മൗനമായിരിക്കരുത് മാധ്യമങ്ങൾ


മാതൃഭൂമി ശതാബ്ദിയാഘോഷ സമാപനച്ചടങ്ങ് ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രിപിണറായി വിജയൻ നടത്തിയ പ്രസംഗം

മാതൃഭൂമി ശതാബ്ദി ആഘോഷത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രമോദ് കുമാർ/ മാതൃഭൂമി

മാതൃഭൂമി എന്നാൽ, ഒരു പത്രമോ ബഹുശാഖകളായി പടർന്ന മാധ്യമപ്രസ്ഥാനമോ മാത്രമല്ല. മാതൃഭൂമി മലയാളിയുടെ സാമൂഹികജീവിതത്തിന്റെയും അതിന്റെ പരിണാമത്തിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റെയും വികാസത്തിന്റെയുമെല്ലാം ചരിത്രമുദ്രകൂടിയാണ്. മാതൃഭൂമിയെ മാറ്റിനിർത്തി ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തെക്കുറിച്ച് ആലോചിക്കാൻപറ്റില്ല. 1923-ൽ മാതൃഭൂമി തുടങ്ങുമ്പോൾ സാരഥികൾക്ക് സ്വാതന്ത്ര്യസമരവും പത്രപ്രവർത്തനവും വേറെവേറെ ആയിരുന്നില്ല. ബ്രിട്ടീഷുകാർക്കുമുന്നിൽ ഒരിഞ്ചു പതറാതെ മാധ്യമപ്രവർത്തനം നടത്തുകയായിരുന്നു. അതുകൊണ്ട് പത്രാധിപരെ ഉദ്യോഗക്കസേരയിൽനിന്ന് അറസ്റ്റുചെയ്തു കൊണ്ടുപോയി. സാമൂഹികമുന്നേറ്റത്തിനുള്ള സമരങ്ങളിലും മാതൃഭൂമിയും സാരഥികളും വഹിച്ച പങ്ക് ചരിത്രപ്രധാനമാണ്. വൈക്കത്ത് 1924 ഫെബ്രുവരി 28-ന് കെ.പി. കേശവമേനോന്റെ നേതൃത്വത്തിൽ നടന്ന മഹായോഗത്തിലെ പ്രസംഗങ്ങളാണ് സത്യാഗ്രഹത്തിന്റെ വിളംബരമായത്. സത്യാഗ്രഹത്തിന് നേതൃത്വംനൽകിയ രണ്ടുപേരിൽ ഒരാൾ മാതൃഭൂമി പത്രാധിപകരായ കേശവമേനോനായിരുന്നു. മറ്റൊരാൾ മാതൃഭൂമി മാനേജരായ കെ. കേളപ്പനും.

ഐക്യകേരളപ്രസ്ഥാനത്തിനും മാതൃഭൂമി വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. പത്രത്തിന്റെ ആദ്യമുഖപ്രസംഗംതന്നെ ഭാവികേരളത്തെ മുന്നിൽ കാണുന്നതായിരുന്നു. ഭരണപരമായി മൂന്ന് പ്രവിശ്യകളായി വിഘടിച്ചുകിടന്ന കേരളത്തെ ഒരൊറ്റ സംസ്ഥാനമാക്കി മാറ്റേണ്ടതിന്റെ അനിവാര്യത മാതൃഭൂമിക്ക് ബോധ്യപ്പെട്ടിരുന്നു. അക്കാലത്ത് ഏറ്റവും കൂടുതൽ മുഖപ്രസംഗങ്ങൾ എഴുതിയത് ഐക്യകേരളത്തിനാണ്. ഐക്യകേരളത്തിനായി രൂപവത്കരിച്ച സമിതികളിൽ നേതൃനിരയിൽ കെ.പി. കേശവമേനോൻ, കെ. കേളപ്പൻ, കെ.എ. ദാമോദരമേനോൻ എന്നിവരുണ്ടായിരുന്നു.

ഐക്യകേരളം വന്നശേഷം ആദ്യമുഖപ്രസംഗം അതിന്റെ ഭാവിയെക്കുറിച്ചുള്ളതായിരുന്നു. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയപ്രവർത്തനം നാം ഉപേക്ഷിക്കാത്ത കാലത്തോളം കേരളസംസ്ഥാനത്തിന് പുരോഗതി ഇല്ലതന്നെ എന്നാണ് എഴുതിയത്. ഇന്ന് പുരോഗമന, മതേതര പ്രസ്ഥാനങ്ങൾ പറയുന്നതും ഇതേ കാഴ്ചപ്പാടുതന്നെയാണ്.

ആ മുഖപ്രസംഗം അവസാനിക്കുന്നത് ഇങ്ങനെയാണ്. ‘ഐക്യത്തിൽനിന്ന് ജനാധിപത്യത്തിലൂടെ ഐശ്വര്യത്തിലേക്ക് നാം മുന്നേറുമോ. അതോ നമ്മുടെയിടയിലുള്ള വ്യക്തിവാദവും ഗ്രൂപ്പ് മനഃസ്ഥിതിയും പ്രാദേശികഭേദബുദ്ധിയും വർഗീയ ചിന്തയും അച്ചടക്കരാഹിത്യവും വളർത്തി നാം അധഃപതനത്തിലേക്ക് കണ്ണടച്ചു നീങ്ങുമോ.’ മാതൃഭൂമി അന്നെഴുതിയ കാര്യമാണ്. ഇത് വർത്തമാനകാലത്തും പ്രസക്തമാണ്.

ഗുരുവായൂർ സത്യാഗ്രഹത്തിൽ എ.കെ.ജി.യുടെയും കൃഷ്ണപിള്ളയുടെയും പങ്ക് ചരിത്രമറിയുന്നവർക്കെല്ലാം അറിയാം. കേളപ്പൻകൂടി നേതൃത്വം വഹിച്ച് നടത്തിയ ആ സമരം. സമത്വത്തിന്റെ ആശയങ്ങളാണ് ഇവരെ ഒന്നിപ്പിച്ചത്.

മുൻകാല പാരമ്പര്യത്തിന്റെ എല്ലാ അംശങ്ങളും നിലനിർത്തി, ശക്തിപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകാൻ മാതൃഭൂമിക്ക് കഴിയണം. ഭാഷയ്ക്കും സാഹിത്യത്തിനും മാതൃഭൂമി നൽകിയ സംഭാവനകൾ എടുത്തുപറയേണ്ടതാണ്. ആഴ്ചപ്പതിപ്പും മാതൃഭൂമി ബുക്സും മലയാളിയുടെ ഭാവുകത്വത്തെ രൂപപ്പെടുത്തി. നമ്മുടെ മഹാകവികളും കഥാകാരന്മാരും മാതൃഭൂമിയിലൂടെ എഴുതിത്തെളിഞ്ഞവരാണ്. ഈടുവെപ്പുകളായ പല കൃതികളും മാതൃഭൂമിയിലൂടെയാണ് പുറത്തുവന്നത്. മഹാത്മാഗാന്ധിയെക്കുറിച്ച് ലോകഭാഷകളിൽ എഴുതപ്പെട്ട ഏറ്റവും മഹത്തായ കവിതകളിലൊന്നായ ‘എന്റെ ഗുരുനാഥൻ’ വള്ളത്തോൾ എഴുതിയത് മാതൃഭൂമിയിലാണ്. നെഹ്രുവിന്റെയും ഗാന്ധിജിയുടെയും ആത്മകഥകൾ മലയാളികൾ ആദ്യം വായിച്ചത് മാതൃഭൂമിയിലൂടെയാണ്. നെഹ്രു തന്റെ പ്രസാധകരായിത്തന്നെ മാതൃഭൂമിയെ വിശേഷിപ്പിച്ചു.

കോഴിക്കോട്ടുനിന്നാരംഭിച്ച മാതൃഭൂമി പിന്നീട് കേരളമാകെ പടർന്നു. സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള എം.പി. വീരേന്ദ്രകുമാർ അതിന്റെ അമരത്തുവന്നത്, അദ്ദേഹത്തോടൊപ്പം മാതൃഭൂമി ഡയറക്ടർ ബോർഡിൽവന്ന് ഇന്നും മാതൃഭൂമിക്ക് നേതൃത്വംകൊടുത്തു പ്രവർത്തിക്കുന്ന പി.വി. ചന്ദ്രൻ ഇവിടെ പറയുകയുണ്ടായി.

അടിയന്തരാവസ്ഥക്കാലത്ത് ഞങ്ങളെല്ലാം മനുഷ്യാവകാശങ്ങൾക്കുവേണ്ടി പോരാടി, അന്ന് ഞങ്ങളോടൊപ്പം വീരേന്ദ്രകുമാറും ജയിലിലടയ്ക്കപ്പെട്ടു. എഴുത്തുകാരനും പണ്ഡിതനും പ്രഭാഷകനുമെല്ലാമായ വീരേന്ദ്രകുമാറിന്റെ ഭാവനാപൂർണമായ നേതൃത്വത്തിലാണ് മാതൃഭൂമി അതിന്റെ പാരമ്പര്യത്തിലധിഷ്ഠിതമായ മാറ്റത്തിന്റെ യാത്ര തുടർന്നത്. തുടർന്ന് മലയാളികൾ ഏറെയുള്ള ഗൾഫ് രാജ്യങ്ങളിലും എത്തിച്ചേർന്നു. ആദ്യകാലനായകന്മാരെപ്പോലെയും കെ. മാധവൻനായരെപ്പോലെയും മാതൃഭൂമിയെ മതനിരപേക്ഷ കാഴ്ചപ്പാടിൽ നയിക്കാൻ വീരേന്ദ്രകുമാറിന് കഴിഞ്ഞു.

സ്വാതന്ത്ര്യം നേടിയശേഷം മാതൃഭൂമിയെ നയിച്ചവരിൽ ഡോ. എൻ.വി. കൃഷ്ണവാര്യർ, എം.ടി. വാസുദേവൻ നായർ എന്നിവരിലൊക്കെ മുൻഗാമികളുടെ വീക്ഷണം നാം കണ്ടിട്ടുണ്ട്. വീരേന്ദ്രകുമാർ നമുക്കൊപ്പം ഇല്ലെങ്കിലും അദ്ദേഹം പകർന്ന ബൗദ്ധിക ഊർജം മാതൃഭൂമിക്ക് തുടർയാത്രകളിൽ ഇന്ധനമാവുകതന്നെ ചെയ്യും.

ഇന്ന് വീരേന്ദ്രകുമാറിന്റെ മകൻ ശ്രേയാംസ്‌ കുമാറാണ് മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടർ. അച്ചടിമാധ്യമം എന്നതിൽനിന്നു മുന്നോട്ടുപോയി മാതൃഭൂമിക്ക് ആധുനികതയുടെ പല ശാഖകളും സൃഷ്ടിക്കാൻ ശ്രേയാംസിന്റെ നേതൃത്വത്തിന് കഴിഞ്ഞു. ഓൺലൈൻ പ്ലാറ്റ്‌ഫോം, ടി.വി., എഫ്.എം. റേഡിയോ, കപ്പ ചാനൽ തുടങ്ങിയവയിലൂടെ ശബ്ദമായും ദൃശ്യമായും മാതൃഭൂമി വളർന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ അക്ഷരോത്സവവും മാതൃഭൂമിയാണ് സംഘടിപ്പിക്കുന്നത്. ഇവയെല്ലാം കാലത്തിനനുസരിച്ച് സർഗാത്മകമായി ഒരു സ്ഥാപനം മാറുന്നതിന്റെ ഉദാഹരണമാണ്.

സാമൂഹികനവീകരണം ലക്ഷ്യംവെച്ച് ആരംഭിച്ച ഒരു മാധ്യമത്തിന് അതിന്റെ പ്രവൃത്തി വാർത്താവതരണത്തിൽ മാത്രം ഒതുക്കുക സാധ്യമല്ല. സമൂഹത്തിന്റെ ദീനതകളിലും ദുരന്തങ്ങളിലും കൈത്താങ്ങായി നിൽക്കുക എന്നതുകൂടി ആ മാധ്യമത്തിന്റെ ധർമമായി മാറുന്നു. ഗുജറാത്തിൽ ഭൂകമ്പം ഉണ്ടായപ്പോഴും ചെന്നൈ വെള്ളപ്പൊക്കത്തിലും കേരളം നേരിട്ട മഹാപ്രളയത്തിലും മാതൃഭൂമി വലിയ സഹായങ്ങളാണ് എത്തിച്ചത്. മാനുഷികതയെ മുറുകെപ്പിടിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിനു മാത്രമേ ഭേദവ്യത്യാസങ്ങളില്ലാതെ ഇങ്ങനെ പ്രവർത്തിക്കാൻ സാധിക്കൂ. ആ മൂല്യം കൈമോശം വരാതെ ശ്രദ്ധിക്കണം. ഒരു മാധ്യമസ്ഥാപനം നൂറുവർഷമായി നമ്മുടെ നാട്ടിൽ പ്രവർത്തിച്ചുവരുന്നു എന്നത് അഭിമാനകരമാണ്. നാൾക്കുനാൾ അത് അഭിവൃദ്ധിപ്പെട്ടുവന്നു എന്നതും അഭിമാനകരം. അതേസമയം, നമ്മുടെ രാജ്യത്ത് അപമാനകരമായ ചിലവസ്തുതകൾ നിലനിൽക്കുന്നു എന്നത് നാം കാണാതെപോകരുത്. വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യ 150-ാം സ്ഥാനത്താണ്. 180 രാജ്യങ്ങൾ മാത്രമുള്ള ഒരു ഇൻഡക്സിലാണ് ഇന്ത്യ 150-ാം സ്ഥാനത്തുള്ളത്.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവുംവലിയ സവിശേഷത നാനാത്വത്തിൽ ഏകത്വം എന്ന കാഴ്ചപ്പാടാണ്. അതിന്റെ ദൃഷ്ടാന്തങ്ങളാണ് നമ്മുടെ മതനിരപേക്ഷ, ഫെഡറൽ സ്വഭാവങ്ങൾ. അവയ്ക്കുമേൽ വലിയതോതിലുള്ള കടന്നാക്രമണങ്ങൾ ഏതുകോണിൽനിന്നുണ്ടായാലും മാധ്യമങ്ങൾ നിശ്ശബ്ദത പാലിക്കുകയല്ല വേണ്ടത്. പല കടന്നാക്രമണങ്ങളുടെ നേരെയും മാധ്യമങ്ങൾ മൗനം അവലംബിക്കുന്നു എന്ന പൊതുവിമർശനം രാജ്യത്തെ ജനാധിപത്യ, മതനിരപേക്ഷ വാദികൾ ഉയർത്തുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം വിമർശനങ്ങളെ കണ്ടില്ലാ എന്നു നടിച്ചാൽ മാധ്യമങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകും.

ഇന്ത്യ ബഹുസ്വരതകളാൽ സമ്പന്നമാണ് എന്നതുകൊണ്ടും അവ സംരക്ഷിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും വേണം എന്നതുകൊണ്ടുമാണ് രാജ്യം ഫെഡറൽ മതനിരപേക്ഷ മൂല്യങ്ങളെ മുറുകെപ്പിടിക്കുന്നത്. ആ ബഹുസ്വരതയ്ക്ക്‌ എതിരാണ്, ഒരു ഭാഷയെയും ഒരു മതത്തെയും അടിച്ചേൽപ്പിക്കുന്ന നടപടി. ഒരു ഭാഷമാത്രം മതിയെങ്കിൽ നമ്മുടെ മാതൃഭാഷയായ മലയാളം നിലനിൽക്കുമോ. മലയാളം ഇല്ലെങ്കിൽ എങ്ങനെയാണ് മലയാളമാധ്യമങ്ങൾ നിലനിൽക്കുക. ഇവ കണ്ടില്ലെന്നു നടിച്ചാൽ മാധ്യമങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകും.

മാധ്യമങ്ങളുടെ നിലനിൽപ്പിന് അടിസ്ഥാനപരമായി പൊരുതേണ്ടത് മാധ്യമങ്ങൾതന്നെയാണ്. എന്നാൽ, പല മാധ്യമങ്ങളും അക്കാര്യത്തിൽ ഉപേക്ഷ വിചാരിക്കുന്നു. ഇന്ത്യ ജനാധിപത്യ മതനിരപേക്ഷ രാജ്യമാണ്. നാനാത്വത്തിൽ ഏകത്വം എന്ന ആശയംപോലെ ഉയർന്നുവന്നതാണ് മതനിരപേക്ഷത എന്ന മൂല്യവും. മതവിശ്വാസികൾക്കും ഒരു വിശ്വാസവും ഇല്ലാത്തവർക്കും പൗരന്മാർ എന്നനിലയിൽ തുല്യ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് ഇന്ത്യയിൽ ഉണ്ടാകേണ്ടത്. അതുണ്ടാകുന്നു എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം മാധ്യമങ്ങൾക്കുമുണ്ട്. ഏതെങ്കിലുമൊരു വർഗീയതയെ താലോലിച്ചുകൊണ്ട് മതനിരപേക്ഷത നിലനിർത്താനാകില്ല. ഏതുതരം വർഗീയതയെയും തുറന്നുകാട്ടാനാകണം.

മാധ്യമസ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുന്നതിനും വൈവിധ്യങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുന്നതിനും മതനിരപേക്ഷത അട്ടിമറിക്കപ്പെടുന്നതിനുമൊക്കെ പുറമേ സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതുപോലും നിഷേധിക്കപ്പെടുന്ന സ്ഥിതിയുമുണ്ട്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന ആർക്കും നിശ്ശബ്ദരായിക്കാൻ കഴിയില്ല. മാതൃഭൂമിയെപ്പോലെ ദേശീയ പ്രസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യമുള്ള മാധ്യമ പ്രസ്ഥാനങ്ങൾക്ക് നാനാത്വത്തിലെ ഏകത്വവും മതനിരപേക്ഷതയും ഫെഡറലിസവും ഉൾപ്പെടെയുള്ള മൂല്യങ്ങൾ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനും കഴിയണം. ഈ ചുമതല തങ്ങളിൽ അർപ്പിതമാണെന്ന് മാധ്യമങ്ങൾ എപ്പോഴും മനസ്സിൽക്കരുതണം. കേരളത്തിൽനിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന മാധ്യമം എന്നനിലയ്ക്ക്‌ കേരളത്തിന്റെയും മലയാളത്തിന്റെയും ശബ്ദമാണ് മാതൃഭൂമിയിൽനിന്ന് വായനാസമൂഹം പ്രതീക്ഷിക്കുന്നത്. കൂടിയതോതിൽ ആ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ മാതൃഭൂമിക്ക് കഴിയണം. അനുനിമിഷം ലോകവും കേരളവും മലയാളിയും മാറുകയാണ്. ചരിത്രത്തിൽ കാലൂന്നിനിന്ന് സാമൂഹികപ്രതിബദ്ധതയോടെ വർത്തമാനകാലത്തിൽ പ്രവർത്തിക്കാൻ മാതൃഭൂമിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. ചരിത്രത്തിൽ 100 വർഷം ഒരു വലിയ കാലഘട്ടമല്ല. മാതൃഭൂമി ഇനിയും ഒരുപാടുദൂരം മുന്നോട്ടുപോകട്ടെ എന്ന് ആശംസിക്കുന്നു.

Content Highlights: mathrubhumi 100 years articles-cm pinarayi vijayan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented