എം.പി വീരേന്ദ്രകുമാർ, പി.വി ചന്ദ്രൻ | Photo: മാതൃഭൂമി
മാതൃഭൂമി നൂറാംവയസ്സിലേക്ക് കടക്കുമ്പോള്‍ 'എമ്മീ, എമ്മീ...' (മാനേജിങ് എഡിറ്റര്‍) എന്ന വിളിക്കായി ഞാന്‍ കാതോര്‍ക്കുകയാണ്. ഇവിടെ എവിടെയോ എം.ഡി. (എം.പി. വീരേന്ദ്രകുമാര്‍) ഉണ്ടെന്ന തോന്നല്‍ എപ്പോഴുമുണ്ട്. പക്ഷേ, യാഥാര്‍ഥ്യം മുന്നില്‍നില്‍ക്കുമ്പോള്‍, എം.ഡി. ഇപ്പോള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആശിച്ചുപോകുന്നു. ഈ നൂറാംവര്‍ഷം അദ്ദേഹത്തിന്റെ മനസ്സില്‍ പതിഞ്ഞുകിടന്നിരുന്നതുപോലെ അത്രയും ആഴത്തില്‍ മറ്റാരിലും ഞാന്‍ കണ്ടിട്ടില്ല.
ഞങ്ങളുടേത് 42 വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതയാത്രയാണ്. ആ കാലത്ത് ഒരുദിവസമെങ്കിലും ഞങ്ങള്‍ സംസാരിക്കാതിരുന്നിട്ടില്ല. 1978 മാര്‍ച്ചിലാണ് അദ്ദേഹം ഡയറക്ടറായത്. രണ്ടുമാസം കഴിഞ്ഞ് ഞാനും ഡയറക്ടറായി. അതിനുമുമ്പുതന്നെ എത്രയോതവണ ഞങ്ങള്‍ കണ്ടുമുട്ടിയിട്ടുണ്ട്. വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയാല്‍, അമ്മയുമായുള്ള കുശലം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ഭക്ഷണത്തിന്റെ സ്വാദ് എടുത്തുപറഞ്ഞ് അമ്മയെ പ്രശംസകൊണ്ട് മൂടും. മാതൃഭൂമി ഡയറക്ടര്‍മാരായശേഷം എന്റെ ആദ്യ വിദേശയാത്രയും നല്ല ഓര്‍മയുണ്ട്.
ലണ്ടനില്‍നിന്ന് ബര്‍മിങ്ങാമില്‍ നടക്കുന്ന അച്ചടിയന്ത്രങ്ങളുടെ പ്രദര്‍ശനനഗരിയിലേക്ക് ഞങ്ങള്‍ ബസില്‍ സഞ്ചരിച്ചിരുന്നു. ആ യാത്രയില്‍ ബ്രിട്ടന്റെ ചരിത്രം അദ്ദേഹം എന്റെ മുന്നില്‍ നിവര്‍ത്തിയിട്ടു. അങ്ങനെ വിജ്ഞാനം പങ്കിട്ടുകൊണ്ട് എത്രയെത്ര യാത്രകള്‍. അത് ഹിമാലയത്തിന്റെ താഴ്വരയിലേക്കാകും, ഗംഗയുടെ തീരത്തേക്കാകും, ഓസ്ട്രിയയിലെ യുദ്ധസ്മാരകത്തിലേക്കാകും. ചരിത്രപാഠങ്ങളും സംസ്‌കാരവും ഓര്‍മിപ്പിച്ചുകൊണ്ട് ഞങ്ങള്‍ യാത്രചെയ്യും. എവിടെ താമസിക്കുകയായാലും ഒരേതരത്തിലുള്ള മുറി വേണമെന്നും അത് അടുത്തുതന്നെ ആയിരിക്കണമെന്നും എം.ഡി.ക്ക് നിര്‍ബന്ധമാണ്. വന്ന് എന്റെ മുറി പരിശോധിക്കും. മോശമായാല്‍ അതു മാറ്റും.
മാതൃഭൂമിയില്‍ വന്നശേഷം ഞങ്ങള്‍ നേരിട്ട ആദ്യത്തെ അത്യാഹിതം മാനേജിങ് ഡയറക്ടര്‍ എം.ജെ. കൃഷ്ണമോഹന്റെ മരണമാണ്. പ്രതിസന്ധികളുടെ നാളുകളാണത്. മാതൃഭൂമി ലോക്കൗട്ടിലാണ്. സമരം ഒഴിവാക്കി സ്ഥാപനത്തിനു പുനര്‍ജീവന്‍ നല്‍കാന്‍ ഞങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു. വീരേന്ദ്രകുമാര്‍ എം.ഡി.യായതോടെ അദ്ദേഹത്തിലെ മാനേജ്മെന്റ് വിദഗ്ധന്‍ ഉണര്‍ന്നു. രണ്ടുമാസത്തെ സമരം കഴിഞ്ഞ് സ്ഥാപനം പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോഴേക്ക് മാതൃഭൂമിയുടെ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടിരുന്നു. എനിക്കോര്‍മയുണ്ട്, മാതൃഭൂമി തുറന്നശേഷമുള്ള ആദ്യയോഗം. അദ്ദേഹം തൊഴിലാളികളോട് ആവശ്യപ്പെട്ടത് ഒന്നിച്ചുമുന്നേറാം എന്നാണ്. അദ്ദേഹം പറഞ്ഞു, പഴയതെല്ലാം മറക്കുക, പൊറുക്കുക. അവിടെനിന്നാണ് മാതൃഭൂമിയുടെ വളര്‍ച്ചയുടെ രണ്ടാംഘട്ടം തുടങ്ങുന്നത്.
മാതൃഭൂമിക്ക് ജന്മംനല്‍കിയ മഹത്തുക്കളെ ഓര്‍ത്തുകൊണ്ടുതന്നെ ഞങ്ങള്‍ ഒരു വികസനയുഗത്തിനു തുടക്കമിട്ടു.ഞങ്ങള്‍ തമ്മില്‍ ഒരഭിപ്രായവ്യത്യാസവുമുണ്ടായിട്ടില്ല. പലകാര്യങ്ങളും എം.ഡി.ക്ക് എന്നോട് ചോദിക്കേണ്ട കാര്യമൊന്നുമില്ലെങ്കിലും തീരുമാനമെടുക്കുംമുമ്പേ ചോദിക്കും, സമ്മതം വാങ്ങും. പുതിയ എഡിഷന്‍ ആരംഭിക്കുമ്പോള്‍, ഭൂമിവാങ്ങാന്‍ ഞാനാണ് പോവുക. എം.ഡി. പറയും, പി.വി.സി. നോക്കിയാല്‍ മതി. പത്തു യൂണിറ്റുകള്‍ക്കുള്ള സ്ഥലം കണ്ടെത്തേണ്ടത് അങ്ങനെ എന്റെ ചുമതലയായി. മാതൃഭൂമിയെ സംബന്ധിച്ചുള്ള സുപ്രധാനമായ തീരുമാനങ്ങള്‍ ഞങ്ങള്‍ ഒന്നിച്ചാണെടുക്കാറുള്ളത്. ബോര്‍ഡ് യോഗം തുടങ്ങുന്നതിന് മുമ്പ് ചര്‍ച്ച ചെയ്ത് ധാരണയുണ്ടാക്കും. പുതിയൊരു പ്രസിദ്ധീകരണം തുടങ്ങാന്‍ ഞാനൊരു നിര്‍ദേശംവെക്കുമ്പോള്‍ അദ്ദേഹമത് മടിയില്ലാതെ സ്വീകരിക്കും.
ഒരുമിച്ചുള്ള യാത്രയില്‍ എനിക്ക് അഭിമാനം തോന്നുന്നത് തിരുവനന്തപുരം എഡിഷന്‍ മുതല്‍ ഗള്‍ഫ് എഡിഷന്‍വരെയുള്ള വികസനഘട്ടമാണ്. എം.ഡി. എപ്പോഴും കാലത്തിനുമുമ്പേ സഞ്ചരിക്കുന്നയാളായിരുന്നു. അതുകൊണ്ട് ടെക്നോളജിയുടെ കാര്യത്തില്‍ 'അപ്ടുഡേറ്റ്' ആയിരുന്നു. സ്ഥാപനം വികസിച്ചുകൊണ്ടേയിരിക്കുന്നു. റോട്ടറിയില്‍നിന്ന് ഓഫ്സെറ്റിലേക്കും ഹാന്‍ഡ് കമ്പോസിങ്ങില്‍നിന്ന് ഫോട്ടോ കമ്പോസിങ്ങിലേക്കുമൊക്കെ മാറിയപ്പോള്‍ ഒരൊറ്റ ജീവനക്കാരനെപ്പോലും പിരിച്ചുവിടാതെ, മനുഷ്യവിഭവത്തെ വിനിയോഗിച്ചരീതി ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
ജനക്കൂട്ടങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നാല്‍ വീരേന്ദ്രകുമാര്‍ ജനകീയനാണ്. പക്ഷേ, മാതൃഭൂമിയിലെത്തിയാല്‍ അദ്ദേഹത്തിന്റെ ചിന്തമുഴുവന്‍ ഭാവിയിലെ പ്‌ളാനുകളായിരിക്കും. അതൊക്കെ പങ്കുവെക്കുകയും ചെയ്യും. ഏഴുപതിറ്റാണ്ട് ജാഗ്രതയോടെ ഒരു സമൂഹത്തിനുവേണ്ടി ഉണര്‍ന്നിരുന്നു പ്രവര്‍ത്തിച്ച കര്‍മജീവിതമാണ് അദ്ദേഹത്തിന്റേത്. അതില്‍ വലിയൊരുപങ്ക് മാതൃഭൂമിക്കായാണ് ചെലവിട്ടത്.1987-ല്‍ ഞാന്‍ എഡിറ്റോറിയല്‍ അഡ്മിനിസ്ട്രേഷന്റെ ചുമതലയുള്ള ഡയറക്ടറായിരുന്നു.
രണ്ടുവര്‍ഷത്തിനുശേഷം മാനേജിങ് എഡിറ്ററായി. 1997-ല്‍ അദ്ദേഹം കേന്ദ്രമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ഞാന്‍ മാനേജിങ് ഡയറക്ടറും എം.ജെ. വിജയപത്മന്‍ മാനേജിങ് എഡിറ്ററുമായി. അദ്ദേഹത്തോടൊന്നിച്ച് പ്രവര്‍ത്തിച്ച കാലം മാതൃഭൂമിയുടെ സുവര്‍ണകാലമായിരുന്നു. പ്രകൃതിയെ സ്‌നേഹിച്ചും സാമൂഹികമുന്നേറ്റങ്ങളോട് ജാഗ്രതപുലര്‍ത്തിയും ജീവിച്ച അദ്ദേഹം പ്‌ളാച്ചിമടയിലെ ജലചൂഷണത്തിനെതിരേ യുദ്ധം നയിച്ചു. അതു പത്രത്തിന്റെ നയമായിരിക്കണം എന്ന് നിഷ്‌കര്‍ഷിച്ചു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മാതൃഭൂമിയുടെ നിലപാടിനെപ്പറ്റി വിശദമായിത്തന്നെ ചര്‍ച്ചചെയ്തു. ലോക്സഭയില്‍ അദ്ദേഹം പലതവണ ഈ വിഷയത്തെപ്പറ്റി പ്രസംഗിച്ചു. മാതൃഭൂമിയെ, വിവിധ ശാഖകളുള്ള വൃക്ഷമായി വളര്‍ത്തുമ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനായതാണ് എന്റെ സുകൃതം.
Content Highlights: mathrubhumi 100 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..