
കെ.കേളപ്പൻ | Photo-Mathrubhumi
രാജ്യവ്യാപകമായ നിയമലംഘനം ആസന്നമായ ഈ ഘട്ടത്തില്‍ കേരളം എന്താണ് ചെയ്യാന്‍ പോകുന്നത്. ഗാന്ധിജിയും അദ്ദേഹത്തിന്റെ കീഴിലുള്ള ധര്‍മഭടന്മാരും മൂന്നാഴ്ചയ്ക്കുള്ളില്‍ ബന്ധനസ്ഥരാകുമെന്നുവേണം കരുതാന്‍... ലോകത്തെങ്ങും പണ്ട് കണ്ടും കേട്ടും അറിവില്ലാത്ത ഒരു ഗംഭീരപ്രക്ഷോഭം ഇതാ ഇന്ത്യയില്‍ ആരംഭിക്കുകയായി. ഈ ഗൗരവഘട്ടത്തെപ്പറ്റി ഭാവിചരിത്രത്തില്‍ കേരളത്തിന്റെ പേര് ഏതുനിലയിലാണ് കുറിക്കുക...? ഗാന്ധിജി ദണ്ഡിയിലേക്കുള്ള പദയാത്ര ആരംഭിക്കുന്നതിന് ഒരാഴ്ചമുമ്പ്, 1930 മാര്‍ച്ചിന്റെ തുടക്കത്തില്‍ മാതൃഭൂമി എടുത്തിട്ട ചോദ്യമാണ്, കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ സമുജ്ജ്വല അധ്യായമായ പയ്യന്നൂര്‍ ഉപ്പുസത്യാഗ്രഹത്തിനു വഴിതെളിച്ചത്.
നാട്ടില്‍ നടക്കുന്ന സംഭവങ്ങളെ വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്യുക, ജനാഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുക, പൊതുകാര്യങ്ങളെ രാജ്യക്ഷേമത്തിന് ഉതകുന്നതരത്തില്‍ വ്യാഖ്യാനിച്ചും വിലിയിരുത്തിയും ജനാഭിപ്രായത്തെ നയിക്കുക -ഇത്രയുമാണ് പത്രത്തിന്റെ സാമാന്യധര്‍മം.
എന്നാല്‍, ഇത് പൂര്‍ണമായി നിര്‍വഹിക്കുന്നതിനൊപ്പം ഇതിലും ഉപരിയായ ഒരു കര്‍ത്തവ്യംകൂടി ഒരു ദേശീയപത്രമെന്നനിലയില്‍ നിറവേറ്റാനുണ്ടെന്ന ബോധ്യത്തോടെയാണ് മാതൃഭൂമി ആദ്യംമുതല്‍ പ്രവര്‍ത്തിച്ചത്. വരാനിരിക്കുന്ന സംഭവങ്ങളെ മുന്‍കൂട്ടിക്കണ്ട് ജനങ്ങളെ കാലേക്കൂട്ടി സജ്ജരാക്കാനും പ്രായോഗികമായ കര്‍മപരിപാടികള്‍ നിര്‍ദേശിച്ച് തങ്ങളുടെ മുഴുവന്‍ കഴിവും ഉപയോഗിച്ച് അവയെ വിജയത്തിലെത്തിക്കാന്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുകയാണ് മാതൃഭൂമിയുടെ പതിവ്.
നയിച്ചത് മാതൃഭൂമി നേതൃത്വം
മാതൃഭൂമിയുടെ പ്രധാന പ്രവര്‍ത്തകര്‍ തന്നെയാണ് മലബാറിലെയും ഏറക്കുറെ കേരളത്തിലെയും ദേശീയ പ്രസ്ഥാനത്തിന്റെ മുന്നിലുണ്ടായിരുന്നത്. അയിത്തോച്ചാടന പ്രചാരണത്തിനിടയില്‍ വൈക്കം ക്ഷേത്രനടയില്‍വെച്ച് പത്രാധിപര്‍ കെ.പി. കേശവമേനോന്‍ ഏറ്റെടുത്ത വെല്ലുവിളിയാണ് പിന്നീട് വൈക്കം സത്യാഗ്രഹമായി പരിണമിച്ചത്. അന്നത്തെ അതേ പങ്കുതന്നെയാണ് കേരളത്തെ ആവേശംകൊള്ളിച്ച സിവില്‍ നിയമലംഘന സമരമായ പയ്യന്നൂര്‍ ഉപ്പുസത്യാഗ്രഹത്തിലും മാതൃഭൂമി വഹിച്ചത്.
വൈക്കം സത്യാഗ്രഹത്തിനു നേതൃത്വം നല്‍കിയത് അന്നത്തെ പത്രാധിപര്‍ കെ.പി. കേശവമേനോന്‍ ആയിരുന്നെങ്കില്‍ ആറുവര്‍ഷത്തിനുശേഷം പത്രാധിപരായിരുന്ന കെ. കേളപ്പനാണ് പയ്യന്നൂര്‍ സമരത്തിനു നേതൃത്വം നല്‍കിയത്. വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണിയിലുണ്ടായിരുന്ന കെ. മാധവന്‍ നായര്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ പയ്യന്നൂരിലും മുന്‍പന്തിയിലുണ്ടായിരുന്നു. വടകരയില്‍ 1930 മാര്‍ച്ച് 9-ന് ചേര്‍ന്ന കെ.പി.സി.സി. യോഗത്തില്‍ നിയമലംഘനപ്രസ്ഥാനത്തെ സ്വാഗതംചെയ്യുകയും ജനങ്ങളെ സമരത്തിനൊരുക്കാന്‍ കെ. കേളപ്പന്‍, കുറൂര്‍ നമ്പൂതിരിപ്പാട്, കെ. മാധവനാര്‍ തുടങ്ങിയവരെ ചുതലപ്പെടുത്തുകയും ചെയ്തു.
'തയ്യാറാകട്ടെ' എന്ന തലക്കെട്ടില്‍ മാര്‍ച്ച് 18-ന് മാതൃഭൂമി എഴുതിയ മുഖപ്രസംഗം സമരത്തിനുള്ള ഉജ്ജ്വലമായ ആഹ്വാനമായിരുന്നു. കോണ്‍ഗ്രസ് നേതാക്കന്മാരുടെ രാജ്യവ്യാപകമായ പ്രചാരവേലയും മാതൃഭൂമിയുടെ ആഹ്വാനങ്ങളും ജനങ്ങളെ ആവേശഭരിതരാക്കി. നിയമലംഘനത്തില്‍ അണിചേരാന്‍ സന്നദ്ധതയറിയിച്ച് നാടിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ളവര്‍ രംഗത്തെത്തി. കുറൂര്‍ നമ്പൂതിരിപ്പാടിന്റെ പത്നി ടി.സി. കൊച്ചുക്കുട്ടിയമ്മ ഖാദിപ്രചാരണം, അയിത്തോച്ചാടനം തുടങ്ങിയിവയിലേര്‍പ്പെട്ടുകൊണ്ട് സ്വാതന്ത്ര്യസമരത്തെ സഹായിക്കാന്‍ കേരളത്തിലെ സ്ത്രീകളെ ഉദ്ബോധിപ്പിച്ചുകൊണ്ടിറിക്കിയ അഭ്യര്‍ഥന ഒട്ടേറെ സ്ത്രീകളെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചു.
തത്സമയ റിപ്പോര്‍ട്ടിങ്
വൊളന്റിയര്‍ ക്യാമ്പില്‍നിന്നും മാതൃഭൂമി പ്രതിനിധി നേരിട്ടാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഉപ്പുനിയമം ലംഘിച്ചുകഴിഞ്ഞു എന്ന തലക്കെട്ടിലാണ് സ്വന്തം പ്രതിനിധിയുടെ വിശദറിപ്പോര്‍ട്ട് മാതൃഭൂമി നല്‍കിയത്. ഏപ്രില്‍ 23-ന് സത്യാഗ്രഹം ആരംഭിച്ചതിന്റെ പിറ്റേന്ന് പ്രസിദ്ധീകരിച്ച പത്രത്തിലെ റിപ്പോര്‍ട്ടില്‍നിന്ന് പയ്യന്നൂരിലെ സമരാന്തരീക്ഷം മനസ്സിലാകും. ഇതിനിടെ തൃക്കരിപ്പൂരില്‍വെച്ചാണ് പയ്യന്നൂര്‍ സത്യാഗ്രഹവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റുണ്ടാകുന്നത്.
നിയമം ലംഘിച്ച് ഉപ്പുവിറ്റ കെ. കേളപ്പനെയും ഉപ്പുവാങ്ങിയ സി.എം. കുഞ്ഞിരാമന്‍നായരെയും പോലീസ് അറസ്റ്റുചെയ്തു. ജാമ്യം കെട്ടാന്‍ തയ്യാറാകാത്തതിനാല്‍ ഇവരെ പിന്നീട് വിട്ടയച്ചു. ഈ ഘട്ടത്തില്‍ 'മലബാര്‍ കളക്ടറുടെ കണ്ടുപിടിത്തം; സത്യാഗ്രഹികള്‍ എടുക്കുന്ന ഉപ്പ് ഉപ്പല്ല' എന്ന തലക്കെട്ടില്‍ 1930 മേയ് മൂന്നിന് മാതൃഭൂമി കളക്ടറുടെ പ്രസ്താവനയും പ്രസിദ്ധീകരിച്ചിരുന്നു.
ഓരോ കാലടികളും ആവേശമുയര്‍ത്തുന്ന ദൃക്സാക്ഷിവിവരണംപോലെ മാതൃഭൂമി വായനക്കാരിലേക്കെത്തിച്ചു. ഒന്നാമത്തെ വൊളന്റയിര്‍ സംഘത്തിന്റെ പ്രയാണം, വൊളന്റിയര്‍ ക്യാമ്പിലെ ഹൃദയംഗമമായ കാഴ്ചകള്‍, ധര്‍മയോദ്ധാക്കള്‍ രണാങ്കണത്തിലെത്തി എന്നുവേണ്ട, ഉപ്പുകുറുക്കേണ്ടതെങ്ങനെയെന്നു വിവരിക്കുന്ന കെ. കേളപ്പന്റെ ലേഖനംവരെ മാതൃഭൂമി പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 23-ന് ഉപ്പുനിയമം ലംഘിക്കുന്നതുവരെ വാര്‍ത്തകള്‍ക്ക് 'തത്സമയ സംപ്രേഷണ'ത്തിന്റെ മട്ടുംഭാവവുമുണ്ടായിരുന്നു. പയ്യന്നൂരില്‍നിന്ന് കോഴിക്കോട്ടേക്ക് വാര്‍ത്തകള്‍ എത്തിക്കാനും പുതുവഴി സ്വീകരിച്ചു. കമ്പിസൗകര്യമില്ലാത്ത സ്ഥലമായിരുന്നു പയ്യന്നൂര്‍. അതിനാല്‍ തീവണ്ടി ഓഫീസിലെ കമ്പിസൗകര്യം പ്രയോജനപ്പെടുത്തിയാണ് വാര്‍ത്തകള്‍ എത്തിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..