.jpg?$p=c86c6b3&f=16x10&w=856&q=0.8)
വള്ളത്തോൾ
രാഷ്ടീയക്കാരും പത്രദൃശ്യ മാധ്യമങ്ങളും വാതോരാതെ പറഞ്ഞും എഴുതിയും വായ്ത്തലപോയ വാക്കാണ് 'ബഹുമുഖ പ്രതിഭ'. ഈ വിശേഷണത്തിന് സര്‍വഥാ അര്‍ഹരായിരുന്നവര്‍ വിരാജിച്ച ഒരു കാലം കൈരളിക്കുണ്ടായിരുന്നു. സാക്ഷാല്‍ കവിത്രയത്തിന്റെ കാലം. ഇവരില്‍ മഹാകവി വള്ളത്തോള്‍ ഭാരതത്തിന്റെ ദേശീയപ്രസ്ഥാനവുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. ബംഗാളില്‍ രവീന്ദ്രനാഥ ടാഗോറും തമിഴ്നാട്ടില്‍ രുക്മിണീ ദേവി അരുണ്ഡേലും ചെയ്തത് മലയാളക്കരയില്‍ നിര്‍വഹിക്കാന്‍ നിയോഗമുണ്ടായത് വള്ളത്തോളിനാണ്. അദ്ദേഹം നമ്മുടെ സാംസ്കാരിക നവോത്ഥാനത്തിന്റെ നായകസ്ഥാനത്ത് നിലകൊണ്ടു. വിവിധമേഖലകളില്‍ മഹാകവി നിസ്തന്ദ്രം പ്രയത്നിച്ചു. കാവ്യരചന കൂടാതെ, വൈദ്യം, വിവര്‍ത്തനം, പ്രസിദ്ധീകരണം, നിരൂപണം, കലാ സമുദ്ധാരണം, സ്വാതന്ത്ര്യ സമരപ്രക്ഷോഭം അങ്ങനെ എത്രയെത്ര മുഖങ്ങളായിരുന്നു വള്ളത്തോളിന്. അതിനുകിട്ടിയ വ്യാപകമായ ജനസമ്മതിക്കുപിന്നില് അസംഖ്യം വ്യക്തികളും ചുരുക്കം ചില പ്രസ്ഥാനങ്ങളുമുണ്ടായിരുന്നു. ആ പ്രസ്ഥാനങ്ങളില്‍ പ്രമുഖം 'മാതൃഭൂമി'യാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
'പോരാ പോരാ നാളില്‍ നാളില്‍...'
'മാതൃഭൂമി' ദിനപത്രത്തിന്റെ തുടക്കംതൊട്ട് അതില്‍ വള്ളത്തോളിന്റെ സാന്നിധ്യമുണ്ട്. മഹാകവിയുടെ സുപ്രശസ്തമായ 'എന്റെ ഗുരുനാഥന്' അതിലൂടെയാണ് നാടൊട്ടുക്ക് അറിയാനിടവന്നത്. ഭാഷാപ്രേമികളില്‍, കാവ്യാനുരാഗികളില് മാത്രം അതിന്റെ മഹിമ ഒതുങ്ങിനിന്നില്ല. ഇതുകൂടാതെ സ്വാതന്ത്ര്യ സമരപ്രക്ഷോഭകാരികളെ ആവേശം കൊള്ളിക്കുന്ന 'പോരാ പോരാ നാളില്‍ നാളില്‍...' പോലുള്ള ദേശഭക്തി ഗാനങ്ങളും 'മാതൃഭൂമി'യിലൂടെ കേരളജനത അറിഞ്ഞു. 1932 ജനുവരി 18-ന് പുറത്തിറങ്ങിയ 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ ആദ്യ ലക്കത്തില്‍ അച്ചടിച്ചുവന്ന വള്ളത്തോള്‍ക്കവിത 'അഹിംസ'യായിരുന്നു. 'നിരായുധപ്പോരാണിഹ ധീരധര്മം/കരവാളെടുപ്പതോ ഭീരുഭാവം' തുടങ്ങിയ അതിലെ വരികളിലെ ധര്‍മോദ്ബോധനം അക്കാലത്ത് എത്രപേര്‍ ഏറ്റെടുത്തിട്ടുണ്ടാവണം.
കലാമണ്ഡലം സ്ഥാപിക്കുന്നതിന് മുന്നോടിയായി വള്ളത്തോളിന്റെ നേതൃത്വത്തില്‍ 1923 ഒക്ടോബറില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ഒരാഴ്ചയോളം നീണ്ട കഥകളിയുടെ വാര്‍ത്തകള്‍ 'മാതൃഭൂമി'പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. കെ.പി. കേശവമേനോന് മഹാകവിക്ക് സ്വീകരണവും നല്കി. കഥകളിപോലുള്ള പാരമ്പര്യ കലകള്‍ ഭാരതത്തിനാവശ്യമില്ലെന്ന് കരുതിയവരുടെ, ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി പരിഷ്കാരികളായി മാറിയവരുടെ, രഹസ്യവും പരസ്യവുമായ പ്രതിഷേധങ്ങളെ പിന്തള്ളി 'മാതൃഭൂമി' മഹാകവിക്കൊപ്പം ശക്തമായി നിലയുറപ്പിച്ചു. ചെറുതുരുത്തിയില്‍ നടന്ന ഐക്യസമിതി സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്ത വാര്‍ത്തയും അച്ചടിച്ചത് 'മാതൃഭൂമി'യില്‍ത്തന്നെ.
ലോട്ടറി നടത്തിയും ഇന്ത്യ മുഴുവന്‍ അലഞ്ഞ് ധനാഢ്യരോട് ഇരന്നും പൊതുജനങ്ങളില്‍നിന്ന് പിരിച്ചും കിട്ടിയ പണംകൊണ്ട് കഥകളിക്ക് പ്രാണവായു പകര്‍ന്ന വള്ളത്തോളിനോട് നാട്ടിലെ ബുദ്ധിജീവികളും 'സംസ്കൃതചിത്ത'രും ക്ഷമിച്ചു. എന്തെങ്കിലുമാവട്ടെ എന്നവര്‍ സമാധാനിച്ചു. എന്നാല്‍, മോഹിനിയാട്ടത്തെ കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലേക്ക് പുനരാനയിക്കാനുള്ള കവിയുടെ നിര്‍ബന്ധബുദ്ധി ഒരിക്കലും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് അവര്‍ മനസ്സിലുറപ്പിച്ചു. അവരുടെ അമരത്തു നിന്നത് സാഹിത്യകാരന് സഞ്ജയനായിരുന്നു. അദ്ദേഹം നടത്തിയിരുന്ന 'സഞ്ജയന്' എന്ന ഹാസ്യമാസികയില്‍ വള്ളത്തോളിനെ താറടിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. മോഹിനിയാട്ടത്തെയും വള്ളത്തോളിനെയും രൂക്ഷമായി വിമര്‍ശിച്ച് ലേഖനം വന്നു. വള്ളത്തോളിന്റെ 'അസാന്മാര്ഗികോന്മുഖമായ' നടപടികളെ ഖണ്ഡിച്ചുകൊണ്ട് സഞ്ജയന് 'മാതൃഭൂമി' ദിനപത്രത്തില്‍ ദീര്‍ഘമായി ഉപന്യസിച്ചു. നിരൂപണങ്ങളില്‍ കൈവെച്ചു പരിചയമുണ്ടായിരുന്നെങ്കിലും വിയോജനക്കുറിപ്പുകളെഴുതുക വള്ളത്തോളിന്റെ ശീലമായിരുന്നില്ല. പത്രത്തില്‍ വിവാദം കൊഴുത്തപ്പോള്‍ മഹാകവി മറുപടിയെഴുതി.
'ബധിരവിലാപം' എഴുതിയകാലം
'ബധിരവിലാപം' എഴുതിയ വള്ളത്തോളിനെ പില്ക്കാലം കേരളജനത നിരന്തരം കേട്ടതും അറിഞ്ഞതും 'മാതൃഭൂമി'യിലൂടെ. 1958-ല്‍ വള്ളത്തോള്‍ പരലോകപ്രാപ്തനായി. മാതൃഭൂമി ആഴ്ചപ്പതിപ്പ് മഹാകവിയുടെ സ്മരണാര്‍ഥം പ്രത്യേക പതിപ്പിറക്കി. സാഹിത്യ പഞ്ചാനനന്‍ അടക്കമുള്ളവര്‍ വ്യത്യസ്ത കാരണങ്ങളാല്‍ നിര്‍ദാക്ഷിണ്യം ആക്രമിച്ച കവിയായിരുന്നു വള്ളത്തോള്‍. അതിലൊന്നും തളരാതെ മുന്നേറാന്‍ കവിയെ പ്രാപ്തനാക്കിയത് അദ്ദേഹത്തിന്റെ സഹജമായ മനോവീര്യം മാത്രമായിരുന്നില്ല, 'മാതൃഭൂമി' കൊടുത്ത ഉദാരമായ പിന്തുണ കൂടിയായിരുന്നു.
തിരുവിതാംകൂറിലെ നിരൂപകനിരയില് ഏറെക്കാലം 'മാതൃഭൂമി'യില്‍ പ്രവേശനമുണ്ടായിരുന്നത് ഡോ. കെ. ഭാസ്കരന്‍നായര്‍ക്കും എസ്. ഗുപ്തന്നായര്ക്കും മാത്രമെന്ന് എം.വി. ദേവന് ഒരിക്കല്‍ എന്നോട് പറഞ്ഞത് ഓര്‍മവരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..