നളിനി ദാമോദരൻ | ഫോട്ടോ:ബിജുരാജ് എകെ
മാതൃഭൂമി സ്ഥാപകപത്രാധിപര്‍ കെ.പി. കേശവമേനോനെക്കുറിച്ചുള്ള ഓര്‍മകള്‍ കൊച്ചുമകള്‍ നളിനി ദാമോദരന്‍ പങ്കുവെക്കുന്നു
നമ്മുടെ മാതാപിതാക്കളുടെ അച്ഛനമ്മമാരെ സാധാരണയായി നമ്മള്‍ മുത്തശ്ശന്‍ എന്നും മുത്തശ്ശി എന്നുമാണ് വിളിക്കാറ്. എന്നാല്‍, എന്റെ അമ്മയുടെ അച്ഛനെ ഞങ്ങള്‍ വല്യച്ഛന്‍ എന്നാണ് വിളിച്ചിരുന്നത്. അതായിരുന്നു അദ്ദേഹത്തിന് ഇഷ്ടവും. സ്വാഭാവികമായും വല്യച്ഛന്റെ ഭാര്യയെ വല്യമ്മ എന്നാണല്ലോ വിളിക്കുക. ഇവിടെ പരാമര്‍ശിക്കുന്ന എന്റെ അമ്മയുടെ അച്ഛന്‍ മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കെ.പി. കേശവമേനോനാണ്.1930 മുതല്‍ 1940-കളുടെ ഏകദേശം അവസാനംവരെ വല്യച്ഛനും കുടുംബവും സിങ്കപ്പൂരിലാണ് താമസിച്ചിരുന്നത്. എന്റെ അമ്മയുടെയും ചെറിയമ്മയുടെയും വിവാഹവും പേരക്കുട്ടികളായ ഞങ്ങള്‍ ജനിച്ചതും സിങ്കപ്പൂരിലാണ്. അതുകൊണ്ടുതന്നെ വല്യച്ഛനെക്കുറിച്ചുള്ള എന്റെ ആദ്യകാലസ്മരണകള്‍ സിങ്കപ്പൂരില്‍നിന്ന് തുടങ്ങുന്നു.
എന്റെ അഞ്ചാം പിറന്നാളിന് എന്നെ എടുത്തുപൊക്കിയ വല്യച്ഛന്റെ രൂപവും ''ഓ ഈ മകള്‍ വലുതായിപ്പോയി, ഇനി ഇവളെ എടുത്തുപൊക്കാന്‍ വയ്യ'' എന്നുപറഞ്ഞ വാക്കുകളുമാണ് എനിക്ക് അദ്ദേഹത്തെക്കുറിച്ചുള്ള ആദ്യത്തെ ഓര്‍മ. ലണ്ടനില്‍നിന്ന് ബാരിസ്റ്റര്‍-അറ്റ്-ലോ എന്ന നിയമബിരുദം നേടിയ വല്യച്ഛന്‍ സിങ്കപ്പൂരില്‍ അഭിഭാഷകനായിരുന്നു. ബ്രിട്ടീഷ് ഭരണത്തിലായിരുന്ന സിങ്കപ്പൂരില്‍, ലണ്ടനില്‍നിന്ന് നിയമബിരുദം നേടിയവര്‍ക്ക് മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ജൂനിയറായി ബംഗാളിയായ മിസ്റ്റര്‍ മിശ്ര എന്ന അഭിഭാഷകനും ക്ലാര്‍ക്കുമാരും പ്യൂണും അടങ്ങിയതായിരുന്നു വല്യച്ഛന്റെ ഓഫീസ്. സാമാന്യം നല്ലവരുമാനവും ഉണ്ടായിരുന്നു.വല്യച്ഛനും വല്യമ്മയും വിവാഹിതനായ അമ്മാമനും ഭാര്യയും മക്കളും അവിവാഹിതരായ അഞ്ച് അമ്മാവന്‍മാരും മൂന്നു വീട്ടുജോലിക്കാരും ഒരുമിച്ചായിരുന്നു താമസം.
എന്റെ മാതാപിതാക്കളും അനുജനും ഞാനും ചെറിയമ്മയും ചെറിയച്ഛനും അവരുടെ മകളും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. ദിവസേന ഓഫീസ് വിട്ടുവരുമ്പോള്‍ വല്യച്ഛന്‍ മക്കളെയും പേരക്കുട്ടികളെയും കാണാന്‍വരും. മക്കളോട് കുശലംപറഞ്ഞും പേരക്കുട്ടികളെ ലാളിച്ചും കുറച്ചുനേരം വിശ്രമിച്ചുമാണ് വീട്ടിലേക്ക് മടങ്ങുക. വരുമ്പോള്‍ പേരക്കുട്ടികള്‍ക്കായി എന്തെങ്കിലുംവാങ്ങാന്‍ അദ്ദേഹം മറക്കില്ല. രണ്ടാം ലോകയുദ്ധം തുടങ്ങി, ജപ്പാന്‍ സിങ്കപ്പൂര്‍ കീഴടക്കിയപ്പോള്‍, വല്യച്ഛന്‍ മക്കളോടും അവരുടെ കുടുംബത്തോടും തന്റെ കൂടെവന്ന് താമസിക്കാന്‍ ആവശ്യപ്പെട്ടു. യുദ്ധഭീതി ഉണ്ടായിരുന്നതിനാല്‍ അരക്ഷിതാവസ്ഥയായിരുന്നുമെങ്ങും.
എല്ലാവരുംകൂടി ഒരു സ്ഥലത്തായാല്‍ മനസ്സമാധാനം ഉണ്ടല്ലോ എന്നാണ് വല്യച്ഛന്‍ പറഞ്ഞത്. അങ്ങനെ ഞങ്ങള്‍ വല്യച്ഛന്റെ വീട്ടിലേക്ക് താമസംമാറ്റി. സിങ്കപ്പൂര്‍ വിടുംവരെ വല്യച്ഛന്റെ കൂടെത്തന്നെയായിരുന്നു താമസം.വലിയൊരു വീടാണത്. പടവുകള്‍ കയറിവേണം വീട്ടിലേക്ക് പ്രവേശിക്കാന്‍. നീണ്ടുപരന്ന വരാന്തയിലേക്കാണ് കയറിച്ചെല്ലുക. അതിന്റെ രണ്ടറ്റത്തുമായി കിടപ്പുമുറികള്‍. വല്യച്ഛന്റെ കിടപ്പുമുറിക്കു മുന്‍പില്‍ ഒരു വലിയ എഴുത്തുമേശയും കസേരയും മേശയുടെ മുകളില്‍ ഒരുഗ്ലോബും ഉണ്ടായിരുന്നു. അവിടെയിരുന്നാല്‍ അഴിയില്ലാത്ത തുറന്നിട്ട ജാലകങ്ങളില്‍ക്കൂടി പുറത്തേക്ക് നല്ലകാഴ്ചയാണ്.
പുലര്‍ച്ചെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കുന്ന വല്യച്ഛന്‍ അവിടെ ഇരുന്നാണ് 'മാതൃഭൂമി'ക്കായി ലേഖനങ്ങളും ഗ്രന്ഥരചനയും നടത്തുന്നത്. അവിടെ ഇരുന്നെഴുതിയ ഗ്രന്ഥങ്ങളാണ് 'അസ്തമനം, ഭൂതവും ഭാവിയും''. വീടിന്റെ മുന്നിലെ പുല്‍ത്തകിടിയില്‍ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ കളിക്കുമ്പോള്‍ വല്യച്ഛനും ഞങ്ങളോടൊപ്പംകൂടും. ഓട്ടവും ചാട്ടവും ഒളിച്ചുകളിയും പന്തയവും കളിക്കുമ്പോള്‍ അദ്ദേഹവും ഞങ്ങളോടൊപ്പം കൂടുമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട്ടുവെച്ച് ഇതേകളികള്‍ എന്റെ മക്കളോടൊപ്പവും വല്യച്ഛന്‍ കളിച്ചിട്ടുണ്ട്. ഞങ്ങളെ ആരെയും വല്യച്ഛന്‍ വഴക്കുപറയുകയോ അടിക്കുകയോ ചെയ്തിട്ടില്ല.
വീട്ടുജോലിക്കാരെയോ യാചകരെയോ ശാസിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആരോടായാലും പെരുമാറ്റത്തില്‍ മര്യാദ പാലിക്കണം എന്ന് അദ്ദേഹം ഉപദേശിക്കാറുണ്ടായിരുന്നു. ''നിങ്ങളോടോണ് ഒരാള്‍ ഇങ്ങനെ പെരുമാറുന്നതെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെടുമോ'' എന്നാണ് അദ്ദേഹം പറയാറ്.
എന്റെ ജീവിതത്തില്‍ ഈ ഗുണപാഠം ഞാന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഈ പാഠമാണ് എന്റെ ഏറ്റവുംവലിയ മൂലധനം. വല്യച്ഛനില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ ധാരണാശക്തിയാണ് (Vast Understanding Power). എന്റെ അമ്മയെയും എന്നെയും എന്റെ മക്കളെയും അവരുടെ വീക്ഷണകോണില്‍നിന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.തലമുറകളുടെ വ്യത്യാസം അതില്‍ അനുഭവപ്പെട്ടിട്ടില്ല. അതുകൊണ്ടായിരിക്കാം പല പ്രായത്തിലും സ്ഥിതിയിലും ഉള്ളവര്‍ തങ്ങളുടെ ദുഃഖങ്ങളും പരാതികളുമായി അദ്ദേഹത്തെ കത്ത് മുഖേനയും നേരില്‍ വന്നുകണ്ടും സമീപിച്ചിരുന്നത്. അതിനെല്ലാമാവുന്നവിധത്തില്‍ പരിഹാരംകാണാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഈ സ്വഭാവസവിശേഷതകളാണ് വല്യച്ഛനെ മഹാവ്യക്തിയാക്കിയത്. അങ്ങനെയുള്ള ഒരാളുടെ കൂടെ ജീവിക്കാനുള്ള ഭാഗ്യംകിട്ടിയത് അനുഗ്രഹമായി കരുതുന്നു. അതിനാല്‍ എന്റെ മനസ്സിലെ ഏറ്റവും വലിയ ആരാധ്യപുരുഷനാണ് വല്യച്ഛന്‍.
Content Highlights: nalini damodaran about kp keshavamenon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..