വി.കെ.എൻ.
വി.കെ.എന്‍. എന്ന മൂന്നക്ഷരത്തില്‍ പകരംവെക്കാനില്ലാത്ത എഴുത്തിന്റെ മൂവുലകവുമുണ്ട്. ഈ വി.കെ.എന്‍. എഴുതിവളര്‍ന്നത് മാതൃഭൂമിയുടെ കളരിയിലാണ്. കാലങ്ങളിലൂടെ വി.കെ.എന്‍. രചനകളുടെ രൂപാന്തരം സംഭവിച്ചതും മാതൃഭൂമിയിലൂടെത്തന്നെ.
വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായരുടെ ജന്മദേശം തിരുവില്വാമലയായിരിക്കാം. പക്ഷേ, വി.കെ.എന്‍. എന്ന എഴുത്തുകാരന്റെ ജന്മദേശം മാതൃഭൂമിയാണ്. മരണംവരെ മാതൃഭൂമിയുടെ എല്ലാ ഋതുക്കളിലും വി.കെ.എന്‍. കൃതികള്‍ വിളഞ്ഞു.
1953 ജൂലായ് 19-ന് പ്രസിദ്ധീകരിച്ച 'ബുഷ്‌കോട്ട് എന്ന ഫാഷന്‍' ലേഖനത്തിലൂടെയാണ് ആഴ്ചപ്പതിപ്പുമായുള്ള ആദ്യ ബന്ധം. അതേവര്‍ഷം ഒക്ടോബര്‍ നാലിന് 'പരാജിതന്‍' എന്ന ആദ്യ ചെറുകഥയും ഡിസംബര്‍ 20-ന് വി.കെ.എന്നെ കഥാകൃത്തായി ഉറപ്പിച്ച 'വിവാഹപ്പിറ്റേന്ന്' എന്ന ചെറുകഥയും ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചു.
പക്ഷേ, വാരാന്തപ്പതിപ്പിലായിരുന്നു ആദ്യ രചനാ പരീക്ഷണം. ചില രാഷ്ട്രീയ നര്‍മലേഖനങ്ങളും ശാസ്ത്രക്കുറിപ്പുകളും വി.കെ.എന്‍. വാരാന്തപ്പതിപ്പിന് നിരന്തരം അയച്ചുകൊണ്ടിരുന്നു. മടക്കത്തപാലില്‍ത്തന്നെ അവ വിശന്നുവലഞ്ഞ് തിരിച്ചെത്തും. മീനില്ലെങ്കിലും ചൂണ്ടയില്‍ കുടുങ്ങിയ ഞണ്ടിനെപ്പോലെ, അച്ചടിച്ച ഒരു കടലാസും ഒപ്പമുണ്ടാകും. സ്ഥലപരിമിതികാരണം താങ്കളുടെ ലേഖനം ഉള്‍പ്പെടുത്താന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... ഈ ഞണ്ടിന്റെ ഇറുക്കല്‍ വി.കെ.എന്ന് ദുസ്സഹമായി.
അക്കാലം അരീക്കോട് ദേവസ്വത്തിലാണ് വി.കെ.എന്ന് ഉദ്യോഗം. സ്ഥിരമായി അവിടെ കുളിച്ചുതൊഴുതിരുന്ന ചെറുപ്പക്കാരന്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായ വി.എം. കൊറാത്തായി. അന്ന് വി.കെ.എന്‍. വേലായുധമേനോനോടു പറഞ്ഞു, 'പത്രത്തിലെ സ്ഥലപരിമിതി മനസ്സിലായി. പക്ഷേ, എന്റെ ലേഖനം പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കരുതെന്ന് പത്രാധിപരോട് പ്രത്യേകം പറയണം. സഹിക്കില്ല. ഞാനല്ലേ ഖേദിക്കേണ്ടത്'.
കാലാന്തരേ കൊറാത്ത് വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനായതോടെ ഞണ്ടിറുക്കലിന് ശമനമായി.
തട്ടകം ഡല്‍ഹിയില്‍
1959-ല്‍ ഡല്‍ഹിയിലെത്തിയതോടെ തലസ്ഥാന പത്രമോഫീസുകളിലെ ചവറ്റുകൊട്ടകളായി വി.കെ.എന്റെ രത്‌നഖനികള്‍. ജോലിയില്‍ പത്രപ്രവര്‍ത്തകനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ജേണലിസ്റ്റിക് സ്‌കില്‍ അവിടെ പ്രവര്‍ത്തിച്ചു. സബ് എഡിറ്റര്‍മാര്‍ ചുരുട്ടിക്കൂട്ടി വലിച്ചെറിയുന്ന ടെലിപ്രിന്റര്‍ കഥകളെ വി.കെ.എന്‍. എടുത്തു വളര്‍ത്തുന്നു. ഒന്നാന്തരം ഉരുപ്പടികളാക്കുന്നു. മുഖ്യധാരാ വിഷയങ്ങള്‍ക്ക് പുറത്തുള്ള കയ്യാലപ്പുറ വാര്‍ത്തകളായിരുന്നു പലതും. ഇവയെ കോളങ്ങളിലാണ് വി.കെ.എന്‍. സ്ഫുടം ചെയ്തത്. ഒപ്പം ഒ.വി. വിജയന്റെ കാര്‍ട്ടൂണുമുണ്ടാകും. പല കാലങ്ങളിലായി പയ്യന്റെ ഡയറി, ഡല്‍ഹി ഡയറി, നെല്ലും പതിരും, സണ്‍ഡേ നോട്ട്ബുക്ക് എന്നിങ്ങനെ നാലു കോളങ്ങള്‍. സ്‌പോര്‍ട്സ് മാസികയിലും ഇടവേളകളില്‍ ബൗളറെ ഏറാടിയും ബാറ്റ്സ്മാനെ അടിയോടിയുമാക്കി ക്രിക്കറ്റു കളിച്ചു.
എലിസബത്ത് രാജ്ഞിയുടെ ഡല്‍ഹി സന്ദര്‍ശനം, ഇറ്റാലിയന്‍ നോവലിസ്റ്റ് മൊറേവിയയുടെ പത്രസമ്മേളനം, കൊണാട്ട് പ്ലേസിലെ കാടുവെട്ടിത്തെളിച്ച് നടന്ന എക്‌സിബിഷന്‍ (ആരോഹണം നോവലില്‍ ഇവിടെ വെച്ചാണ് പയ്യന്‍ സുനന്ദയെ പരിചയപ്പെടുന്നത്) ക്രൂഷ് ചേവിന്റെ പാന്റിന്റെ മൂടുകീറിയത് ബി.ബി.സി. ഉടനെ പ്രക്ഷേപണം ചെയ്ത് ലോകത്തെ അറിയിച്ചത്, ടോള്‍സ്റ്റോയിയുടെ അമ്പതാം ഓര്‍മദിനത്തില്‍ നെഹ്രുവിന്റെ പ്രസംഗം... ഇതെല്ലാം കോളത്തിലും പുറത്തും വി.കെ.എന്‍. മാതൃഭൂമി വായനക്കാര്‍ക്ക് നല്‍കി.
നെഹ്രുവിന്റെ മരണം
1964 മേയ് 27-ന് നെഹ്രുവിന്റെ മരണം ഇന്ത്യാ ചരിത്രസംഗ്രഹം എന്ന മട്ടിലാണ് വി.കെ.എന്‍. എഴുതുന്നത്. മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുംമുമ്പ് പെയ്ത മഴയില്‍ ആര്‍ത്തലച്ച ഡല്‍ഹിത്തെരുവുകള്‍, റേഡിയോക്കു ചുറ്റും തിക്കിത്തിരക്കി നില്‍ക്കുന്ന ജനം, പത്രമാപ്പീസിലെ ടെലിഫോണിലും കമ്പിസന്ദേശങ്ങളിലും ഉരുണ്ടുകൂടിയ വിധിയുമായുള്ള മുഖാമുഖം...
അറിഞ്ഞവര്‍, കേട്ടവര്‍ കിട്ടിയ വാഹനത്തില്‍, സൈക്കിളില്‍, കാറില്‍, ബസില്‍, കാല്‍നടയും പാച്ചിലുമായി തീന്‍മൂര്‍ത്തി ഭവനിലേക്ക്... രാഷ്ട്രം എവിടെ ജീവിച്ചിരുന്നുവോ അവിടേക്ക്... എന്നാണ് വി.കെ.എന്‍. എഴുതിയത്.
നെല്ലും പതിരും
മാതൃഭൂമിയെ പ്രൊഫഷണല്‍ പത്രമാക്കിയ വി.പി. രാമചന്ദ്രന്‍ എഡിറ്ററായിരുന്ന കാലത്താണ് 'നെല്ലും പതിരും' എന്ന കോളം വി.കെ.എന്‍. എഴുതുന്നത്. വാര്‍ത്തകള്‍ക്ക് കമന്റ് എന്ന രീതിയിലായിരുന്നു.
'പോലീസ് ആകാശത്തേക്ക് വെടിവെച്ചാല്‍ ജനം വിരളുമോ?' -പ്രതിപക്ഷം. 'ഇല്ല ആകാശം വിരണ്ട് താഴെവരും' എന്ന് കമന്റ്.
ഡല്‍ഹിയിലെ പോക്കറ്റടിക്കാരെപ്പറ്റി ഒരു ലേഖനമുണ്ട്. മലയാളിയുടെ പോക്കറ്റടിച്ചാലോ എന്ന് കൂട്ടത്തില്‍ ചിന്തിക്കുന്നു. എന്തുകിട്ടും. വെറും കൈ. അല്ലാച്ചാല്‍ ഒരു കഷണം ബീഡി. ചിലപ്പോള്‍ ഒരു ചെറുകഥ, പ്രസ്താവന, അങ്ങേയറ്റം ഒരു മുദ്രാവാക്യം.
പോക്കറ്റടിക്കാരായ ദമ്പതിമാര്‍ക്ക് ശിശു ജനിച്ചു. പക്ഷേ, ഒരു മുഷ്ടി ചുരുട്ടിപ്പിടിച്ചിരിക്കുന്നു. വിപ്‌ളവകാരിയാണോ, പല വിദഗ്ധരെയും കാണിച്ചു മുഷ്ടി തുറപ്പിക്കാന്‍ കഴിഞ്ഞില്ല. കൊതിച്ചുണ്ടായ മകന്‍ ഇങ്ങനെയായല്ലോ. അടിച്ച പോക്കറ്റുകളുടെ ശാപമായിരിക്കാം എന്ന് ദമ്പതിമാര്‍ തമ്മില്‍ പറഞ്ഞു. ഒരുദിവസം അച്ഛന്‍ പോക്കറ്റടിച്ച സ്വര്‍ണവാച്ചെടുത്ത് കുട്ടിയെ കളിപ്പിക്കുകയാണ് അവന്‍ വാച്ചിനു കൈനീട്ടി. മുഷ്ടി തുറന്നു. അദ്ഭുതം അവന്റെ തുറന്ന മുഷ്ടിയിലതാ വയറ്റാട്ടിയുടെ വിവാഹമോതിരം! അപ്പോഴാണ് ദമ്പതിമാര്‍ക്ക് സമാധാനവും ശിശു ഭാവിവാഗ്ദാനവുമായത്. വി.കെ.എന്‍. ശൈലിയുടെ അപഭ്രംശങ്ങള്‍ ആദ്യകാല രചനകളില്‍പ്പോലും കാണാം.
ആഴ്ചപ്പതിപ്പ് കഥകളിലാണ് വി.കെ.എന്‍. - നമ്പൂതിരി രസതന്ത്രം രൂപപ്പെടുന്നത്. കഥയ്ക്ക് വരയോ, വരയ്ക്ക് കഥയോ, 'വി.കെ.എന്‍. എന്റെ കഥാകൃത്ത്' എന്ന് നമ്പൂതിരിയും 'നമ്പൂതിരിയുടെ വരകള്‍ക്കുള്ള അടിക്കുറിപ്പാണ് എന്റെ കഥ' എന്ന് വി.കെ.എന്നും പരസ്പരം പഴിചാരുന്ന അവസ്ഥ! എ.എസ്. നായര്‍ക്ക് വരയ്ക്കാന്‍ വീതംകിട്ടുന്ന വി.കെ.എന്‍. കഥ താന്‍ വരച്ചോ അതാ നല്ലത് എന്നുപറഞ്ഞ് നമ്പൂതിരിയുടെ മേശയില്‍ കൊണ്ടുവെക്കുന്ന എ.എസിനെ കണ്ടവരുണ്ട്.
വി.കെ.എന്റെ കഥ, നോവലാദികള്‍ മാത്രമല്ല, മാതൃഭൂമി ആധാരത്തിലുള്ളത്. പ്രധാന ഫോട്ടോകള്‍, മാതൃഭൂമി ആസ്ഥാനങ്ങളിലും എം.എം. പ്രസ് കാര്‍ഷെഡിലും അകം മുറികളിലുമാണ്. വി.കെ.എന്‍. മാതൃഭൂമിയിലെത്തുന്ന തക്കത്തില്‍ സ്ഥലത്തെ പല പ്രസിദ്ധ ഫോട്ടോഗ്രാഫര്‍മാരും യാദൃച്ഛികമെന്നോണം ഓഫീസിലെത്തുമായിരുന്നു. വീട്ടിലെ ബനിയനും മുഷിവും മറ്റുമല്ല, പാന്റും ഷര്‍ട്ടും പൈപ്പുമുണ്ടാവും. ഷേവു ചെയ്തിരിക്കും.
അവിടേക്കു നോക്കൂ, ഇങ്ങനെയിരിക്കൂ തുടങ്ങിയ നിര്‍ദേശങ്ങള്‍ അനുസരിക്കും. പൈപ്പ് വലിക്കുന്ന പ്രസിദ്ധചിത്രം കൊച്ചിയിലെ മാതൃഭൂമി സന്ദര്‍ശനത്തില്‍ ഞാന്‍ പൗലോസേട്ടനെക്കൊണ്ട് എടുപ്പിച്ചതായിരുന്നു. തറവാട്ടില്‍ ചെല്ലുന്ന പ്രതീതി എന്നത് ഒരു ശൈലിയല്ല. ശ്വാസമെടുക്കാന്‍ തിരിച്ചുവരുന്ന ഓര്‍മയാണ്- വി.കെ.എന്റെ ഓരോ മാതൃഭൂമി സന്ദര്‍ശനത്തെയും അങ്ങനെ വിശേഷിപ്പിക്കാനാണ് തോന്നുന്നത്.
വി.കെ.എന്‍.
കഥാ സാഹിത്യത്തിലെ ഹാസ്യജീനിയസ്
1932 ഏപ്രില്‍ ആറിന്
തിരുവില്വാമലയില്‍ ജനിച്ചു
ആദ്യകഥ 'വിവാഹപ്പിറ്റേന്ന്'
മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്
പ്രസിദ്ധീകരിച്ചത്
1982-ല്‍ 'പയ്യന്‍ കഥകള്‍'ക്ക്
കേന്ദ്രസാഹിത്യ അക്കാദമി
അവാര്‍ഡ്
2004 ജനുവരി 25-ന് അന്തരിച്ചു
Content Highlights: mathrubhumi 100 yeras k raghunadhan writes about VKN


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..