Image designed by Roopesh K.
കേരളത്തിന്റെ സ്വന്തം കയര്‍
തകഴിയുടെ 'കയര്‍' ലോകസാഹിത്യകൃതികള്‍ക്കൊപ്പം സ്ഥാനംപിടിച്ചപ്പോള്‍ അതിനും നൂറ്റാണ്ടുകള്‍ക്കുമുമ്പേ തിരമാലകള്‍താണ്ടി പായ്ക്കപ്പലേന്തി വിദേശനാടുകളുടെ അകത്തളങ്ങളിലെത്തിയ ചിലതുണ്ട് മലയാള മണ്ണില്‍. അക്കൂട്ടത്തിലൊന്നാണ് ചകിരിനൂല്‍ കയര്‍.
കേരളതീരത്ത് 250-ഓളം വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന അഞ്ചരലക്ഷത്തിലധികം പേരുടെ ഉപജീവനമാര്‍ഗമായിരുന്നു ഒരു കാലത്ത് കയര്‍മേഖല. അഞ്ചുതെങ്ങ്, മങ്ങാടന്‍, ആറാട്ടുപുഴ, അഷ്ടമുടി, വൈക്കം, ബേപ്പൂര്‍, കൊയിലാണ്ടി തുടങ്ങിയവയാണ് വിവിധയിനം കയറുകള്‍. കാലം മാറിയപ്പോള്‍ തൊണ്ട് അഴുക്കി അതിനെ തല്ലി ചകിരിയെടുത്ത് പരമ്പരാഗത റാട്ടുകളില്‍ നെയ്‌തെടുക്കുന്ന കയറൊക്കെ പഴങ്കഥയായി. തൊണ്ടുതല്ലലിനും ചകിരി പിരിക്കലിനുമൊക്കെയുള്ള അത്യന്താധുനിക യന്ത്രങ്ങളെത്തി. പച്ചത്തൊണ്ടില്‍നിന്നു ചകിരി വേര്‍തിരിക്കുന്ന ഡിഫൈബറിങ് യൂണിറ്റുകളുടെ വരവോടെ ഈ മേഖലയില്‍ വിപ്ലവകരമായ മാറ്റമാണുണ്ടായത്. എന്നാല്‍, ഈ മേഖലയിലുള്ളവര്‍ ഇന്ന് ഉപജീവനത്തിന് പാടുപെടുകയാണ്.
ആദ്യത്തെ കയര്‍ ഫാക്ടറി
ഐറിഷ് സ്വദേശിയായ ജയിംസ് ഡാറയും ഹെന്‍ട്രി സ്മെയിലും ചേര്‍ന്ന് 1859-ല്‍ കാലത്ത് ആലപ്പുഴയില്‍ സ്ഥാപിച്ച ഡാറാ സ്മെയില്‍ ആന്‍ഡ് കോ ആണ് കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറി.
മൊബൈലിനെ തൊട്ടും തലോടിയും
മൊബൈല്‍ ഫോണിനെ ദിവസവും തൊട്ടുതഴുകാത്ത മലയാളികള്‍ വിരളം. ചലിക്കാത്ത ലാന്‍ഡ് ഫോണിന്റെ കാലംമാറി നാമിന്ന് സ്മാര്‍ട്ടായി. വിജ്ഞാനവും വിനോദവും വിദ്യാഭ്യാസവും വാര്‍ത്തകളുമെല്ലാം മൊബൈലിലൂടെ മലയാളികള്‍ നെഞ്ചേറ്റി. 1996 സെപ്റ്റംബര്‍ 17-ന് കൊച്ചിയിലെ ഹോട്ടല്‍ അവന്യൂ റീജന്റില്‍വെച്ചാണ് കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ സര്‍വീസായ എസ്‌കോട്ടെലിന്റെ ഉദ്ഘാടനം. കേരളത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍വിളിക്ക് കാല്‍നൂറ്റാണ്ടിലേറെ പഴക്കമായി.
മോട്ടറോള, എറിക്സണ്‍, അല്‍ക്കാടെല്‍, ബി.പി.എല്‍., നോക്കിയ വഴി സ്മാര്‍ട്ട് ഫോണുകളിലും ടാബിലും എത്തിനില്‍ക്കുന്നു. അന്ന് ഫോണ്‍കോളുകള്‍ക്കായിരുന്നു പൈസ. ഇന്ന് ഫോണ്‍വിളിക്കുപകരം ഡേറ്റയ്ക്കായി ഡിമാന്‍ഡ്. ഒരു ദിവസം തട്ടിമുട്ടി 'ജീവിക്കാന്‍' ഒരു ജി.ബി. ഡേറ്റയെങ്കിലും ഇപ്പോള്‍ വേണം. മൊബൈലിന്റെ വരവില്‍ പല ഉപകരണങ്ങളുടെയും ഗമയും നഷ്ടപ്പെട്ടു. ടോര്‍ച്ച്, കാല്‍ക്കുലേറ്റര്‍, റേഡിയോ, അലാംക്ലോക്ക്, ഡയറി തുടങ്ങിയവയെയെല്ലാം സ്മാര്‍ട്ട് ഫോണ്‍ 'വിഴുങ്ങി'. സൗഹൃദസംഭാഷണങ്ങളും പരദൂഷണങ്ങളും മീറ്റിങ്ങുകളുംവരെ നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങി.
ആദ്യവിളി തകഴിയുടേത്
കേരളത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍വിളി ഉദ്ഘാടനം ചെയ്തത് തകഴി ശിവശങ്കരപ്പിള്ളയായിരുന്നു. ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍. ടാന്‍ഡനെ എസ്‌കോട്ടെലിന്റെ ഫോണില്‍ വിളിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് കഥാകാരി കമലാസുരയ്യയ്ക്ക് തകഴി ഫോണ്‍ കൈമാറി.
നാലുകാലുള്ള കാള, ഇപ്പോള്‍ മുച്ചക്ര ഓട്ടോ
കാളവണ്ടിയും റിക്ഷാവണ്ടിയും കടന്ന് ഓട്ടോറിക്ഷയാണിപ്പോള്‍ 'ക്രൗഡ് പുള്ളര്‍'. ചരക്കുഗതാഗതം സജീവമായതോടെയാണ് കേരളത്തില്‍ 'കാളവണ്ടിയുഗ'ത്തിന്റെ തുടക്കം. റാണി പാര്‍വതീബായിയുടെ കാലത്ത് (1815-29) കല്‍പ്പാലക്കടവി(വള്ളക്കടവ്)ല്‍നിന്ന് തോടുവെട്ടി വര്‍ക്കലക്കുന്നിനപ്പുറത്തും ഇപ്പുറത്തുമുള്ള കായലുകളെ ബന്ധിപ്പിച്ചതോടെ തിരുവിതാംകുറില്‍ വ്യാപാരരംഗം കൂടുതല്‍ സജീവമായി. 'കൊമ്പില്‍കിലുക്കുംകെട്ടി'ന്റെ താളം നാട്ടുമണ്‍പാതകളില്‍ നിറഞ്ഞു. ഇപ്പോഴുമുണ്ട് തമിഴ്നാടന്‍ അതിര്‍ത്തികളായ കുമളിയിലും വാളയാറിലും പേരിന് കാളവണ്ടികള്‍.
ഇതിനുശേഷമാണ് സൈക്കിള്‍ റിക്ഷകളുടെ വരവ്. കാളയ്ക്കുപകരം മനുഷ്യനാണ് വണ്ടിവലിക്കുന്നതെന്നുമാത്രം. തലപ്പാവും കോട്ടും സ്യൂട്ടും ഇട്ടവര്‍ റിക്ഷാവണ്ടികളിലായിരുന്നു യാത്ര. സൈക്കിള്‍റിക്ഷയെ ഓവര്‍ടേക്ക് ചെയ്ത് ഓട്ടോറിക്ഷകളെത്തിയത് കേരളപ്പിറവിക്കൊപ്പമാണ്, 1956-ല്‍.
കാളവണ്ടി നിയന്ത്രണം
പണ്ടുകാലത്ത് തിരുവിതാംകുറില്‍ കോട്ടയ്ക്കകത്തും ചാലയിലും രാത്രികാലങ്ങളില്‍ കാളവണ്ടികള്‍ ഓടിക്കുന്നതുമൂലം അപകടങ്ങള്‍ പതിവായിരുന്നു. ഇതോടെ കാളവണ്ടി ഓടിക്കുന്നതിന് 1846-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ വാഹനനിയന്ത്രണം കൊണ്ടുവന്നു.
പ്രൗഢി പോയ അമ്മാവന്‍
കോണ്‍ട്രാക്ടറും ഒട്ടേറെ പണിക്കാരും റോഡു റോളറും ടാറും അടുപ്പുകൂട്ടലുമൊക്കെയായി റോഡു പണി ആഘോഷമായിരുന്ന കാലം. ഇപ്പോള്‍ എല്ലാത്തിനുംകൂടി ഒറ്റയന്ത്രം. വിരലിലെണ്ണാവുന്ന പണിക്കാര്‍ മാത്രം.
'അമ്മാവന്‍ വണ്ടി' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന, മനുഷ്യര്‍ ഉരുട്ടുന്നതോ യന്ത്രസംവിധാനത്തോടെയുള്ളതോ ആയ ഉരുളുകളെയാണ് റോഡ് റോളര്‍ എന്നു വിളിക്കുന്നത്. റോഡുകളുടെയും മറ്റും നിര്‍മാണത്തിനും പ്രതലം നിരപ്പാക്കാനും അമര്‍ത്തി ബലപ്പെടുത്താനുമൊക്കെയാണ് ഇവ ഉപയോഗിക്കുന്നത്. ആദ്യകാലത്ത് കായികബലത്താല്‍ ഉരുട്ടി ഉപയോഗിച്ചിരുന്ന കരിങ്കല്‍ ഉരുളുകളാണ് റോഡ് റോളറായി ഉപയോഗിച്ചിരുന്നത്. പിന്നീട് നീരാവിയിലും ഡീസലിലുമൊക്കെ പ്രവര്‍ത്തിക്കുന്ന രണ്ട് ഉരുളുകളുള്ള റോളറെത്തി. ഓറഞ്ച് നിറത്തില്‍ ഉരുണ്ടെത്തുന്ന 'അമ്മാവന്‍ വണ്ടി' കാലംമാറിയപ്പോള്‍ ന്യൂജെന്‍ ആയി. ഒറ്റ ഡ്രമ്മുള്ള പിറകില്‍ റബ്ബര്‍ ചക്രമുള്ള റോഡ് റോളറുകളാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്.
യന്ത്രസഹായം ടാറിങ്
കാലംമാറിയപ്പോള്‍ വിറകടുപ്പ് കൂട്ടി ടാറുരുക്കി റോഡ് നിര്‍മിക്കുന്നതൊക്കെ പഴങ്കഥയായി. ബി.എം. ആന്‍ഡ് ബി.സി. ടാറിങ്ങും വൈറ്റ് ടോപ്പിങ്ങുമൊക്കെ എത്തിയതോടെ മിക്സിങ്ങും ടാറിങ്ങുമൊക്കെ യന്ത്രസഹായത്താലായി. റോഡ് ഉപരിതലം പൊളിച്ച് തത്സമയം തന്നെ ടാറിങ്ങ് നടത്തുന്ന യന്ത്രങ്ങളുമെത്തിയതോടെ അമ്മാവന്‍ വണ്ടി ചരിത്രത്താളുകളിലായി.
വിളക്ക് മറഞ്ഞു വൈദ്യുതി തെളിഞ്ഞു
മണ്ണെണ്ണവിളക്കില്‍നിന്ന് എല്‍.ഇ.ഡി. ലൈറ്റിന്റെ പ്രഭയിലേക്ക് കാലം മാറിയപ്പോള്‍...
ഇറയത്തുനിന്ന് അകത്തളങ്ങളിലേക്ക് വെളിച്ചംപകര്‍ന്ന ചിമ്മിനിവിളക്ക്. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇവ കേരളത്തിലെത്തുന്നത്. വെളിച്ചെണ്ണ, മരോട്ടി എണ്ണ, പുന്നയ്ക്ക എണ്ണ എന്നിവകൊണ്ട് പ്രകാശിപ്പിക്കുന്ന നിലവിളക്ക്, ചങ്ങലവട്ടവിളക്ക്, ഗ്ലാസ് വിളക്ക്, കല്ലുറാന്തല്‍ വിളക്ക്, തൂക്കുവിളക്ക് ഒക്കെയായിരുന്നു അതുവരെ താരങ്ങള്‍. എന്നാല്‍, മണ്ണെണ്ണയുടെ വരവില്‍ ചിമ്മിനിവിളക്കുകളും കമ്പിളിറാന്തലും പിറന്നു. മണ്ണെണ്ണയുടെ മണവും കരിയുടെ പുകയും വെളിച്ചത്തോടൊപ്പം പരന്നു.
കാലക്രമേണ ചിമ്മിനിവിളക്കിന് മാറ്റുകുറഞ്ഞു. ഗ്യാസ് ലൈറ്റുകളും പെട്രോമാക്‌സ് ലൈറ്റും വൈദ്യുതിവിളക്കും വന്നു. പെട്രോമാക്സുകള്‍ അമ്പലപ്പറമ്പിലും പള്ളിപ്പെരുന്നാളിനും അകമ്പടിക്കാരായി ഒതുങ്ങി. വൈദ്യുതിവിളക്കുകള്‍ വരുംമുമ്പ് ഗ്രാമങ്ങളില്‍ ചൂട്ടായിരുന്നു ടോര്‍ച്ചിന്റെ റോള്‍ വഹിച്ചത്.
ചൂട്ട് അലവന്‍സ്
'മാതൃഭൂമി'യിലെ തൊഴിലാളികള്‍ക്ക് രാത്രിജോലി കഴിഞ്ഞുപോകുമ്പോള്‍ ചൂട്ടുവാങ്ങാന്‍ ആറുപൈസ നല്‍കിയിരുന്നു. പണ്ട് ചൂട്ടുവീശുന്നത് കണ്ടാലറിയാം ആരാണ് വരുന്നതെന്ന്. പിന്നെ അതൊരു ശീലമായിമാറി. ''കുന്നുമ്മേല്‍ നിന്നൊരു ചൂട്ടാളുന്നു കുഞ്ഞമ്പൂന്റച്ഛനോ മറ്റാരാനോ'' എന്ന ചൊല്ലും ഓര്‍ക്കുക
പള്ളിവാസല്‍ പകര്‍ന്ന വെളിച്ചം
കേരളത്തില്‍ വൈദ്യുതി വിപ്‌ളവത്തിന് തിരികൊളുത്തിയത് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയാണ്.
മണ്ണെണ്ണയും വെളിച്ചെണ്ണയും ഗ്യാസും മെഴുകുതിരിയും മാത്രം വെളിച്ചത്തിന് ഉപയോഗിച്ചിരുന്ന കാലം. 1890-കളുടെ തുടക്കത്തില്‍ ഇടുക്കിയിലെ മുതിപ്പുഴ നദീതടത്തില്‍ ഒരു ചെറു അണക്കെട്ടുയര്‍ന്നു. അവിടെനിന്ന് വൈദ്യുതി പ്രസരിച്ചു. കണ്ണന്‍ദേവന്‍ കമ്പനിയാണ് അന്ന് അവിടെനിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചത്. വൈദ്യുതി ഉത്പാദനരംഗത്തേക്ക് കടക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന് പ്രചോദനമായ സംഭവം.
ഇടുക്കി ജില്ലയിലെ പള്ളിവാസലില്‍ ജലവൈദ്യുതപദ്ധതി തുടങ്ങാന്‍ 1925-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ശ്രമംതുടങ്ങി. 1935-ല്‍ നിര്‍മാണം തുടങ്ങി. ഇതിനിടെ പവര്‍ഹൗസ് ഭാഗത്തെ ഭൂമി താണു. ഇത് പരിഹരിക്കാനെത്തിയത് മദ്രാസിലെ ഇലക്ട്രിസിറ്റി ചീഫ് എന്‍ജിനിയര്‍ എച്ച്.ജി. ഹോവാര്‍ഡ് ആണ്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ശക്തമായ അടിത്തറയുള്ള മറ്റൊരിടത്തേക്ക് പവര്‍ഹൗസ് മാറ്റി. 1940 മാര്‍ച്ച് 19-ന് പദ്ധതി ഉദ്ഘാടനംചെയ്തതോടെ കേരളത്തിലെ ആദ്യജലവൈദ്യുത പദ്ധതിയെന്ന സ്വപ്നം പൂര്‍ത്തിയായി. വൈദ്യുതകേരളത്തിന് പള്ളിവാസല്‍ അങ്ങനെ 'ഊര്‍ജ'മായി.
ആര്‍പ്പോ....ര്‍റോ....
ഏതു 'സഭ'യിലും മലയാളി പാടും കുട്ടനാടന്‍ പുഞ്ചയിലെ... കൊച്ചുപെണ്ണേ കുയിലാളേ... അത് ചുണ്ടന്റെ ദേശീയഗാനമാണ്.
കേരളത്തിന്റെ സമ്മാനപ്പൊതിയിലെ ഒന്നാമനാണ് ചുണ്ടന്‍. ഏത് അതിഥി വന്നാലും നാം ചുണ്ടന്‍വള്ളത്തിന്റെ മാതൃക സമ്മാനമായി നല്‍കും. ചുണ്ടന്‍വള്ളങ്ങളാണ് ലോകത്തുള്ളതില്‍വെച്ച് ഏറ്റവും നീളംകൂടിയ വള്ളങ്ങള്‍. 100-135 അടിയാണ് നീളം. നൂറിലധികം ആളുകള്‍ക്ക് കയറിയിരുന്ന് തുഴയാവുന്ന ഈ വള്ളങ്ങള്‍ പുരാതനകാലത്ത് ജലയുദ്ധങ്ങള്‍ക്കായാണ് രൂപകല്പനചെയ്തത്. കായംകുളം, ചെമ്പകശ്ശേരി നാട്ടുരാജ്യങ്ങളുടെ നാവികപ്പടയുമായി ബന്ധപ്പെട്ടാണ് ചുണ്ടന്‍വള്ളങ്ങളുടെയും വള്ളംകളിയുടെയും ചരിത്രമുള്ളത്. അയല്‍നാട്ടുരാജ്യവുമായി കൊമ്പുകോര്‍ക്കാന്‍ പാകത്തില്‍ നടത്തിയിരുന്ന പരിശീലനങ്ങള്‍ പിന്നീട് മത്സരസ്വഭാവത്തിലേക്കുമാറി. നെഹ്രുട്രോഫിയടക്കം ഒട്ടേറെ ജലോത്സവങ്ങളാണ് കേരളത്തില്‍ അരങ്ങേറുന്നത്.
സിനിമയിലെ ചുണ്ടന്‍
ചുണ്ടന്‍വള്ളവും വള്ളംകളിയുമൊക്കെ സിനിമാപ്പാട്ടിലും ഇടംപിടിച്ചിട്ടുണ്ട്. സിംഹാസനം എന്ന ചിത്രത്തിലെ 'കാവാലം ചുണ്ടന്‍വള്ളം അണിഞ്ഞൊരുങ്ങി...', ചമ്പക്കുളം തച്ചനിലെ 'ചമ്പക്കുളം തച്ചന്‍ ഉന്നംപിടിപ്പിച്ച...' തുടങ്ങിയ ഗാനങ്ങളില്‍ ചുണ്ടന്‍വള്ളമാണ് വിഷയം.
പകിട ...പകിട പന്ത്രണ്ട്!
ഗ്രാമങ്ങളുടെ അവസാനത്തെ തിരുശേഷിപ്പുപോലെ ചില ഉള്‍നാടന്‍ നാട്ടിന്‍പുറങ്ങളില്‍ പകിട ടൂര്‍ണമെന്റുകള്‍ ഈ ഡിജിറ്റല്‍ കാലത്തും നടക്കുന്നുണ്ട്.
പകിട ഉരുട്ടുന്നതിന്റെ കിലുകില ശബ്ദം കേള്‍ക്കുമ്പോള്‍ കളിഭ്രാന്തന്മാര്‍ അവിടേക്ക് ഓടിയെത്തും. മധ്യകേരളത്തില്‍ പ്രധാനമായും തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിലാണ് പകിടയ്ക്ക് പ്രചാരം. പിച്ചള, ചെമ്പ്, ഓട് എന്നിവ ഉപയോഗിച്ചാണ് പകിട നിര്‍മിക്കുക. അതിന്റെ ഉള്ള് പൊള്ളയായിരിക്കും. അതില്‍ ചില ചെറുമണികള്‍ ഉണ്ടാകും. അതാണ് പകിടയുരുട്ടുമ്പോള്‍ കിലുകില ശബ്ദം കേള്‍ക്കുന്നത്. പകിടയുടെ നാലുവശങ്ങളില്‍ ഒരു വശത്ത് അടയാളമൊന്നും ഉണ്ടാവില്ല. മറ്റുള്ള വശങ്ങളില്‍ 1, 2, 3 എന്നീക്രമത്തില്‍ അടയാളമുണ്ടാകും.
ഒരു കാലത്ത് ഭൂപ്രഭുക്കന്മാര്‍ ഈ കളിയില്‍ താത്പര്യം പ്രകടിപ്പിച്ചു. പകിട കളിച്ച് ഭൂമി നഷ്ടപ്പെടുത്തിയവരുമുണ്ട്. രണ്ടു പകിട ചേര്‍ത്താണ് ഉരുട്ടുക, 25 കള്ളികളുള്ള കളിക്കളത്തില്‍ പകിട എങ്ങനെയാണ് മലരുക എന്നതിന്റെ അടിസ്ഥാനത്തിലാണ് വിജയപരാജയങ്ങള്‍ നിര്‍ണയിക്കുക.
വാരം വീഴല്‍
പകടികളിയിലെ ഏറ്റവും പ്രധാനം 'വാരം' വീഴുന്നതാണ്. വാരം വീണാല്‍ വിജയം ഉറപ്പാണ്. അതിനെയാണ് 'പകിട പന്ത്രണ്ട്' എന്നു വിളിക്കുന്നത്. വടക്കന്‍ കേരളത്തില്‍ പകിട ഉപയോഗിച്ചുള്ള തായം കളിയും പ്രചാരത്തിലുണ്ടായിരുന്നു.
വി.സി.ആര്‍. വീട്ടിലെ തിയേറ്റര്‍
ഒരുകാലത്ത് വീടിനെ തിയേറ്ററാക്കിയത് വി.സി.ആര്‍. ആയിരുന്നു. ഇപ്പോള്‍ ആ സ്ഥാനം ഒ.ടി.ടി. എന്ന പുത്തന്‍ സാങ്കേതിക വിദ്യ കൈയടക്കി.
വീട്ടകങ്ങളിലെ ടെലിവിഷനുകള്‍ക്ക് സിനിമാ ടാക്കീസുകളുടെ പരിവേഷംനല്‍കിയ ഉപകരണം. വി.സി.ആര്‍. എന്ന മൂന്നക്ഷരം സ്വീകരണമുറിയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നത് സിനിമകളെക്കൂടിയാണ്. അതുകാണാന്‍ ചിലപ്പോള്‍ ഒരു നാടുമുഴുവന്‍ വീട്ടില്‍ ഒത്തുകൂടി. എണ്‍പതുകളുടെ മധ്യത്തിലാണ് വീടുകളില്‍ വി.സി.ആര്‍. വിപ്ലവം നടന്നത്.
സോണിയും പാനസോണിക്കും തോഷിബയുമൊക്കെ ടെലിവിഷനുമായി കൂട്ടുകൂടി. ആദ്യകാലത്ത് നാട്ടിലെ പ്രമുഖരുടെയും ഗള്‍ഫുകാരുടെയും വീടുകളിലെ അഹങ്കാരമായിരുന്നു അവ. പിന്നീട് സാധാരണക്കാരും വി.സി.ആറിനെ ഏറ്റെടുത്തു. 90-കളില്‍ കേബിള്‍ ടി.വി.യുടെ വരവോടെ വി.സി.ആറിന്റെ രാജകീയപട്ടം ഒന്നുലഞ്ഞു. ചാനലുകളില്‍ സിനിമകള്‍ മത്സരിച്ച് പ്രദര്‍ശിപ്പിച്ചതോടെ വി.സി.ആറുകള്‍ ഷോ മതിയാക്കി. കംപ്യൂട്ടറിന്റെ വരവോടെ വി.സി.ആറിന് പകരം സി.ഡി. പ്ലെയറുകള്‍ കളത്തിലിറങ്ങി. സി.ഡി.കളുടെ കാലമായിരുന്നു പിന്നെ. അതും അധികംനീണ്ടുനിന്നില്ല. പെന്‍ഡ്രൈവും സ്മാര്‍ട്ട്ഫോണും വന്നതോടെ സി.ഡി.യുടെയും ഡി.വി.ഡി.യുടെയും കാലം കഴിഞ്ഞു.
അവസാനത്തെ വി.സി.ആര്‍.
ജപ്പാനിലെ ഫ്യുണായി ഇലക്ട്രിക് കമ്പനിയാണ് അവസാനത്തെ വി.സി.ആര്‍. പുറത്തിറക്കിയത്,-1996-ല്‍.
പരിമിത ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്
പരിമിത ഓവര്‍ ക്രിക്കറ്റിന്റെ സാധ്യത പണ്ടേ തിരിച്ചറിഞ്ഞ നാടാണ് കേരളം. 1971-ല്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഔദ്യോഗിക പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരത്തിനും രണ്ടുപതിറ്റാണ്ടുമുമ്പേ കേരളം ആദ്യ ഏകദിനമത്സരം കണ്ടു...
ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി നിശ്ചിത ഓവറുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത് തൃപ്പൂണിത്തുറയിലായിരുന്നു. തൃപ്പൂണിത്തുറ രാജകുടുംബാംഗമായിരുന്ന കേരളവര്‍മ കേളപ്പന്‍ തമ്പുരാന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയില്‍ 'പൂജ ക്രിക്കറ്റ്' പിറന്നു.1951-ല്‍ ചരിത്രത്തിലാദ്യത്തെ അനൗദ്യോഗിക പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരത്തിന് തൃപ്പൂണിത്തുറ വേദിയായി. 'പൂജ അവധി'ക്കായിരുന്നു ടൂര്‍ണമെന്റ്. 50 ഓവറായിരുന്നു ഒരു ഇന്നിങ്‌സ്. അതിനും 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് 1971-ല്‍ ആദ്യത്തെ ഔദ്യോഗിക പരിമിത ഓവര്‍ മത്സരം നടന്നത്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു മത്സരം.
കേരളവര്‍മ കേളപ്പന്‍ തമ്പുരാന്‍
കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രഥമ സെക്രട്ടറിയും രഞ്ജി ടീം താരവുമായിരുന്നു രാജകുടുംബാംഗമായ കേരളവര്‍മ കേളപ്പന്‍ തമ്പുരാന്‍. അക്കാലത്ത് ഒറ്റ ഇന്നിങ്സ് ക്രിക്കറ്റ് മത്സരങ്ങള്‍ സമനിലയിലാണ് കലാശിച്ചിരുന്നത്. വൈകീട്ട് ഫലമറിയാവുന്ന കളി മതിയെന്ന് കേളപ്പന്‍ തമ്പുരാന്റെ നിലപാടില്‍നിന്നാണ് പരിമിത ഓവര്‍ ക്രിക്കറ്റ് എന്ന ആശയം പിറന്നത്.
പാട്ടുപെട്ടിയില്‍നിന്നുള്ള നാദം
ഗ്രാമഫോണ്‍ കാലത്തുനിന്ന് ആമസോണ്‍ മ്യൂസിക് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംഗീതത്തിലേക്കുള്ള പ്രയാണം
പോയകാലത്തെ സംഗീതത്തിന്റെ അടയാളപ്പെടുത്തലാണ് ഗ്രാമഫോണ്‍. സ്വര്‍ണനിറമുള്ള കോളാമ്പിയില്‍നിന്നുയരുന്ന മാസ്മരികസംഗീതം. 1940-കളിലാണ് ഗ്രാമഫോണ്‍ കേരളത്തില്‍ പ്രചാരത്തിലാകുന്നത്. അന്നുവരെയുള്ള കേള്‍വിശീലങ്ങളെ ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍ മാറ്റിമറിച്ചു. എച്ച്.എം.വി., കൊളംബിയ എന്നീ കമ്പനികളുടേതായിരുന്നു ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍ കൂടുതലും.
കോഴിക്കോടായിരുന്നു ഗ്രാമഫോണ്‍ സംഗീതത്തിന്റെ ഈറ്റില്ലം. ബാബുരാജിന്റെയും കോഴിക്കോട് അബ്ദുള്‍ഖാദറിന്റെയും പാട്ടുകള്‍ ഗ്രാമഫോണിലൂടെ ഒഴുകി. അറുപതുകളുടെ അവസാനമായപ്പോഴേക്കും ടേപ്പ് റെക്കോര്‍ഡറുകള്‍ കേരളത്തിലെത്തി. ആദ്യമൊക്കെ പണമുള്ളവന്റെ പത്രാസായിരുന്നു ടേപ്പ്. ഗള്‍ഫില്‍നിന്ന് വരുന്നവര്‍ ഫോറിന്‍ തുണിത്തരങ്ങള്‍ക്കും സ്പ്രേയ്ക്കുമൊപ്പം കൊണ്ടുവരുന്ന വി.ഐ.പി.
എങ്കിലും അവയ്ക്കും അല്‍പ്പായുസ്സായിരുന്നു. ഡിജിറ്റല്‍ യുഗം ടേപ്പിന്റെയും കാസറ്റിന്റെയും കഥകഴിച്ചുവെന്നുതന്നെ പറയാം.
മലയാളത്തില്‍ ആദ്യമായി ഓഡിയോ കാസറ്റുകള്‍ വിപണിയിലെത്തിച്ചത് ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി സ്റ്റുഡിയോ ആണ്. 1980-ല്‍ തിരുവനന്തപുരത്താണ് തരംഗിണി തുടങ്ങിയത്.
ഒഴുകുന്ന വീട്
കായലിന്റെ സൗന്ദര്യം മതിവരുവോളം നുകരുന്ന യാത്രകള്‍. ഒപ്പം നാടന്‍ഭക്ഷണവും നാട്ടുരുചികളും. കേരളത്തിലെ വിനോദസഞ്ചാര ഭൂപടത്തില്‍ വേറിട്ട സ്ഥാനമാണ് പുരവഞ്ചികള്‍ക്ക്...
കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് പുതുമുഖം സമ്മാനിച്ചത് പുരവഞ്ചികളുടെ വരവായിരുന്നു. കായലിന്റെയും പാടശേഖരങ്ങളുടെയും ഭംഗി വെള്ളത്തില്‍ ഒഴുകിനടക്കുന്ന വീട്ടിലിരുന്നെന്നപോലെ ആസ്വദിക്കാമെന്നതായിരുന്നു ഇവയുടെ ആകര്‍ഷണീയത. പുരാതനകാലം മുതല്‍തന്നെ കേരളത്തിലെ ചരക്ക് കൈമാറ്റത്തിനുപയോഗിച്ചിരുന്ന കേവുവള്ളങ്ങളാ(കെട്ടുവള്ളങ്ങള്‍)ണ് പിന്നീട് രൂപാന്തരം വന്ന് പുരവഞ്ചികളായത്. കേവുവള്ളങ്ങളെ പുരവഞ്ചികളാക്കി മാറ്റി വിനോദസഞ്ചാരത്തിനു പുത്തന്‍മുഖം നല്‍കിയത് കൊല്ലമാണ്. പിന്നീട് വേമ്പനാട്ട് കായലിലും അഷ്ടമുടിക്കായലിലും കാഴ്ചയുടെ വാതായാനം തുറന്നിട്ട് പുരവഞ്ചികളൊഴുകി. 25 ലക്ഷം മുതല്‍ ഒരുകോടിക്കു മുകളില്‍ വിലവരുന്ന പുരവഞ്ചികളുണ്ട്.
പുരവഞ്ചി റാലി
പ്രളയം തകര്‍ത്ത കായല്‍ വിനോദ സഞ്ചാര മേഖലയെ ഉണര്‍ത്താനായി ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് 2018 നവംബര്‍ മൂന്നിന് പുന്നമടക്കായലില്‍ പുരവഞ്ചിറാലി സംഘടിപ്പിച്ചത്. 220 പുരവഞ്ചികളും 100 ശിക്കാര വള്ളങ്ങളും റാലിയില്‍ പങ്കെടുത്തു. മൂവായിരത്തോളം പേരാണ് അന്ന് സൗജന്യമായി പുരവഞ്ചികളില്‍ യാത്ര ചെയ്തത്. നെഹ്രു ട്രോഫി ജലമേളയ്ക്കു മുന്നോടിയായാണ് റാലി നടത്തിയത്.
കരക്കമ്പികളുടെ കാലം
കമ്പിയില്ലാ കമ്പി വഴി വന്ന സന്ദേശങ്ങള്‍ വാട്സാപ്പിലൂടെയും എസ്.എം.എസ്സിലൂടെയും ഞൊടിയിടെ എത്തുന്ന ഡിജിറ്റല്‍ യുഗം...
വാര്‍ത്തകളും വിവരങ്ങളും ഒരുകാലത്ത് അതിവേഗം എത്തിച്ചിരുന്നത് കമ്പിയില്ലാ കമ്പികള്‍ അഥവാ ടെലഗ്രാമാണ്. അപ്രതീക്ഷിതസന്ദേശങ്ങളുമായി പോസ്റ്റ് ഓഫീസില്‍നിന്ന് കമ്പിയെത്തുമ്പോള്‍ വീട്ടുകാരുടെ നെഞ്ചിടിപ്പേറും. ഒന്നുകില്‍ വേണ്ടപ്പെട്ടവരുടെ ആരുടെയെങ്കിലും മരണം അറിയിക്കാന്‍, അല്ലെങ്കില്‍ അപകടസന്ദേശം. കത്തെഴുത്തിന്റെ കാലത്ത് കമ്പിയുടെ വരവിനെ അല്‍പ്പം പേടിയോടെയാണ് അക്കാലത്തുള്ളവര്‍ കണ്ടിരുന്നതെന്ന് ചുരുക്കം.
പോസ്റ്റ് ഓഫീസിലെ ടെലഗ്രാഫ് എന്ന ആ സംവിധാനം അടിയന്തരസന്ദേശങ്ങള്‍ അയക്കാനാണ് ഉപയോഗിച്ചിരുന്നത്. 1854-ലാണ് ഇന്ത്യയില്‍ പൊതുജനങ്ങള്‍ക്കായി ടെലഗ്രാം സേവനങ്ങള്‍ തുടങ്ങുന്നത്. 1960-കളില്‍ ടെലിപ്രിന്റര്‍ വഴിയുള്ള ടെലക്‌സ് സംവിധാനം വന്നു. കുറച്ചുകൂടി വേഗത്തിലും വിശദമായും സന്ദേശങ്ങള്‍ അയക്കാന്‍ ടെലക്‌സിലൂടെ സാധിച്ചു. ഇന്റര്‍നെറ്റിന്റെ വരവോടെ ഇ-മെയിലും വാട്സാപ്പും സ്പീഡ്‌പോസ്റ്റും കൂറിയറുമൊക്കെ വന്നു. അതോടെ ടെലഗ്രാമിന്റെയും ടെലക്‌സിന്റെയും കാലംകഴിഞ്ഞു.
കമ്പി വഴി വാര്‍ത്ത
മാതൃഭൂമിയുടെ തുടക്കകാലത്ത് പ്രധാനവാര്‍ത്തകള്‍ കമ്പിവഴി അറിയിക്കാന്‍ മുംബൈപോലുള്ള പ്രധാനസ്ഥലങ്ങളില്‍ പ്രത്യേകം ആളുകളെ ഏര്‍പ്പാട് ചെയ്തിരുന്നു. 'സ്വന്തം ലേഖകന്റെ കമ്പി' എന്ന മേല്‍ക്കുറിപ്പോടുകൂടിയായിരുന്നു ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നത്.
Content Highlights: mathrubhumi centenary celebrations special page
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..