സച്ചിദാനന്ദൻ| ഫോട്ടോ: സി.ആർ ഗിരീഷ് കുമാർ, മാതൃഭൂമി
കഴിഞ്ഞുപോയ നൂറുവര്‍ഷങ്ങള്‍ ആധുനികകേരളത്തിന്റെ സ്വത്വരൂപവത്കരണത്തെ സംബന്ധിച്ച് നിര്‍ണായകമായ കാലമായിരുന്നു. അനേകം ഭാഷകളെ ഉള്‍ക്കൊണ്ട് രൂപംകൊണ്ട മലയാളഭാഷ, ഏറെ രാജ്യങ്ങളുമായുള്ള വാണിജ്യബന്ധങ്ങളിലൂടെ വന്ന സാംസ്‌കാരികസ്വാധീനങ്ങള്‍, വായനമുതല്‍ രാഷ്ട്രീയംവരെയുള്ള രംഗങ്ങളില്‍ കാണുന്ന സാര്‍വദേശീയ വീക്ഷണവും അഭിരുചിയും, നവോത്ഥാനത്തിലൂടെയും മറ്റും വന്ന കീഴാളജാഗ്രത, ബുദ്ധമതം ഉള്‍പ്പെടെ ഭിന്നമതങ്ങളുടെയും ഗാന്ധിസവും മാര്‍ക്‌സിസവും അംബേദ്കര്‍ ചിന്തയും ഉള്‍പ്പെടെയുള്ള ഭിന്നദര്‍ശനങ്ങളുടെയും സ്വാധീനത്തിലൂടെ രൂപംകൊണ്ട മതാതീത സാമൂഹികപരിപ്രേക്ഷ്യം, ഓണത്തിന്റെ ഐതിഹ്യത്തില്‍പ്പോലും പ്രതിഫലിക്കുന്ന സമത്വോന്മുഖമായ പ്രതി-സംസ്‌കാര പ്രവണത, നാരായണഗുരുവും ചട്ടമ്പിസ്വാമികളും വാഗ്ഭടാനന്ദനും കുമാരഗുരുവും സഹോദരന്‍ അയ്യപ്പനും അയ്യങ്കാളിയും നമ്മുടെ വലിയ കവികളും മറ്റും സാധ്യമാക്കിയ ജാതി, വര്‍ണം, പൗരോഹിത്യം, ബ്രാഹ്‌മണാധിപത്യം മുതലായവയെ അംഗീകരിക്കാത്ത ആത്മീയത, സംസ്‌കാരചരിത്രവും രാഷ്ട്രീയചരിത്രവും സാഹിത്യചരിത്രവുമായി അന്യോന്യ സ്വാധീനമുള്ള ജൈവബന്ധം, നീതിബോധവും സൗന്ദര്യബോധവും ലയിച്ചുചേര്‍ന്ന സാഹിത്യസംസ്‌കാരം ഇങ്ങനെ വ്യത്യസ്തമായ ഘടകങ്ങളുടെ ഒരു ചേരുവയാണ് കേരളീയസ്വത്വം.
നവോത്ഥാനം എവിടെയെത്തി
നവോത്ഥാനം എന്ന് നാം വിശേഷിപ്പിക്കുന്ന, കഴിഞ്ഞുപോയതായി പലരും കരുതുന്ന, എന്നാല്‍ ഇന്നും പൂര്‍ത്തിയായിട്ടില്ലാത്ത സാമൂഹിക ജാഗരണം, ഏകാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്കും നാടുവാഴിത്തത്തില്‍നിന്ന് ദേശീയബോധത്തിലേക്കും അന്ധവിശ്വാസത്തില്‍നിന്ന് വകതിരിവുള്ള വിവേകത്തിലേക്കുമുള്ള ഒരു ജനതയുടെ നീക്കത്തിന്റെ ആരംഭമായിരുന്നു. സാമുദായികപരിഷ്‌കരണപ്രസ്ഥാനങ്ങള്‍, നാടുവാഴിത്തത്തിനും അധിനിവേശത്തിനുമെതിരായ മുന്നേറ്റങ്ങള്‍, കോണ്‍ഗ്രസ്-സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍, സ്ത്രീമുന്നേറ്റങ്ങളും ദളിത് മുന്നേറ്റങ്ങളും ആദിവാസിസമരങ്ങളും, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍, മനുഷ്യാവകാശ മുന്നേറ്റങ്ങള്‍ ഇവയിലൂടെയാണ് നവോത്ഥാനമൂല്യങ്ങള്‍ നവമാനങ്ങള്‍ നേടിയത്.
കേരളത്തിന് മതേതരമായ സാംസ്‌കാരിക പൊതുമണ്ഡലമുണ്ടായതും ഇക്കാലത്തുതന്നെ. ഭാഷയുടെ മാനകീകരണം നടന്നു. നമുക്ക് സ്വന്തം നിഘണ്ടുവും വ്യാകരണവും വൃത്തശാസ്ത്രവും ഗദ്യശൈലിയുമുണ്ടായി. സ്വാതന്ത്ര്യസമരം അതിന്റേതായ സാഹിത്യവും സൃഷ്ടിച്ചു. നമ്മുടെ വലിയ എഴുത്തുകാര്‍ ഏതാണ്ട് മുഴുവന്‍തന്നെ ജീവത്സാഹിത്യപ്രസ്ഥാനത്തിന്റെ ഭാഗമായി. സമത്വം, സ്വാതന്ത്ര്യം, സാര്‍വദേശീയത എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച എഴുത്തുകാര്‍ സാമ്രാജ്യത്വം, മുതലാളിത്തം ഇവയുടെ ചൂഷണത്തെയും പലതരം യാഥാസ്ഥിതികത്വത്തെയും എതിര്‍ത്ത് ഗാന്ധിയന്‍ മൂല്യങ്ങളും സോഷ്യലിസ്റ്റ് മൂല്യങ്ങളും സാര്‍വജനീനമാക്കി. കഥയും നോവലും കവിതയും മാത്രമല്ല, നാടകവും കഥാപ്രസംഗവും പാട്ടുകളും ഉള്‍പ്പെടെയുള്ള ജനകീയകലകളും ഈ പ്രചാരണത്തില്‍ വലിയ പങ്കുവഹിച്ചു. വായനശാലാപ്രസ്ഥാനവും കലാസമിതിപ്രസ്ഥാനവും ഗ്രാമങ്ങളെ കുലുക്കിയുണര്‍ത്തി; പരിഭാഷകള്‍ ഇന്ത്യന്‍ സാഹിത്യത്തിലേക്കും ലോകസാഹിത്യത്തിലേക്കുമുള്ള നമ്മുടെ കിളിവാതിലുകളായി. മതസൗഹാര്‍ദത്തിനു നാം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയായി. എല്ലാ മതങ്ങളും ദര്‍ശനങ്ങളും നമ്മുടെ ചിന്തയ്ക്കും കലയ്ക്കും ഭാഷയ്ക്കും വലിയ സംഭാവനകള്‍ നല്‍കി. ഐക്യകേരളം നിലവില്‍വരുകയും ലോകത്തെത്തന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പിലൂടെ അധികാരം നേടുകയും ചെയ്തു. വര്‍ഗീയത അതിനെ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ താത്കാലികമായി താഴെയിറക്കി. പക്ഷേ, വിമോചനസമരമെന്ന വര്‍ഗീയവൈകൃതത്തിനു കീഴ്പ്പെട്ടതും പില്‍ക്കാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും കോണ്‍ഗ്രസിന്റെ രണ്ടു വലിയ തെറ്റുകളായി കോണ്‍ഗ്രസ് തന്നെ പിന്നീട് വിലയിരുത്തിയതും നാം കണ്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ന് നിരര്‍ഥകമായിത്തോന്നുന്നപിളര്‍പ്പും കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപത്-എണ്‍പത് കാലത്ത് ഒരുവിഭാഗം
അസംതൃപ്തയുവജനങ്ങളിലുണ്ടായ തീവ്ര ഇടതുപക്ഷത്തിന്റെ താത്കാലികമായ ആകര്‍ഷണവും ദളിത്-ആദിവാസിവിഭാഗങ്ങളുടെ ഉണര്‍വും വന്‍തോതിലുള്ള കുടിയേറ്റങ്ങള്‍, ഭൂമി-വനം, പരിസ്ഥിതി, ചൂഷണം, അവകാശനിഷേധം, അമിത സ്വകാര്യവത്കരണം തുടങ്ങിയ സമസ്യകളെ ചുറ്റിപ്പറ്റി കക്ഷിരഹിതമായ അഹിംസാത്മകസമരങ്ങളുടെ ഉയര്‍ച്ചയും കല-സാഹിത്യങ്ങളുടെ തുടര്‍ച്ചയായ ആധുനികീകരണവും സമാന്തരമായ ഒരു വെര്‍ച്വല്‍ ലോകത്തിന്റെ വ്യാപനവുമെല്ലാം കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ ചിലപ്പോള്‍ കലുഷവും ചിലപ്പോള്‍ ചലനാത്മകവുമാക്കി.
കേരളം പുനര്‍നിര്‍മിക്കാന്‍
ഇന്ന് നവകേരളനിര്‍മാണം ചര്‍ച്ചാവിഷയമാകുമ്പോള്‍ നാം പഴയ തെറ്റുകളില്‍നിന്ന് പാഠങ്ങള്‍ പഠിക്കുകയും ശരികള്‍ ഉയര്‍ത്തിപ്പിടിക്കുകയും വേണം. ആദ്യം സൂചിപ്പിച്ചപോലെ നവോത്ഥാനം ഒരു തുടര്‍പ്രക്രിയയാണെന്ന് മനസ്സിലാക്കുക പരമപ്രധാനമാണ്. അക്രമാസക്തമായ പുരുഷമേധാവിത്വം, അസന്തുലിത വികസനം, ആദിവാസികളുടെ ഇന്നും പൂര്‍ണമായി മാറിയിട്ടില്ലാത്ത ദുസ്ഥിതി, വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണവും ആ രംഗത്തെ ചൂഷണവും നിലവാരക്കുറവും, ലക്ഷ്യബോധമില്ലാത്ത ഗവേഷണം, ഇന്നും നവവിജ്ഞാനങ്ങളുടെയും അനുഭവങ്ങളുടെയും ആവിഷ്‌കാരത്തിന് മുഴുവനായും പ്രാപ്തി നേടിയിട്ടില്ലാത്ത, ഓഫീസുകളുടെയും കോടതിയുടെയും ഭാഷയാകാന്‍ മടികാണിക്കുന്ന, പലപ്പോഴും രണ്ടാംഭാഷയായി മലയാളികള്‍തന്നെ മാറ്റിനിര്‍ത്തുന്ന മലയാളഭാഷയുടെ ദുസ്ഥിതി, ദുഷ്ടശക്തികളുടെ ഇടപെടല്‍കൊണ്ട് ശക്തമാകുന്ന വര്‍ഗീയധ്രുവീകരണം, വലിയൊരു വിഭാഗം ജനങ്ങളില്‍ പരിസ്ഥിതിബോധത്തിന്റെ അഭാവം,
മാധ്യമങ്ങളുടെ നൈതികമായ അപചയം, പ്രത്യക്ഷവും പരോക്ഷവുമായ ചൂഷണവും അഴിമതിയും, വ്യാവസായികവും സാമ്പത്തികവുമായ പരാശ്രിതത്വം ഇവ നമുക്കിന്ന് നേരിടേണ്ടിവരുന്ന വെല്ലുവിളികളില്‍ ചിലതാണ്. മലയാളികളുടെ വിപുലവും പുരോഗമനോന്മുഖവുമായ ഐക്യത്തിലൂടെമാത്രമേ നമുക്ക് നവോത്ഥാനത്തിന്റെ മൗനങ്ങള്‍ പൂരിപ്പിക്കാനും നന്മകളെ മുന്നോട്ടാനയിക്കാനും കഴിയൂ.
Content Highlights: poet and critic k satchidanandan writes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..