പോരാട്ടങ്ങളിലെ സ്ത്രീ
വായനയിലൂടെയും തുറന്ന ഇടപെടലുകളിലൂടെയും കേരള സ്ത്രീക്ക് തുറന്നുകിട്ടിയ നവലോകങ്ങള്‍. കാഴ്ചപ്പാടുകളെ അടിമുടി മാറ്റിമറിച്ച ആശയങ്ങള്‍. പ്രസ്ഥാനങ്ങള്‍, ചിന്താധാരകള്‍.ആദ്യം മനസ്സില്‍ തെളിയുന്നത് അജിത എന്ന വിപ്ലവനക്ഷത്രം! അധഃസ്ഥിതന്റെ, അടിച്ചമര്‍ത്തപ്പെട്ടവന്റെ വിമോചനം സ്വപ്നംകണ്ട നക്‌സല്‍പ്രസ്ഥാനം. പതിനെട്ടാംവയസ്സില്‍ അമ്മ മന്ദാകിനിക്കൊപ്പം അതിസാഹസികമായി അതിലേക്ക് എടുത്തുചാടിയ ധീരയായ പെണ്‍കുട്ടി. അനേകം സ്ത്രീകള്‍ക്ക് ആശ്രയവും ആത്മവീര്യവും പകര്‍ന്ന 'അന്വേഷി'യിലൂടെ അജിത ഇന്നും പോരാട്ടം തുടരുന്നു.
ചെറുത്തുനില്‍പ്പിന്റെ മറ്റൊരു ധീരമായ മുഖമാണ് ജാനുവിന്റേത്. അനേക സംവത്സരങ്ങളായി അടിച്ചമര്‍ത്തപ്പെട്ടുകഴിഞ്ഞിരുന്ന ആദിവാസികളുടെ ഇടയില്‍നിന്ന് ഉറച്ചശബ്ദവുമായി ഒരു നേതാവ്, വര്‍ഗീസും അജിതയുമൊക്കെ തുടങ്ങിവെച്ച പോരാട്ടത്തിന്റെ തുടര്‍ച്ച.ഏറെക്കാലത്തെ നിയമയുദ്ധത്തിനുശേഷം ക്രിസ്ത്യന്‍ സ്ത്രീകളുടെ പിന്തുടര്‍ച്ചാവകാശം നേടിയെടുത്ത മേരി റോയ്, പരിസ്ഥിതിസംരക്ഷണത്തിനായി നിതാന്തസമരത്തിലേര്‍പ്പെട്ട കവി സുഗതകുമാരി, ചെല്ലാനത്തെ മുക്കുവരുടെ ഉന്നമനത്തിനായി നെടുനാളായി ഒറ്റയാള്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന സിസ്റ്റര്‍ ആലീസ്, ഉത്തരരേന്ത്യയിലെ ആദിവാസികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ദയാബായി.
നമ്മുടെ സാംസ്‌കാരികചരിത്രത്തില്‍ കല്ലില്‍കൊത്തിവെക്കേണ്ട പേരുകള്‍.മൂന്നാറില്‍ സ്ത്രീ തൊഴിലാളികള്‍ നടത്തിയ അവകാശസമരം (പൊമ്പിളൈ ഒരുമ), ടെക്സ്‌റ്റൈല്‍ തൊഴിലാളികളുടെ ആഭിമുഖ്യത്തില്‍ നടന്ന ഇരിപ്പുസമരം. പോലീസില്‍ ഏകീകൃത ഡ്രസ്‌കോഡിനായി വിനയ നടത്തിയ സമരം, യാത്രയ്ക്കിടയിലുണ്ടായ കടന്നുകയറ്റത്തെ ചോദ്യംചെയ്ത് പി.ഇ. ഉഷ നടത്തിയ സമരം... ഓരോന്നും കേരളസ്ത്രീയുടെ അവകാശസംരക്ഷണത്തിന്റെ, ചെറുത്തുനില്‍പ്പിന്റെ അടയാളക്കല്ലുകളായി നിലകൊള്ളുന്നു.
ചെറുപ്പത്തില്‍ ഞാന്‍ പരിചയിച്ച അധഃസ്ഥിതജീവിതങ്ങള്‍, പ്രത്യേകിച്ച് പെണ്ണുങ്ങളുടേത്, അത്യന്തം ശോച്യമായിരുന്നു. രാവന്തിയോളം പാടത്തും പറമ്പിലും തൊഴില്‍ശാലകളിലും മാടിനെപ്പോലെ പണിയെടുക്കുക, മടങ്ങിവന്ന് വീട്ടിലെ വേലകളില്‍ മുഴുകുക. മദ്യപരായ ഭര്‍ത്താക്കന്മാരുടെ മര്‍ദനങ്ങളും അധിക്ഷേപങ്ങളും ഏറ്റുവാങ്ങുക. നിശ്ശബ്ദസഹനത്തിന്റെ ആള്‍രൂപങ്ങള്‍.
സാക്ഷരതയും പരിഷ്‌കരിച്ച തൊഴില്‍നിയമങ്ങളും, ഭൂപരിഷ്‌കരണം, ലക്ഷംവീട് പ്രസ്ഥാനം തുടങ്ങിയ പദ്ധതികളും പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും ഒരു നവജീവന്‍ പകര്‍ന്നു. കുടുംബാസൂത്രണം മറ്റൊരു വഴിത്തിരിവായിരുന്നു. ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍. അവരെ എത്ര പാടുപെട്ടും പഠിപ്പിച്ചു മിടുക്കരാക്കുക, ഇതായിത്തീര്‍ന്നു ഓരോ സ്ത്രീയുടെയും ജീവിതലക്ഷ്യം.
Content Highlights: mathrubhumi 100 years article


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..