രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും കേരളീയ വേഷത്തിൽ, എം.പി. പൗലോസ് പകർത്തിയ ചിത്രം(ഇടത്ത്) എം.പി. പൗലോസ്(വലത്ത്)
ഒട്ടും വര്‍ണാഭമല്ലാത്ത കാലത്ത് വാര്‍ത്താചിത്രങ്ങളുടെ കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ ദീര്‍ഘദൂരം നടന്നുപോയ പ്രതിഭാധനനായിരുന്നു എം.പി. പൗലോസ് എന്ന ഫോട്ടോഗ്രാഫര്‍. പരിമിതികള്‍ മാത്രം നിറഞ്ഞ കാലഘട്ടത്തിലും ഒരു ക്യാമറയുമായി അദ്ദേഹം എല്ലായിടത്തേക്കും കടന്നുചെന്നു.
'മാതൃഭൂമി' ദിനപത്രത്തിനും ആനുകാലികങ്ങള്‍ക്കും വേണ്ടി ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങള്‍ പകര്‍ത്താനും വായനക്കാരെ അദ്ഭുതപ്പെടുത്താനും അദ്ദേഹത്തിനായി. ചരിത്രം ചില്ലിട്ടുവെച്ച് സൂക്ഷിക്കുന്ന പല ചിത്രങ്ങളും പിറന്നത് അദ്ദേഹത്തിന്റെ ക്യാമറക്കണ്ണിലൂടെയായിരുന്നു. മുന്‍പരിചയവും പരിശീലനവുമില്ലാതെ അവിചാരിതമായി പിറന്ന ഫോട്ടോഗ്രാഫറായിരുന്നു പൗലോസ്.
പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും പത്‌നി സോണിയയും ഓണക്കോടിയണിഞ്ഞ് മലയാളി വധൂവരന്മാരായിനില്‍ക്കുന്ന മനോഹരവും അപൂര്‍വവുമായ ചിത്രം മലയാളികള്‍ കണ്ടത് പൗലോസിന്റെ ക്യാമറക്കണ്ണിലൂടെയാണ്. കൊച്ചിക്കായലില്‍നടന്ന ഇന്ദിരാഗാന്ധി ജലോത്സവം കാണാനെത്തിയതായിരുന്നു അവര്‍. കനത്ത സുരക്ഷകാരണം, ജലോത്സവം കവര്‍ചെയ്യാന്‍ എത്തിയ ഫോട്ടോഗ്രാഫര്‍മാരെല്ലാം കായലിലെ വേദിയിലേക്ക് പോയിരുന്നു. എറണാകുളം ഗവ. ഗസ്റ്റ്ഹൗസിന്റെ പഴയ ബ്ലോക്കില്‍വെച്ച് മുഖ്യമന്ത്രി കെ. കരുണാകരന്‍ പ്രധാനമന്ത്രിക്കും പത്‌നിക്കും നല്‍കിയ ഓണക്കോടി അവര്‍ അപ്പോള്‍ത്തന്നെ ധരിച്ചാണ് മുറിക്കു പുറത്തിറങ്ങിയത്. അപ്രതീക്ഷിതമായ ഈ കാഴ്ചകണ്ട് മുഖ്യമന്ത്രിയും മറ്റു നേതാക്കളും സ്തബ്ധരായി. മറുഭാഗത്തെ പ്രസ് ക്ലബ്ബിനുമുന്നില്‍ നില്‍ക്കുകയായിരുന്ന പൗലോസിനെ ഗസ്റ്റ്ഹൗസിന്റെ ബാല്‍ക്കണിയില്‍നിന്ന് മുഖ്യമന്ത്രി മാടിവിളിച്ചു. ക്യാമറയുമായി അദ്ദേഹം പറന്നെത്തി. ഏതാനും ചിത്രമെടുത്തതോടെ രാജീവും സോണിയയും വേഷം മാറുകയും ചെയ്തു.
ഈ ചിത്രം ലഭിച്ച രാജീവ് ഗാന്ധി സ്വന്തം കൈപ്പടയില്‍ പൗലോസിന് നന്ദി എഴുതിനല്‍കി. കേരളത്തില്‍നടന്ന പല തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പാര്‍ട്ടി ആ ചിത്രം പോസ്റ്ററാക്കിയിറക്കി.
1956-ല്‍ പാലാ സെയ്ന്റ് തോമസ് കോളേജില്‍ ജൂബിലി ആഘോഷം നടക്കുന്നു. പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു ദീപം തെളിയിക്കുന്ന ചിത്രമെടുത്ത പൗലോസിന്റെ ക്യാമറ ഫ്‌ളാഷ് ചെറിയ സ്‌ഫോടനത്തോടെ പൊട്ടി. പരിഭ്രാന്തിയിലായ സുരക്ഷാ ഉദ്യോഗസ്ഥരും കേരള പോലീസും അദ്ദേഹത്തെ വളഞ്ഞ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. ഇതുകണ്ട നെഹ്രു അത് വിലക്കി.ഉദ്യോഗസ്ഥരോട് മൈക്കിലൂടെ ആക്രോശിച്ചു, 'ഹി ഈസ് മൈ ഫ്രണ്ട്, ലീവ് ഹിം' അതോടെ ഉദ്യോഗസ്ഥര്‍ പിന്മാറി. പൗലോസിനെ പ്രധാനമന്ത്രി ആശ്വസിപ്പിക്കുകയും ചെയ്തു.
നെഹ്രുവിന്റെ കേരള സന്ദര്‍ശനവേളയിലെല്ലാം പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്ന സുഹൃത്തും മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന ചൊവ്വര പരമേശ്വരന്‍ അന്ന് രാവിലെ പൗലോസിനെ പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തിയിരുന്നു. ആ യോഗത്തില്‍വെച്ച് അവിചാരിതമായാണ് ചൊവ്വര ഫോട്ടോയെടുക്കാന്‍ പൗലോസിനെ ഏല്‍പ്പിച്ചത്. അദ്ദേഹമാണെങ്കില്‍ ക്യാമറ കൈകൊണ്ടുതൊടുന്നതുതന്നെ ആദ്യം. മുന്‍പരിചയവും പരിശീലനവുമില്ലാതെ ഒരു ഫോട്ടോഗ്രാഫര്‍ അവിടെ പിറന്നു.
ഇന്ദിരാഗാന്ധിയുടെയും ഒട്ടേറെ ചിത്രങ്ങള്‍ പകത്താന്‍ പൗലോസിന് അവസരമുണ്ടായി. എ.കെ. ആന്റണി റഷ്യയ്ക്കുപോയതും ശ്രീലങ്കയ്ക്ക് ആയുധവുമായെത്തിയ അമേരിക്കന്‍ വിമാനവും അദ്ദേഹത്തിന്റെ എക്സ്‌ക്ലുസീവുകളായി. മരത്തില്‍ തോക്കുചാരിവെച്ച് ഉറങ്ങുന്ന പോലീസുകാരന്റെ ചിത്രവും കൊച്ചിയിലെ 'ദാഹിക്കുന്ന മണ്‍കലങ്ങളു'മൊക്കെ അന്ന് വൈറലായി.
Content Highlights: mathrubhumi photographer mp paulose
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..