കോഴിക്കോട് മാതൃഭൂമി ഓഫീസ് സന്ദർശിച്ച എം.എസ്. സുബ്ബലക്ഷ്മി കെ.പി. കേശവമേനോനുമായി സംഭാഷണത്തിൽ. കെ. തങ്കം, കെ. ലക്ഷ്മി എന്നിവരാണ് സമീപം
കോഴിക്കോട്: മാതൃഭൂമിയിൽ ജോലിക്ക് കയറി ഒരാഴ്ചതികയുംമുമ്പാണ് കെ.പി. കേശവമേനോൻ വിളിച്ചിട്ട് എം.എസ്. സുബ്ബലക്ഷ്മിയെ ഇൻറർവ്യൂ ചെയ്യാൻ പറയുന്നത്. പത്രാധിപരുടെ മുറിയിൽ എം.എസ്. സുബ്ബലക്ഷ്മിയും ഭർത്താവ് സദാശിവവും ഇരിക്കുന്പോൾ കേശവമേനോൻ വിളിച്ചതും പാട്ടിനെക്കുറിച്ച് അന്ന് ഒന്നുമറിയാത്ത താൻ പരിഭ്രമിച്ചുനിന്നതും സബ് എഡിറ്ററായിരുന്ന കെ. ലക്ഷ്മി ഒാർക്കുകയാണ്.
1964-ലായിരുന്നു ആ സേവനകാലം. അന്ന് വൈകീട്ട് ടൗൺഹാളിൽ മുൻനിരയിലിരുന്ന് കേശവമേനോന്‍റെ മകൾ ലീലേടത്തിയോടും പൗത്രി നളിനിയോടുമൊപ്പം സുബ്ബലക്ഷ്മിയുടെ കച്ചേരി കേൾക്കാൻ ഭാഗ്യമുണ്ടായി. വിക്ടോറിയ കോളേജിൽനിന്ന് എം.എ. ഇംഗ്ലീഷ് സാഹിത്യം പഠിച്ച് പുതിയപാലത്ത് വീട്ടിലിരിക്കുമ്പോൾ കോഴിപ്പുറത്ത് മാധവമേനോനും വി.എം. നായരുമാണ് മാതൃഭൂമിയിൽ വരാൻപറഞ്ഞത്. അമ്മ കൊയിപ്പുറത്ത് ദേവകിയമ്മ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി വിദേശവസ്ത്രബഹിഷ്കരണത്തിൽ പങ്കെടുത്ത് എ.വി. കുട്ടിമാളുവമ്മയ്ക്കൊപ്പം ജയിലിൽ കിടന്നിട്ടുണ്ട്. ഹരിജൻ സേവാസംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാണ് അച്ഛൻ സി.എച്ച്. കുഞ്ഞപ്പ മാതൃഭൂമിയിൽ ജോലിക്കെത്തിയത്. കെ. കേളപ്പനാണ് അച്ഛനെ ക്ഷണിച്ചത്. ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട ഈയൊരു പശ്ചാത്തലമാണ് ലക്ഷ്മിയെയും മാതൃഭൂമിയുമായി അടുപ്പിച്ചത്.
കെ. കേളപ്പൻ ഉപ്പുസത്യാഗ്രഹത്തിന് പോയപ്പോഴും കെ.പി. കേശവമേനോൻ സിംഗപ്പൂരിൽ ഹൈകമ്മിഷണറായി പോയപ്പോഴും പത്രാധിപരുടെ ചുമതല അച്ഛൻ സി.എച്ച്. കുഞ്ഞപ്പയ്ക്ക് വഹിക്കേണ്ടിവന്നു. പത്രപ്രവർത്തകനായ അച്ഛന്റെ തിരക്കുകൾ കണ്ടാണ് ഞാൻ വളർന്നത്. താഷ്‌കന്റിൽവെച്ച്് ലാൽ ബഹാദുർ ശാസ്ത്രി മരിച്ചപ്പോൾ എഡിറ്റോറിയലെഴുതാൻ അച്ഛനെ രാത്രി വിളിച്ചുകൊണ്ടുപോയത് എനിക്ക് ഓർമയുണ്ട്.
ഞാൻ വരുമ്പോൾ മലയാള പത്രപ്രവർത്തനരംഗത്ത് വനിതകൾ കുറവായിരുന്നു. കോഴിക്കോട്ട് മാതൃഭൂമിയിൽ കെ. തങ്കം മാത്രമേയുണ്ടായിരുന്നുള്ളൂ. ഒപ്പം പഠിച്ച പത്മിനി എസ്. നായർ എഡിറ്റോറിയൽ വിഭാഗത്തിൽ എറണാകുളത്തുണ്ടായിരുന്നു. പിന്നീട് പത്രാധിപരായ കെ.കെ. ശ്രീധരൻനായരുടെ പത്നിയായിരുന്നു പത്മിനി. പ്രമുഖരാരെങ്കിലും മാതൃഭൂമിയിൽവന്നാൽ കേശവമേനോൻ സബ് എഡിറ്റർമാരെ മുറിയിൽ വിളിച്ച് പരിചയപ്പെടുത്തുമായിരുന്നു.
മാതൃഭൂമിയിൽ ചേർന്ന ഉടനെയുള്ള രണ്ടുമാസം കുട്ടികൃഷ്ണമാരാരുടെ കർശന ശിക്ഷണത്തിലാണ് തന്റെ ഭാഷയ്ക്ക് ശുദ്ധിയും തെളിമയും കൈവന്നത്. ഉള്ളിൽ നിറയെ സ്നേഹമുള്ളൊരു വലിയ മനുഷ്യൻ. പക്ഷേ, ജോലിയുടെ കാര്യംവരുമ്പോൾ മാരാർക്ക് ജോലിമാത്രം ശരണം. അച്യുതൻ ഗേൾസ് സ്കൂളിൽ പഠിക്കുന്പോൾ ഗ്രൂപ്പ് ലീഡറായിരുന്ന എനിക്ക് എം.വി. ദേവൻ ചിത്രങ്ങൾ വരച്ചുതരുമായിരുന്നു. ഞാൻ വരുമ്പോഴേക്കും ദേവൻ മാതൃഭൂമി വിട്ട് പോയിരുന്നു. നമ്പൂതിരി മാതൃഭൂമിയിലിരുന്ന് രേഖാചിത്രങ്ങൾ വരയ്ക്കുന്നത് നോക്കിനിന്നിട്ടുണ്ട്.
വി.എം. കൊറാത്തും വിംസിയും വേണുകുറുപ്പും മോഹൻദാസ് രാധാകൃഷ്ണനും അക്കാലത്ത് സഹപ്രവർത്തകരായിരുന്നു. രാംജി എന്ന് വിളിക്കുന്ന ശാന്തപ്രകൃതക്കാരനായ പി.കെ. രാമനായിരുന്നു അന്ന് ന്യൂസ് എഡിറ്റർ.

മാതൃഭൂമിയിലെ ദിനങ്ങൾ ജീവിതത്തിൽ പകർന്നത് വലിയ ധൈര്യവും ആത്മവിശ്വാസവുമാണ്. ഇപ്പോൾ 82 വയസ്സായി. മകനോടൊപ്പം ബെംഗളൂരു കോറമംഗലയിലാണ് താമസം.
Content Highlights: mathrubhumi 100 years mathrubhumi veteran journalist k lakshmi memoir
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..