ടി. പത്മനാഭൻ
ഞാന്‍ ആദ്യമായി കോഴിക്കോട് കാണുന്നത് എലിമെന്ററി സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്; ഒരു ബന്ധുവീട്ടിലെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍. അന്ന് കല്യാണക്കാര്യത്തിലുമുപരിയായി എന്റെ മനസ്സിലുണ്ടായിരുന്നത് 'മാതൃഭൂമി' കാണുക എന്ന ആഗ്രഹമായിരുന്നു. അതുകൊണ്ട് എത്തിയദിവസംതന്നെ 'മാതൃഭൂമി'യിലേക്ക് ചെന്നു. വഴി നിശ്ചയമുണ്ടായിരുന്നില്ല. ചോദിച്ചുചോദിച്ച് പോയി.
അന്ന് മാതൃഭൂമിയുടെ താഴത്തെ നിലയിലായിരുന്നു പുസ്തകവില്‍പ്പനശാല. കുറെനേരം അവിടെയൊക്കെ നോക്കിനിന്നശേഷം രണ്ടുപുസ്തകങ്ങള്‍ വാങ്ങി -പഴശ്ശിരാജയെക്കുറിച്ച് കല്പന കൃഷ്ണമേനോന്റെ ഒരു നാടകവും എം.ആര്‍. നായരുടെ ഒരു കവിതാസമാഹാരവും. രണ്ടും ഏറെക്കാലം എന്റെ ശേഖരത്തിലുണ്ടായിരുന്നു. എം.ആര്‍. നായരുടെ (പില്‍ക്കാലത്തെ സഞ്ജയന്‍) കവിതയിലെ വരികള്‍ മനസ്സില്‍ എന്നേക്കുമായി പതിഞ്ഞു.
പിന്നീട് ഞാന്‍ മാതൃഭൂമിയില്‍ ചെല്ലുന്നത് പുസ്തകം വാങ്ങാനായിരുന്നില്ല. എന്റെ കഥയുടെ സ്‌ക്രിപ്റ്റ് കൊടുക്കാനായിരുന്നു. 1950-ല്‍. അന്ന് ഞാന്‍ മംഗലാപുരം ഗവണ്‍മെന്റ് കോളേജില്‍ വിദ്യാര്‍ഥിയായിരുന്നു. ആ കാലത്ത് മംഗലാപുരം ടൗണില്‍ വസൂരിയുടെ ഭീകരമായ വിളയാട്ടമുണ്ടായി. ഉറുവയിലെ കടല്‍ത്തീരത്തെ ഐസൊലേഷന്‍ ആശുപത്രിയില്‍ വസൂരി ബാധിതനായി ഞാനും കുറെദിവസങ്ങള്‍ ചെലവഴിച്ചു. അക്കാലത്തെ അനുഭവങ്ങള്‍ 'ത്യാഗത്തിന്റെ രൂപങ്ങള്‍' എന്ന പേരില്‍ ഒരു കഥയായി രൂപാന്തരപ്പെട്ടു.
ആ കൊല്ലത്തെ മധ്യവേനല്‍ അവധിക്കാലത്ത് എനിക്ക് കോഴിക്കോട്ടേക്ക് പോകേണ്ടതുണ്ടായിരുന്നു. 'ത്യാഗത്തിന്റെ രൂപങ്ങളു'ടെ സ്‌ക്രിപ്റ്റ് ഞാന്‍ കൈയില്‍ കരുതി. തപാലിലയക്കാതെ പത്രാധിപര്‍ക്ക് നേരിട്ടുകൊടുക്കുകയായിരുന്നു ഉദ്ദേശ്യം. അന്നേയ്ക്ക് സാമാന്യം അറിയപ്പെടുന്ന കഥാകൃത്തായി മാറിക്കഴിഞ്ഞിരുന്നു ഞാന്‍. പക്ഷേ, ഒരു കഥയും മാതൃഭൂമിയില്‍ വന്നിരുന്നില്ല. അയക്കാത്തതുകൊണ്ടായിരുന്നില്ല, അയച്ചതൊക്കെ തിരിച്ചുലഭിക്കാനായിരുന്നു യോഗം.
മാതൃഭൂമിയുടെ മുകള്‍നിലയിലായിരുന്നു പത്രാധിപര്‍ കെ.എ. ദാമോദരമേനോന്റെ മുറി. ഞാന്‍ ചെല്ലുമ്പോള്‍ എന്തോ എഴുതുകയായിരുന്നു. ശബ്ദം കേട്ടപ്പോള്‍ അദ്ദേഹം തലയുയര്‍ത്തി നോക്കിയെങ്കിലും ഒന്നും പറയാതെ എഴുത്തുതുടര്‍ന്നു.
ഞാന്‍ ധൃതിയില്‍ കഥയുടെ കവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍വെച്ചശേഷം പുറത്തേക്കുകടന്നു. പുതുതായി ജോലിയില്‍ ചേര്‍ന്ന ഏതെങ്കിലുമൊരു ഓഫീസ്ബോയ് ആയിരിക്കുമെന്ന് ദാമോദരമേനോന്‍ കരുതിക്കാണും. അതെന്തായാലും ആ കോഴിക്കോടുയാത്ര വിഫലമായില്ല. സ്‌ക്രിപ്റ്റ് കൊടുത്തതിന്റെ മൂന്നാമത്തെ ആഴ്ച 'ത്യാഗത്തിന്റെ രൂപങ്ങള്‍' മാതൃഭൂമിയില്‍ അച്ചടിച്ചുവന്നു. കഥയ്ക്ക് പ്രതിഫലവും വൈകാതെ കിട്ടി. ഏഴര ഉറുപ്പിക! അന്നനുഭവിച്ച സന്തോഷം വിവരിക്കാന്‍ ഇന്നും വാക്കുകളില്ല. കൂട്ടുകാര്‍ക്കൊക്കെ കോളേജിനുമുമ്പിലുള്ള 'രാംഭവനി'ല്‍നിന്ന് കാപ്പിയും മസാലദോശയും വാങ്ങിക്കൊടുത്തു.
'52-ലാണ് മംഗലാപുരത്തെ വിദ്യാര്‍ഥിജീവിതം അവസാനിച്ചത്. ഈ കാലയളവില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'ശേവൂട്ടി', 'ഒരു കൂമ്പുകൂടി കരിയുന്നു', 'കൊടപ്പാന ദെപ്പരയുണ്ടാ', 'മനുഷ്യന്‍ ഹാ! എത്ര മഹത്തായ പദം' തുടങ്ങി ഒട്ടേറെ കഥകളെഴുതി. 1950-ല്‍ ആരംഭിച്ച ബന്ധം 2022-ലും തുടരുന്നു. മാതൃഭൂമിയില്‍വന്ന ആദ്യത്തെ കഥയായ 'ത്യാഗത്തിന്റെ രൂപങ്ങള്‍' എഴുതുമ്പോള്‍ വയസ്സ് 20. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ആഴ്ചപ്പതിപ്പിന്റെ നവതി പതിപ്പില്‍ 'കേളപ്പന്‍ എന്ന അനുഭവം' എഴുതുമ്പോള്‍ വയസ്സ് 93!
തിരിഞ്ഞുനോക്കുമ്പോള്‍ സന്തോഷംമാത്രമല്ല അഭിമാനവുമുണ്ട്, ഏറെയേറെ...
കെ.പി. കേശവമേനോനും കെ. കേളപ്പനും കെ. മാധവന്‍നായരും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് 100 കൊല്ലങ്ങള്‍ക്കുമുമ്പ് മാതൃഭൂമി ദിനപത്രം സ്ഥാപിച്ചത്. ഗാന്ധിജിയായിരുന്നു മാര്‍ഗദീപം. പത്തുകൊല്ലത്തിനുശേഷം ആഴ്ചപ്പതിപ്പും തുടങ്ങി. മലയാള സാഹിത്യത്തിന്റെയും ഭാഷയുടെയും വളര്‍ച്ചയില്‍ ആഴ്ചപ്പതിപ്പ് വഹിച്ച വലിയ പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല; പ്രത്യേകിച്ചും ദീര്‍ഘകാലം അതിന്റെ അമരക്കാരനായിരുന്ന എന്‍.വി. കൃഷ്ണവാരിയരുടെ സേവനങ്ങള്‍.
മാതൃഭൂമിയെ ഇന്ത്യക്കുവെളിയിലും ശാഖകളുള്ള മഹാപ്രസ്ഥാനമാക്കി വളര്‍ത്തിയത് എം.പി. വീരേന്ദ്രകുമാറാണ്. ഈ വലിയ മനുഷ്യനും മാതൃഭൂമിയും തമ്മിലുണ്ടായ ബന്ധം കാലത്തിന്റെ മഹത്തായ നിയോഗംതന്നെ. വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കുമുമ്പില്‍ ഞാന്‍ നമിക്കുന്നു. നൂറുവര്‍ഷം തികയ്ക്കുന്ന മാതൃഭൂമിക്ക് എല്ലാ മംഗളാശംസകളും നേരുന്നു.
Content Highlights: mathrubhumi 100 years t padmanabhan writes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..