.jpg?$p=eb758f7&f=16x10&w=856&q=0.8)
ഡോ. സുലോചന നാലപ്പാട്ട്, വി.എം നായർ, ബാലാമണിയമ്മ
ജീവിതത്തില്‍ എന്റെ വളര്‍ച്ചയ്ക്കും വിദ്യാഭ്യാസത്തിനുമായി കര്മദേവതമാര് ഒരുക്കിത്തന്ന പല കുടുംബങ്ങളില്‍ ഒന്നാണ് മാതൃഭൂമി. അവിടെനിന്ന് ഏറെദൂരം സഞ്ചരിച്ചിരിക്കുന്നു നാലപ്പാട്ട് സുലോചന എന്ന ഞാന്‍. എങ്കിലും ആ പഴയ പട്ടത്തിന്റെ നൂല് പൊട്ടിയിട്ടില്ലെന്നറിയുന്നു. ആ നൂലിന്മേല് കണ്ണാടിത്തരികള് ചേര്‍ത്ത് പുരട്ടിയ പശ ഇമ്മിണി കട്ടിയാണെന്നേ...
സുലുവെന്ന സുലോചനയാണ് ഞാന്‍. എന്റെയച്ഛന് വി.എം. നായര്‍, 1952-ല്‍ കൊല്‍ക്കത്തയിലെ വാള്‍ഫോര്‍ഡ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍നിന്ന് വിരമിച്ച് പുന്നയൂര്‍ക്കുളത്തെത്തി. ഭാര്യ ബാലാമണിയമ്മയുടെ വീടായ നാലപ്പാട്ടിന്റെ പടിഞ്ഞാറെ പറമ്പില്‍ വീടുവെച്ച് വിശ്രമജീവിതം തുടങ്ങി. അത് അധികകാലം നീണ്ടില്ല. കെ.പി. കേശവമേനോന് രണ്ടുകൊല്ലത്തേക്ക് ഹൈക്കമ്മിഷണറായി സിലോണിലേക്ക് പോയപ്പോള്‍ അച്ഛന് കോഴിക്കോട്ടെത്തി മാതൃഭൂമി പത്രാധിപസ്ഥാനം ഏറ്റെടുത്തു. എനിക്കന്ന് 12 വയസ്സ്. രണ്ടുകൊല്ലം ബിലാത്തികുളത്തെ വീട്ടില്‍ താമസിച്ച് പ്രോവിഡന്‍സ് സ്കൂളില്‍ പഠിച്ചു, മാതൃഭൂമിക്കാരെ പരിചയപ്പെട്ടു. കേശവമേനോന് മടങ്ങിയെത്തിയപ്പോള്‍ ഞങ്ങള്‍ മറ്റൊരു വീട്ടിലേക്കു മാറി. പിന്നീട് പല മാതൃഭൂമി വാടകവീടുകളിലും അച്ഛനുമമ്മയും താമസിച്ചിട്ടുണ്ട്.
ഒരേയൊരു മാനേജര്‍
എന്റെ മാതൃഭൂമികുടുംബത്തില് ഹൃദയസ്ഥാനത്ത്, ഇളം ചൂടും വെളിച്ചവും ചൊരിഞ്ഞുനില്ക്കുന്നു നാഴിയത്ത് കൃഷ്ണന്‍നായര്‍ എന്ന കര്‍മയോഗി. എന്റെ ഭര്‍ത്താവ് ഉണ്ണിയുടെ അച്ഛനാണ് അദ്ദേഹം. കൃഷ്ണന്‍നായര്‍ എന്നാല്‍, മാനേജര്‍ എന്നര്‍ഥം. എന്റെ ചെറിയ മകള്‍ അമ്മു ബെംഗളൂരുവില്‍ ഓറക്കിള്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്നു. മോളൊരിക്കല് ഫോണ്ചെയ്തറിയിച്ചു, 'അമ്മേ ഞാന്‍ മാനേജരായി ട്ടോ...' ഞാന്‍ പറഞ്ഞു 'അത് ശരിയാവാന്‍ വഴിയില്ല മോളേ, ഒരേയൊരു മാനേജരേ ഉള്ളൂ, മോള്‍ടെ അച്ചാച്ചന് കൃഷ്ണന് നായര്‍'. അദ്ദേഹമൊരിക്കലും ജനറല്‍ മാനേജരോ, വൈസ് പ്രസിഡന്റോ, മാനേജിങ് ഡയറക്ടറോ ആയില്ല, അത്തരമൊരു പടികയറ്റം അദ്ദേഹത്തിന് അജ്ഞാതമായിരുന്നു. പതിനെട്ടാം വയസ്സില്‍ കുറൂര്‍ നമ്പൂതിരിപ്പാട് മാനേജരാക്കിയതാണ്. അച്ഛന് ജീവിതത്തിന്റെ പതിനെട്ടാം പടി, വാറുപൊട്ടാറായ റബ്ബര്‍ ചെരിപ്പിട്ട് അത്യുത്സാഹത്തോടെ കയറി. കാലത്ത് കൃത്യം ഒമ്പതു മണിക്ക് ഭാര്യ അമ്മുക്കുട്ടിയമ്മ വിളമ്പിക്കൊടുത്ത ചോറുണ്ട്, കണ്ണന് ഓടിക്കുന്ന കറുത്ത മോറിസ് കാറില്‍ മാതൃഭൂമിയിലേക്കുപോകും. ഉച്ചയ്ക്ക് ഓഫീസ് കാന്റീനില്‍നിന്ന് ചായയും വടയും, വൈകുന്നേരം വീട്ടിലേക്ക് മിക്കവാറും നടക്കുകയേ ഉള്ളൂ. രാത്രി പാല്ക്കഞ്ഞിയാണ്, കൂട്ടത്തില്‍ കൃത്യമായി എണ്ണിയെടുത്ത എട്ടുമണി കടലയും കഴിക്കും. എട്ട് കടലമണികളുടെ കണക്ക് മറ്റാര്‍ക്കുമറിയില്ല.
പല ഞായറാഴ്ചകളിലും മാതൃഭൂമികുടുംബത്തിന്റെ ഉച്ചഭക്ഷണം ശ്രീപാദം എന്ന ഞങ്ങളുടെ വീട്ടിലാവും. മാനേജര്‍ വിളിച്ചുപറയും നാളെ ഉച്ചയ്ക്ക് ഇവിട്യാവാം. കേശവമേനോന് ആരായും, എന്തൊക്ക്യാ വിഭവങ്ങള്‍. ലിസ്റ്റ് തയ്യാറായാല്‍ അമ്മുക്കുട്ടിയമ്മ എന്ന മാറ്റപ്പേരുള്ള അന്നപൂര്‍ണേശ്വരി, അവിയലിനുള്ള കഷണങ്ങള്‍ നുറുക്കാനിരിക്കും. വലിയമേശയ്ക്കു ചുറ്റുമിരുന്ന് ഊണു കഴിക്കുമ്പോള്‍ തൊട്ടുപിന്നില്‍ നിലയുറപ്പിച്ച ശ്രീനിവാസനോടദ്ദേഹം ചോദിക്കും, ''ശ്രീനിവാസാ, അവീലെവടെ...'' ചിലപ്പോള്‍ മാധവമേനോനും കുട്ടിമാളുവമ്മയുമുണ്ടാവും. വളരെ വെടിപ്പായി ഭക്ഷണം കഴിക്കുന്നയാളാണ് മാധവമേനോന്. ഇലയില്‍ ബാക്കിയായി മുരിങ്ങക്കായയുടെ തോലോ കറിവേപ്പിലയോ മാത്രമേ കാണൂ. ഏറ്റെടുത്ത കര്‍മം വെടിപ്പായി മുഴുമിപ്പിക്കുകതന്നെ വേണം. ആ ദമ്പതിമാരുടെ ഒരു കഥയുണ്ട്. മിക്കപ്പോഴും പല ജോലിയായി രണ്ടുപേരും രണ്ടുവഴിക്ക് പോകുന്നവരാണ്. ഒരുദിവസം മാധവമേനോന് പത്രം തുറന്നപ്പോള്‍ കുട്ടിമാളുവമ്മയുടെ ഫോട്ടോ കണ്ട് ' അ ആാ ഓപ്പ മരിച്ച്വോ' എന്നു ചോദിച്ചുവെന്ന്. അദ്ദേഹംതന്നെ പറഞ്ഞ കഥയാണ്.
ഏറ്റവുമടുത്ത സുഹൃത്തുക്കള്‍
ശ്രീപാദം ദമ്പതിമാരുടെ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ കുഞ്ഞപ്പനായരും ദേവിയമ്മയുമായിരുന്നു. മക്കള്‍ ലക്ഷ്മി, മീര. പല യാത്രകളും അവരൊരുമിച്ചാണ്. കയറിയെത്തും മുമ്പുതന്നെ ദേവിയമ്മയുടെ ചിരികൊണ്ട് അവരെത്തിയെന്നറിയാം. കേളപ്പന്റെ മരുമകളാണവര്. ഉണ്ണിയുടെ അമ്മ, കുട്ടിമാളുവമ്മ, ദേവിയമ്മ എന്നിവര്‍ യാത്രകളില്‍ നേരിയ ഖാദി വേഷ്ടികളാണ് ധരിക്കുക. വേഷ്ടിയുടെ വക്കത്ത് കൊച്ചുകൊച്ചു പൂക്കളും വള്ളികളും പെയിന്റുചെയ്തിരിക്കും. കോഴിക്കോട്ടുള്ള ഒരഗതിമന്ദിരത്തിലെ അന്തേവാസികള്‍ ഉണ്ടാക്കുന്നതാണവ. നമ്മള് തുണി വാങ്ങി അവിടെ ഏല്‍പ്പിച്ചാല്‍ മതി. ഇവിടെ ഇഷ്ടസ്മരണകളുടെ നിലവറയില്‍ നിന്നുയരുന്നുണ്ട് ലീലാ ദാമോദരമേനോന്റെ വളകിലുക്കച്ചിരി...
എന്റെ ജീവിതത്തില്‍ രണ്ട് അച്ഛന്മാര് സ്നേഹാനുഗ്രഹങ്ങള്‍ ചൊരിഞ്ഞുകൊണ്ട് ഇരുധ്രുവങ്ങളില്‍ നിന്നു. കാല്‍വഴുതുമ്പോള്‍ പിടിച്ചുയര്‍ത്തി, കരയാന്‍ ശക്തമായ തോള് തന്നു. അവര്‍ രണ്ടുപേരും മാതൃഭൂമിക്കാരായിരുന്നു. ഞാന്‍ സെക്കന്‍ഡ് ഫോമില്‍ പഠിക്കുമ്പോളാവണം ഒരു ഞായറാഴ്ച രാവിലെ കൃഷ്ണന്‍നായര്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. അവര്‍ തമ്മിലുള്ള സംസാരം ഞാന്‍ കേള്‍ക്കാനിടയായി. കമ്മിഷന് എന്നും എന്താപ്പൊ ചിയ്യാ എന്നും പറയുന്നതുകേട്ടു. കമ്മിഷന് പരിശുദ്ധനല്ല, സാത്താന്റെ സന്തതിയാണെന്നുമാത്രം മനസ്സിലായി. ജര്‍മനിയില്‍നിന്ന് മാതൃഭൂമിയിലേക്കുള്ള ഒരു മികച്ച റോട്ടറി പ്രസ്സ് മദിരാശിയില്‍ വന്നുകിടക്കുന്നുണ്ട്. കമ്മിഷന് ആണ് അതിങ്ങോട്ടെത്താനുള്ള തടസ്സം. പ്രതിസന്ധികളെ തരണംചെയ്ത് അവനെത്തി. മിടുക്കനായി ത്വരിതതാളത്തില് പണിയെടുക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛന് എന്നെയും കൊണ്ടുപോയി കാണിച്ചു. ഏറെക്കാലത്തിനുശേഷം ആഴ്ചപ്പതിപ്പിന് കളര്‍പ്രിന്റര്‍ വന്നതും ഞാന്‍ പോയി കണ്ടിട്ടുണ്ട്.
.jpg?$p=9745ddf&w=610&q=0.8)
ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നല്ല അടുപ്പമായിരുന്നു. ഞാനും ഉണ്ണിയും തമ്മില്‍ ഒന്നരവയസ്സ് വ്യത്യാസമേ ഉള്ളൂ. അതെങ്ങനെയോ സംഭവിച്ചു എന്നേ പറയേണ്ടൂ. കൃഷ്ണന്‍നായരുടെ മകനല്ലേ, ധൈര്യായി കല്യാണം കഴിച്ചൊ എന്ന് എന്റെ അച്ഛന് പറഞ്ഞു. ജ്യേഷ്ഠത്തി ആമിയോപ്പുവും ദാസേട്ടനുംകൂടി എന്റെ ജാതകവുംകൊണ്ട് ശ്രീപാദത്തിലേക്കു പോയി. ദാസേട്ടന് മുണ്ടും ഷര്‍ട്ടുമിട്ട് കോണിയിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ആമിയോപ്പു പറഞ്ഞു, ഇതുപോരാ ഒരു വേഷ്ടി കൂടെവേണമെന്ന്. മാന്യമായ വേഷം ധരിച്ച് എന്റെ ജാതകവുമായി കാരണവന്മാര് ശ്രീപാദത്തിലേക്കുപോയി. ജാതകത്തിന്റെ കഥ അല്പം സങ്കീര്‍ണമാണ്. എനിക്ക് രണ്ടു ജാതകങ്ങളുണ്ട്. ബാലാമണിയമ്മ പ്രസവത്തിന് നാലപ്പാട്ടേക്കു പോവുകയാണ് പതിവ്. അച്ഛന് അടുത്തലീവിന് വന്നു മടങ്ങുമ്പോള്‍ അമ്മയും കുഞ്ഞും കൂടെപ്പോകും. ആ വരവില്‍ എന്റെ ജാതകം എഴുതിയത് വായിച്ച് അച്ഛനു ബോധിച്ചില്ല, 47 വയസ്സില്‍ ശേഷം ചിന്ത്യം, നിര്യാണയോഗം, എന്നെഴുതിയിരിക്കുന്നു. അച്ഛന് ജ്യോതിഷിയെ വിളിച്ചുവരുത്തി 84 വയസ്സിലേക്ക് നിര്യാണയോഗത്തെ തള്ളിവെപ്പിച്ചു. രണ്ടു ജാതകങ്ങളും ഇപ്പോഴും എന്റെയടുത്തുണ്ട്.
കേശവമേനോന്റെ സിങ്കപ്പൂര്‍ കഥകള്‍
കേശവമേനോന്റെ കുടുംബവുമായും നല്ല അടുപ്പമുണ്ടായിരുന്നു. മകളായ ലീലേടത്തി, അടുത്തതലമുറയിലെ നളിനി, ദിവ, പത്മിനി എന്ന പപ്പി, ഒക്കെയുണ്ടായിരുന്നു അവിടെയന്ന്. കേശവമേനോന്റെ കണ്ണിന്റെ ഓപ്പറേഷനുവേണ്ടി ഇംഗ്ലണ്ടിലേക്കു പോയപ്പോള്‍, നളിനിയുടെ അച്ഛന് കരുണാകരമേനോനും ഒഫ്താല്‍മോളജിസ്റ്റായ ഡോക്ടര്‍ പി.ബി. മേനോനും കൂടെപ്പോയിരുന്നു. കേശവമേനോന് പല കഥകളും പറഞ്ഞുതരും, അഭിനയിച്ചു കാണിച്ചുതരും എന്നുവേണം പറയാന്‍, പ്രത്യകിച്ചും സിങ്കപ്പൂര്‍ കഥകള്‍. ജപ്പാന് കൈയടക്കിയ സിങ്കപ്പൂരില്‍ സ്ഥാപിച്ച ആസാദ് ഹിന്ദ് ഫൗജ് എന്ന (പ്രൊവിഷണല്‍ ഗവണ്മെന്റ് ഓഫ് ഫ്രീ ഇന്ത്യ) മന്ത്രിസഭയില്‍ അദ്ദേഹം വാര്‍ത്താവിനിമയ വകുപ്പു മന്ത്രിയായിരുന്നു. നളിനിയുടെ വിവാഹത്തിന് ഞാനും അത്താഴച്ചിറ എന്ന അവരുടെ വീട്ടില്‍ പോയിരുന്നു. ഞാനന്ന് പാലക്കാട്ട് വിക്ടോറിയ കോളേജില്‍ പ്രീമെഡിസിന്‍ ചെയ്യുന്നു. ഹോസ്റ്റലില്‍നിന്ന് കോളേജിലേക്കു പോകുംപോലെ ഒരു വെള്ളസാരിയുടുത്താണ് പോയത്. അവിടെച്ചെന്നപ്പോള്‍ എല്ലാവരുംകൂടി ആരുടെയോ ഒരു സില്‍ക്കുസാരി ഉടുപ്പിച്ചു. ബ്ലൗസ് തിരുത്താനായില്ല.
കൃഷ്ണവാരിയരോടുള്ള ആരാധന
ജോലി കഴിയുംവരെ കൃഷ്ണവാരിയരുടെ മുറിയില്‍ ചെന്നിരിക്കും. അദ്ദേഹം ചില പുസ്തകങ്ങള്‍ വായിക്കാന്‍ തരും. എലികളും സഹ്യന്റെ മകനും മൂന്നു മലകളുടെ മുകളില്‍ വസിക്കുന്ന ഭദ്രകാളിയുമെല്ലാം മനസ്സിലലഞ്ഞുനടന്നു. ഇലകളനങ്ങാത്ത, പഴുതറ്റു പാമ്പുകള്‍ തൂങ്ങുന്ന ഒരാല്‍ത്തറയില്‍ പലപ്പോഴും ഞാന്‍ പോയിരുന്നു. ആരെങ്കിലും വിഡ്ഢിത്തം പറയുന്നെന്ന് തോന്നിയാലുടനെ 'നിങ്ങള്‍ക്കിതൊന്നും മനസ്സിലാകുന്നില്ല, നിങ്ങളെലികളോ മാനുഷരോ' എന്ന് ശബ്ദം താഴ്ത്തി പറയും. ലൈബ്രേറിയന്‍ പാറുക്കുട്ടിയമ്മയേയും പോയി കാണും, അവര്‍ നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ തരും.
മലയാളവായനക്കാരില്‍ എം.ടി. വാസുദേവന്‍ നായരുടെ ആരാധകരല്ലാത്തവര്‍ കുറവാണ്. എന്നിലുമുണ്ട് കേട്ടോ അത്തരമൊരസുഖം. ഞാനും ഉണ്ണിയും ടാറ്റാ ടീ യില്നിന്ന് വിരമിച്ച് 1994-ല്‍ കൊച്ചിയില്‍ താമസം തുടങ്ങി. ആമിയോപ്പുവും ഇളയ ജ്യേഷ്ഠന് സുന്ദരേട്ടനും ഇവിടെത്തന്നെയായിരുന്നു. ആമിയോപ്പുവിന്റെകൂടെ താമസിച്ചിരുന്ന അമ്മയെ ഞാനും ഉണ്ണിയും ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോന്നു. അമ്മയ്ക്ക് 1985-ല്‍ സരസ്വതീസമ്മാനം ലഭിച്ചപ്പോള്‍ അമ്മയെക്കുറിച്ച് എന്തെങ്കിലും എഴുതിത്തന്നുകൂടേ എന്നു ചോദിച്ചുകൊണ്ട് മാതൃഭൂമിയില്‍നിന്ന് എ. സഹദേവന്റെ ഫോണ്‍ വന്നു. ഞാനുടനെ പറഞ്ഞു, അയ്യോ ഇത് സുലുവാണ്, കമലയല്ല, കേട്ടോ. എഴുത്ത് ആമിയോപ്പുവിന്റെ സെക്ഷനാണല്ലോ. സുലുവിനെത്തന്നെയാണ് എഡിറ്റര്‍ വിളിക്കാന്‍ പറഞ്ഞത് എന്നായിരുന്നു മറുപടി. അങ്ങനെയാണ് ഞാനും അല്പസ്വല്പം എഴുതാന്‍ തുടങ്ങിയത്.
മാധവനാര് എന്ന ചാട്ടമ്മാന്
കെ. മാധവനാര് കുട്ടികളുടെ സ്നേഹിതനായിരുന്നു. പ്ലേറ്റില്‍ ചോറു വിളമ്പിയെടുത്ത് ചില ചുവടുകളൊക്കെ വെച്ച് എല്ലാവരെയും ചിരിപ്പിക്കും. അങ്ങനെ ചാട്ടമ്മാന് എന്ന പേരുകിട്ടി. രാമന് എന്ന രാംജി, പുന്നയൂര്‍ക്കുളത്തു വെച്ചുതന്നെ പരിചയമുള്ള ബുദ്ധിമതിയും ശാന്തസ്വരൂപിണിയുമായ എം. തങ്കം എന്ന തങ്കോപ്പു, കേശവമേനോന്റെ മകള്‍ ലീലേടത്തി, സെക്രട്ടറി ഗോപാലകൃഷ്ണന്, ഫിനാന്‍സിലെ നമ്പീശന്, തീവണ്ടി ടിക്കറ്റ് ആവശ്യമായിവരുമ്പോള്‍ സംഘടിപ്പിച്ചുതരുന്ന അയല്‍വാസികളായ പ്രഭാകരനും ഭാരതിയമ്മയുമൊക്കെ കണ്മുന്നില് കാലമുയര്‍ത്തി ലോക്കു ചെയ്തുവെച്ച നനഞ്ഞ ചില്ലിനപ്പുറംനിന്ന് തിരക്കുന്നു, ചിരിക്കുന്നു. ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍വെച്ച് രാധയെ വിവാഹംചെയ്ത ഡ്രൈവര്‍ കണ്ണന്, എന്റെ മകന് അരുണിന് ആദ്യത്തെ സിഗരറ്റ് സ്നേഹപൂര്‍വം സമ്മാനിച്ച ഡ്രൈവര്‍ വാസു, എന്റെയച്ഛനെപ്പോലെ അല്പം വിക്കുള്ള ഗോവിന്ദന്...അങ്ങനെ ഒരുപാടുപേര് കൈവീശിക്കാണിക്കുന്നുണ്ട്.
സന്ധ്യാനേരമാണ്, ഇരുളിന്റെ കുളിര്ത്തചുരുളുകള് മഞ്ഞുമലകളും കാണാക്കാടുകളും താണ്ടിയെത്തി എന്നെ തഴുകുന്നു. എന്റെ ആന്തരിക വളര്‍ച്ചയ്ക്ക് വഴിമരുന്നിട്ട നിങ്ങളോരോരുത്തര്‍ക്കും നന്ദി. ജീവിതമെന്ന ചതുരംഗപ്പലകയിലെ കറുത്ത കള്ളികള്‍ക്കും വെളുത്ത കള്ളികള്‍ക്കും ഒരുപോലെ നന്ദി, ഓരോ കരുവും നീക്കിയത് അവിടുന്നാണല്ലോ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..