മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ഒവി വിജയന്റെ കാർട്ടൂൺ
വരകളുടെയും ഭൂമിയാണ് മാതൃഭൂമി. 1940-കളില്‍ത്തന്നെ മാതൃഭൂമിയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. മറ്റു വിദേശ പ്രസിദ്ധീകരണങ്ങളില്‍നിന്നുള്ള കാര്‍ട്ടൂണുകളാണ് തുടക്കത്തില്‍ നല്‍കിയിരുന്നതെങ്കില്‍ 1950-കളോടെ സ്വന്തം കാര്‍ട്ടൂണിസ്റ്റുകളെക്കൊണ്ട് വരപ്പിച്ചുതുടങ്ങി. 1960-കള്‍തൊട്ട് പോക്കറ്റ് കാര്‍ട്ടൂണ്‍ തുടങ്ങി. ഇപ്പോള്‍ നാലുപതിറ്റാണ്ടിലേറെയായി ഇടവേളയില്ലാതെ പത്രത്തില്‍ പോക്കറ്റ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നു.
1945-മേയ് ഒമ്പതിനാണ് പത്രത്തില്‍ ആദ്യമായി കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്. രണ്ടാംലോക യുദ്ധത്തില്‍ ഹിറ്റ്ലര്‍ക്ക് ഏറ്റ പരാജയത്തെക്കുറിച്ചുള്ള കാര്‍ട്ടൂണാണിത്. മെയ്ന്‍ കാംഫ് എന്ന തന്റെ ആത്മകഥയ്ക്കകത്ത് അകപ്പെട്ട ഹിറ്റ്ലറുടെ ചിത്രം പല മാനങ്ങളുള്ള ചിത്രമായി. കാര്‍ട്ടൂണിസ്റ്റിന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഇല്ല.
പോക്കറ്റ് കാര്‍ട്ടൂണ്‍ സ്വഭാവത്തിലുള്ള ചിത്രീകരണം മാതൃഭൂമിയില്‍ ആദ്യം വരുന്നത് 1950 സെപ്റ്റംബര്‍ 18-നാണ്. മുരളീധര്‍ ആണ് കാര്‍ട്ടൂണിസ്റ്റ്. 1951 ജൂലായില്‍, ശങ്കേഴ്സ് വീക്കിലിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ കടപ്പാടോടുകൂടി മാതൃഭൂമിയില്‍ അച്ചടിച്ചു. 'വര്‍ഗീയവാദികളോട് പൊരുതിയേ തീരൂ' എന്ന ജവാഹര്‍ലാല്‍ നെഹ്രുവിന്റെ പ്രസ്താവനയും ഇതോടൊപ്പം വടിയും ടോര്‍ച്ച്ലൈറ്റുമായി ശത്രുക്കളെ നേരിടാനിറങ്ങുന്ന നെഹ്രുവിന്റെ ചിത്രവുമാണ് കാര്‍ട്ടൂണിന്റെ ഉള്ളടക്കം.
ശങ്കേഴ്സ് വീക്കിലിയിലെ കാര്‍ട്ടൂണ്‍ തുടര്‍ന്നും മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. 1953 നവംബര്‍ 17-ന് മലയാറ്റൂര്‍ രാമകൃഷ്ണന്റെ ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. എം.വി. ദേവന്റെ കാര്‍ട്ടൂണ്‍ സ്ട്രിപ്പ് 'ആനമുട്ട' 1953 ഡിസംബര്‍ ആറിനാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എട്ട് വ്യത്യസ്ത ദൃശ്യങ്ങളിലൂടെയുള്ള കഥാഖ്യാനമാണിത്. ഇതില്‍ സംഭാഷണങ്ങളുമുണ്ട്. ശിവറാമിന്റെ കുഞ്ഞമ്മാമന്‍ പരമ്പര 1953 ഡിസംബറില്‍ തുടങ്ങി. പോക്കറ്റ് കാര്‍ട്ടൂണിന്റെ സ്വഭാവത്തിലുള്ള പരമ്പരയായിരുന്നു ഇത്. 1957 സെപ്റ്റംബര്‍ 22 വരെ, ഞായറാഴ്ചകളില്‍, അവസാന പേജിലാണ് കുഞ്ഞമ്മാന്‍ പ്രസിദ്ധീകരിച്ചിരുന്നത്.
.jpg?$p=450eb90&&q=0.8)
ലത എന്നപേരില്‍ 1958-ല്‍ കാര്‍ട്ടൂണ്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അബു 'മേമ്പൊടി' എന്നപേരില്‍ കാര്‍ട്ടൂണ്‍ സ്ട്രിപ്പ് ഉണ്ടായിരുന്നു. 1961 മുതല്‍ 73 വരെ അരവിന്ദന്റെ 'ചെറിയ ലോകവും വലിയ മനുഷ്യരും' ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി വന്നു.
എം.വി. ദേവന്റെ ആദ്യ കാര്‍ട്ടൂണ്‍ 1959 ജൂലായ് മൂന്നിന് പ്രത്യക്ഷപ്പെട്ടു. ഇ.എം.എസ്. സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്ന കാലത്ത്, കസേരയില്‍ ആശങ്കയോടെ ഇരിക്കുന്ന ഇ.എം.എസിനെയാണ് ദേവന്‍ ചിത്രീകരിച്ചത്. അന്ത്യകാലം എന്ന തലക്കെട്ടും അര്‍ഥവത്തായി. എം.വി. ദേവന്റെ പിന്‍ഗാമിയായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആര്‍ട്ടിസ്റ്റായി എത്തിയ എ.എസ്., 1960 ജൂലായില്‍ ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. വിമോചന സമരത്തെക്കുറിച്ച് കാര്‍ട്ടൂണ്‍ പരമ്പര 13 ദിവസം തുടര്‍ച്ചയായി വന്നു.
മാതൃഭൂമിയിലെ ലക്ഷണമൊത്ത ആദ്യ പോക്കറ്റ് കാര്‍ട്ടൂണ്‍, നമ്പൂതിരിയുടെ 'നാണിയമ്മയും ലോകവും' ആണ്. 1960 ജൂലായ് 20-ന് നാണിയമ്മയും ലോകവും പ്രസിദ്ധീകരിച്ചുതുടങ്ങി. ഒ.വി. വിജയന്റെ കാര്‍ട്ടൂണ്‍ മാതൃഭൂമിയുടെ ഒന്നാംപേജില്‍ ആദ്യമായി വരുന്നത് 1962 ജൂലായ് 13-നാണ്. രാഷ്ട്രീയവും തത്ത്വചിന്തയും ഹാസ്യവും സന്ദേഹവുമെല്ലാം ഒത്തുചേര്‍ന്ന പുതിയൊരു കാര്‍ട്ടൂണ്‍ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു അത്. 'ഭാരത ദര്‍ശനം' എന്ന പേരില്‍ കേരള വര്‍മയുടെ പോക്കറ്റ് കാര്‍ട്ടൂണ്‍ ഒന്നാംപേജിലെത്തിയപ്പോള്‍ നാണിയമ്മയുടെ ലോകം ഉള്‍പ്പേജിലേക്ക് മാറി.
കാല്‍നൂറ്റാണ്ടോളം പോക്കറ്റ് കാര്‍ട്ടൂണ്‍ കൈകാര്യംചെയ്ത ബി.എം. ഗഫൂര്‍ 1966-ജനുവരിയില്‍ മാതൃഭൂമിയിലെ ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. ഗഫൂര്‍ 1975-ല്‍ 'കുട്ടന്റെ ലോകം' എന്നപേരില്‍ കാര്‍ട്ടൂണ്‍ സ്ട്രിപ്പ് തുടങ്ങി. 1980 നവംബര്‍ മൂന്നിന് 'കുഞ്ഞമ്മാന്‍' എന്ന പേരില്‍ പോക്കറ്റ് കാര്‍ട്ടൂണ്‍ തുടങ്ങി. ഒന്നാം പേജില്‍, കുഞ്ഞമ്മാന്‍ എന്ന തലക്കെട്ടിനു കീഴില്‍, എന്നും നിശ്ചിത വലുപ്പത്തില്‍, സ്ഥിരം കഥാപാത്രങ്ങളുമായി തുടങ്ങിയ കുഞ്ഞമ്മാന്‍ മാതൃഭൂമിയില്‍ എല്ലാ ലക്ഷണങ്ങളും തികഞ്ഞ ആദ്യ പോക്കറ്റ് കാര്‍ട്ടൂണായി.
2003 ഡിസംബര്‍ ആറിന് ഗോപീകൃഷ്ണന്റെ പോക്കറ്റ് കാര്‍ട്ടൂണ്‍ 'കാകദൃഷ്ടി' തുടങ്ങി. 19 വര്‍ഷമായി ഗോപീകൃഷ്ണന്റെ വരകള്‍ മാതൃഭൂമിക്കൊപ്പമുണ്ട്.
Content Highlights: mathrubhumi cartoon history


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..