പ്രതീകാത്മക ചിത്രം | Photo: സി.ആർ ഗിരീഷ്‌കുമാർ | മാതൃഭൂമി
കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രം തുടങ്ങാന്‍ ഏറ്റവും നല്ല റഫറന്‍സ് പോയന്റ് തോമസ് ഫുള്‍ട്ടണ്‍ ബോര്‍ഡ് ലോണ്‍ ആണ്. 1871-ല്‍ കേരളത്തിലെത്തിയ ലോണ്‍ 1886-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ഫോറസ്റ്റ് ഓഫീസറായി ജോലി തുടങ്ങി. ഇക്കാലത്ത് തിരുവിതാംകൂറിലെ വനത്തെക്കുറിച്ച് അദ്ദേഹം പഠനം നടത്തി. കാടിനെ എങ്ങനെ പരിപാലിക്കണം എന്നതിനൊപ്പം നാടിനെക്കുറിച്ചും അദ്ദേഹം നിരീക്ഷിച്ചു.കാടിനെക്കുറിച്ച് പറഞ്ഞ പ്രധാനകാര്യം, കേരളത്തിലെ കാടുകളില്‍ അനാവശ്യമായ ധാരാളം മരങ്ങള്‍ നില്‍ക്കുന്നതിനാല്‍ ആവശ്യമുള്ളവയ്ക്ക് വളരാന്‍ വേണ്ടത്ര ഇടം കിട്ടുന്നില്ല എന്നതായിരുന്നു. അതുകൊണ്ടുതന്നെ സ്വാഭാവികവനത്തെ വിവിധ ബ്ലോക്കുകളായി തിരിക്കാനും അതില്‍നിന്ന് പാഴ്മരങ്ങള്‍ നീക്കി തേക്കുപോലുള്ള പ്രധാന മരങ്ങള്‍ ധാരാളമായി കൃഷിചെയ്യാനുള്ള ശ്രമങ്ങളും അദ്ദേഹം തുടങ്ങി.
അതിനെക്കാള്‍ പ്രധാനം അദ്ദേഹം കാടിനു പുറത്തുള്ള മനുഷ്യജീവിതത്തെപ്പറ്റി പറഞ്ഞതാണ്. അവിടെയുള്ള മനുഷ്യരെക്കുറിച്ച് പറഞ്ഞത് അവര്‍ മടിയന്മാരാണ് എന്നാണ്. 'എല്ലാം കൊടുക്കുന്ന പ്രകൃതിയാണ് അവരെ ഇത്ര മടിയന്മാരാക്കിയത്. 'ബൗണ്ട്ഫുള്‍ നാച്വര്‍' എന്ന വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. എല്ലാം കൊടുക്കുന്ന പ്രകൃതി എന്നതുകൊണ്ടുദ്ദേശിച്ചത് പഴയകാലത്തെ കേരളത്തിലെ പുരയിടങ്ങളെക്കുറിച്ചാണ്. ഒരു വീടും അതിനുചുറ്റും കുറച്ച് സ്ഥലവും. ആ സ്ഥലത്ത് ധാരാളമായി വിവിധതരം സസ്യജാലങ്ങളുമുണ്ടാകും.
എല്ലാ ദിവസവും ഉപയോഗിക്കേണ്ടുന്ന തേങ്ങയും പഴങ്ങളും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ അവിടെ കിട്ടും. അതിനൊപ്പം ഓരോ കാലത്തും കിട്ടുന്ന ചേനയും കാച്ചിലും കപ്പയും ചക്കയും മാങ്ങയുമെല്ലാം ഭക്ഷണവിഭവങ്ങളായി മാറിയിരുന്നു. ഇവ ദീര്‍ഘനാളത്തേക്ക് സൂക്ഷിച്ചുവെക്കാന്‍ അച്ചാര്‍ പോലുള്ള വിദ്യകളും വശത്താക്കിയിരുന്നു. ഇതോടൊപ്പം കുരുമുളകും ഇഞ്ചിയും മഞ്ഞളും പോലുള്ള വസ്തുക്കള്‍ ആവശ്യമുള്ളത് എടുത്ത് ബാക്കി വില്‍ക്കുമായിരുന്നു. അങ്ങനെ വിറ്റുകിട്ടുന്ന പണംകൊണ്ട് വീട്ടില്‍ ഇല്ലാത്ത ഉപ്പ്, പഞ്ചസാര പോലുള്ള സാധനങ്ങള്‍ വാങ്ങാനും സാധിച്ചു. പണം കൂടുതലായി വേണ്ടിവരുന്ന സമയങ്ങളില്‍ പുരയിടങ്ങളിലെ വലിയ മരങ്ങള്‍ വെട്ടി വിറ്റ് പണം കണ്ടെത്തി. പുരയിടത്തില്‍ നിന്നിരുന്ന ഔഷധസസ്യങ്ങള്‍ വീട്ടില്‍തന്നെ ചികിത്സ ലഭ്യമാക്കാനും ഇടയാക്കി. ഇങ്ങനെ എല്ലാം കൊടുക്കുന്ന പ്രകൃതിയാണ് മനുഷ്യരെ മടിയന്മാരാക്കിയതെന്നായിരുന്നു ബോര്‍ഡിന്റെ നിരീക്ഷണം.
അദ്ദേഹത്തിന്റെ എഴുത്തുകളൊക്കെ 1909-'10 കാലഘട്ടങ്ങളിലാണ്. പിന്നീടുള്ള 100 വര്‍ഷത്തെ പാരിസ്ഥിതിക ചരിത്രം പരിശോധിച്ചാല്‍ ബോര്‍ഡ് ലോണിന്റെ വാക്കുകള്‍ കേരളം അന്വര്‍ഥമാക്കി എന്നുകാണാം. എന്നാല്‍, ഇന്ന് കേരളത്തിലെ മനുഷ്യര്‍ മടിയന്മാരാണെന്ന് ആരും പറയില്ല. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും മലയാളികള്‍ എത്തിയിട്ടുണ്ട്. ഈ കാലത്തിനിടെ കേരളത്തിലെ പരിസ്ഥിതിക്ക് എന്തുസംഭവിച്ചു എന്ന് പരിശോധിക്കണം.
സ്വാതന്ത്ര്യത്തിനുശേഷം
സ്വാതന്ത്ര്യത്തിനുശേഷവും കേരളത്തിലെ കാടുകള്‍ പരിപാലിക്കുന്നത് ബ്രിട്ടീഷുകാര്‍ മുന്നോട്ടുവെച്ച രീതിയില്‍തന്നെയായിരുന്നു. സ്വാഭാവിക വനങ്ങള്‍ വനതോട്ടങ്ങളായി മാറി. നാട്ടിലാണെങ്കില്‍ പുതിയ സസ്യങ്ങള്‍ വേരുറപ്പിച്ചു. മുന്‍പറഞ്ഞ സമൃദ്ധമായ പുരയിടങ്ങള്‍ റബ്ബര്‍ പോലെയുള്ളവയ്ക്ക് വഴിമാറി. റബ്ബര്‍ അടക്കമുള്ളവ പടര്‍ന്നുപിടിച്ചതോടെ പുരയിടത്തില്‍ കിട്ടിയിരുന്ന ഭക്ഷ്യവിഭവങ്ങള്‍ കുറഞ്ഞു. മലയാളി പൂര്‍ണമായും ഉപഭോക്തൃ സമൂഹത്തിന്റെ ഭാഗമായി. എല്ലാം പണംകൊടുത്തു വാങ്ങേണ്ട അവസ്ഥയിലേക്ക് കേരളം എത്തി. ജലഗതാഗതം കരഗതാഗതത്തിന് വഴിമാറി. കേരളത്തെ മുറിച്ചുകൊണ്ട് വടക്കുനിന്ന് തെക്കോട്ട് പാതകളുണ്ടായി. പാതകളുടെ സമീപപ്രദേശങ്ങളിലെല്ലാം ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നു. വീടുകളുടെ സ്വഭാവത്തിലും വലിയ മാറ്റം വന്നു. വിദേശരാജ്യങ്ങളുടെ മാതൃക മലയാളി ഏറ്റെടുത്തു. മറ്റ് നാടുകളില്‍ രൂപപ്പെട്ടുവന്നിരുന്ന വാസ്തുവിദ്യാ രീതികള്‍ കേരളത്തില്‍ പരീക്ഷിക്കപ്പെട്ടു. ഈ മാറ്റം വന്ന കാലഘട്ടത്തില്‍ കേരളത്തിന്റെ പരിസ്ഥിതിയെയും കാലാവസ്ഥയെയും പറ്റി ആരും ചിന്തിച്ചിരുന്നില്ല.
ഏകവിള കൃഷി
വലിയതോതിലുള്ള നാണ്യം നേടിത്തരുന്ന റബ്ബര്‍ വിപണി ഇന്ന് പ്രതിസന്ധിയിലാണ്. പ്രളയത്തിനുശേഷം ഏറ്റവുമധികം കീടബാധയേറ്റ വൃക്ഷങ്ങളിലൊന്ന് റബ്ബര്‍ ആയിരുന്നു. വരുംകാലത്ത് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് റബ്ബര്‍ വിപണി നീങ്ങാം. അതിനോടുചേര്‍ന്നുള്ള പൈനാപ്പിള്‍ കൃഷിയും ഇന്ന് വ്യാപകമായിക്കഴിഞ്ഞു. ഇത്തരത്തില്‍ ഏകവിള, ഇരുവിള കൃഷി വ്യാപകമായതോടെ മണ്ണിനെ പിടിച്ചുനിര്‍ത്തുന്ന വേരുകള്‍ ഇല്ലാതായി. ഭൂമിയുടെ ആഴങ്ങളിലേക്ക് ഇറങ്ങി മണ്ണിനെ പിടിച്ചുനിര്‍ത്തേണ്ട വേരുകള്‍ ഇല്ലാതാവുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രളയകാലം നമ്മെ പഠിപ്പിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ കാലാവസ്ഥയിലുണ്ടായ മാറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. 2016, 2017 വര്‍ഷങ്ങളില്‍ വരണ്ട കാലാവസ്ഥയായിരുന്നു. 2018-ല്‍ മഹാപ്രളയവും.കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തിലെ എല്ലാ സ്ഥലങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്യേണ്ട സ്ഥിതിയായി. ഇടുക്കിപോലെ ജലലഭ്യതയുള്ള ജില്ലകളില്‍പ്പോലും കുടിവെള്ളം എത്തിക്കേണ്ടിവരുന്നു.
അതിവൃഷ്ടിയും അതിജീവനവും
വ്യവസായ വിപ്ലവത്തിനുശേഷം ഭൂമിയുടെ ചൂട് 1.2 ഡിഗ്രി സെന്റിഗ്രേഡ് കൂടി. കേരളത്തോട് ചേര്‍ന്നുകിടക്കുന്ന അറബിക്കടലിലും ചൂട് കൂടുന്നു. അറബിക്കടലില്‍ നമുക്ക് പരിചിതമല്ലാത്ത ചുഴലിക്കാറ്റുകള്‍ ധാരാളമായി രൂപംകൊള്ളുന്നു. ഓഖി, ഗജ അടക്കമുള്ള ചുഴലിക്കാറ്റുകള്‍ എത്തി. കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും അതിവൃഷ്ടി സംഭവിക്കാമെന്നായി. കാലവര്‍ഷം, തുലാവര്‍ഷം എന്നിവയുടെ സമയക്രമവും മാറി. കഴിഞ്ഞവര്‍ഷം കാലവര്‍ഷത്തിനും തുലാവര്‍ഷത്തിനും ഇടയ്ക്കുള്ള അകലം തീരെ ഇല്ലാതായി.
കാലാവസ്ഥയിലും പരിസ്ഥിതിയിലും വലിയ മാറ്റമുണ്ടായപ്പോള്‍ നമ്മള്‍ എടുത്ത പല തീരുമാനങ്ങളും പാളി. 2016, 2017 വര്‍ഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ജോലി മഴക്കുഴികള്‍ നിര്‍മിക്കുകയായിരുന്നു. അന്ന് മഴവെള്ളത്തെ ഭൂമിക്കടിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണത്. എന്നാല്‍, അതിനുശേഷമുള്ള വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായ അതിവൃഷ്ടി ഇത്തരം പ്രയത്‌നങ്ങളെ തകിടം മറിച്ചു. കാടിന്റെ സ്വഭാവത്തിലുണ്ടായ മാറ്റത്തിനൊപ്പം വന്യമൃഗങ്ങളുടെ സ്വഭാവത്തിലും വിന്യാസത്തിലുമുണ്ടായ മാറ്റവും കേരളം നേരിടുന്ന പ്രതിസന്ധിയാണ്.
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം നേരത്തേ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത് വര്‍ധിച്ചു. കാടിന്റെ വിസ്തൃതിയിലെ കുറവും വന്യജീവികളുടെ വാസസ്ഥലത്തിനുണ്ടായ കുറവും അവയുടെ പാരിസ്ഥിതിക ആരോഗ്യത്തിനേറ്റ ക്ഷതവും ജലത്തിന്റെ ലഭ്യതക്കുറവുമാണ് വന്യമൃഗങ്ങളെ കാടിറക്കുന്നത്. വനത്തോടുചേര്‍ന്നുള്ള പ്രദേശത്ത് താമസിക്കുന്ന ജനങ്ങളും വലിയ പ്രതിസന്ധി നേരിടുന്നു.
പ്രകൃതിക്കായി കുട്ടികള്‍ക്കൊപ്പം
പ്രകൃതിസംരക്ഷണത്തിന് കുട്ടികളെ ഒപ്പംകൂട്ടി 'മാതൃഭൂമി' നടന്നുതുടങ്ങിയിട്ട് 13 വര്‍ഷം പിന്നിടുന്നു. സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റ് ഡെവലപ്‌മെന്റ് എന്ന പദ്ധതി 'സീഡ്' എന്ന പേരില്‍ ഇന്ന് കേരളമാകെ വേരുകളാഴ്ത്തിക്കഴിഞ്ഞു. ഇന്ത്യയിലെത്തന്നെ ഏറ്റവും വിപുലമായ പരിസ്ഥിതി പ്രസ്ഥാനങ്ങളില്‍ ഒന്നാണിത്.മനുഷ്യന്റെ നിലനില്‍പ്പ് പ്രകൃതി സംരക്ഷണത്തിലൂടെയാണെന്ന സമഗ്രമായ കാഴ്ചപ്പാട് വളര്‍ത്തുകയാണ് സീഡ്. 'സമൂഹനന്മ കുട്ടികളിലൂടെ' എന്നതാണ് അതിന്റെ അടിസ്ഥാനപ്രമാണം. കുട്ടികള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളുമെല്ലാം ഇതില്‍ പങ്കാളികളാകുന്നു.
മാതൃഭൂമിയുടെ ഈ സംരംഭം ഇന്നേറെ പ്രചാരം നേടിക്കഴിഞ്ഞു. ജലം, വായു, മണ്ണ് എന്നിവയുടെ രക്ഷ ഉറക്കെ പറയുമ്പോള്‍ അതിനായി വിഭവങ്ങളുടെ ചൂഷണം തടയാനുള്ള സന്ദേശംനല്‍കുന്നു. പ്രകൃതിരക്ഷയ്ക്ക് സീഡ് അംഗങ്ങള്‍ രൂപംകൊടുത്ത 'സീഡ് പോലീസ്' പല ജീവല്‍പ്രശ്‌നങ്ങളിലും വിജയം നേടി. മരങ്ങളില്‍ ആണിയടിക്കുന്നതിനെതിരേ സീഡ് കുട്ടികള്‍ അയച്ച കത്ത് കോടതി ഹര്‍ജിയായി സ്വീകരിച്ച് മരങ്ങളുടെ സംരക്ഷണത്തിനായി വിധി പുറപ്പെടുവിച്ചിരുന്നു. ഭക്ഷ്യസുരക്ഷയില്‍ സുപ്രധാന കാല്‍വെപ്പായി കുട്ടികള്‍ നെല്ലും പച്ചക്കറിയുമൊക്കെ ഉത്പാദിപ്പിച്ചു.
പ്ലാസ്റ്റിക്കിനെ സ്‌നേഹിച്ച് അതിന്റെ അപകടം ഒഴിവാക്കുന്ന നവീന ആശയം 'ലവ് പ്ലാസ്റ്റിക്' കേരളം ആദരത്തോടെ സ്വീകരിച്ചു. കുട്ടികള്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പുനരുപയോഗത്തിന് നല്‍കി. കണ്ടല്‍കാക്കാന്‍ കുട്ടിക്കൂട്ടം, നാട്ടുമാവിന്‍ചോട്ടില്‍, ഫ്രീ ദ ട്രീ, കേരംകാക്കാന്‍ കുട്ടിക്കൂട്ടം, ലിറ്റില്‍ ഫ്രെയിം ഷോര്‍ട്ട് ഫിലിം മത്സരം എന്നിവ സീഡിന്റെ പ്രൊജക്ടുകളാണ്. സീഡ് പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന 'സീഡ് റിപ്പോര്‍ട്ടര്‍', ഋതുക്കളിലെ മാറ്റം നിരീക്ഷിക്കുന്ന 'സീസണ്‍വാച്ച്' എന്നിവയും ശ്രദ്ധിക്കപ്പെട്ടു. വാന്‍ഇഫ്രയുടെ സാമൂഹികസേവനത്തിനുള്ള പ്രത്യേക പുരസ്‌കാരം, വനമിത്ര പുരസ്‌കാരം, എന്‍.പി. ഉണ്ണിപ്പിള്ള പുരസ്‌കാരം, എഫാക്‌സ് പുരസ്‌കാരം, അന്തര്‍ദേശീയ പരസ്യസംഘടനയുടെ ഒലിവ് ക്രൗണ്‍ ഹരിത പുരസ്‌കാരം തുടങ്ങിയ ദേശീയ-അന്താരാഷ്ട്ര പുരസ്‌കാരങ്ങളും സീഡിനെ തേടിയെത്തി.
മൂന്നാര്‍ ദൗത്യം
വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തു നടന്ന കെ. സുരേഷ് കുമാറിന്റെയും ഋഷിരാജ് സിങ്ങിന്റെയും നേതൃത്വത്തില്‍ മൂന്നാറില്‍ നടന്ന കൈയേറ്റമൊഴിപ്പിക്കല്‍ ദൗത്യം. 2007 മേയ് 13-നാണ് കെ. സുരേഷ്‌കുമാര്‍, ഐ.ജി. ഋഷിരാജ്‌സിങ്, ജില്ലാ കളക്ടര്‍ രാജു നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ജെ.സി.ബി. ഉരുണ്ടുതുടങ്ങിയത്. ജൂണ്‍ ഏഴു വരെയുളള 25 ദിവസങ്ങള്‍ക്കിടെ 91 കെട്ടിടങ്ങള്‍ ദൗത്യസംഘങ്ങള്‍ പൊളിച്ചു. 11,350 ഏക്കര്‍ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്തു. സമ്മര്‍ദങ്ങളെത്തുടര്‍ന്ന് ദൗത്യം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.
സൈലന്റ് വാലി സമരം
കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ സുവര്‍ണ അധ്യായമാണ് സൈലന്റ്വാലി പ്രക്ഷോഭം. പ്രകൃതിസുന്ദരവും അപൂര്‍വ ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രവുമായ സൈലന്റ്വാലിയില്‍ വൈദ്യുത പദ്ധതി തുടങ്ങാനുള്ള ശ്രമത്തിനെതിരേ പരിസ്ഥിതി-സാമൂഹിക-സാംസ്‌കാരിക കേരളം ഒന്നിച്ചു. ആ പോരാട്ടം വിജയിച്ചു. 1983-ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, വൈദ്യുത പദ്ധതി ഉപേക്ഷിക്കാനും സൈലന്റ്വാലി ദേശീയോദ്യാനമായി സംരക്ഷിക്കാനും തീരുമാനിച്ചു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട്
പശ്ചിമഘട്ടസംരക്ഷണത്തെ ക്കുറിച്ചു പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. 2011 ഓഗസ്റ്റ് 31-ന് ഗാഡ്ഗില്‍ സമിതി 522 പേജുള്ള റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ തങ്ങളുടെ കൃഷിക്കും ജീവിതത്തിനും നിയന്ത്രണങ്ങള്‍ വരുമെന്ന കര്‍ഷകരുടെ ആശങ്കയുടെ അടിസ്ഥാനത്തില്‍ വിഷയം വീണ്ടും പഠിക്കാന്‍ കെ. കസ്തൂരിരംഗന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. സമിതി കണ്ടെത്തിയ പരിസ്ഥിതി ലോല മേഖലസംബന്ധിച്ചും എതിര്‍പ്പുണ്ടായി. റിപ്പോര്‍ട്ടിനെത്തുടര്‍ന്നുള്ള അന്തിമവിജ്ഞാപനം കേന്ദ്രം ഇനിയും ഇറക്കിയിട്ടില്ല.
Content Highlights: , mathrubhumi hundred years articles
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..