പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
പൈതലായിരിക്കേ ഞാന്‍ ചുറ്റിനുംകണ്ട സ്ത്രീജീവിതങ്ങള്‍ ഏതാണ്ടെല്ലാം സമാനമായിരുന്നു. അങ്ങു കിഴക്ക് മലയുടെ ചെരിവില്‍ കുട്ടിക്കതിരവനുയരുംമുമ്പേ അവര്‍ കണ്‍മിഴിക്കുന്നു. ചാടിപ്പിടഞ്ഞെണീക്കുന്നു. പിന്നെ തിടുക്കപ്പെട്ടു ദേഹശുദ്ധി, നാമജപം. പിന്നത്തെക്കഥയൊന്നും പറയേണ്ട. അടുപ്പില്‍ തീകൂട്ടുന്നു. കത്താത്ത വിറക് ഊതിയൂതി കത്തിക്കുന്നു. പ്രാതലൊരുക്കുന്നു. അതിനിടയില്‍ ചായ തിളപ്പിക്കുന്നു. കുട്ടികളെ കുളിപ്പിച്ചൊരുക്കി ചോറും പൊതിയുമായി പള്ളിക്കൂടത്തിലേക്കു പറഞ്ഞയക്കുന്നു.
ഉച്ചയൂണിനുള്ള ശ്രമങ്ങള്‍ ഉടനെ തുടങ്ങും. പറമ്പില്‍ ചുറ്റിനടന്ന് കായും താളും മുരിങ്ങയിലയും വാഴക്കുടപ്പനുമൊക്കെ ശേഖരിക്കുന്നു. ഉള്ളതുകൊണ്ടോണം! ഊണും പാത്രംമോറലുമൊക്കെ കഴിഞ്ഞ് തെല്ലുനേരം ഒന്നു നടുനീര്‍ത്താന്‍ പറ്റിയെങ്കിലായി. അപ്പോഴേക്കും സ്‌കൂള്‍ വിട്ടുവരുന്നവരുടെ വിശപ്പു ശമിപ്പിക്കാനുള്ള ഒരുക്കമായി. പിന്നെ അത്താഴംവെപ്പ്, വിളമ്പ്, അടുക്കളവൃത്തിയാക്കല്‍, എല്ലാംകഴിഞ്ഞ് കുളിച്ച് കിടക്കയിലേക്ക് ചായുമ്പോള്‍ രാവേറെ ചെന്നിരിക്കും.
കുടുംബമെന്ന ലോകം
കുടുംബമായിരുന്നു അവരുടെ ലോകം. ഭര്‍ത്താവ്, മക്കള്‍, അച്ഛനമ്മമാര്‍, ഇവരെ ചുറ്റിപ്പറ്റിയായിരുന്നു ആകുലതകള്‍. വെപ്പും വിളമ്പും അലക്കും തൂപ്പും കൃഷിപ്പണികളില്‍ സഹായിക്കലും. നിശ്ശബ്ദം എരിഞ്ഞൊടുങ്ങുന്ന മെഴുകുതിരികള്‍, പി. കുഞ്ഞിരാമന്‍ നായര്‍ സ്വന്തം അമ്മയെക്കുറിച്ചെഴുതിയതുപോല്‍, 'അടുക്കളയാകുന്ന യജ്ഞപ്പുരയില്‍ എരിഞ്ഞുതീരുന്ന ജന്മങ്ങള്‍'. പക്ഷേ, അന്നത്തെ സ്ത്രീകള്‍ അതേച്ചൊല്ലി പരിതപിച്ചില്ല. ഞങ്ങള്‍ എന്തെങ്കിലുംതരം ത്യാഗം ചെയ്യുന്നതാണെന്ന് അവര്‍ ചിന്തിച്ചതേയില്ല. ജീവിതം തങ്ങളെ ഏല്‍പ്പിച്ച കുടുംബിനി, ഗൃഹസ്ഥ എന്നൊക്കെയുള്ള റോളുകള്‍ അവര്‍ തങ്ങളാലാവുംവിധം കമനീയമായിത്തന്നെ കൈാര്യംചെയ്തുപോന്നു.
അവര്‍ക്ക് അത്രയ്ക്കു പഠിപ്പൊന്നും ഉണ്ടായിരുന്നില്ല. എഴുത്തും വായനയും അഭ്യസിക്കുന്ന കുറേപ്പേര്‍ ഒമ്പതാം ക്ലാസ് വരെയെത്തി. അന്ന് കോളേജുകള്‍ കുറവ്. അകലെയുള്ള കലാലയങ്ങളിലേക്ക് അയക്കാന്‍ ഏറെ പണച്ചെലവ്. അപൂര്‍വം ചിലര്‍ക്കു മാത്രമേ അതിനുള്ള സാഹചര്യമുണ്ടായിരുന്നുള്ളൂ. നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും കൈമുതലായുള്ള സമര്‍ഥരായ പെണ്‍കുട്ടികളില്‍ ചിലര്‍ സകല യാഥാസ്ഥിതിക ചിന്തകളെയും അവഗണിച്ച് ഉപരിപഠനത്തിന് ഇറങ്ങിപ്പുറപ്പെട്ടു.
കുട്ടിക്കാലത്ത് ഏറെ ആദരവോടെ കൊണ്ടാടപ്പെട്ടിരുന്ന അതേ സവിശേഷ വ്യക്തിത്വങ്ങള്‍.
ഇന്ത്യന്‍ ഭരണഘടനാ ശില്പികളിലൊരാളായ ദാക്ഷായണി വേലായുധന്‍, ലക്ഷ്മി എന്‍. മേനോന്‍, അക്കാമ്മ ചെറിയാന്‍, റോസമ്മ പുന്നൂസ്, കെ.ആര്‍. ഗൗരിയമ്മ, ഇന്ത്യയിലെ എന്നല്ല, കോമണ്‍വെത്ത് രാജ്യങ്ങളിലെത്തന്നെ ആദ്യ വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് അന്നാചാണ്ടി, കുട്ടിമാളുഅമ്മ, ക്യാപ്റ്റന്‍ ലക്ഷ്മി, ഇന്ത്യയിലെ ആദ്യ വനിതാ സര്‍ജന്‍ മേരി പുന്നന്‍ ലൂക്കോസ്.
വിദ്യയിലൂടെ വളര്‍ച്ച
കാലംപോയപ്പോള്‍ വിദ്യാലയങ്ങളുടെ എണ്ണം കൂടി. കോളേജുകള്‍ സാര്‍വത്രികമായി. വിദ്യാഭ്യാസം സാധാരണക്കാരനും പ്രാപ്യമായി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണനല്‍കുന്നതായിരുന്നു നമ്മുടെ പില്‍ക്കാലനയങ്ങള്‍. അങ്ങനെ ഒട്ടേറെപ്പേര്‍ അഭ്യസ്തവിദ്യരായി. അക്കാലത്താണ് സ്ത്രീകള്‍ ജോലിക്ക് പോയിത്തുടങ്ങിയത്. ഇക്കാലത്താണ് നഴ്സിങ് പരിശീലനം നേടിയ യുവതികള്‍ തൊഴില്‍തേടി കേരളംവിട്ട് അകലങ്ങളിലേക്കു യാത്രതിരിച്ചത്.
ഉത്തരേന്ത്യയിലെ വിദൂരവും ദുര്‍ഗമവുമായ ദിക്കുകളില്‍പ്പോലും അവര്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ചേക്കേറി.നിര്‍ധന കുടുംബങ്ങളുടെ നെടുംതൂണുകളായിരുന്നു ഇവര്‍. ഉറ്റവരെയും കൂടപ്പിറപ്പുകളെയുംകൂടി പരിരക്ഷിച്ചു. അവരുടെ ഉപരിപഠനം, വിവാഹം, അച്ഛനമ്മമാരുടെ സംരക്ഷണം ഇവയൊക്കെയും ഏറ്റെടുത്തു. സ്വന്തം ആനന്ദങ്ങള്‍ മാറ്റിവെച്ച് ചുറ്റുമുള്ളവര്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ചവര്‍. പാറപ്പുറത്തിന്റെ സൂസമ്മയുടെ നേര്‍ചിത്രം. മധ്യതിരുവിതാംകൂറിന്റെ സമ്പദ്ഘടനയില്‍ത്തന്നെ മാറ്റംവരുത്തിയ നഴ്സുമാരുടെ ഭാഗധേയം വേണ്ടത്ര പ്രകീര്‍ത്തിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം.
ചിറകുവീശി പുതിയലോകത്തേക്ക്
കേരളീയ സ്ത്രീജീവിതത്തെ പാടേ മാറ്റിമറിച്ച കുടുംബശ്രീ പ്രസ്ഥാനം. താഴേത്തട്ടിലുള്ള സ്ത്രീകള്‍ക്ക് അതുമൂലമുണ്ടായ ഉറപ്പും ആത്മവിശ്വാസവും ചെറുതല്ല. വീടിന്റെ പരിമിതലോകം ഭേദിച്ച് അവര്‍ പുതിയ മേഖല കണ്ടെത്തി. ചെറുകിട സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തരായി. വിവാഹം, കുടുംബം ഇവ തങ്ങളുടെ സ്വതന്ത്രജീവിതത്തെ ബന്ധനത്തിലാക്കുന്ന ചങ്ങലയെന്ന വിളംബരത്തോടെ പലരും വിവാഹമേ വേണ്ടെന്നുവെച്ചു. ലിവിങ് ടുഗതര്‍, സറഗേറ്റ് മാതൃത്വം ഇവയൊന്നുമേ ഇന്നു നമ്മെ അമ്പരപ്പിക്കാത്തതായി. ലൈംഗികത്തൊഴിലാളികളുടെയും ട്രാന്‍സ്ജെന്‍ഡേഴ്സിന്റെയും അവകാശപ്പോരാട്ടങ്ങള്‍ മറ്റൊരു മുന്നേറ്റംതന്നെയാണ്. മാറ്റങ്ങള്‍ അതിവേഗമാണ് സംഭവിക്കുന്നത്. നല്ലതും തീയതുമായ പരിണതഫലങ്ങള്‍... മലയാളിസ്ത്രീ എന്ന് വിവക്ഷിക്കുന്നതിനെക്കാള്‍ ഒരു ആഗോളവനിത എന്ന സംജ്ഞയാവും കൂടുതല്‍ ചേരുക. കാരണം, തന്റെ വിടര്‍ന്ന ചിറകുകള്‍ വീശി അവള്‍ വിശാലമായ ആകാശത്തേക്കും അതിനപ്പുറത്തേക്കും പറന്നുയര്‍ന്നുകഴിഞ്ഞു. പുതിയ ലോകങ്ങളും അനുഭവങ്ങളും തേടി!
Content Highlights: mathrubhumi 100 years article
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..