ഉമ്മറപ്പടിയിൽ നിൽക്കുന്നവർ


മാനസി

2 min read
Read later
Print
Share

ഈ കുടിയേറ്റം സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപാട് വ്യത്യസ്ത സംസ്കാരങ്ങളുടെ, കല-സാഹിത്യ സപര്യകളുടെ മഴവിൽച്ചാർത്ത് നഷ്ടമായേനെ. ഈ നഗരത്തിൽ നിൽക്കുമ്പോൾ ഒന്നേ പറയാനുള്ളൂ, നഗരമേ നന്ദി. എന്നെ ഇന്നത്തെ ഞാനാക്കിയതിന്...

Representative Image | Photo: Gettyimages.in

പ്രവാസികൾ എന്നും ഉമ്മറപ്പടിയിൽ നിൽക്കുന്നവരാണെന്ന് പറയാറുണ്ട്. പ്രവാസകാലം മുഴുവനും വാതിലിന്റെ ഇപ്പുറത്തോ അപ്പുറത്തോ എന്ന സംശയം തീരാത്തവർ. എന്നും എന്തോ മറന്നുവെച്ചപോലെ, വിട്ടുവന്ന സ്ഥലത്തേക്ക് അബോധപൂർവമായെങ്കിലും തിരിഞ്ഞുനോക്കിക്കൊണ്ടേയിരിക്കും. തനിക്ക് ചുറ്റുമുണ്ടെന്നു വിശ്വസിക്കുന്ന, വിശ്വസിച്ചിരുന്ന ലോകത്തിൽനിന്ന്, തികച്ചും അപരിചിതമായ, വെളിച്ചവും വായുവും കുറഞ്ഞ ചെറിയ കുടുസ്സുമുറിയിലേക്ക് കടന്നുനിന്നപോലെയാണ് ജോലിതേടി മുംബൈയിൽ എത്തിയവർക്കും ഇവിടെ ജോലി തുടർന്നുകൊണ്ടുപോകുന്നവർക്കും ആദ്യകാലത്തൊക്കെ തോന്നാറ്. എന്റെ കാര്യവും വ്യത്യസ്തമല്ല. മുംബൈ ഒരു അശ്ലീലപദമായി മനസ്സിലേക്ക് കയറിവന്ന കാലം. സ്ഥലവിസ്താരമുള്ള വീട്ടിൽനിന്ന് അംഗങ്ങൾ കൂടുതലുള്ള ചെറിയ ഫ്ലാറ്റിലേക്കുള്ള മാറ്റം (ആ ചെറിയ ഫ്ലാറ്റിൽ ഞങ്ങളല്ലാതെ കുറച്ച് ബന്ധുക്കളും താമസിച്ചിരുന്നു) എന്നെ ശ്വാസംമുട്ടിച്ചു എന്ന് പറയാതെവയ്യ. ഉറങ്ങാൻ, ഉണ്ണാൻ, കുളിക്കാൻ, വായിക്കാൻ, വെറുതേയിരിക്കാൻ, എല്ലാത്തിനും മറ്റ് അംഗങ്ങളുടെ സമയവും സൗകര്യവും നോക്കണം. രാത്രി ലൈറ്റ് ഇടുന്നതും കെടുത്തുന്നതും എല്ലാവരുടെയും സൗകര്യം അനുസരിച്ചായിരിക്കും! തുണി ഉണക്കാനിടുന്ന അഴക്കോൽപോലും പങ്കുവെക്കേണ്ടിവരും. സ്ഥലപരിമിതി നമ്മെ പല ശീലങ്ങളും പഠിപ്പിക്കും.

കൂടെ ജീവിക്കുന്നവരുടെ, ഓഫീസിലേക്കും തിരിച്ചും ഓഫീസിൽ ഉള്ളപ്പോഴും കൂടെയുള്ളവരുടെയെല്ലാം സ്വകാര്യതയെ മാനിക്കേണ്ടിവരും... അകലെയുള്ള, ഉച്ച കഴിഞ്ഞാൽ ആരും വരാത്ത ഒരു കുടുസ്സ് അമ്പലത്തിൽ ഇരുന്ന് പുസ്തകത്തിനുള്ളിൽ ഒരു റീഡിങ് ലൈറ്റ് വെച്ച് ഒറ്റയ്ക്കിരുന്നാണ് വായിക്കാൻ ശ്രമിച്ചത്. തോൽക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചതിനാലാകണം പതുക്കെപ്പതുക്കെ നഗരം എനിക്ക് വാതിലുകൾ തുറന്നുതരാൻ തുടങ്ങി. ഭൗതികമായ സ്ഥലപരിമിതിയെ വെല്ലുവിളിച്ച് മോഹിപ്പിക്കുന്ന ലോകം എന്റെമുന്നിൽ നിന്നു.

ഓഫീസിൽനിന്ന് മടങ്ങുമ്പോൾ ലോക്കൽ ട്രെയിനിലിരുന്ന് രാത്രിഭക്ഷണത്തിന് പച്ചക്കറി നുറുക്കുന്ന സ്ത്രീകൾ, ട്രെയിനിലിരുന്ന് കുട്ടിയെ ഹോം വർക്ക് ചെയ്യിക്കുന്ന അമ്മമാർ, മറ്റുള്ളവരുടെ സമ്മതത്തോടെ ഉറക്കെ ഭജനപാടുന്നവർ, കുട്ടികളെ കട്ടുകൊണ്ടുപോയി പോക്കറ്റടിക്കാൻ പരിശീലിപ്പിക്കുന്ന ഭിക്ഷാടന റാക്കറ്റ്, ഡാൻസ് ബാറിലെ സ്ത്രീദുരിതങ്ങൾ, ദാരിദ്ര്യത്തിൽ മുളച്ചുപൊന്തുന്ന വളക്കൂറുള്ള അധോലോകപ്രവർത്തനങ്ങൾ... ഈ നഗരത്തിന് ഭാഷയിലും സംസ്‌കാരത്തിലും വ്യത്യസ്തമായ പല പാളികളുണ്ട് എന്നത് പേടിപ്പിക്കുന്ന അറിവായിരുന്നു. ഭക്തിയും രാഷ്ട്രീയവും ഗൃഹാതുരത്വവും അതിജീവനത്വരകളും അഭിമാനസംരക്ഷണവുമെല്ലാം ഒരു ഇട്ടാവട്ടത്തിലിട്ട് കൂട്ടിക്കുഴച്ചാണ് കുടിയേറ്റക്കാരൻ ലോകത്തെ കാണാൻ പഠിക്കുന്നത്. സ്വന്തം കാൽത്താങ്ങിൽ മാത്രം വിശ്വസിച്ച് മുന്നോട്ടു നടക്കേണ്ടിവരുമ്പോൾ ആർജിക്കുന്ന തന്റേടം കുടിയേറ്റജീവിതത്തിന്റെ ഭാഗമാവുന്നതും അതിനാലാണ്.

ഈ കുടിയേറ്റം സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപാട് വ്യത്യസ്ത സംസ്കാരങ്ങളുടെ, കല-സാഹിത്യ സപര്യകളുടെ മഴവിൽച്ചാർത്ത് നഷ്ടമായേനെ. ഈ നഗരത്തിൽ നിൽക്കുമ്പോൾ ഒന്നേ പറയാനുള്ളൂ, നഗരമേ നന്ദി. എന്നെ ഇന്നത്തെ ഞാനാക്കിയതിന്...

Content Highlights: migration and Its effects, mathrubhumi 100 years

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
CH Gangadharan

2 min

മയ്യഴിയുടെ സ്വന്തം സി.എച്ച്.

Jul 16, 2022


.

3 min

മാതൃഭൂമിയുടെ 'ഹൃദയം'

Mar 16, 2022


image

2 min

വാക്കേ വാക്കേ കൂടെവിടെ?

Mar 14, 2022


Most Commented