എൻ. ശ്രീനിവാസൻ
കോഴിക്കോട്: ‘സന്തതസഹചാരി’ എന്ന വാക്കിന് കെ.പി. കേശവമേനോനോടൊപ്പമുള്ള എൻ. ശ്രീനിവാസൻ എന്ന്് പര്യായമെഴുതാം. ശ്രീനിവാസന് കേശവമേനോൻ മാതൃകാപുരുഷനാണ്, മാർഗദീപമാണ്, പതിറ്റാണ്ടുകളോളം താങ്ങും തണലുമായിരുന്നു.
അനുഭവങ്ങളുടെ സമ്പന്നതയാണ് കേശവമേനോനോടൊപ്പമുള്ള ജീവിതം സമ്മാനിച്ചത്. അതിൽ ആദർശനിഷ്ഠകാണാം, മുറിയാത്ത രസച്ചരടുകൾ കാണാം, കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു കാലം കാണാം.
‘ടേസ്റ്റി, ടേസ്റ്റി’ എന്നുപറഞ്ഞ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രശംസിച്ചത് ശ്രീനിവാസന് ഓർമയിലെ നിധിയാണ്. എറണാകുളം ഗസ്റ്റ്ഹൗസാണ് രംഗം. മാമ്പഴപ്പുളിശ്ശേരി ഇന്ദിരയ്ക്ക് നന്നേ ഇഷ്ടപ്പെട്ടു. കേശവമേനോനോടൊപ്പം ഊണുകഴിക്കുമ്പോഴാണ് സംഭവം. ഇതുമാത്രമല്ല, ഇന്ദിരാഗാന്ധി കേശവമേനോന്റെ ബിലാത്തികുളത്തെ വീടുസന്ദർശിച്ചത്, അടിയന്തരാവസ്ഥ കഴിഞ്ഞ് ഇന്ദിരയോട് രാജിെവച്ച് കോൺഗ്രസിനെ നയിക്കാൻ കേശവമേനോൻ ആവശ്യപ്പെട്ടത് ഒക്കെ പറയുമ്പോൾ കൊച്ചുകുട്ടിയുടെ ഉത്സാഹമാണ് ഈ എൺപതുകാരന്. ഒരിക്കൽ ഇന്ദിരാഗാന്ധിക്കും കേശവമേനോനും ഒപ്പം നിൽക്കുമ്പോൾ സുരക്ഷാഭടന്മാർ ശ്രീനിവാസനെ പിടിച്ചുപുറത്താക്കാൻ ഒരുമ്പെട്ടു. ‘അദ്ദേഹത്തിനും ഒരു കസേര കൊണ്ടുവന്നു നൽകൂ’ എന്നായിരുന്നു ഇന്ദിരയുടെ നിർദേശം. ഏതുപ്രശ്നവും കേശവമേനോൻ ഇടപെട്ടാൽ തീരുമായിരുന്നു.

സ്ഥാപകപത്രാധിപരെ നടത്തിയ യൂണിയൻകാരെ മറ്റുള്ളവർ ശകാരിച്ചു. അവർ കൂട്ടത്തോടെ കേശവമേനോന്റെ അടുത്തെത്തി മാപ്പുപറഞ്ഞു. ‘ഇതുകൊണ്ടായില്ല. പണിമുടക്കിയവരെ ശിക്ഷിക്കണ’മെന്ന് മാനേജിങ് ഡയറക്ടർ വി.എം.നായരടക്കമുള്ളവർ അഭ്യർഥിച്ചു. അല്പനേരത്തെ മൗനത്തിനുശേഷം പത്രാധിപർ പറഞ്ഞു: ‘‘നാളെ പത്രമിറങ്ങണം. സമയം നോക്കാതെ പണിയെടുക്കൂ. തെറ്റുമനസ്സിലായവരല്ലേ മാപ്പുപറയുക. ആരെയും ശിക്ഷിക്കേണ്ട...’’
60 വയസ്സിൽ ലഭിച്ച ശമ്പളമായ 539 രൂപമാത്രം പിന്നീടെന്നും വാങ്ങിയ ത്യാഗശീലനുമായിരുന്നു കേശവമേനോൻ.
മലയാളമനോരമയ്ക്ക് കോഴിക്കോട്ട് സ്ഥലംവാങ്ങാൻ ഏർപ്പാടുചെയ്തത് ആ മഹാമനസ്കനാണ്. മനോരമയിൽനിന്ന് മുഖ്യപത്രാധിപർ കെ.എം. ചെറിയാനും കോഴിക്കോട്ടെ ചീഫ് റിപ്പോർട്ടർ കെ.ആർ. ചുമ്മാറും എത്തിയപ്പോൾ പൂട്ടിക്കിടക്കുന്ന ഒരു ടെക്‌സ്റ്റൈൽമിൽ കാണിച്ചുകൊടുത്തു. പ്രമാഗ് മെഷീൻ സ്ഥാപിക്കാൻ മാതൃഭൂമി എൻജിനിയർ നാരായണൻനായരെ നിയോഗിച്ചു. അങ്ങനെ മനോരമയ്ക്ക് മലബാറിൽ എഡിഷനായി.
രാജൻ കേസിനെത്തുടർന്ന് കരുണാകരനോട് രാജിവെക്കാൻ പറഞ്ഞു, കേശവമേനോൻ. അക്കാര്യം ആവശ്യപ്പെട്ട് എഡിറ്റോറിയലുമെഴുതി. എഡിറ്റോറിയൽ എഴുതിക്കഴിഞ്ഞ് രാത്രി െവെകിയായിരുന്നു കരുണാകരന്റെ രാജി. അങ്ങനെ ‘കരുണാകരൻ രാജിവെച്ചു’ എന്ന ഒന്നാംപേജ് മുഖ്യതലക്കെട്ടും ‘കരുണാകരൻ രാജിവെക്കണം’ എന്ന മുഖപ്രസംഗവുമായാണ് പിറ്റേന്ന് മാതൃഭൂമി ഇറങ്ങിയത്. പത്രപ്രവർത്തനചരിത്രത്തിലെ കൗതുകമാണ് ഇന്നും ആ പത്രം.
നാനാടത്ത് മുത്തോറൻ കുട്ടിയുടെയും കാർത്യായനിയുടെയും മകനാണ് ശ്രീനിവാസൻ. ഹൈമവതിയാണ് ഭാര്യ. ശുഭ, സജിത് എന്നിവർ മക്കളാണ്. കെ.എസ്. ശിബിലി ആനന്ദ്, ഹെവിൻ ഫ്രാൻസിസ് എന്നിവർ മരുമക്കളാണ്.
Content Highlights: mathrubhumi 100 years remembering effort behind
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..