എന്റെ ദളിത് അനുഭവങ്ങള്‍


എം. മുകുന്ദൻ

3 min read
Read later
Print
Share

Photo: PTI:

ദളിത് എന്ന വാക്ക് ഒരു രാഷ്ട്രീയസംജ്ഞയാണ്. എന്റെ ദളിത് അനുഭവങ്ങളിൽ രാഷ്ട്രീയത്തെക്കാളേറെ മാനവികതയാണുള്ളത്. ഞാൻ മയ്യഴിക്കാരനാണല്ലോ. മറ്റു ദേശങ്ങളിൽ കാണുന്നതുപോലെ ജാതി, മത വിചാരങ്ങൾ മയ്യഴിക്കാരിൽ ഉണ്ടായിരുന്നില്ല. എന്റെ ജാതിയെന്തെന്ന് അറിയാതെയാണ് ഞാൻ വളർന്നത്. അതിനു കാരണം മയ്യഴിയുടെ ഫ്രഞ്ച് കോളനിവാഴ്ചയാണ്. കൊളോണിയൽ ആധുനികത ജാതി ചിന്തകളിൽനിന്നു നമ്മെ സ്വതന്ത്രരാക്കുമെന്ന് പറയപ്പെടുന്നു. പാരമ്പര്യങ്ങൾ സവർണർക്ക് അനുകൂലമാണ്. വർണവ്യവസ്ഥയും ചൂഷണവും തുടരാൻ, മാറുന്ന പരിസരങ്ങളിലും പാരമ്പര്യങ്ങൾ നിലനിർത്തേണ്ടത് അവരുടെ താത്പര്യമാണ്.

കോളനിവാഴ്ചയും ബ്രാഹ്മണിക് വാഴ്ചയും ഒരേപോലെ അപകടകാരികളാണ്. ആദ്യത്തേത് ഭൗതികസ്വത്തുക്കളെ ചൂഷണം ചെയ്യുന്നു. രണ്ടാമത്തേത് ആത്മാവിനെ അടിമയാക്കുന്നു. പഴയ കാലത്ത് ഉത്തര കേരളത്തിൽ ഒരു നമ്പൂതിരിയുടെ ആസ്തി കണക്കാക്കിയത് അയാൾക്ക് എത്ര ഏക്കർ ഭൂമിയും എത്ര അടിമകളും ഉണ്ടെന്ന് നോക്കിയായിരുന്നു. കീഴ്ജാതിക്കാരായ കൃഷിപ്പണിക്കാരെയും കൂലിവേല ചെയ്യുന്നവരെയും അടിമകളായാണ് കരുതിയത്. അങ്ങനെയാണ് അവരോട് പെരുമാറിയത്.

മയ്യഴിയിൽ സവർണർ വളരെ കുറവായിരുന്നു. ഭൂരിഭാഗവും തിയ്യസമുദായത്തിൽ പെട്ടവരായിരുന്നു. ഞാൻ ജീവിതത്തിൽ ആദ്യമായി നേരിട്ടുകണ്ട ഒരു നമ്പൂതിരി ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടായിരുന്നു. പക്ഷേ, അപ്പോഴേക്ക് അദ്ദേഹം ബ്രാഹ്മണനിൽനിന്ന്‌ കമ്യൂണിസ്റ്റായി പരിവർത്തനം ചെയ്യപ്പെട്ടിരുന്നു. പള്ളൂരും പന്തക്കലും ചാലക്കരയും മയ്യഴിയുടെ ഭാഗമാണ്. ഭരണസിരാകൂടമായ യഥാർഥ മയ്യഴിയിൽ നായരെയും നമ്പ്യാരെയും പോലുള്ള ഉയർന്ന സമുദായക്കാർ എണ്ണത്തിൽ കുറവാണെങ്കിലും മയ്യഴിയുടെ മറ്റു ഭാഗങ്ങളിൽ സവർണരുണ്ടായിരുന്നു. പക്ഷേ, ഒരു നമ്പൂതിരിയെ മയ്യഴിയിൽ കണ്ടതായി ഓർക്കുന്നില്ല.

ദളിത് എന്ന വാക്ക്

ഉത്തരകേരളത്തിലെ അവശ ജാതിക്കാർ പുലയരാണ്. ദളിത് എന്ന രാഷ്ട്രീയസംജ്ഞയ്ക്ക് പുലയരുടെ നോവുകളും യാതനകളും പ്രതിഫലിപ്പിക്കാൻ കഴിയുന്നുണ്ടോ..?, ഇല്ലെന്നാണ് തോന്നുന്നത്.

അമിതമായ രാഷ്ട്രീയവത്കരണവും സൈദ്ധാന്തികവത്കരണവും ദളിത് എന്ന വാക്കിൽനിന്ന് അതിന്റെ ആത്മാവിനെ ചോർത്തിക്കളഞ്ഞിരിക്കുന്നു. അതുകൊണ്ട് ഒരു പുലയ സമുദായക്കാരനെ അങ്ങേയറ്റം ആദരവോടെ പുലയൻ എന്നുതന്നെ വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആ വാക്കിൽ നൊമ്പരങ്ങൾ മുറ്റിനിൽപ്പുണ്ട്. പകൽ മുഴുവൻ നടുമുറിയെ മണ്ണിൽ പണിയെടുത്ത് അവശരായ പുലയർക്ക് ജന്മിമാർ കഞ്ഞിനൽകിയത് ഒരു കുഴിയിലായിരുന്നു. അതിനെ കഞ്ഞിക്കുഴി എന്നു വിളിക്കുന്നു. നാൽക്കാലികളെപ്പോലെ കുനിഞ്ഞ് കുഴിയിൽനിന്നു കൈകൊണ്ട് കഞ്ഞി വാരിക്കുടിക്കുകയായിരുന്നു അവർ. ഉച്ചത്തിൽ പാട്ടുപാടാനുള്ള സ്വാതന്ത്ര്യം പോലും അവർക്കുണ്ടായിരുന്നില്ല. പോത്തേരി കുഞ്ഞമ്പുവിന്റെ ‘സരസ്വതീവിജയം’ അങ്ങനെ പാട്ടുപാടിയതിന്റെ പേരിൽ സവർണരുടെ മർദനമേറ്റ് മൃതപ്രായനായ ഒരു ബാലന്റെ കഥയാണല്ലോ പറയുന്നത്.

ഇപ്പോഴും അവശതതന്നെ

നവോത്ഥാനം വന്നു. കാലമേറെ കടന്നുപോയി. എന്നിട്ടും ഇപ്പോഴും അവശസമുദായക്കാർ കേരളത്തിൽ പീഡനം അനുഭവിക്കുന്നു. പുലയസമുദായത്തിൽപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പെൻഷൻപറ്റി പിരിഞ്ഞപ്പോൾ അദ്ദേഹം ഇരുന്ന കസേര പുണ്യാഹംതളിച്ച് ശുദ്ധീകരിച്ച വാർത്ത പത്രത്തിൽ വായിച്ചിരുന്നല്ലോ. മകൾ ഒരു പുലയ യുവാവിനെ പ്രണയിച്ചപ്പോൾ മാനഹാനി കാരണം ആത്മഹത്യചെയ്യാൻ മുതിർന്ന ഒരു അച്ഛനെപ്പറ്റി ഞാൻ കേട്ടിരുന്നു. ആ അച്ഛൻ ഒരു തിയ്യ സമുദായക്കാരനായിരുന്നു. നവോത്ഥാനവും കമ്യൂണിസവും സംവരണങ്ങളുമെല്ലാം അധഃസ്ഥിതരെ സാമ്പത്തികമായി ഉയർത്തിക്കൊണ്ടുവന്നെങ്കിലും സാമൂഹികമായി അവർക്ക് അങ്ങനെയൊരു ഉന്നതി കൈവരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പുലയസമുദായക്കാരെ ഇപ്പോഴും അസ്‌പൃശ്യരായാണ് സവർണർ കാണുന്നത്.
മയ്യഴിയിൽ എനിക്ക് വലിയ ദളിത് അനുഭവങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും മയ്യഴി ഭൂമിശാസ്ത്രപരമായി നിലകൊള്ളുന്ന ഉത്തരകേരളത്തിൽ മനം ഉരുക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പണ്ട് മുലക്കരം ആവശ്യപ്പെട്ട സവർണന്റെ മുമ്പിൽവെച്ച് തന്റെ മാറിടം അരിഞ്ഞ ഒരു പുലയയുവതിയുടെ കഥ ഞാൻ കേട്ടിരുന്നു. മാതൃഭൂമി പ്രസിദ്ധീകരിച്ച പുലയപ്പാട്ട് എന്ന നോവലിലെ ചിയ്യയ്യിക്കുട്ടിയെ സങ്കല്പിച്ചെടുത്തത് ഈ കഥയിൽനിന്നാണ്. പാടത്ത് മാറുമറയ്ക്കാതെ നിന്ന് പണിയെടുക്കുന്ന അവളെ വയൽവരമ്പിൽ വന്നുനിന്ന് കണ്ണുകൊണ്ട് നിരന്തരം പീഡിപ്പിച്ച സവർണന്റെ മുഖത്തേക്ക് അവൾ കൈയിലെ അരിവാൾകൊണ്ട് സ്വന്തം മാറിടം അറുത്ത് എറിഞ്ഞുകൊടുക്കുന്നു. ഉത്തരകേരളത്തിലെ പുലയർ ഉൾപ്പെടെയുള്ള കീഴ്ജാതിക്കാർ അനുഭവിക്കുന്ന നോവാണ് പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയം. പുലയപ്പാട്ട് എഴുതാൻ എന്നെ പ്രേരിപ്പിച്ചവരിൽ ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത പോത്തേരി കുഞ്ഞമ്പുവുമുണ്ട്.

ഡൽഹി നൽകിയ അനുഭവങ്ങൾ

ഡൽഹിയിൽ താമസം തുടങ്ങിയ ശേഷമാണ് ഞാൻ ദളിതരുടെ കഷ്ടപ്പാടുകൾ നേരിട്ടുകാണുന്നത്. നഗരത്തിലെ ചെരിപ്പുകുത്തികളും തൂപ്പുകാരും ശൗചാലയങ്ങൾ ശുചീകരിക്കുന്നവരും നാറുന്ന വെള്ളത്തിൽ ഇറങ്ങി ഓടകൾ വൃത്തിയാക്കുന്നവരുമെല്ലാം ദളിതരാണ്. അവരെക്കുറിച്ച് ഡൽഹി ഗാഥകൾ എന്ന നോവലിൽ പറയുന്നുണ്ട്. ഉത്തർപ്രദേശിലും ബിഹാറിലുമെല്ലാം ദളിതർ കൊടിയപീഡനങ്ങൾ അനുഭവിക്കുന്നു. മിണ്ടിപ്പോയാൽ അവർ അനുഭവിക്കുന്നത് പോത്തേരി കുഞ്ഞമ്പുവിന്റെ മരുതൻ അനുഭവിച്ചതിനെക്കാൾ എത്രയോ വലിയ യാതനകളായിരിക്കും. മിണ്ടിയാൽ കുടിലുകൾ കത്തിച്ചുകളയും. ആ ദുരിതങ്ങളിൽനിന്ന് രക്ഷപ്പെടാൻ അവർ മഹാനഗരത്തിൽ വരുന്നു. അവിടെ പട്ടിണികിടക്കേണ്ടി വന്നാലും അവരെ കത്തിച്ചുകളയാൻ ആരും പിറകെവരില്ല. ഡൽഹിയിൽ ഞാൻ താമസിച്ചിരുന്ന ദ്വാരകയിലെ മാർക്കറ്റിനടുത്ത്, രാത്രി പാതവക്കിൽ അവർ തലങ്ങും വിലങ്ങും കിടന്നുറങ്ങുന്നതു കാണാം. കൂട്ടത്തിൽ എത്രയോ ബാലികമാരുണ്ട്. നിർഭയ സംഭവം നടന്ന നഗരമാണിത്. അവിടെയാണ് ഈ പെൺകുട്ടികൾ പ്രകാശം ചൊരിയുന്ന വഴിവിളക്കുകൾക്ക് ചുവടെ കിടന്നുറങ്ങുന്നത്. അവരിൽ ചിലർ അപ്രത്യക്ഷരാകാറുണ്ട്. അടിയന്തരാവസ്ഥക്കാലത്തായിരുന്നു ഡൽഹിയിൽനിന്നു ബുദ്ധിജീവികൾ തിരോധാനം ചെയ്തത്. എന്നാൽ, അടിയന്തരാവസ്ഥക്കാലത്ത് മാത്രമല്ല എല്ലാ കാലത്തും അപ്രത്യക്ഷരാകുന്നവരാണ് ദളിതർ.

ദളിതരെ എന്തുപേരിട്ടും വിളിക്കാം. പുലയരെന്നോ അധഃസ്ഥിതരെന്നോ കീഴ്ജാതിക്കാരെന്നോ ചെറുമരെന്നോ... അവർ മായ്ചുകളയാൻ കഴിയാത്ത പൊള്ളുന്ന യാഥാർഥ്യമാണ്. കാലാകാലമായി അവർ അനുഭവിക്കുന്ന അവഹേളനങ്ങൾക്കും കഷ്ടപ്പാടുകൾക്കും എന്നെങ്കിലും അവസാനമുണ്ടാകുമോ..?

Content Highlights: My dalit experiences


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Education

2 min

കേരളത്തിന്റെ ആരോഗ്യം

Mar 14, 2022


Kalpetta Narayanan

3 min

മാതൃഭൂമി ഭാഷാപരിണയം

Mar 14, 2022


Printing Press

6 min

അച്ചടിവെച്ചടിവെച്ച്...മാതൃഭൂമിയിലെ അച്ചടിയുടെ കഥ

Mar 13, 2022


Most Commented