള തലക്കെട്ടുമുതല്‍ ഇപ്പോഴത്തെ തലക്കെട്ടുവരെ കലാകാരന്മാരുടെ ഭാവനയുടെ പ്രത്യക്ഷ സന്താനങ്ങളാണ്.

Content Highlights: printing tech story of mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented