Representational Image | Photo: AP
ഇനിയും സങ്കല്പിക്കാന്‍ കഴിയാത്ത
അനുഭവപ്രപഞ്ചങ്ങള്‍ നാളെ കാവ്യഭാഷയെ
എന്നത്തെക്കാളും ധീരനൂതനമാക്കും.
ഇന്ന് അവഗണിക്കപ്പെടുന്ന വൃത്തതാളങ്ങള്‍
നാളെ പുതുകാലപാകത്തില്‍ പുനര്‍ജനിക്കും
നിലകൊള്ളുന്നത് എന്തിലെന്ന് തിരിച്ചറിയുന്നതിനും നിര്‍വചിക്കുന്നതിനും മുമ്പുതന്നെ ആ നില കടന്നുപോകുന്ന വിഷയാനന്തര കാലത്താണ് നമ്മളിന്ന്. അത്രമേല്‍ വേഗത്തില്‍ പുതുമ നമ്മുടെ ദൈനംദിനജീവിതത്തിന്റെ സ്വാഭാവികതയിലേക്ക് ചേര്‍ന്ന് സദാ പുതുമയല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. വായുവും കുടിവെള്ളവും മണ്ണുംപോലെ സാന്നിധ്യംകൊണ്ടല്ല അസാന്നിധ്യംകൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇതാണ് വിഷയാനന്തര വിഷയങ്ങളുടെ ഒരു സവിശേഷത. ഉദാഹരണത്തിന്, സത്യാനന്തരകാലത്തിലൂടെ നമ്മളിപ്പോള്‍ പോസ്റ്റ് ഡിജിറ്റല്‍ കാലത്തേക്ക് കടന്നിരിക്കുന്നു. ഡിജിറ്റല്‍ എന്നത് സാധാരണമായി. സവിശേഷമല്ലാതായി.
എന്തിലൂടൊക്കെയാണ് നാം കടന്നുപോകുന്നതെന്ന് കാണാന്‍ നമ്മില്‍നിന്ന് നാം പുറം മാത്രമല്ല അകവും നോക്കണം. മറ്റ് മണ്ഡലങ്ങളിലെന്നപോലെ കവിതയിലും വെല്ലുവിളിയാണ് നോട്ടത്തിന്റെ, അനുഭവം തരുന്ന തിരിച്ചറിവുകളുടെ, ഈ ഏകോപനം.
പുതിയതിനെ സാധാരണജീവിതത്തിന്റെ സ്വാഭാവികതയില്‍ കാണലാണത്. അത് ചെയ്യാനൊക്കാത്ത പക്ഷം, കവിത എന്നത് കഴിഞ്ഞുപോയ വിഷയത്തെ, ആഴത്തിലറിയാത്ത ഒന്നിനെ, മാറി നിന്ന് നോക്കുന്ന ഒരു ദൂരക്കാഴ്ചയാവുകയും നമ്മെ സ്പര്‍ശിക്കാനാവാത്ത വിധം ഒരു പൊള്ളനിര്‍മിതിയായി അകന്നുനില്‍ക്കുകയും ചെയ്യും. ഒരു മാധ്യമം എന്നനിലയില്‍ പുതിയ/വരുംകാല കവിത ഒരുപാട് വെല്ലുവിളികള്‍ നേരിടുന്നുണ്ട്.-കവിത മനുഷ്യാവസ്ഥയിലേക്കുള്ള അനുകമ്പാനോട്ടം. തൊട്ടടുത്തിരിക്കുന്ന, യാഥാര്‍ഥ്യമെങ്കിലും സകല സങ്കീര്‍ണതകളോടുംകൂടി മനസ്സിലാക്കാന്‍ ശ്രമിക്കുന്ന കവി ഒരേസമയം ഗവേഷണവിദ്യാര്‍ഥിയും വക്കീലും മനുഷ്യാവകാശപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമൊക്കെയായി മാറുന്നുണ്ട്. നല്ല കവിതയില്‍ ഒരു പ്രെഡിക്റ്റീവ് അനലിറ്റിക്‌സ് പ്രവര്‍ത്തിക്കുമെന്നും തോന്നാറുണ്ട്. പുതിയ അടരുകള്‍ വന്നുചേര്‍ന്ന് സദാ സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്നതിനെ അഭിമുഖീകരിക്കുമ്പോള്‍ രചനയിലും സങ്കീര്‍ണതകള്‍ വരാം. അതിനെ മറികടക്കുക എന്ന വെല്ലുവിളി സദാ കൂടി വരും എന്ന തിരിച്ചറിവ് പുതിയ കവിക്കുണ്ട്. അതിനൊപ്പംതന്നെ, വായനസമൂഹം ഏറ്റവും പുതിയതിന്റെ ആസ്വാദനത്തിലേക്കെത്താന്‍ ഒരുപക്ഷേ സമയമെടുക്കുമെന്നും അയാള്‍ അറിയുന്നു.
ഇന്നലെവരെ കവിതയ്ക്ക് വെളിയിലായിരുന്ന ലോകങ്ങള്‍ ഇന്ന് കവിതയുടെ പല കേന്ദ്രങ്ങളില്‍ ചിലതായി മാറിക്കഴിഞ്ഞു. ഇനിയും സങ്കല്പിക്കാന്‍ കഴിയാത്ത അനുഭവപ്രപഞ്ചങ്ങള്‍ നാളെ കാവ്യഭാഷയെ എന്നത്തേക്കാളും ധീര നൂതനമാക്കും. ഇന്ന് അവഗണിക്കപ്പെടുന്ന വൃത്തതാളങ്ങള്‍ നാളെ പുതുകാല പാകത്തില്‍ പുനര്‍ജനിക്കും. രൂപഭാരവും ജ്ഞാനഭാരവും പെരുകി പുതിയ തരം ദുര്‍ഗ്രഹതയുടെ കോളനിയാവാം നാളെ ചില കവിതകള്‍. പൊതു കാവ്യശാസ്ത്രം സ്വയം പിരിയും.സ്വയംസ്തുതി കൂടുതല്‍ കവികളിലേക്ക് പകരുന്ന വൈറസാവും. നാളത്തെ കവിത തീര്‍ച്ചയായും ഇന്നത്തെക്കാള്‍ ജൈവകവിതയായിരിക്കും. ശാസ്ത്രസംസ്‌കാരം കവിതയില്‍ രാഷ്ട്രീയബുദ്ധിയേക്കാള്‍ നിശിതസാന്നിധ്യമാവും. എത്ര മാറിയാലും കവിതയില്‍ കവിത തുടരും. ഇത് കവിതാചരിത്രപാഠം. കാലം കഴിയുംതോറും ദുഷ്‌കവികളുടെ പെരുപ്പം ഒരു സര്‍വകാല റെക്കോഡ് സ്ഥാപിച്ചേക്കും. ഇതും ഒരു കവിതാചരിത്രസത്യം.
Content Highlights: Mathrubhumi 100 Years


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..