മൂല്യങ്ങൾ കൈവിടാതെ ഭാവിയിലേക്ക് ഒന്നിച്ചുനീങ്ങാം - എം.വി. ശ്രേയാംസ് കുമാർ


''എല്ലാത്തരം ആധുനിക സാങ്കേതികവിദ്യയെയും മാതൃഭൂമി സ്വാംശീകരിച്ചിട്ടുണ്ട്. പക്ഷേ, അപ്പോഴും മനസ്സിൽ പ്രധാനപ്പെട്ട ഒന്ന് കാത്തുവെക്കാറുണ്ട്. മനുഷ്യനാണ് ആദ്യം. സാങ്കേതികവിദ്യ സ്വീകരിച്ചതുകൊണ്ട് മാതൃഭൂമിയിൽ ഒരാളുടെപോലും ജോലി നഷ്ടപ്പെട്ടിട്ടില്ല. അവർക്ക് പരിശീലനം നൽകി മറ്റു സാധ്യതകൾ നോക്കും.''

എം.വി. ശ്രേയാംസ് കുമാർ

കൊച്ചി: സത്യവും സമത്വവും സ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള ഉന്നതമൂല്യങ്ങൾ മനസ്സിൽ സൂക്ഷിച്ച്‌, പുതിയകാലത്തെ പ്രതിസന്ധികൾ നേരിട്ട്, മുന്നോട്ടുനീങ്ങാനുള്ള പുതിയ യാത്രയുടെ സന്ദർഭമാണിതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. മാതൃഭൂമി ശതാബ്ദിയാഘോഷത്തിന്റെ സമാപനസമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പഴയകാലത്തിൽനിന്ന് ഊർജമുൾക്കൊണ്ട്‌ പുതിയ കാലത്തിലേക്കുള്ള പ്രയാണമാണിത്.

ഈയവസരത്തിൽ ഓർമവരുന്നത് എന്റെ പിതാവിനെയാണ്. അദ്ദേഹത്തിന്റെ ഏറ്റവുംവലിയ ആഗ്രഹമായിരുന്നു മാതൃഭൂമിക്ക്‌ 100 വർഷം തികയുമ്പോൾ കൂടെയുണ്ടാകണമെന്നത്. നിർഭാഗ്യവശാൽ രണ്ടരവർഷംമുമ്പ് അദ്ദേഹം നമ്മളെ വിട്ടുപിരിഞ്ഞു. മാതൃഭൂമിയുടെ സ്ഥാപകരായ കെ.പി. കേശവമേനോനെയും മാധവൻ നായരെയും പോലുള്ളവർ വളരെ പ്രയാസപ്പെട്ടാണ് സ്ഥാപനം തുടങ്ങിയത്. തലയിൽ പത്രക്കെട്ടുമായി സ്ഥാപകർ പത്രംവിറ്റുനടന്ന കാലമുണ്ടായിരുന്നു. മാതൃഭൂമി അതിന്റെ യാത്ര തുടർന്നു.

1977-ൽ എം.ജെ. കൃഷ്ണമോഹൻ മാതൃഭൂമിയുടെ എം.ഡി.യായി. 1960-കളുടെ അവസാനവും 70-കളുടെ ആദ്യവും പ്രക്ഷുബ്ധമായ അന്തരീക്ഷമായിരുന്നു. മാതൃഭൂമി 55 ദിവസത്തെ ലോക്കൗട്ടിലെത്തി. അന്ന് എം.ഡി.യായിരുന്ന ചെറുപ്പക്കാരനായിരുന്ന എം.ജെ. കൃഷ്ണമോഹൻ മരണപ്പെട്ടു. അതിനുശേഷമാണ് എന്റെ പിതാവ് എം.ഡി.യായി ചുമതലയേറ്റത്. അദ്ദേഹം എല്ലാ ജീവനക്കാരെയും വിളിച്ചുപറഞ്ഞു, കഴിഞ്ഞതെല്ലാം നമുക്ക്‌ മറക്കാം, നമുക്ക് പുതിയ അധ്യായം തുറക്കാം എന്ന്. ഞങ്ങൾക്ക് മാതൃഭൂമിയെ വളർത്താൻ സഹായകമായത് അദ്ദേഹത്തിന്റെ മാനേജ്മെന്റ് പാടവം മാത്രമല്ല, സോഷ്യലിസ്റ്റ് ആശയങ്ങളുമായിരുന്നു.

സമഭാവനയോടെ കണ്ട് എല്ലാ ജീവനക്കാരെയും ഒരുമിച്ചുനിർത്തി നിങ്ങളെല്ലാം ഇതിന്റെ ഭാഗമാണെന്ന് ബോധ്യപ്പെടുത്തി മാതൃഭൂമിയെ വളർച്ചയുടെ പാതയിലേക്ക് നയിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചത് അദ്ദേഹമാണ്. ജീവനക്കാരെ വലുപ്പച്ചെറുപ്പമില്ലാതെ കണ്ടുകൊണ്ടാണ് അദ്ദേഹം 40 വർഷം മാതൃഭൂമിയെ നടത്തിയത്. അദ്ദേഹത്തോടൊപ്പം പി.വി. ചന്ദ്രനും എം.ജെ. വിജയപത്മനും ഉൾപ്പെടെയുള്ളവർ ഞങ്ങളുടെ തലമുറയ്ക്ക് ഇൗ സ്ഥാപനത്തെ മുന്നോട്ടുനയിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചു.

ശതാബ്ദിക്കുശേഷം ഇനി മുന്നോട്ടുള്ള യാത്രയാണ്. അടുത്ത നൂറുവർഷം എങ്ങനെ? പുതിയ തലമുറകൾ വരുന്നു. മാറ്റങ്ങൾ വളരെപ്പെട്ടെന്ന് നടക്കുന്നു. ആ അന്തരീക്ഷത്തിൽ ഒരു പരമ്പരാഗത മാധ്യമം എങ്ങനെ മുന്നോട്ടുപോകുമെന്നത് വെല്ലുവിളി തന്നെയാണ്. പണ്ട് മാധ്യമസ്ഥാപനങ്ങൾ തമ്മിലായിരുന്നു മത്സരം.

ഇന്ന് ഏറ്റവുംവലിയ മാധ്യമസ്ഥാപനങ്ങൾ ടെക് കമ്പനികളാണ്. അവരുമായാണ് മാധ്യമരംഗത്തെ സമാനതകളില്ലാത്ത മത്സരം. ക്യുറേറ്റഡ് സ്ഥാപനങ്ങൾക്ക് നിലനിൽപ്പ് ആവശ്യമില്ലെന്നു കരുതുന്ന പലരും വ്യാജവാർത്തകൾ സൃഷ്ടിച്ച് വിശ്വാസ്യതയുള്ള മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കാൻ ശ്രമം നടത്തുന്നു. ഇന്ന് വാർത്ത ജനങ്ങൾ സ്വീകരിക്കുന്ന രീതി വ്യത്യസ്തമാണ്. അതു കാണാതെ മുന്നോട്ടുപോകാനാകില്ല. അടുത്ത നൂറുവർഷം, അപ്പോൾ ഞങ്ങളൊന്നുമിണ്ടാവില്ലെങ്കിലും അന്തരീക്ഷം ഒരുക്കിക്കൊടുക്കുക പ്രധാനമാണ്.

എല്ലാത്തരം ആധുനിക സാങ്കേതികവിദ്യയെയും മാതൃഭൂമി സ്വാംശീകരിച്ചിട്ടുണ്ട്. പക്ഷേ, അപ്പോഴും മനസ്സിൽ പ്രധാനപ്പെട്ട ഒന്ന് കാത്തുവെക്കാറുണ്ട്. മനുഷ്യനാണ് ആദ്യം. സാങ്കേതികവിദ്യ സ്വീകരിച്ചതുകൊണ്ട് മാതൃഭൂമിയിൽ ഒരാളുടെപോലും ജോലി നഷ്ടപ്പെട്ടിട്ടില്ല. അവർക്ക് പരിശീലനം നൽകി മറ്റു സാധ്യതകൾ നോക്കും. ഫെയ്‌സ്‌ബുക്കിൽ 10,000 പേരെ പിരിച്ചുവിടുന്നകാലത്ത് ഇതൊരു മണ്ടത്തരമായി തോന്നാം. പക്ഷേ, കോവിഡ് കാലത്തുപോലും മാതൃഭൂമിയിൽ സാലറി കട്ടോ പുനഃക്രമീകരണമോ ഉണ്ടായില്ല. സാഹചര്യം മനസ്സിലാക്കി ജീവനക്കാർ ഒപ്പംനിന്നു. മാനേജ്മെന്റും ജീവനക്കാരും ഒന്നിച്ചുനിന്നു. സത്യത്തിനും സമത്വത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി മുമ്പേ തുടങ്ങിയ യാത്രയുടെ ഭാഗമാണ് ഞങ്ങളെല്ലാം.

മലബാറിലെ സ്വാതന്ത്ര്യസമരത്തിന് പ്രേരണയേകാനാണ് മാതൃഭൂമിയുടെ പിറവി. അക്കാലത്ത് മാതൃഭൂമിയുടെ സാരഥികൾ ജയിലിലടയ്ക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് എന്റെ പിതാവും തടവിൽക്കിടന്നിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രിയായ പിണറായി വിജയനും അദ്ദേഹവും ഒരേ സെല്ലിലാണ് കിടന്നത്. ഇന്ന് സാഹചര്യങ്ങൾ മാറിയിരിക്കുന്നു. സ്വാതന്ത്ര്യം, ലിംഗനീതി... പല വിഷയങ്ങളുണ്ട്. നമ്മൾ പോരാട്ടം തുടരും. പരിസ്ഥിതിയാണ് ഇന്ന് ഏറ്റവുംവലിയ ഭീഷണിയിലുള്ളത്. കുട്ടികളിൽ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ മാതൃഭൂമി 2017-ൽ സീഡിന് തുടക്കമിട്ടത് ഈ സാഹചര്യത്തിലാണ്. ഇന്ന് 7000 സ്കൂളുകൾ സീഡിന്റെ ഭാഗമാണ്.

50 വർഷം പൂർത്തിയാക്കിയ 71 ഏജന്റുമാരെ ഞങ്ങൾ ഈദിവസം ആദരിച്ചു. പ്രായമായിട്ടും പുലർച്ചെ മാതൃഭൂമിപത്രം ജനങ്ങളിലെത്തിക്കുന്ന ഏജന്റുമാരാണ് ഞങ്ങളുടെ ശക്തി. അവരാണ് ഞങ്ങളുടെ നട്ടെല്ല്. ഒപ്പംനിൽക്കുന്ന വായനക്കാർ, വിതരണക്കാർ, പരസ്യദാതാക്കൾ, പരസ്യ ഏജൻസികൾ. ഇവരാണ് ഞങ്ങളുടെ ശക്തി. ആ വിശ്വാസം നഷ്ടപ്പെടുത്താതെ മാതൃഭൂമി യാത്രതുടരും.

Content Highlights: Mathrubhumi 100 Years, M.V. Sreyams kumar, Kochi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023

Most Commented