എന്റെ എഴുത്തുപുര : ഡോ. എം. ലീലാവതി


: ഡോ. എം. ലീലാവതി

3 min read
Read later
Print
Share

ഡോ. എം. ലീലാവതി

ബാല്യത്തിലോ, കൗമാരത്തിലോ, 'മാതൃഭൂമി' പ്രഭാതത്തോടൊപ്പം ഉദിക്കുന്ന പ്രകാശമാവുന്നതിനുള്ള ഭാഗ്യമുണ്ടായിട്ടില്ല. അത്രയ്ക്ക് പുരോഗതിയോ ധനഃസ്ഥിതിയോ കുടുംബത്തിനുണ്ടായിരുന്നില്ല. അമ്മാമന്‍ തലേനാളത്തെ പത്രം എവിടെനിന്നോ കൊണ്ടുവന്നിരുന്നതും അമ്മ വായിച്ചിരുന്നതും ഓര്‍ക്കുന്നു. വരുമാനമുള്ള ജോലികിട്ടി വീട് വാടകയ്‌ക്കെടുത്തു പാര്‍പ്പുതുടങ്ങിയ 1953 മുതല്‍ മാതൃഭൂമിയുടെ സൗഹൃദം തിളങ്ങുന്ന അക്ഷരനാളങ്ങള്‍ കണികാണാന്‍ തുടങ്ങി. ആ പുലരിക്കണി ഇന്നും തുടര്‍ന്നുപോരുന്നു. പത്രം വായിക്കുകമാത്രമല്ല അതില്‍ എഴുതുക എന്ന ഭാഗ്യവും ചിലപ്പോള്‍ കൈവന്നു. അവയൊന്നും സൂക്ഷിച്ചുവെക്കുകയുണ്ടായില്ല. തൊണ്ണൂറാംകാലത്ത് സ്മൃതികള്‍ എഴുതാന്‍ സന്ദര്‍ഭംവരുമെന്നു സങ്കല്പിക്കാന്‍ കഴിയുമായിരുന്നില്ലല്ലോ.
ചരിത്രപ്രധാന്യമുള്ള വലിയസംഭവങ്ങള്‍ വാര്‍ത്തകളായി വന്നപ്പോള്‍ അവയുടെ രൂപഭാവങ്ങള്‍ എന്തു പ്രതികരണമുണ്ടാക്കി എന്നു വിവരിക്കത്തവണ്ണം അവയും ഓര്‍മയില്ലാതെപോയി.
ചില ഓര്‍മകള്‍

വര്‍ഷാന്തത്തില്‍, അക്കൊല്ലം വായിച്ചവയില്‍ മുഖ്യങ്ങളായ പത്തു കവിതാപുസ്തകങ്ങളെപ്പറ്റി എഴുതാന്‍ മാതൃഭൂമി പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. അവ സൂക്ഷിച്ചിരുന്നു. എങ്കിലും എങ്ങനെയോ നഷ്ടപ്പെട്ടു. പ്രതികരണങ്ങളായി ചില കൃതികളെക്കുറിച്ചെഴുതിയ ഓര്‍മപങ്കുവെച്ചുകൊള്ളട്ടെ. ആധുനിക സാഹിത്യപ്രസ്ഥാനത്തില്‍പ്പെട്ട ചിലരചനകള്‍ ചെറുപ്പക്കാരെ ശുഭകരമല്ലാത്ത ജീവിതസങ്കല്പങ്ങളിലേക്ക് നയിച്ചേക്കാമെന്ന ആശങ്കമറച്ചുവെക്കുന്നില്ല. മയക്കുമരുന്നുകള്‍ക്ക് അടിമപ്പെട്ടവരുടെ ജീവിതം ചിത്രീകരിക്കുന്ന ചിലരുടെ രീതി ചെറുപ്പക്കാരെ അതില്‍നിന്ന് അകറ്റുന്നതിന് പകരം അതിനോട് അടുപ്പിക്കുകയില്ലേ എന്നായിരുന്നു ആശങ്കകളിലൊന്ന്. 'ഡല്‍ഹി 81' (എം. മുകുന്ദന്‍) എന്ന കഥ വായിച്ചപ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു രചന എന്നുതോന്നി. സമൂഹത്തോടുള്ള എഴുത്തുകാരന്റെ പ്രതിജ്ഞാബദ്ധതയെ കുലുക്കിയുണര്‍ത്തുന്ന കഥ. അന്ന് അതിനെപ്പറ്റി എഴുതിയത് ദിനപത്രത്തിലാണ്. കഥാകൃത്ത് പ്രതികരിച്ചില്ലെങ്കിലും പലവായനക്കാരും പ്രതികരിക്കുകയുണ്ടായി. വൈലോപ്പിള്ളിയുടെ ഒരു ചെറുകവിതയാണ് 'ഇത്തിരി മാത്രം രക്തം'. പട്ടാമ്പിയില്‍ സാഹിത്യസമിതി സമ്മേളനത്തിന് എത്താന്‍ വൈകിയതിന്റെ കാരണം യാത്രചെയ്ത വണ്ടിക്ക് തലവെച്ചുമരിച്ച ഒരു ചെറുപ്പക്കാരനാണെന്നും പഠിപ്പുള്ളവനെങ്കിലും ജോലികിട്ടാത്ത നിരാശയില്‍ അങ്ങനെചെയ്തതായി അയാളെപ്പറ്റി അറിയുന്നവര്‍ പറഞ്ഞുവെന്നും, 'ഇത്തിരി മാത്രം രക്തമേ' പാളത്തില്‍ക്കണ്ടുള്ളൂ എന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരി വിവരിച്ചതുമാണ് കവിതയുടെ വിഷയം 'ഇത്തിരിമാത്രം ചോര ഏറെയാര്‍ന്നിരുന്നെങ്കില്‍ ഈ സ്ഥിതി പൊറുക്കുമായിരുന്നില്ലല്ലോ നമ്മള്‍' എന്ന കവിയുടെ പ്രതികരണം കവിതയിലുണ്ട്. ആ കവിതയെ കാലഘട്ടത്തിന്റെയും ജനഗണത്തിന്റെയും അവസ്ഥയെപ്പറ്റി 'മലയാളകവിതയില്‍ ഒരു ഖണ്ഡികയുടെ അവതാരം' എന്നു വിശേഷിപ്പിച്ച ലേഖനം വന്നത് മാതൃഭൂമി ദിനപത്രത്തിലാണ്. കവിയുടെ വിയോഗവേളയിലെഴുതിയ 'യുഗത്തിന്റെ വെല്ലുവിളികേട്ട കവി' എന്ന ലേഖനം വന്നതും ദിനപത്രത്തിലാണ്. ഗുരുജനങ്ങളുടെ വിയോഗവേളയില്‍ അവരെപ്പറ്റി എഴുതേണ്ടിവരുന്നത് വലിയ സങ്കടമാണെങ്കിലും മാതൃഭൂമിയില്‍നിന്ന് ആവശ്യപ്പെട്ടാല്‍ അനുസരിച്ചിട്ടുണ്ട്. എന്‍.വി.യെപ്പറ്റിയും അന്തര്‍ജനത്തെപ്പറ്റിയും എഴുതി. ഒട്ടും സന്തോഷത്തോടെയല്ലെങ്കിലും മഹാനായ ഒരു കവിയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുമുണ്ട്. ഒരു
സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നാവുകുഴഞ്ഞുകൊണ്ട് അദ്ദേഹം നിര്‍വഹിച്ചപ്പോള്‍ മാതൃഭൂമിയൊഴികെ മറ്റൊരുപത്രവും ആ വിമര്‍ശനത്തെ വെളിച്ചം കാണിക്കുമായിരുന്നില്ല. 'ഗോഡ് ഓഫ് സ്മാള്‍ തിങ്സ്' പുറത്തുവന്ന ഉടനെ അതിനെപ്പറ്റി എഴുതിയ ലേഖനങ്ങള്‍ തുടര്‍ച്ചയായി നാലു വാരാന്തപ്പതിപ്പുകളില്‍ വന്നു. രാഷ്ട്രീയപ്രശ്‌നങ്ങളെപ്പറ്റിയും പലപ്പോഴും ദിനപത്രത്തിലെഴുതിയിട്ടുണ്ട്. ഉദ്യോഗസ്ഥന്മാരോട് ഭരണകൂടത്തിന്റെ പെരുമാറ്റത്തെപ്പറ്റി ലേഖനമെഴുതുകയെന്ന അവിവേകത്തിനുപോലും മാതൃഭൂമി സ്ഥലമനുവദിച്ചു (രാജു നാരായണസ്വാമിയെപ്പറ്റി). നമ്മുടെനാട്ടിലെ 'ബാലവേല'യുടെ രൂക്ഷതയും കഠോരതയും നെഞ്ചുപൊട്ടുന്ന വേദനയോടെ വെളിപ്പെടുത്തുന്ന ലേഖനങ്ങള്‍ക്ക് നവംബര്‍ 14-ന് മാതൃഭൂമി ഇടംനല്‍കിയിട്ടുണ്ട്.

അമ്മനാടിന്റെ പുരോഗതി

മാതൃഭൂമി ദിനപത്രം പേരിനുചേരുംവിധം അമ്മനാടിന്റെ പുരോഗതിയെ എന്നും മുഖ്യലക്ഷ്യമാക്കിയിരുന്നു. സങ്കുചിതമായ പരിഗണനകള്‍ ഒരുകാലത്തും മാതൃഭൂമിയെ ബാധിച്ചിരുന്നില്ല. സ്വാതന്ത്ര്യസമരകാലത്ത് അതിന് നിര്‍ഭയമായ പിന്തുണ നല്‍കിപ്പോന്ന വീരചരിതമുള്ള മാതൃഭൂമി, പിന്നീട് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയവര്‍ക്കു വഴിപിഴയ്ക്കുമ്പോള്‍ ധീരമായി വിമര്‍ശിക്കാനും തിരുത്താനും ശ്രദ്ധിച്ചുപോന്നു. കേരളജനതയുടെ 'പ്രബുദ്ധത'യെപ്പറ്റി മറ്റു ദേശക്കാര്‍ക്കുള്ള മതിപ്പിനു അര്‍ഹത നേടിക്കെടുക്കുന്നതില്‍ മാതൃഭൂമി വഹിച്ചിട്ടുള്ള പങ്ക് ഉയര്‍ന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സേവനംപോലെ പ്രശംസയര്‍ഹിക്കുന്നു. മാതൃഭൂമിയുടെ മഹത്ത്വങ്ങളിലൊന്ന്, എക്കാലത്തും ഉയര്‍ന്നനിലവാരം പുലര്‍ത്തിപ്പോന്ന മുഖപ്രസംഗങ്ങളാണ്. രാഷ്ട്രീയം, ഔദ്യോഗിക കാര്യനിര്‍വഹണം, ജനസേവനം, സാംസ്‌കാരികപ്രവര്‍ത്തനം, മതബോധം, വിദ്യാഭ്യാസം എന്നിങ്ങനെ വൈകാരികവും വൈചാരികവുമായ ഏതു കര്‍മമണ്ഡലത്തിലും വഴിപിഴയ്ക്കുന്നുവെന്നു കണ്ടാലുടനെ അപായമണി മുഴക്കാന്‍ ജാഗ്രതപുലര്‍ത്തുന്ന മുഖപ്രസംഗങ്ങള്‍. സുതാര്യവും ലളിതവും സംശുദ്ധവുമായ ഭാഷാപ്രയോഗത്തിലും അവ മാതൃകയായിരുന്നു.

മുഖപ്രസംഗം എന്ന രത്‌നഖനി

ആ മുഖപ്രസംഗങ്ങള്‍, തുടക്കംമുതല്‍ ഒടുക്കംവരെയുള്ളവ, സമാഹരിച്ച് പ്രസിദ്ധപ്പെടുത്തുകയാണെങ്കില്‍ അത് സാംസ്‌കാരികചരിത്രത്തിലെ ഒരു
രത്നഖനിയായിരിക്കും. പത്രത്തിനു സ്വന്തമായ രാഷ്ട്രീയനിലപാടുകളുള്ളപ്പോഴും, വാര്‍ത്തകളെയോ വസ്തുതകളെയോ ആ നിലപാടുകള്‍ക്കനുസൃതമായി സങ്കോചിപ്പിക്കുകയോ വളച്ചൊടിക്കുകയോ ചെയ്തുകാണാറില്ല. സുസംസ്‌കൃതചേതസ്സുകളായ സാഹിത്യകാരന്മാരുടെ സാരഥ്യം ഇത്രയേറെ തുടര്‍ന്നുപോന്നിട്ടുള്ള മറ്റൊരുപത്രവും മലയാളത്തിലില്ല. ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലും ആ നേതൃത്വമഹിമയുടെ മുദ്രകള്‍ മാതൃഭൂമികുടുംബത്തിലെ പ്രസിദ്ധീകരണങ്ങളായിരുന്ന ശാഖകളിലും മായാതെ പതിഞ്ഞിട്ടുണ്ട്. മരിക്കാനിഷ്ടമില്ലാത്തതിന്റെ കാരണങ്ങളിലൊന്ന് പരലോകത്തില്‍ കഥകളിയുണ്ടാവില്ലെന്നതാണെന്ന് പണ്ടു മഹാകവി പറഞ്ഞു. അതുപോലെ മാതൃഭൂമിവായന ശീലമാക്കിയവര്‍ക്കും തോന്നുന്നുണ്ടാവും പരലോകത്ത് മാതൃഭൂമിയുണ്ടാവില്ലല്ലോ എന്ന്. 'കാണക്കാണെ വയസ്സേറുന്ന മക്കള്‍ വായനക്കാര്‍ വൃദ്ധരാവും, മരിക്കും. മാതൃഭൂമി നിത്യയൗവനയായി സത്കര്‍മനിരതയായി നീണാള്‍വാഴും', ശതകം ചൊല്ലാതെ.

Content Highlights: mathrubhumi 100 years dr m leelavathy writes

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
CH Gangadharan

2 min

മയ്യഴിയുടെ സ്വന്തം സി.എച്ച്.

Jul 16, 2022


Manakkalath House

1 min

മച്ചാടിന്റെ മനയ്ക്കലാത്ത്, മാതൃഭൂമിയുടെയും

Jul 3, 2022


.

3 min

മാതൃഭൂമിയുടെ 'ഹൃദയം'

Mar 16, 2022


Most Commented