പ്രതീകാത്മത ചിത്രം
ജീവിതസാഹചര്യങ്ങള്‍ കഠിനമാകുന്ന ഒരു പ്രദേശത്തുനിന്ന് കുറെക്കൂടി മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ നിറഞ്ഞ മറ്റൊരുപ്രദേശത്തേക്കുള്ള പ്രത്യാശാനിര്‍ഭരമായ യാത്ര എന്ന് കുടിയേറ്റത്തെ വിലയിരുത്താം. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ജനജീവിതം സജീവമായ കാലംമുതല്‍ കുടിയേറ്റവും തുടങ്ങിയിട്ടുണ്ടാവണം. നാട് ഏതായാലും മനോധൈര്യംമാത്രം കൈമുതലായ ഒരു യാത്രയാണിത്. ചെന്നുചേരാന്‍ പോവുന്ന നാടിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും എല്ലാം നേരെയാവും എന്ന ധൈര്യംവെച്ചുകൊണ്ടുള്ള പ്രയാണം.
മലബാര്‍ കുടിയേറ്റം
1920-കളോടെ തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍നിന്ന് മലബാറിന്റെ വിവിധഭാഗങ്ങളിലേക്ക് നടന്ന കുടിയേറ്റം സ്വപ്നഭൂമികള്‍ തേടിയുള്ള യാത്രയായിരുന്നു. വീര്യമുള്ള പച്ചമണ്ണ് തേടിയുള്ള യാത്രകള്‍. ആദ്യം വന്നവര്‍ പിന്നീട് ബന്ധുക്കളെയും അയല്‍വാസികളെയും കൂട്ടിവന്നു. തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍, കാസര്‍കോട്, മണ്ണാര്‍ക്കാട്, നിലമ്പൂര്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കുടിയേറ്റങ്ങള്‍ നടന്നു. മലബാറിലെ പ്രഥമ കുടിയേറ്റകേന്ദ്രമായി അറിയപ്പെടുന്നത് കോളയാടാണ്. നട്ടുച്ചയ്ക്കുപോലും ഇരുട്ടുമൂടിക്കിടന്ന പ്രദേശങ്ങളാണ് അവര്‍ കീഴടക്കിയത്. അപരിചിതമായ ദേശങ്ങള്‍, പരിമിതമായ യാത്രാസൗകര്യങ്ങള്‍, വിപരീതമായ കാലാവസ്ഥ തുടങ്ങി പ്രതിസന്ധികള്‍ പലതുണ്ടായിരുന്നു. പാലും തേനും ഒഴുകുന്ന കനാന്‍ നാട് തേടിപ്പോയവരുടെ കഥ ഊര്‍ജമായി സ്വീകരിച്ചവരുടെ മുന്നില്‍ ഓമനത്തമുള്ള കനകം വിളയുന്ന കറുത്തമണ്ണ് പ്രലോഭനമായി നിന്നു.
പുല്ല്, പന്നി, പനി
തിരുവിതാംകൂറില്‍നിന്ന് പട്ടിണിയും പട്ടരും എന്നീ രണ്ട് പകാരങ്ങളെ പേടിച്ചാണ് അവര്‍ മലബാറിലെത്തിയതെങ്കില്‍ ഇവിടെ മൂന്ന് പകാരങ്ങള്‍ അവരെ കാത്തിരുന്നു. പുല്ല്, പന്നി, പനി എന്നിവ. വന്യമൃഗശല്യത്തോടൊപ്പം മലമ്പനി അവരെ തളര്‍ത്തിക്കളഞ്ഞു. ചികിത്സ കിട്ടാതെ മരിച്ചവരേറെ. പലപ്പോഴും കുടുംബം മുഴുവനും പനിക്കടിമപ്പെട്ടു നാമാവശേഷമായി. ഇങ്ങനെ കടന്നുപോയവരും അവയോട് മല്ലടിച്ച് രക്ഷപ്പെട്ടവരുമുണ്ട്. അന്ന് മലബാര്‍ എന്ന് പൊതുവേ വിശേഷിപ്പിക്കപ്പെട്ടിരുന്ന പ്രദേശങ്ങള്‍ ഇന്ന് കൈവരിച്ചിരിക്കുന്ന പുരോഗതിയുടെ അടിത്തറ കുറെ സാഹസികരായ മനുഷ്യരുടെ ആത്മധൈര്യം മാത്രമായിരുന്നു.
മലബാറിലെ കുടിയേറ്റപ്രദേശങ്ങളില്‍ കുടിയേറ്റക്കാര്‍ ഭൂരിപക്ഷവും ഗോത്രവര്‍ഗജനതയും ഗോത്രസംസ്‌കാരവുമായാണ് ഇടപഴകിയത്. ആ ജനതയാവട്ടെ തമ്പ്രാക്കന്മാരുടെ അടിമകളുമായിരുന്നു. അടിമക്കച്ചവടം നിലനിന്നിരുന്ന സ്ഥലമായിരുന്നു വയനാട്. അത്തരം സാഹചര്യത്തില്‍ മധ്യതിരുവിതാംകൂറില്‍ തങ്ങള്‍ അനുഭവിച്ച സൗകര്യങ്ങള്‍ അതേപോലെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. കുടിയേറിയവരില്‍ ഭൂരിഭാഗവും സാക്ഷരരായ ക്രിസ്തുമതവിശ്വാസികളായിരുന്നു. അവര്‍ തിരുവിതാംകൂറിനെ അതേപോലെ പുനഃസൃഷ്ടിച്ചു.
കോട്ടയം ജില്ലയിലെ കറുകച്ചാല്‍, കാഞ്ഞിരപ്പള്ളി പോലെത്തന്നെയാണ് കൂരാച്ചുണ്ട്, ചെമ്പേരി, തോമാപുരം, കൂടരഞ്ഞി, കരുവാരക്കുണ്ട് എന്നീ പ്രദേശങ്ങളും. തീണ്ടല്‍, തൊടീല്‍, അയിത്തം മുതലായ ആചാരങ്ങളിലൊന്നും വിശ്വസിക്കാന്‍ താത്പര്യമില്ലാത്ത കുടിയേറ്റജനത അവരുടെ കുട്ടികളോടൊപ്പം തദ്ദേശീയരായ കുട്ടികളെയും പഠിപ്പിക്കുകയും അവരോട് സമഭാവനയോടെ ഇടപെടുകയും ചെയ്തു. പരസ്പരസ്‌നേഹം മാത്രമായിരുന്നു കൈമുതല്‍.
പള്ളിയും പള്ളിക്കൂടവും
ചുരുക്കം ചില ബോര്‍ഡ് സ്‌കൂളുകള്‍ മാത്രമാണ് അന്ന് മലബാറില്‍ പ്രവര്‍ത്തിച്ചിരുന്നത്. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന പഴയ ആശയം സ്വീകരിച്ച് പള്ളിച്ചാര്‍ത്തില്‍ അവര്‍ സ്‌കൂളുകള്‍ ആരംഭിച്ചു. പിരിവെടുത്തും കാര്‍ഷിക ഉത്പന്നങ്ങള്‍ ശമ്പളമായി നല്‍കിയുമാണ് അധ്യാപകരെ നിലനിര്‍ത്തിയത്. ഇത്തരം സ്‌കൂളുകള്‍ക്ക് സ്ഥലം വാങ്ങാനോ കെട്ടിടം പണിയുന്നതുള്‍പ്പെടെ അനുബന്ധസൗകര്യങ്ങള്‍ ഒരുക്കാനോ സര്‍ക്കാര്‍ സഹായത്തിന് കാത്തിരിക്കുന്ന രീതി കുടിയേറ്റസമൂഹത്തിനുണ്ടായിരുന്നില്ല. മാസക്കൂട്ടം, പിടിയരി, പൊതുപ്പണി, ചിട്ടി, ആഴ്ചപ്പിരിവ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് അവര്‍ പണം സമാഹരിച്ചത്.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഉന്നതവിദ്യാഭ്യാസമെന്ന വലിയ പ്രതിസന്ധിയില്‍ വീണ്ടുമെത്തി. അങ്ങനെയാണ് സി.എം.ഐ. സഭ കുടിയേറ്റക്കാരെ മുന്നില്‍ക്കണ്ട് കോഴിക്കോട്ട് ദേവഗിരി കോളേജ് സ്ഥാപിച്ചത്. 1964-ല്‍ ഫാ. മത്തായി നൂറനാല്‍ ബത്തേരിയിലെ സെയ്ന്റ് മേരീസ് കോളേജ് സ്ഥാപിച്ചു. പ്രാദേശികവികസന സമിതികള്‍ രൂപവത്കരിച്ചുകൊണ്ട് റോഡുകളും പാലങ്ങളും നിര്‍മിക്കാനും മുന്‍കൈയെടുത്തു. 1970-കളോടെ കുടിയേറ്റ മേഖലകളിലേക്ക് വൈദ്യുതി എത്തിക്കാനും അവര്‍ പരിശ്രമിച്ചു.
മേലാളന്റെ അടിയാന്മാരായി മാടിനെപ്പോലെ പണിയെടുത്തിരുന്ന ആദിവാസി സമൂഹത്തിന് കൂലി പണമായി കൃത്യമായി നല്‍കി അവരെ നിവര്‍ന്നുനില്‍ക്കാന്‍ പഠിപ്പിച്ചതും ഇതേ കുടിയേറ്റക്കാരായിരുന്നു. ഇന്ന് നാം കാണുന്ന മലബാറിലെ പട്ടണങ്ങള്‍ക്കുപിന്നില്‍ എത്രയോ പേരുടെ ജീവനും ജീവിതവും വിയര്‍പ്പും കണ്ണീരുമുണ്ട്.
മലബാര്‍ കുടിയേറ്റം: കാരണങ്ങള്‍
1. ലോകയുദ്ധം
രണ്ടാം ലോകയുദ്ധവും അതിനെത്തുടര്‍ന്നുണ്ടായ ദാരിദ്ര്യവും. ജപ്പാന്‍, ബര്‍മ പിടിച്ചടക്കിയതോടെ അരിയുടെ വരവ് നിലച്ചു. പിന്നീട് റേഷനായി കിട്ടിയ ധാന്യങ്ങളൊന്നും മലയാളിക്ക് സംതൃപ്തി നല്‍കിയില്ല. നല്ല അരിയുടെ കഞ്ഞികുടിച്ചുകിടക്കാനുള്ള വ്യഗ്രതയാണ് ഈ സാഹസികയാത്രയുടെ ഒരു കാരണം.
2. കൃഷിഭൂമിയുടെ കുറവ്
കുടുംബത്തില്‍ അംഗങ്ങള്‍ കൂടിയതോടെ കൃഷിചെയ്യാനുള്ള ഭൂമി തേടി അവര്‍ക്ക് യാത്രചെയ്യേണ്ടിവന്നു. കൃഷിയല്ലാതെ അവര്‍ക്ക് മറ്റൊന്നും അറിയില്ലായിരുന്നു. മലബാറിലെ ജന്മിമാരുടെ കൈവശം ധാരാളം ഭൂമിയുണ്ടെന്നും തുച്ഛമായ വിലയില്‍ ഭൂമി കിട്ടുമെന്ന അറിവും എങ്ങനെയും പിടിച്ചുനില്‍ക്കാമെന്നുള്ള ധൈര്യവുമുണ്ടായത് ജീവിതം അത്രമേല്‍ ദുസ്സഹമായ സാഹചര്യത്തിലാണ്.
3. രാഷ്ട്രീയപ്രതിസന്ധി
1931-ല്‍ സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാനായി ചുമതലയേറ്റു. ക്രിസ്ത്യാനികള്‍ പണമിടപാട് നടത്തിയിരുന്ന ക്വയിലോണ്‍ ബാങ്ക് ലിക്വിഡേറ്റ് ചെയ്യിക്കാന്‍ ദിവാന്‍ തീരുമാനിക്കുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെയും മദ്രാസ് പ്രവിശ്യയുടെയും ഭരണത്തിലിരിക്കുന്ന മലബാറില്‍ ഇത്തരം ദ്രോഹങ്ങള്‍ തങ്ങള്‍ക്കെതിരേ ഉണ്ടാവില്ല എന്ന ധൈര്യം ഈ പലായനത്തെ ശക്തമാക്കി.
Content Highlights: Migrations to Malabar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..