പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
കൊച്ചി രാജ്യത്തെ കീഴടക്കാന്‍ 1753-ല്‍ സാമൂതിരി തൃശ്ശൂര്‍ വടക്കുംനാഥന്റെ പള്ളിത്താമത്തില്‍ എത്തിയത് ഒമ്പതുദിവസംകൊണ്ടാണ്. കാലാള്‍പ്പട പുറപ്പെട്ടത് അതിനുമുമ്പായിരുന്നു. അഞ്ചുവര്‍ഷം വടക്കേക്കര കോവിലകത്ത് താമസിച്ച സാമൂതിരി തീപ്പെട്ടതും അവിടെവെച്ചാണ്. 1758-ല്‍ വീരമരണം പ്രാപിച്ച സാമൂതിരിയുടെ ശവകുടീരം ഇന്നും അവിടെയുണ്ട്.പില്‍ക്കാലത്ത് വടക്കേക്കര കൊട്ടാരം പുതുക്കിപ്പണിത രാമവര്‍മ ശക്തന്‍തമ്പുരാന്‍ തൃപ്പാപ്പി (തിരുവിതാംകൂര്‍) സ്വരൂപത്തിലെ ഭരണാധികാരിയെ കാണാന്‍ പുറപ്പെട്ടത് പല്ലക്ക്, കുതിരവണ്ടി, വഞ്ചി, ഓടിവഞ്ചി എന്നിങ്ങനെ വിവിധ വാഹനങ്ങള്‍ ഉപയോഗിച്ചാണ്. ഏതാണ്ട് ഒരാഴ്ച എടുത്തിരിക്കണം. 1892-ല്‍ തൃശ്ശൂരിലെ വഞ്ചിക്കടവില്‍നിന്ന് രാവിലെ പുറപ്പെട്ട സ്വാമി വിവേകാനന്ദന്റെ വഞ്ചി കൊടുങ്ങല്ലൂരില്‍ എത്തിയത് സന്ധ്യക്കാണ്. ഷൊര്‍ണൂരില്‍ തീവണ്ടിയിറങ്ങിയ സ്വാമി തൃശ്ശൂരില്‍ എത്തിയത് കാളവണ്ടിയിലായിരുന്നു.കൊച്ചിരാജ്യത്ത് ആദ്യമായി എത്തിയ പി. കേശവദേവിന് ഭാഷമുതല്‍ ഭക്ഷണംവരെ വ്യത്യസ്തമായി തോന്നി. മറ്റൊരു നാട്ടിലെത്തിയപോലെയുള്ള വിചാരം ഉണ്ടായതായും ദേവ് എഴുതുന്നു. കൊടുങ്ങല്ലൂരില്‍നിന്ന് ചികിരി ചേര്‍ത്തലയിലെത്തിയാല്‍ ചുങ്കംമാറി. നാണയവും മാറി.
മൂന്നായി മുറിഞ്ഞ പ്രാചീനകേരളം
മൂന്നായി മുറിഞ്ഞുകിടന്ന പ്രാചീനകേരളത്തിന്റെ യാത്രാമാര്‍ഗങ്ങളും സാമ്പത്തികവ്യവസ്ഥകളും ഈവിധം സങ്കീര്‍ണമായിരുന്നു. അതുകൊണ്ടാണ് 1918-ല്‍ മദിരാശി മലയാളികളോട് ഒരൊറ്റ കേരള സംസ്ഥാനം അഥവാ പശ്ചിമതീര സംസ്ഥാനമെന്ന ആശയം കെ.പി. കേശവമേനോന്‍ അവതരിപ്പിച്ചപ്പോള്‍ കേട്ടിരുന്നവര്‍ ചിരിച്ചത്. കേശവമേനോന്‍ സ്വപ്നത്തില്‍ക്കണ്ടതെല്ലാം ഇങ്ങനെ വിളിച്ചുപറയരുതെന്ന് പി. കുഞ്ഞികൃഷ്ണമേനോന്‍ ഉപദേശിക്കുകയും ചെയ്തു!
1920-ല്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനുവേണ്ടി കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം 21 സംസ്ഥാനങ്ങളെ വിഭാവനം ചെയ്തിരുന്നു. അതിലൊന്ന് കേരളമായിരുന്നു. കേശവമേനോനും കേളപ്പനും ഇക്കാര്യത്തില്‍ഒരു സംശയവുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മാതൃഭൂമിയുടെ 'ഒരു പാവന പ്രതിജ്ഞ (സ്വന്തം പ്രസ്താവന)' എന്ന ആദ്യത്തെ എഡിറ്റോറിയലില്‍ ഐക്യകേരളം തങ്ങളുടെ ലക്ഷ്യമായിരിക്കും എന്ന് പ്രഖ്യാപിച്ചത്.
'ഒരേ ഭാഷ സംസാരിച്ച് ഒരേ ചരിത്രത്താലും ഐതിഹ്യത്താലും ബന്ധിക്കപ്പെട്ട് ഒരേ ആചാരസമ്പ്രദായങ്ങള്‍ അനുഷ്ഠിച്ചുവരുന്നവരായ കേരളീയര്‍ ഇപ്പോള്‍ ചിന്നിച്ചിതറി മൂന്നുനാലു ഭരണത്തിന്‍കീഴില്‍ ആയിത്തീര്‍ന്നിട്ടുണ്ടെങ്കിലും കേരളീയരുടെ പൊതു ഗുണത്തിനും വളര്‍ച്ചയ്ക്കും ശ്രേയസ്സിനും കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിവസിക്കുന്ന ജനങ്ങള്‍തമ്മില്‍ ഇപ്പോഴുള്ളതില്‍ അധികം ചേര്‍ച്ചയും ഐക്യതയും ഉണ്ടായിരിക്കേണ്ടത് എത്രയും ആവശ്യമായതുകൊണ്ട് ഇക്കാര്യ നിവര്‍ത്തിക്കായും 'മാതൃഭൂമി' വിടാതെ ഉത്സാഹിക്കുന്നതാകുന്നു''-എഡിറ്റോറിയലില്‍ എഴുതി.
ആഘോഷമായി ഐക്യകേരളം
ഐക്യകേരളപ്പിറവിദിനത്തില്‍ മാതൃഭൂമിയുടെ സപ്‌ളിമെന്റ് മാത്രം 16 പേജായിരുന്നു. അതിനുമുമ്പ് മാതൃഭൂമി സ്വാതന്ത്ര്യപ്പിറവി ഉള്‍പ്പെടെയുള്ള വലിയ സംഭവങ്ങള്‍ക്കൊന്നും ഇത്രയേറെ പേജുകള്‍ ചെലവഴിച്ചിട്ടില്ല.
ആ സപ്ലിമെന്റില്‍ തന്റെ സ്വപ്നമായ പശ്ചിമതീര സംസ്ഥാനം എന്ന ആശയം തകര്‍ന്നതില്‍ കെ.പി. കേശവമേനോന്‍ നിരാശ പ്രകടിപ്പിക്കുന്നുണ്ട്. കേരളപ്പിറവിയുടെ വിശേഷാല്‍ പതിപ്പിലെ ഏറ്റവും സമ്പന്നമായ സംവാദം കേരള തലസ്ഥാനം എവിടെ വേണമെന്നതായിരുന്നു. സഹോദരന്‍ അയ്യപ്പനും മലയാള മനോരമ പത്രാധിപര്‍ കെ.എം. ചെറിയാനും ഡോ. എ.ആര്‍. മേനോനും പി. നാരായണന്‍ നായരും (മാതൃഭൂമി മുന്‍ പത്രാധിപര്‍) അത് എറണാകുളത്തായിരിക്കണമെന്നാണ് നിര്‍ദേശിച്ചത്. കെ.എം. ചെറിയാന്‍ കുറെക്കൂടി വ്യക്തമായി ആലുവ-എറണാകുളം-പെരുമ്പാവൂര്‍ മധ്യത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടു. മള്ളൂര്‍ ഗോവിന്ദപ്പിള്ള തിരുവനന്തപുരത്തിന്റെ കാര്യത്തില്‍ ഉറച്ചുനിന്നു. മുന്‍ കളക്ടര്‍ കെ.പി. കൃഷ്ണന്‍നായര്‍ ഷൊര്‍ണൂരിനും തൃശ്ശൂരിനും ഇടയ്‌ക്കെന്ന് വിഭാവനം ചെയ്തു. തൃശ്ശൂരിലെ ഐക്യകേരള സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് കേളപ്പജി നടത്തിയ മൂന്നുമണിക്കൂര്‍നീണ്ട പ്രസംഗത്തില്‍ എന്തുകൊണ്ടാണ് പശ്ചിമതീര സംസ്ഥാനമെന്ന് വിശദീകരിക്കുന്നുണ്ട്. ഭാഷ, വേഷം, സംസ്‌കാരം എന്നീ കാര്യങ്ങളില്‍ ചേരമാന്‍ പെരുമാളുടെ കാലത്ത് കേരളത്തിന് രാഷ്ട്രീയ ഐക്യമുണ്ടായിരുന്നു എന്നാണ് അദ്ദേഹം ആമുഖമായി പറഞ്ഞത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം വേണമെന്ന ആശയത്തിനു ഭിന്നമായി സിന്ധ് പ്രവിശ്യയുടെ കാര്യംവന്നപ്പോള്‍ മതം നിര്‍ണായകഘടകമായെന്ന് അദ്ദേഹം വിശദീകരിച്ചു. ഭാഷ, സംസ്‌കാരം, ഭൂപ്രകൃതി, ഭരണസൗകര്യം, സാമ്പത്തികബന്ധം എന്നിവയുടെ അടിസ്ഥാനത്തിലാകണം സംസ്ഥാനം രൂപവത്കരിക്കേണ്ടത്. 'മാതൃഭൂമി'യുടെ നാലുപേജുകളിലാണ് കേളപ്പജിയുടെ പ്രസംഗം പ്രസിദ്ധപ്പെടുത്തിയത്!
കേശവമേനോനാകട്ടെ, ഐക്യകേരളത്തിന്റെ വിസ്തീര്‍ണവും ജനസംഖ്യയും സാമ്പത്തികനിലയും ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്കുള്ള കമ്മിഷനില്‍ത്തന്നെ ഹാജരായി വാദിച്ചു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ലക്ഷദ്വീപുകള്‍, തെക്കന്‍ കര്‍ണാടകം (കൊല്ലൂര്‍ ഉള്‍പ്പെടെ), നീലഗിരി (കൂനൂര്‍ താലൂക്ക് ഒഴികെ), അഞ്ചുതെങ്ങ്, തങ്കശ്ശേരി (അക്കാലത്ത് തിരുനെല്‍വേലി താലൂക്കില്‍ ഉള്‍പ്പെട്ടത്), കുടക്, കോയമ്പത്തൂരിന്റെ ഒരു ഭാഗം എന്നിവ ഉള്‍പ്പെട്ട പശ്ചിമതീര സംസ്ഥാനമാണ് രൂപവത്കരിക്കേണ്ടതെന്ന് അദ്ദേഹം വാദിച്ചു. തിരുവിതാംകൂറിന്റെ ഭാഗമാണ് നാഗര്‍കോവിലും കന്യാകുമാരിയും ഉള്‍പ്പെട്ട തെക്കന്‍താലൂക്കുകള്‍ എന്ന കാര്യത്തില്‍ കേശവമേനോന് സംശയവുമുണ്ടായില്ല.
തിരുവിതാംകൂറിന്റെ രാജധാനി പത്മനാഭപുരം പാലസില്‍നിന്ന് മാറ്റിയിട്ട് 200 വര്‍ഷമേ ആയിട്ടുള്ളൂ. അഗസ്തീശ്വരത്തെ ശുചീന്ദ്രം ക്ഷേത്രവുമായി കേരളത്തിന് ചരിത്രപരവും സാമൂഹികവുമായ ബന്ധമുണ്ട്. കേരളത്തിന്റെ രക്ഷാദേവതയായി കരുതപ്പെടുന്നതാണ് കന്യാകുമാരിദേവി. കേരളത്തിന്റെ സാമ്പത്തികനിലയെ ശക്തമാക്കുന്നത് ഭക്ഷ്യോത്പാദന മേഖലയായ നാഞ്ചിനാടാണ്. ഈവിധത്തില്‍ ഭദ്രമായ വാദമുഖങ്ങളാണ് കേശവമേനോന്‍ അവതരിപ്പിച്ചത്. അവിടത്തെ തമിഴര്‍ കുടിയേറ്റക്കാരാണെന്നും അദ്ദേഹം വാദിച്ചു.
കര്‍ണാടക ജില്ലയില്‍ അക്കാലത്ത് 21.8 ശതമാനം മലയാളികളുണ്ടായിരുന്നു. അതേസമയം, കന്നഡക്കാര്‍ 19 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. ഗൂഡല്ലൂരാകട്ടെ തെക്കന്‍ വയനാടിന്റെ ഭാഗവുമാണ്. തെക്കന്‍ തിരുവിതാംകൂറില്‍ തമിഴര്‍ ഉണ്ടാക്കിയ പ്രക്ഷോഭംപോലെ കര്‍ണാടകജില്ലയില്‍ മലയാളികള്‍ സമരം ചെയ്തിരുന്നെങ്കില്‍ ചിത്രം മാറുമായിരുന്നെങ്കിലും അത്തരം സമരങ്ങള്‍ രാഷ്ട്രസങ്കല്പത്തിനു വിരുദ്ധമാണെന്നായിരുന്നു മാതൃഭൂമി പത്രാധിപരുടെ നിലപാട്.
ഐക്യകേരളം നിലവില്‍ വന്നപ്പോഴാകട്ടെ 'മാതൃഭൂമി' ഓര്‍മിപ്പിച്ചത് അനുയോജ്യമായൊരു വികസനസങ്കല്പമാണ്. സമതുലിതമായ കൃഷി-വ്യവസായ വികസനം കേരളത്തെ സമ്പന്നമാക്കും. നമ്മുടെ കാടുകളും കായലുകളും ഗ്രാമങ്ങളും നഗരങ്ങളും അവയുടെ സൗന്ദര്യംകൊണ്ട് ലോകസന്ദര്‍ശകരെ ആകര്‍ഷിക്കും.
ഐക്യത്തില്‍നിന്ന് ജനാധിപത്യത്തിലൂടെ ഐശ്വര്യത്തോടെ നാം മുന്നേറുമോ? അതോ നമ്മുടെ ഇടയിലുള്ള വ്യക്തിവാദവും ഗ്രൂപ്പ് മനഃസ്ഥിതിയും പ്രാദേശികഭേദബുദ്ധിയും വര്‍ഗീയചിന്തയും അച്ചടക്കരാഹിത്യവും വളര്‍ത്തി നാം അധപ്പതനത്തിലേക്ക് കണ്ണടച്ച് നീങ്ങുമോ? ഈ ചോദ്യത്തോടെയാണ് കേരളപ്പിറവിദിനത്തില്‍ മാതൃഭൂമിയുടെ മുഖപ്രസംഗം അവസാനിക്കുന്നത്.
ഐക്യകേരളത്തിനായി 13 മുഖപ്രസംഗങ്ങള്‍
കേശവമേനോനും കേളപ്പജിയും കെ.എ. ദാമോദരമേനോനും പി. നാരായണന്‍നായരും രാമുണ്ണിമേനോനും സി.എച്ച്. കുഞ്ഞപ്പയും ഐക്യകേരളത്തിനുവേണ്ടി എഡിറ്റോറിയലുകള്‍ എഴുതിയിട്ടുണ്ട്. കെ.എ. ദാമോദരമേനോന്‍ മാത്രം 13 എഡിറ്റോറിയലുകള്‍ എഴുതി. നൂറിലധികം എഡിറ്റോറിയലുകള്‍ ഈ വിഷയത്തില്‍ മാതൃഭൂമിയുടേതായിട്ടുണ്ട്.
Content Highlights: mathrubhumi 100 years article
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..