പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
പുതിയ കാലത്ത് ഡിജിറ്റല്‍ മീഡിയ ഉന്തിത്തള്ളിയ തലമുറ ചേച്ചിയെയും ചേട്ടനെയും പരിഹാസത്തോടെ വിളിക്കുന്നു. സേട്ട-സേച്ചീ... ഗംഭീരമായതെന്തും അവര്‍ക്ക് 'പൊളപ്പന്‍' അല്ലെങ്കില്‍ കിടിലം ആണ്. ഇപ്പോഴത് 'അഡാര്‍' ആണ്. വലിയ പ്രകടനങ്ങളെ അതിന്റെ നിലവാരമനുസരിച്ച് അവര്‍ 'കിടു' എന്നോ 'കിടുക്കാച്ചി' എന്നോ 'പൊളി' എന്നോ വിശേഷിപ്പിക്കും. നിലവാരം കുറഞ്ഞ തമാശയാണെങ്കില്‍ 'ചളി' യെന്നും തോത് കൂടിയാല്‍ 'കട്ടച്ചളി'യെന്നും കുറ്റപ്പെടുത്തും. തൃശ്ശൂരില്‍ അതിനെ 'പുളുവടി' എന്നും പറയും. ഇതിനും പുതിയൊരു എഡിഷന്‍ ഇറങ്ങിയിട്ടുണ്ട്. 'കുംഭ'!
പശുവിന്റെയും മനുഷ്യന്റെയും കുട്ടികള്‍ തൃശ്ശൂരില്‍ 'ക്ടാവ്' ആണ്. പറഞ്ഞുപറഞ്ഞ് അത് 'ഡാവ്' ആയി. സുഹൃത്തുക്കളൊക്കെ 'ചങ്ക്' ആണ്. അല്ലെങ്കില്‍ 'ചങ്കത്തി'. 'ബെസ്റ്റ് ഫ്രണ്ട്' ആണെങ്കില്‍ 'കട്ട ചങ്ക്'! പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടാല്‍ ഇപ്പോള്‍ 'തേച്ചു' എന്നേ പറയൂ. തേപ്പ് പണിക്കാര്‍ ഇനി കട്ടയ്ക്ക് വാമൊഴിച്ചന്തയില്‍ എന്തുചെയ്യും?വേറൊരു അര്‍ഥമുണ്ട്. ഒപ്പത്തിനൊപ്പം എന്ന അര്‍ഥത്തില്‍ 'കട്ടയ്ക്ക്' നിന്നു എന്നും പറയും.
പണ്ടും പഠിക്കുന്നവരെ ബഹുഭൂരിഭാഗം കൂട്ടുകാര്‍ക്കും ഇഷ്ടമല്ല - അവരെ 'പഠിപ്പി', 'പഠിപ്പിസ്റ്റ്' എന്നൊക്കെ വളിക്കും. ലേശം പരിഹാസമുണ്ടോ എന്നു സംശയം. പക്ഷേ, ബഹുമാനം തീരെയില്ല!ശ്രേയസ്സ് അയ്യര്‍ 30 പന്തില്‍നിന്ന് 70 റണ്‍സ് അടിച്ചാല്‍ യെവന്‍ 'മിന്നിച്ചു' എന്നേ പറയൂ. യെവന്‍ അനന്തപുരിയുടെ ഒരു അഡാര്‍ പ്രയോഗം. കൂട്ടുകാരൊക്കെ പരസ്പരം വിളിക്കും, സഹോ... ബ്രോ... എന്നിട്ട് ശ്രേയസ്സ് അയ്യര്‍ 'മിന്നിച്ച' കഥ പറയും.
ഇനി ശ്രേയസ്സാണ് ലോകത്തിലെ ഏറ്റവും മികച്ചതാരം എന്നൊക്കെ ആരെങ്കിലും എഴുതിയാല്‍, തിരുവനന്തപുരത്തുകാര് ചോദിക്കും എന്നാ... തള്ളാ...നമ്മുടെ വേണ്ടപ്പട്ട ഒരാള്‍, ഗള്‍ഫില്‍ച്ചെന്ന് എല്ലാ ഗള്‍ഫുകാര്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും കുട്ടികള്‍ക്ക് മുഴുവന്‍ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും പറഞ്ഞുകളഞ്ഞു. പിറ്റേന്ന് ട്രോള്‍ പ്രളയം ''എന്നാ തള്ളാ...'
ഇനിയും നിങ്ങള്‍ക്കതു മനസ്സിലായില്ലെങ്കില്‍ ഹരീഷ് കണാരനോട് ചോദിച്ചാല്‍ മതി!
ഈയിടെ കണ്ട ട്രോളാണ്...
ചേട്ടാ, തോട്ടുംവക്കത്തെ ലോനപ്പേട്ടന്‍ രാവിലെ ചുമരേക്കേറി... എന്താ എന്താ എന്ന് മറുചോദ്യം. ഉടനെവന്നു വിശദീകരണം. പടായീന്ന്. പിന്നെയും സംശയിച്ചാല്‍ പറയും മരിച്ചൂന്ന്...
(ഇതിനൊന്നും യാതൊരു പകര്‍പ്പവകാശവുമില്ല)
Content Highlights: mathrubhumi 100 years articles
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..