എൻ.വി. കൃഷ്ണവാരിയർ | Photo: മാതൃഭൂമി
വായനക്കാരനും എഴുത്തുകാരനും താന്‍ വായിക്കുകയും കൃതികള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന പത്രത്തോടുള്ള ബന്ധത്തിനു പുറമേ, ജോലിക്കാരനു താന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തോടുള്ള ബന്ധവും എനിക്ക് മാതൃഭൂമിയോടുണ്ട്. ഞാന്‍ മാതൃഭൂമി ദിനപത്രം വായിച്ചുതുടങ്ങുന്നത് എന്നാണെന്നു നല്ലഓര്‍മയില്ല. എന്നാലും, 1930-ല്‍ ഗാന്ധിജിയുടെ ഐതിഹാസികമായ ദണ്ഡിയാത്രയും അതിനെത്തുടര്‍ന്ന് ഇന്ത്യയാകെ നടന്ന നിയമലംഘന പ്രസ്ഥാനവും അതിനെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് കൈക്കൊണ്ട ഭീകരമര്‍ദനമുറകളും എല്ലാം എന്റെ കിശോര ചേതനയിലേക്കു കടന്നുവന്നത് മാതൃഭൂമിയിലൂടെയാണ്.
പത്രം വായിക്കുന്നവരായിരുന്നില്ല എന്റെ വീട്ടുകാര്‍. ഞാന്‍ പഠിച്ചിരുന്ന സംസ്‌കൃതവിദ്യാലയത്തിലെ അധ്യാപകരും പൊതുകാര്യങ്ങളില്‍ തത്പരരായിരുന്നില്ല. എന്നാല്‍, സ്‌കൂളിനടുത്തുള്ള അങ്ങാടിയില്‍ ചെമ്പുപണ്ടങ്ങളില്‍ സ്വര്‍ണം പൂശുന്ന ഒരു കടയില്‍ച്ചെന്നാല്‍ മാതൃഭൂമി വായിക്കുകയും ദേശീയനേതാക്കന്മാരുടെ കാര്‍ഡ് വലുപ്പത്തിലുള്ള ചിത്രങ്ങള്‍ വാങ്ങുകയും ചെയ്യുമായിരുന്നു. നിരായുധ ഭാരതത്തിന്റെ ആയുധങ്ങളായ തക്ലിയും പരുത്തിയും വില്‍ക്കുകയും നൂല്‍ വാങ്ങുകയുംകൂടി ചെയ്യാന്‍ തുടങ്ങിയതോടെ ഈ കട കുറേക്കാലം ആ പ്രദേശത്തെ വിപ്ലവസ്ഥാപനമായിത്തീര്‍ന്നു.
സ്വാതന്ത്ര്യബോധമെന്നപോലെ ഗുരുവായൂര്‍ സത്യാഗ്രഹം ഉയര്‍ത്തിക്കൊണ്ടുവന്ന സാമൂഹിക നീതിയുടെ പ്രശ്‌നങ്ങളും ഞാന്‍ ഉള്‍ക്കൊണ്ടത് ഈ കടയിലിരുന്ന് മാതൃഭൂമി പാരായണം ചെയ്തിട്ടാണ്.
1931 മധ്യത്തില്‍ തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ ചേര്‍ന്നതോടെ മാതൃഭൂമി വായന ഒരുശീലമായി മാറി. മാതൃഭൂമിയിലൂടെ കണ്ണോടാത്ത ദിവസങ്ങള്‍ക്ക് പ്രകാശം അല്പം കുറവാണെന്ന അനുഭവം പലപ്പോഴും തോന്നിയിട്ടുണ്ട്.
1942-ല്‍ അധ്യാപകജോലി രാജിവെച്ച് ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കുചേര്‍ന്നു. ക്രമേണ സഹപ്രവര്‍ത്തകരില്‍ അധികംപേരും ജയിലിലാവുകയും പ്രവര്‍ത്തനമാര്‍ഗങ്ങള്‍ ഒന്നൊന്നായി അടയുകയും ചെയ്തു. ഇതോടൊപ്പം സാമ്പത്തികമായ ഞെരുക്കവും വര്‍ധിച്ചു. ഒരുനേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതിരുന്ന അക്കാലത്താണ് ലേഖനങ്ങള്‍ക്ക് പ്രതിഫലം തരുമോ എന്ന് മാതൃഭൂമി പത്രാധിപരോട് ഞാന്‍ ആരാഞ്ഞത്. അതിനു മുമ്പുതന്നെ കവിതകളും ലേഖനങ്ങളും മറ്റും മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് അയക്കുകയും പലതും പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു.
അങ്ങനെ പദ്യത്തിന് കോളത്തിനു നാലുരൂപയും ഗദ്യത്തിന് കോളത്തിനു ആറണയുംവീതം പ്രതിഫലം എനിക്ക് കിട്ടിത്തുടങ്ങി. ഒരു പഴയപാട്ട് എന്ന കവിതയ്ക്ക് പതിനാറുരൂപ പ്രതിഫലം കിട്ടിയപ്പോള്‍ എന്റെ ആഹ്ലാദത്തിനു അതിരുണ്ടായിരുന്നില്ല. ഇതോടെ നിശ്ചിത മാസവരുമാനമില്ലെങ്കിലും പൊതുപ്രവര്‍ത്തനം നടത്താമെന്ന വിശ്വാസം എന്നിലുളവായി.
സ്വതന്ത്രഭാരതം എന്ന പത്രം പ്രസിദ്ധപ്പെടുത്തുന്നതില്‍ കേശവന്‍ നായരെ സഹായിച്ചിരുന്ന കാലത്ത് ഒരുദിവസം രാത്രി മാതൃഭൂമിയുടെ മാനേജര്‍ കേശവന്‍ നായരെ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്ന് കണ്ടിരുന്നു. കേശവന്‍ നായരും മറ്റും ജയിലിലായശേഷം കോഴിക്കോട്ട് കീഴരിയൂര്‍ ബോംബ് കേസും മറ്റും നടത്തുന്നതിനായി കോഴിക്കോട്ട് താമസിക്കേണ്ടി വന്നപ്പോള്‍ മാതൃഭൂമിയില്‍ ഞാനൊരു നിത്യസന്ദര്‍ശകനായി. അന്ന് മാതൃഭൂമി പത്രാധിപരായിരുന്ന എം.കെ. രാജ അധ്യക്ഷനായുള്ള കീഴരിയൂര്‍ ബോംബ് കേസ് ഡിഫന്‍സ് കമ്മിറ്റിയുടെ സെക്രട്ടറിയായി ഞാന്‍ പ്രവര്‍ത്തിച്ചു. ഹിന്ദുസ്ഥാന്‍െൈ ടംസ് വക ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണം നിരൂപണം ചെയ്തുകൊണ്ട് അക്കാലത്ത് ഞാനെഴുതിയ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയതിനെ ആസ്പദമാക്കി മാതൃഭൂമി ദിനപത്രം പട്ടാളക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നത് ഗവണ്‍മെന്റ് നിരോധിക്കുകയുണ്ടായി.
മാതൃഭൂമിയില്‍ ഒരു ജോലിക്കാരനായി ചേരാന്‍ എന്നെ പ്രേരിപ്പിച്ചത് കേശവന്‍നായരായിരുന്നു. ജയിലില്‍നിന്ന് വിട്ടശേഷം കേശവന്‍നായര്‍ മദിരാശിയില്‍ മാതൃഭൂമിയുടെ ഒരു പുതിയ ഓഫീസ് സംഘടിപ്പിക്കാന്‍ നിയുക്തനായി. ഒരു ഗവേഷണവിദ്യാര്‍ഥിയെന്ന നിലയില്‍ അന്ന് ഞാനും മദിരാശിയിലുണ്ടായിരുന്നു. എങ്കിലും മാതൃഭൂമിയുടെ സ്റ്റാഫില്‍ ചേരുന്നതില്‍ എന്തുകൊണ്ടോ അന്ന് എനിക്ക് താത്പര്യമുണ്ടായില്ല.
ഞാന്‍ തൃശ്ശൂരില്‍ കേരളവര്‍മ കോളേജില്‍ മലയാളം അധ്യാപകനായിരുന്ന കാലത്ത് 1951 ജൂണില്‍ മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടര്‍ കുറൂര്‍ നമ്പൂതിരിപ്പാട് ആഴ്ചപ്പതിപ്പിന്റെ പത്രാധിപത്യം ഏല്‍ക്കാമോയെന്ന് ചോദിച്ചപ്പോഴും എനിക്ക് ആഹ്ലാദത്തെക്കാളേറെ ആശങ്കകളാണുണ്ടായിരുന്നത്. അടുത്തമാസത്തില്‍ പത്രാധിപര്‍ വി.എം. നായര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ കോഴിക്കോട്ട് ചെന്ന് അദ്ദേഹത്തെ കണ്ടപ്പോഴും എന്റെ സംശയങ്ങള്‍ ബാക്കിനിന്നു.
അധ്യാപകവൃത്തിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ സാഹിത്യപരിശ്രമങ്ങള്‍ തുടരാനാണ് കേരളവര്‍മ കോളേജിലെ പ്രിന്‍സിപ്പലായിരുന്ന ശങ്കരന്‍ നമ്പ്യാര്‍ ഉപദേശിച്ചത്. കേരളത്തിലാകെ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ഞാനന്ന് തത്പരനായിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖപത്രങ്ങളായി തൃശ്ശൂരില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന സ്വതന്ത്രഭാരതം, കേരളജനത എന്നിവയും അധ്യാപക പ്രസ്ഥാനത്തിന്റെ മുഖപത്രമായി പ്രസിദ്ധീകരിച്ചിരുന്ന ജനയുഗമായും എനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു. എന്റെയീ പശ്ചാത്തലം മാതൃഭൂമിയോട് പൊരുത്തപ്പെടാന്‍ തടസ്സമാകുമോയെന്നായിരുന്നു ഭയം.
1951 ഓഗസ്റ്റ് 18-ന് മാതൃഭൂമിയില്‍ അസിസ്റ്റന്റ് എഡിറ്ററായി ജോലി സ്വീകരിക്കുകയും 1968 ഓഗസ്റ്റ് 20-ന് പിരിയുന്നതുവരെ ആ ജോലിയില്‍ തുടരുകയും ചെയ്തു. ഈ കാലമത്രയും അഴ്ചപ്പതിപ്പിന്റെ ചുമതല എന്നില്‍ നിക്ഷിപ്തമായിരുന്നു. ആഴ്ചപ്പതിപ്പിനു പുറമേ യുഗപ്രഭാത് എന്ന ഹിന്ദി പംക്തി ആരംഭിക്കുകയും 12 വര്‍ഷം അതിന്റെ പത്രാധിപത്യം വഹിക്കുകയും ചെയ്തു. ദിനപത്രത്തിലേക്ക് ആഴ്ചയില്‍ ഒരു മുഖപ്രസംഗത്തില്‍ കുറയാതെ ഞാന്‍ എഴുതിയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പതിനേഴിലേറെ വര്‍ഷങ്ങള്‍ ഞാന്‍ മാതൃഭൂമിയിലാണ് ചെലവഴിച്ചത്.
Content Highlights: mathrubhumi 100 years articles
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..