മാതൃഭൂമി പഠിപ്പിച്ചത് 


3 min read
Read later
Print
Share

പ്രതീകാത്മക ചിത്രം

കേരളീയ നവോത്ഥാനത്തിന്റെ പ്രഭവസ്ഥാനങ്ങള്‍ അടയാളപ്പെടുത്തുമ്പോള്‍ പലപ്പോഴും മാതൃഭൂമിയെ കണക്കിലെടുക്കാന്‍ പലരും മറന്നുപോകാറുണ്ട്. മാതൃഭൂമിക്ക് ഒരുനൂറ്റാണ്ട് തികയുന്ന ഈ സന്ദര്‍ഭത്തിലെങ്കിലും ഈ കാര്യത്തില്‍ വീണ്ടുവിചാരം അസ്ഥാനത്താവില്ല. ഈ തുറയില്‍ മര്‍മപ്രധാനങ്ങളായ രണ്ടു സമരങ്ങളില്‍ മാതൃഭൂമിയുടെ പങ്ക് ഉദാഹരണമായെടുക്കാം. കുറെ മനുഷ്യര്‍ മറ്റുള്ളവരെ മൃഗങ്ങളെക്കാള്‍ മോശമായിക്കണ്ട കാലം നമുക്കുണ്ടായിരുന്നു. പശുവിനെ തൊട്ടാല്‍ അയിത്തമില്ല, പശുവിനെ പരിപാലിക്കുന്നവന്റെ അടുത്തുചെന്നാല്‍ പിന്നെ 'ശുദ്ധ'മാകണമെങ്കില്‍ മുങ്ങിക്കുളിക്കണം!

വയലില്‍ പണിയെടുക്കുന്നവര്‍ മുതല്‍ സമൂഹത്തെ തീറ്റിപ്പോറ്റുകയും പുലര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍വരെ അയിത്തക്കാര്‍! സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം അയിത്തക്കാര്‍! ഇവിടെമാത്രമല്ല, ഭാരതഭൂമിയില്‍ എല്ലായിടത്തും ഇങ്ങനെയായിരുന്നു. ധാന്യങ്ങള്‍ക്കും പച്ചക്കറിക്കും കോടിഉടുപ്പിനും വട്ടിക്കും കുട്ടയ്ക്കും ഓലക്കുടയ്ക്കും ചെരിപ്പിനും അയിത്തമില്ല. പക്ഷേ, ഇതെല്ലാം നിര്‍മിക്കുന്നവര്‍ അരികിലൂടെപ്പോയാല്‍ അശുദ്ധമാകും!

മേല്‍ജാതിക്കാര്‍ കുടിക്കുന്ന വെള്ളം കീഴാളര്‍ തൊടരുത്, നടക്കുന്ന വഴിയെ അവര്‍ നടക്കരുത്. അവര്‍ക്ക് ഉപയോഗിക്കാന്‍ വേറെ ഭാഷ ഉണ്ട്. വാപൊത്തി ദൂരെ മാറിനിന്നേ സംസാരിക്കാവൂ. കല്ലുകൊണ്ട് ചുവരുകള്‍ പടുത്ത വീട് ഉണ്ടാക്കരുത്. കണങ്കാല്‍ മറയുന്നവിധം മുണ്ടുടുത്ത് കാണരുത്. സ്ത്രീകള്‍ മാറും മുലയും മറയ്ക്കരുത്. എല്ലാ 'അയിത്ത'ക്കാരും ദേവാലയങ്ങളുടെ ചുറ്റുമതിലിന് പുറത്തേ നില്‍ക്കാവൂ. ദൈവത്തോട് പറയാനുള്ളതെല്ലാം അവിടെനിന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊള്ളണം. ഭിക്ഷ യാചിക്കാന്‍പോലും പടിവാതില്‍ കടന്ന് ഒരു വീട്ടിലേക്കും ചെല്ലരുത്. പുറത്തുനിന്ന് വിളിച്ചു നിലവിളിക്കണം. സ്‌കൂളില്‍ ചേര്‍ക്കില്ല, അക്ഷരം പഠിക്കരുത്.

അയിത്തത്തിനെതിരേയുള്ള യുദ്ധങ്ങള്‍

പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു. മഹാത്മാഗാന്ധിതന്നെ നേരിട്ട് സന്ധിസംഭാഷണത്തിനുവന്നിട്ടും തമ്പുരാക്കന്മാര്‍ കീഴ്ജാതിക്കാരെ വഴിനടക്കാന്‍ അനുവദിച്ചില്ല. സത്യാഗ്രഹക്കാര്‍ തോറ്റുപിന്മാറേണ്ടിവന്നു. ഇതുകഴിഞ്ഞ് ഏഴെട്ടുവര്‍ഷത്തിനുശേഷമാണ് ഗുരുവായൂര്‍ സത്യാഗ്രഹം നടക്കുന്നത്. തൊട്ടുകൂടാത്തവര്‍ക്കും തീണ്ടിക്കൂടാത്തവര്‍ക്കും അമ്പലത്തില്‍ കടന്ന് ദൈവത്തെ വണങ്ങാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു ആ യുദ്ധം. എന്നാല്‍, പിന്നീട് അവസരം കിട്ടിയിട്ടുപോലും തീണ്ടല്‍ക്കാരുടെ മഹാഭൂരിപക്ഷവും ഈ സ്വാതന്ത്ര്യം ഉപയോഗിച്ചില്ലെന്നതാണ് ഈ തമാശയുടെ കാതല്‍! ദൈവഭയം ഉണ്ടാകും എന്ന് അവര്‍ ശങ്കിച്ചു. അടിമത്തം ഇരകള്‍ക്കുപോലും അത്രയേറെ സ്വീകാര്യമായിക്കഴിഞ്ഞിരുന്നു!

സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായിരുന്ന എന്റെ അച്ഛന്‍ ഞങ്ങളുടെ ഗ്രാമത്തിലുള്ള ശാസ്താക്ഷേത്രത്തിലേക്ക് നടത്തിയ ക്ഷേത്രപ്രവേശന ഘോഷയാത്രയുടെ കഥ ആളുകള്‍ ഇപ്പോഴും പറഞ്ഞുചിരിക്കാറുണ്ട്. ജനസംഖ്യയില്‍ സവര്‍ണരെക്കാള്‍ ഇരട്ടി അവര്‍ണര്‍ ഉണ്ടായിരുന്നിട്ടും ആകെ ആറാളെമാത്രമേ അച്ഛന് ജാഥയില്‍ ചേര്‍ക്കാന്‍ കിട്ടിയുള്ളൂ. എന്നിട്ടോ? മുദ്രാവാക്യം വിളിച്ച് മുന്നില്‍നടക്കുന്ന അച്ഛന്‍ അറിഞ്ഞില്ല, പിന്നാലെയുള്ളവര്‍ ഓരോരുത്തരായി, അമ്പലം അടുക്കുംതോറും പിന്‍വാങ്ങി ഒഴിഞ്ഞുപോയത്! അമ്പലനടയില്‍ എത്തിയപ്പോള്‍ അച്ഛന്‍ മാത്രം! ഏതു മര്‍ദനവും തലമുറകളായി ഏറ്റുവാങ്ങിയാല്‍ അത് ശീലമായിപ്പോകും എന്നുതന്നെയാണ് തെളിഞ്ഞത്. അമ്പലത്തില്‍ പോകുന്നത് ദൈവത്തെ പ്രീതിപ്പെടുത്താനാണെന്നിരിക്കെ, തൊട്ടടുത്തുചെല്ലുന്നത് ദൈവത്തിന് ഇഷ്ടമാകില്ല എന്ന വിശ്വാസവും ഉണ്ടായിരിക്കെ, എങ്ങനെ അതിനു മുതിരാന്‍!

ജാതിക്ക് അതീതമായ മനുഷ്യസമത്വം

ശ്രീബുദ്ധന്‍ വിചാരിച്ചിട്ടുപോലും നടക്കാത്തകാര്യമാണല്ലോ ജാതിക്ക് അതീതമായി മനുഷ്യസമത്വം സ്ഥാപിക്കല്‍. എന്നിട്ടും എ.കെ.ജി.യെയും കെ. കേളപ്പനെയും പോലുള്ളവര്‍ ഈ ദൗത്യം ഏറ്റെടുത്തു. അക്രമമായിരുന്നില്ല, സഹനമാണ് അവര്‍ മുറയാക്കിയത്. ഇവരുടെ തലയില്‍ ദൈവകോപത്തിന്റെ ഇടിത്തീവീഴുമെന്ന് സവര്‍ണര്‍ പ്രഖ്യാപിച്ചു. നാളുകള്‍ പലതുകഴിഞ്ഞിട്ടും അത് സംഭവിക്കാത്തപ്പോഴാണ് കുറേശ്ശെ കുറേശ്ശെ അവര്‍ണര്‍ കാര്യം നേരെ ചൊവ്വേ മനസ്സിലാക്കിയത്. കേരളീയനവോത്ഥാനം ചവിട്ടിക്കയറിയ പടവുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്.

സത്യാഗ്രഹവേദിയില്‍ എന്നും വിശദീകരണപ്രസംഗങ്ങള്‍ ഉണ്ടായിരുന്നു. എ.കെ.ജി.യുടെ നര്‍മസമൃദ്ധമായ വാഗ്‌ധോരണിയെപ്പറ്റി അച്ഛന്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. കൂരമ്പുകള്‍ സഹിക്കവയ്യാതെ അദ്ദേഹത്തെ സവര്‍ണര്‍ നീണ്ട വടികള്‍ കൊണ്ടുവന്ന് അടിച്ചു. അപ്പോഴും അദ്ദേഹം ചിരിച്ചുകൊണ്ട് സംസാരം തുടര്‍ന്നു. ഈ വിവരം എങ്ങനെയോ അറിഞ്ഞ അദ്ദേഹത്തിന്റെ മൂത്തസഹോദരന്‍ നാട്ടില്‍നിന്ന് ഗുരുവായൂര്‍ അമ്പലത്തില്‍ എത്തി. അദ്ദേഹം ഒട്ടും അഹിംസാവാദി ആയിരുന്നില്ല എന്നുമാത്രമല്ല നല്ലൊരു കളരി അഭ്യാസികൂടിയായിരുന്നു. നമസ്‌കാരമണ്ഡപത്തില്‍ കിടന്ന ആവണപ്പലകയെടുത്ത് അദ്ദേഹം കണ്ണില്‍ക്കണ്ട പൂണൂല്‍ക്കാരെ മുഴുവന്‍ അടിച്ചോടിച്ചു. തുടര്‍ന്ന്, കുറേ നാളത്തേക്ക് അമ്പലം അടയ്‌ക്കേണ്ടിവന്നു. അതില്‍പ്പിന്നെ എ.കെ.ജി.യെ എന്നല്ല ഒരു സത്യാഗ്രഹിയെയും ശാരീരികമായി ഉപദ്രവിക്കാന്‍ ആരും പുറപ്പെട്ടില്ലത്രെ.

വലിയ വിജയത്തിന്റെ മുന്നോടി

ഗുരുവായൂര്‍ സത്യാഗ്രഹവും പരാജയപ്പെട്ടു എന്നാണ് ചരിത്രത്തില്‍ എഴുതിവെച്ചിരിക്കുന്നത്. ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. പക്ഷേ, സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അറിയാവുന്ന ഒരു സത്യമുണ്ട്: പെട്ടെന്ന് ഫലം കാണാതെ അവസാനിച്ച വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും കേരളീയനവോത്ഥാനത്തിന് ഒരുപോലെ വലിയ അക്കത്തൂക്കങ്ങള്‍ നല്‍കി. രോഗം പെട്ടെന്ന് മാറിയില്ലെങ്കിലും പില്‍ക്കാലത്തെ ആരോഗ്യത്തെ ഉറപ്പുവരുത്തുകയായിരുന്നു രണ്ടും. അതിനാല്‍ നമുക്ക് ഇപ്പോഴെങ്കിലും മൂന്നുകാര്യങ്ങള്‍ ചെയ്യാം: ഒന്ന്: ആ തോല്‍വി ജയമായിരുന്നു എന്ന് തിരിച്ചറിയാം. രണ്ട്: അതോടൊപ്പം, ആ വലിയ നേതാക്കളെ നന്ദിയോടെ സ്മരിക്കുകയും അവരുടെ ആദര്‍ശശുദ്ധി നമുക്ക് അന്യമായിക്കൂടാ എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യാം. മൂന്ന്: 'വിമോചന'സമരത്തിന്റെ മറ്റെല്ലാ തുറകളിലും എന്നപോലെ ഈ രണ്ടു സമരങ്ങള്‍ക്കും ഉറച്ച പിന്തുണനിന്ന മാതൃഭൂമി എന്ന മഹാപ്രസ്ഥാനത്തെ നമിക്കാം.

മനുഷ്യരും മനുഷ്യരും തമ്മില്‍ മാത്രമല്ല മനുഷ്യരും മൃഗങ്ങളും തമ്മിലും ഉച്ചനീചത്വവകതിരിവുകള്‍ അരുത് എന്നാണല്ലോ മാതൃഭൂമി പഠിപ്പിച്ചത്. മറന്നുപോകാവതാണോ ആ കാര്യം?

Content Highlights: Mathrubhumi, c radhakrishnan

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
CH Gangadharan

2 min

മയ്യഴിയുടെ സ്വന്തം സി.എച്ച്.

Jul 16, 2022


.

3 min

മാതൃഭൂമിയുടെ 'ഹൃദയം'

Mar 16, 2022


image

2 min

വാക്കേ വാക്കേ കൂടെവിടെ?

Mar 14, 2022


Most Commented