സേതു
കാലാവസ്ഥാ വ്യതിയാനം
പുത്തന്‍ സാമ്പത്തികനയങ്ങളുടെയും കിടമത്സരങ്ങളുടെയും നടുവില്‍, നിലപാടുകള്‍ താത്പര്യങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുന്നതാണ് ഇന്നത്തെ പ്രശ്‌നം. ഒരു മഹാപ്രളയത്തിന്റെ കെടുതികള്‍ കണ്ടിട്ടും ഒരു തടസ്സവുമില്ലാതെ, കാടുകള്‍ വെട്ടിവെളുപ്പിക്കുന്നു, മലകള്‍ തുരന്നു ക്വാറികള്‍ ഉണ്ടാക്കുന്നു, തടയണകള്‍ നിര്‍മിച്ചും കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയും നീരൊഴുക്കുകള്‍ക്ക് തടയിടുന്നു. മണല്‍വാരി നദീതടങ്ങളുടെ സന്തുലിതാവസ്ഥ നശിപ്പിക്കുന്നു. എല്ലാത്തിനും ഏതെങ്കിലും രാഷ്ട്രീയമേലാളന്മാരുടെ പിന്തുണയുണ്ടെന്ന വിശ്വാസത്തോടെ സാമാന്യജനം നിസ്സഹായരായി കണ്ടുനില്‍ക്കുന്നു. ഇത് മാറിയില്ലെങ്കില്‍ കൊടുക്കേണ്ട വില വലുതായിരിക്കും.
ഗതാഗതം
ഇത്രയേറെ ജലസമ്പത്തുള്ള നാട് ഉള്‍നാടന്‍ ഗതാഗതമാര്‍ഗങ്ങള്‍ വേണ്ടപോലെ ഉപയോഗിക്കുന്നില്ല എന്നത് ഖേദകരമാണ്. ഇന്ധനക്ഷാമവും അമിതമായ വിലവര്‍ധനയും ചരക്കുഗതാഗതത്തിന്റെ നടുവൊടിക്കുമ്പോള്‍ കര വഴി മാത്രമേ ഗതാഗതം സാധ്യമാകൂ എന്നധാരണ മാറാതെവയ്യ. ജലപാതാ വികസനത്തില്‍വന്ന വീഴ്ചകള്‍ക്ക് നാം വിലകൊടുക്കേണ്ടിവന്നു.
കൗമാരം
അണുകുടുംബങ്ങളിലും അംഗങ്ങള്‍തമ്മില്‍ വേണ്ടത്ര ഇഴയടുപ്പം ഉണ്ടാകാതെവരുമ്പോള്‍ ഒറ്റപ്പെടുന്ന കുട്ടികള്‍ ചെന്നുവീഴുന്നത് ഓരോ ചതിക്കുഴികളിലാണ്. ലഹരിവസ്തുക്കളുടെ പ്രചാരവും ഉപയോഗവും സാധാരണമായിരിക്കുന്നു. സാങ്കേതികരംഗത്തിന്റെ അഭൂതപൂര്‍വമായ വികാസം വിനാശകരമായ പലതും കൗമാരക്കാരുടെപോലും വിരല്‍ത്തുമ്പിലായിരിക്കുന്നു. വര്‍ഗീയതയുടെയും രാഷ്ട്രീയത്തിന്റെയുംപേരിലുള്ള ചേരിപ്പോരുകളും കുറ്റകൃത്യങ്ങളും കൂടിവരുന്നു. യുവാക്കളുടെ ഊര്‍ജം വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കാതെ അവരെ 'കുട്ടിക്കുരങ്ങ'ന്മാരാക്കാന്‍ സ്ഥാപിത താത്പര്യക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ ഒരളവിലെങ്കിലും ചെറുക്കാന്‍ കുടുംബക്കൂട്ടായ്മകള്‍ക്ക് കഴിഞ്ഞേതീരൂ.
സോളാര്‍
നാം വേണ്ടവിധത്തില്‍ ശ്രദ്ധിക്കാത്തതുകൊണ്ടാണ് സോളാറിന്റെ കാര്യത്തില്‍ പിന്നിലായത്. ഇവിടത്തെ സമൃദ്ധമായ സൂര്യപ്രകാശവും കാറ്റും സഫലമായി ഉപയോഗിക്കാനായി കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉയര്‍ന്നവരുമാനക്കാരുടെ ഇടയിലും പൊതുമേഖലാസ്ഥാപനങ്ങള്‍, വ്യവസായശാലകള്‍ എന്നിവയിലും സോളാര്‍പാനലുകള്‍ നിര്‍ബന്ധമാക്കാവുന്നതാണ്.
ട്രേഡ് യൂണിയനിസം
സര്‍ക്കാര്‍ ഉത്തരവുകളും കോടതിവിധികള്‍പോലും അവഗണിക്കാനുള്ള കരുത്തുള്ളവരാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. അവകാശത്തെപ്പറ്റി പറയുന്നവര്‍ കടമ മറക്കുന്നു. പ്രസംഗത്തിനും പ്രവൃത്തിക്കും ഇടയിലുള്ള വിടവ്തന്നെ പ്രധാനം. ഫലപ്രദമായമായ ഇടപെടലുകളിലൂടെ, പ്രമുഖ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തമ്മിലുള്ള സമവായത്തിലൂടെ, ഇവ കുറെയൊക്കെ നിയന്ത്രിക്കാവുന്നതേയുള്ളൂ.
മാലിന്യം
വഴിവക്കുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നവരെത്തൊട്ട് നദികളിലേക്ക് വിഷമൊഴുക്കുന്ന വ്യവസായശാലകളെവരെ കര്‍ശനമായി നിയന്ത്രിച്ചേ പറ്റൂ. ഇതിനായി മലിനീകരണ ബോര്‍ഡിന് പുറമെ തദ്ദേശസ്ഥാപനങ്ങള്‍, ജനകീയക്കൂട്ടായ്മകള്‍ തുടങ്ങിയവയും കാര്യക്ഷമമാകേണ്ടിയിരിക്കുന്നു.
ഭൂമി
അടിസ്ഥാനസൗകര്യങ്ങളുള്ള, കുറച്ചു ഭൂമി മാത്രം വേണ്ട വ്യവസായങ്ങള്‍ക്കേ ഇനിയിവിടെ ഭാവിയുള്ളൂ. മറ്റു പ്രശ്‌നങ്ങള്‍ ഒട്ടേറെ. ആദ്യമായി കേരളം ഒരു വ്യവസായസൗഹൃദ സംസ്ഥാനമാണെന്ന് പുറംലോകത്തെ ബോധ്യപ്പെടുത്തിയേ തീരൂ. ഫാക്ടറികള്‍ക്ക് പുറമേ ചെറുകിടസ്ഥാപനങ്ങള്‍പോലും പൂട്ടിക്കൊണ്ടിരിക്കെ പ്രസ്താവനകളും നടപ്പാക്കാനാവാത്ത ധാരണാപത്രങ്ങളും ഏറെക്കാലം ഫലിച്ചേക്കില്ല. അന്യസംസ്ഥാനങ്ങള്‍ ഒരുപാട് ആനുകൂല്യങ്ങള്‍ വെച്ചുനീട്ടുമ്പോള്‍, പഴയതരത്തിലുള്ള വൈദ്യുതിയിളവുകള്‍ കൂടി ഇനി അസാധ്യമാണ് കേരളത്തില്‍. ചെറുകിട വ്യവസായമേഖലയും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. മെച്ചപ്പെട്ട മാനേജ്മെന്റിലൂടെ, നഷ്ടത്തിലുള്ള പല പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കാവുന്നതേയുള്ളൂ.
ടൂറിസം
പലതരം ടൂറിസത്തിന് പുറമേ, ഐ.ടി., ബയോടെക്നോളജി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വൈജ്ഞാനികമേഖലകളിലെ സാധ്യതകളും തേടേണ്ടതുണ്ട്. ഭാവി മാന്ത്രികഫോര്‍മുലയൊന്നും പറയാനാവില്ല. പക്ഷേ, പഴയ തെറ്റുകളില്‍നിന്നും മറ്റു രാജ്യങ്ങളുടെ മാതൃകയില്‍നിന്നും പലതും പഠിക്കേണ്ടിയിരിക്കുന്നു.
Content Highlights: mathrubhumi 100 years sethu writes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..