കാരുണ്യ വഴിയിൽ
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിന്ന് അവര്‍ക്കൊപ്പം പോരാടിയ പാരമ്പര്യമാണ് മാതൃഭൂമിയുടേത്. പ്ലാച്ചിമടയിലും എന്‍ഡോസള്‍ഫാന്‍ ദുരിതഭൂമിയിലും മാതൃഭൂമി നടത്തിയ പോരാട്ടം എന്നും ഓര്‍മിക്കപ്പെടും. പ്രകൃതി ദുരന്തങ്ങളിലും മാതൃഭൂമി നാടിനൊപ്പം കൈകോര്‍ത്തുനിന്നു. 2018-ലെ പ്രളയകാലത്തും ഓഖിയിലും സുനാമിത്തിരകള്‍ തീരം കവര്‍ന്നപ്പോഴും സാന്ത്വനമായി മാതൃഭൂമി കൂടെയുണ്ടായിരുന്നു. നാടിന്റെ അതിരുകള്‍ മായ്ച്ച് ലാത്തൂരിലും ഗുജറാത്ത് ഭൂകമ്പത്തിലും ചെന്നൈയിലെ പ്രളയത്തിലും ഓടിയെത്തി.
1993 സെപ്റ്റംബര്‍ 30-ന് ലാത്തൂരിലുണ്ടായ ഭൂകമ്പം ആയിരങ്ങളുടെ ജീവനെടുത്തു. എല്ലാം നഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെട്ട പതിനായിരങ്ങള്‍. അവരെ പുനരധിവസിപ്പിക്കാന്‍ ഒരുലക്ഷം രൂപ സംഭാവന നല്‍കിക്കൊണ്ടാണ് ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ മാതൃഭൂമി രംഗത്തിറങ്ങി. കോഴിക്കോട് നഗരത്തിലെ സ്റ്റുഡിയോ ജീവനക്കാരന്‍ നല്‍കിയ 101 രൂപയും മാതൃഭൂമിയുടെ ഒരു ലക്ഷം രൂപയും വെച്ചായിരുന്നു തുടക്കം. പലതുള്ളി പെരുവെള്ളമായപ്പോള്‍ 61.03 ലക്ഷം രൂപ ശേഖരിക്കാനായി. അന്ന് മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടറായിരുന്ന എം.പി. വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും ചേര്‍ന്ന് തുക പ്രധാനമന്ത്രി നരസിംഹറാവുവിനു കൈമാറി.
സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു 2001 ജനുവരി 26-ലെ ഗുജറാത്ത് ഭൂകമ്പം. ഇരുപതിനായിരത്തോളം ആളുകള്‍ക്ക് അന്ന് ജീവന്‍ നഷ്ടമായത്. ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ രണ്ടുലക്ഷം രൂപ സംഭാവന നല്‍കിക്കൊണ്ടാണ് മാതൃഭൂമി മുന്നിട്ടിറങ്ങിയത്. ആകെ 1.48 കോടി രൂപ സമാഹരിച്ചു. വൈദ്യസഹായത്തിനായി പ്രത്യേക സംഘത്തെയും ഗുജറാത്തിലേക്ക് അയച്ചു.

സുനാമിത്തിരകളില്‍
2004 ഡിസംബറില്‍ തീരത്തെ സുനാമിത്തിരകള്‍ വിഴുങ്ങിയപ്പോഴും സഹായവുമായി മാതൃഭൂമി മുന്നിട്ടിറങ്ങി. മാതൃഭൂമിക്കൊപ്പം നാടൊന്നിച്ചപ്പോള്‍ 2.40 കോടി രൂപ സമാഹരിക്കാനായി. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ തുകയുടെ ഡ്രാഫ്റ്റ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു കൈമാറി. ഇതില്‍ മാതൃഭൂമി കമ്പനി നല്‍കിയ 11 ലക്ഷവും ജീവനക്കാരുടെ 5,09,174 രൂപയും ഉള്‍പ്പെടുന്നു.
2015-ലെ പ്രളയത്തില്‍ മുങ്ങിയ ചെന്നൈയിലെ ജനങ്ങളെ രക്ഷിക്കാനും മാതൃഭൂമിയെത്തി. 2015 ഡിസംബര്‍ നാലിനാണ് 'ചെന്നൈയ്‌ക്കൊരു കൈത്താങ്ങ്' കാമ്പയിനു തുടക്കമിട്ടത്. സിനിമാലോകവും വ്യാവസായിക പ്രമുഖരും സന്നദ്ധസംഘടനകളും വിദ്യാര്‍ഥികളുമൊക്കെ ഒപ്പംകൂടി. കുടിവെള്ളവും വസ്ത്രവും ഭക്ഷണവുമായി സഹായം ചെന്നൈയിലേക്ക് ഒഴുകി. ദുരിതബാധിതര്‍ക്ക് വസ്ത്രമെത്തിക്കാന്‍ 'സഹോദരിക്ക് സസ്‌നേഹം' കാമ്പയിനും സംഘടിപ്പിച്ചു. ഏഴു ദിവസത്തിനിടെ 1100 ടണ്ണിലധികം വസ്തുക്കള്‍ ചെന്നൈയിലെത്തിച്ച് വിതരണം ചെയ്തു.
2017 ഓഖി ചുഴലിക്കാറ്റ് കേരള തീരമേഖലയെ ചുഴറ്റിയടിച്ചപ്പോഴും താങ്ങായി മാതൃഭൂമിയെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി മാതൃഭൂമി മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കിക്കൊണ്ട് 'കടലോരത്തിനു കൈത്താങ്ങ്' പദ്ധതി തുടങ്ങി. 2,06,27,418 (2.06 കോടി) രൂപയാണ് അന്ന് മാതൃഭൂമി സമാഹരിച്ചു നല്‍കിയത്.
2018-ലെ പ്രളയത്തില്‍ ദുരിതക്കയത്തിലായ കുട്ടനാടിനെ കൈപിടിച്ചുകയറ്റാന്‍ 'കുട്ടനാടിനൊരു കൈത്താങ്ങ്' പദ്ധതി നടപ്പാക്കി. കുട്ടനാട്ടിലെ മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും വസ്ത്രവും നല്‍കി കൈത്താങ്ങായി. പിന്നീട് മഹാപ്രളയമെത്തിയപ്പോഴും മാതൃഭൂമി ദുരിതാശ്വാസത്തിന് മുന്നിട്ടിറങ്ങി. 'കേരളത്തിനൊരു കൈത്താങ്ങ്' പദ്ധതിയിലൂടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഞ്ഞൂറിലധികം മാതൃഭൂമിജീവനക്കാരുടെ സേവനം ഇതിനായി വിനിയോഗിച്ചു. കോടിക്കണക്കിനു രൂപയുടെ അവശ്യവസ്തുക്കളും മരുന്നും എത്തിച്ചു. അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. പൊതുജനങ്ങളില്‍നിന്ന് സമാഹരിച്ചതും കമ്പനിയുടെയും ജീവനക്കാരുടെയും സംഭാവനയും ചേര്‍ത്താണ് തുക നല്‍കിയത്. അന്ന് മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടറായിരുന്ന എം.വി. ശ്രേയാംസ് കുമാര്‍ തന്റെ ഒരുമാസത്തെ ശമ്പളമായ 20 ലക്ഷം രൂപയും അഞ്ചുവര്‍ഷത്തെ എം.എല്‍.എ. പെന്‍ഷനും കൈമാറി.
കൃഷ്ണന്റെ ജീവത്യാഗം

എന്നാല്‍, മനുഷ്യന്റെ കഷ്ടതകളിലേക്കും സഹനങ്ങളിലേക്കും ജാഗ്രതയോടെ തുറന്നുവെച്ച കണ്ണുമായി മാതൃഭൂമി എന്ന പ്രസ്ഥാനം കൂടെയുണ്ടായിരുന്നു. തുണയും തുഴയുമില്ലാതെ ആ കുടുംബം മുങ്ങാന്‍പോവുമ്പോള്‍ 'മനുഷ്യന്‍' എന്ന തലക്കെട്ടില്‍ 'മാതൃഭൂമി' എഴുതിയ മുഖപ്രസംഗം ഇങ്ങനെ തുടങ്ങുന്നു: 'അയല്‍വീടിന് തീ പിടിച്ചപ്പോള്‍ അതിലെ കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കൃഷ്ണന്‍ ഇന്നലെ ഗവണ്‍മെന്റാശുപത്രിയില്‍വെച്ച് മരിച്ചു. ഈ കര്‍മധീരന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.' ഇങ്ങനെയൊരു വാര്‍ത്ത ഇന്നലത്തെ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മഹത്തായ മനുഷ്യത്വത്തിന്റെ ഒരു മാതൃകയാണ് ഈ ചിത്രം എന്ന് ഞങ്ങള്‍ക്ക് തോന്നുന്നു...'
കൃഷ്ണന്‍ എന്ന സാധാരണമനുഷ്യന്റെ അസാധാരണ മനുഷ്യസ്‌നേഹത്തെ എടുത്തുപറഞ്ഞ് തുടരുന്ന മുഖപ്രസംഗത്തില്‍ കൃഷ്ണനെ കാണ്‍പൂരിലെ ലഹളക്കാലത്ത് ലഹള ശമിപ്പിക്കാന്‍വേണ്ടി സ്വയം മരണത്തെ വരിച്ച ഗണേശ ശങ്കര്‍ എന്ന വിദ്യാര്‍ഥിയോടാണ് ഉപമിച്ചത്. മുഖപ്രസംഗം അവസാനിച്ചത് ഇങ്ങനെ: 'ഈ മാതിരി സംഭവങ്ങളാണ് എണ്ണമറ്റ യാതനകളുടെ നടുവിലും മനുഷ്യത്വത്തില്‍ വിശ്വാസം പുലര്‍ത്താന്‍ നമ്മെ സഹായിക്കുന്നത്.'
നമ്മുടെ ഇടയിലെ മികച്ച മനുഷ്യനെന്നും വലിയ ധീരനെന്നും 1957 ഡിസംബര്‍ മൂന്നിലെ മാതൃഭൂമിയുടെ മുഖപ്രസംഗം കൃഷ്ണനെ വിശേഷിപ്പിച്ചു. കൃഷ്ണന്റെ കുടുംബത്തിനു സഹായമെത്തിക്കാന്‍ മുന്നിട്ടിറങ്ങിയത് മാതൃഭൂമിയായിരുന്നു. ഡിസംബര്‍ ഏഴിന് മണ്ണാര്‍ക്കാട് കൃഷ്ണന്‍ കുടുംബഫണ്ട് ആരംഭിക്കുന്നതായി മാതൃഭൂമി അറിയിപ്പു നല്‍കി.
90 രൂപയ്ക്ക് ഒരു പവന്‍ കിട്ടുമായിരുന്ന, ഒരു രൂപയ്ക്ക് പതിനാറ്് ചായ കിട്ടുമായിരുന്ന അക്കാലത്ത് മാതൃഭൂമി മുന്നിട്ടിറങ്ങിയപ്പോള്‍ 23,385.84 രൂപയാണ് ഫണ്ടിലേക്ക് എത്തിയത്. 1958 ഫെബ്രുവരി 13-ന് ചേര്‍ന്ന പൊതുയോഗത്തില്‍ കേരള ഗവര്‍ണര്‍ ഡോ. ബി. രാമകൃഷ്ണറാവു കൃഷ്ണന്റെ കുടുംബത്തിനു സഹായം കൈമാറി. കെ.പി. കേശവമേനോനും സുകുമാര്‍ അഴീക്കോടും പ്രസംഗിച്ചു. ബാലാമണിയമ്മ കവിത ചൊല്ലി. ആ പണം കൃഷ്ണന്റെ കുടുംബത്തിന് തുടര്‍ജീവിതം നല്‍കി.
ഡോ. രാധ വീണ്ടും പുഞ്ചിരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ 15-ാം ബാച്ചില്‍ ഏറ്റവുമധികം മാര്‍ക്ക് വാങ്ങിയവരില്‍ ഒരാളായിരുന്നു രാധ. എം.ബി.ബി.എസിനു പഠിക്കുമ്പോഴാണ് രാധയ്ക്ക് ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടത്. പഠനശേഷം തൃപ്പങ്ങോടെന്ന ഗ്രാമത്തില്‍ ഗ്രാമീണരെ ചികിത്സിച്ചുകൊണ്ട് പ്രാക്ടീസ് തുടങ്ങി. 1980-ലാണ് രാധയ്ക്ക് ഹൃദ്രോഗം മൂര്‍ച്ഛിക്കുന്നത്. ഒടുവില്‍ ഹൃദയസ്തംഭനംവരെയെത്തി. ദിവസങ്ങള്‍ നീണ്ട അബോധാവസ്ഥയ്ക്കുശേഷം നാട്ടില്‍ തിരിച്ചെത്തിയ രാധയും ഭര്‍ത്താവും പിന്നീട് ചെന്നൈയിലേക്കു പോയി. അവിടെ നടത്തിയ പരിശോധനയിലാണ് യൂട്രസിലും ഓവറിയലും അര്‍ബുദം വളരുന്നതായി കണ്ടെത്തിയത്.
ഓരോതവണയും ചികിത്സിച്ച് രോഗം ഭേദമാകുന്നതിനുപിന്നാലെ അടുത്ത രോഗം രാധയെത്തേടിയെത്തിക്കൊണ്ടിരുന്നു. എല്ലാ മാര്‍ഗങ്ങളും പരീക്ഷിച്ച് മടുത്ത ഭര്‍ത്താവാകട്ടെ, രാധയെ സഹോദരിയുടെ വീട്ടിലാക്കി എങ്ങോട്ടോ പോയി. സഹോദരിക്ക് തന്നെ ചികിത്സിക്കാനുള്ള സാമ്പത്തികസ്ഥിതിയില്ലെന്നു മനസ്സിലാക്കിയ രാധ ജീവനൊടുക്കാനും ശ്രമം നടത്തി. അവിടെയും വിധി രാധയോട് മുഖം തിരിച്ചു.
പലരോഗങ്ങളാല്‍ കിടക്കയിലായ രാധയെ നാടറിഞ്ഞത് മാതൃഭൂമിയിലൂടെയായിരുന്നു. വാര്‍ത്ത വന്നതിനുപിന്നാലെ രാധയെത്തേടി സഹായങ്ങളുടെ പ്രവാഹമായിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി പി. ശങ്കരന്‍ രാധയെ സന്ദര്‍ശിച്ച് ചികിത്സാച്ചുമതല ഏറ്റെടുത്തു. ആരോഗ്യവകുപ്പില്‍ ജോലിയും ഉറപ്പുനല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുമാറ്റി വിദഗ്ധ ചികിത്സയും ഉറപ്പാക്കി. ഐ.എം.എ. അടക്കം ഒട്ടേറെ സംഘടനകളും വ്യക്തികളും ഇതിനിടെ സഹായവുമായെത്തി. അങ്ങനെ വേദനയും ഏകാന്തതയും നിറഞ്ഞ നാലുവര്‍ഷത്തെ ഡോ. രാധയുടെ നിസ്സഹായവസ്ഥയ്ക്ക് അറുതിയായെങ്കിലും പിന്മാറാന്‍ മാതൃഭൂമി തയ്യാറായിരുന്നില്ല. തുടര്‍വാര്‍ത്തകള്‍ നല്‍കി മാതൃഭൂമി രാധയെ പുതുജീവിതത്തിലേക്കു നയിച്ചു. നാലുമാസത്തെ വിദഗ്ധ ചികിത്സയ്ക്കുശേഷം ഡോ. പി. രാധ പുതുജീവിതത്തിലേക്കു തിരിച്ചെത്തി. 2002 ഒക്ടോബര്‍ 31-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നു ഡിസ്ചാര്‍ജായ രാധ നവംബര്‍ 15-ന് അവിടെ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു.
പുത്തുമല തളിര്‍ക്കുന്നു പൂത്തക്കൊല്ലിയില്‍
2019 ഓഗസ്റ്റ് എട്ടിനാണ് പുത്തുമലയെന്ന പ്രദേശം പേമാരിയില്‍ ഒഴുകി മണ്‍മറഞ്ഞത്. പുത്തുമലയ്‌ക്കൊപ്പം ആ ദേശത്തെ 17 പേരും കണ്ണീരോര്‍മയായി. 63 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 20 ഹെക്ടര്‍ ഭൂമിയാണ് ഒഴുകിപ്പോയത്. ഒറ്റമഴയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പുത്തന്‍ പ്രതീക്ഷയുമായെത്തിയതും മാതൃഭൂമിയായിരുന്നു. സ്‌നേഹഭൂമിയെന്നായിരുന്നു ആ പ്രതീക്ഷയുടെ പേര്. പുത്തുമല ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട 56 കുടുംബങ്ങള്‍ക്കായി മാതൃകാ ഗ്രാമമൊരുക്കുകയെന്ന ദൗത്യമാണ് മാതൃഭൂമിയേറ്റെടുത്തത്. ഇതിനായി 50 ലക്ഷം രൂപ നല്‍കി. കല്യാണ്‍ ജ്വല്ലേഴ്സിന്റെ 37.5 ലക്ഷം രൂപയായിരുന്നു പുറത്തുനിന്നുള്ള ആദ്യ സഹായം. മേപ്പാടി കോട്ടപ്പടി വില്ലേജിലെ പൂത്തക്കൊല്ലിയില്‍ മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റ് വാങ്ങിനല്‍കിയ രണ്ടുകോടിയോളം രൂപ വിലവരുന്ന ഏഴേക്കര്‍ സ്‌നേഹഭൂമിയിലാണ് പുത്തുമല പുനരധിവാസ പദ്ധതി ഒരുങ്ങുന്നത്.
.jpg?$p=d6fbe55&&q=0.8)
വീടുകള്‍ക്കു പുറമേ, മാതൃഭൂമി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി വായനശാലയും ഒപ്പം അങ്കണവാടി, ആരോഗ്യകേന്ദ്രം, കുടിവെള്ളസൗകര്യം എന്നിവയുമൊരുക്കും. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് വീട് നിര്‍മാണം. 2020 ജൂണ്‍ 23-ന് പദ്ധതിയുടെ ഉദ്ഘാടനവും വീടുകളുടെ തറക്കല്ലിടല്‍ കര്‍മവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എം.പി. വീരേന്ദ്രകുമാറിന്റെ ഓര്‍മയ്ക്കായി വൃക്ഷത്തൈ നട്ട് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാറാണ് സ്‌നേഹഭൂമിയിലെ പാര്‍ക്കിന്റെ നിര്‍മാണപ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. നറുക്കെടുപ്പിലൂടെയാണ് പ്ലോട്ടുകളുടെ അവകാശികളെ കണ്ടെത്തിയത്. 650 ചതുരശ്രയടിയുള്ള വീട്ടില്‍ സിറ്റൗട്ട്, ലിവിങ് കം ഡൈനിങ് ഹാള്‍, രണ്ട് കിടപ്പുമുറി, അടുക്കള, ശൗചാലയം എന്നിവയുണ്ടാകും. ഏഴു ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. നിര്‍മാണം പൂര്‍ത്തിയായ മുപ്പതോളം വീടുകള്‍ കൈമാറിക്കഴിഞ്ഞു.
മാതൃഭൂമിയെത്തി, മണികണ്ഠന്റെ അമ്മയുമായി
ഭാഷയറിയാതെ, ഉറ്റവരെവിടെ എന്നറിയാതെ, നാടറിയാതെ ഉഴറിയ മണികണ്ഠന്‍ എന്ന വിശാഖപട്ടണം സ്വദേശിയായ ബാലന് ഉറ്റവരെ കണ്ടെത്തി നല്‍കിയതും മാതൃഭൂമിയായിരുന്നു. 2003 ഒക്ടോബറിലാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള അമ്മാവന്‍ തട്ടിക്കൊണ്ടുവന്ന് കോട്ടയം ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചതായിരുന്നു അവനെ. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയെപ്പറ്റിയുള്ള വാര്‍ത്തയും ചിത്രവും മാതൃഭൂമി പ്രസിദ്ധീകരിച്ചു. ആ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട വിശാഖപട്ടണത്തുനിന്നുള്ള പഠനസംഘം മാതൃഭൂമിയോടൊപ്പം നടത്തിയ ശ്രമത്തിലൂടെയാണ് മണികണ്ഠന്റെ ഉറ്റവരെ കണ്ടെത്തിയത്. പഠനസംഘം നേതാവ് എം.എ. വര്‍ഗീസ് മണികണ്ഠന്‍ നല്‍കിയ സൂചനകള്‍വെച്ച് വിശാഖപട്ടണത്തുള്ളവരുമായി ബന്ധപ്പെട്ട് ബന്ധുക്കളെ കണ്ടെത്തി.
കൈകോര്‍ത്തു... മെഡിക്കല്‍ കോളേജിനായി
പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ 1957-ല്‍ തുടങ്ങിയ കോഴിക്കോട് മെഡിക്കല്‍കോളേജ് അതിന്റെ ഷഷ്ടിപൂര്‍ത്തിയിലെത്തിയപ്പോഴേക്കും നേട്ടങ്ങളെക്കാള്‍ ദുരിതങ്ങളും ഇല്ലായ്മകളുമായിരുന്നു സമ്പാദ്യം. മെഡിക്കല്‍ കോളേജിന്റെ ഈ ദാരുണാവസ്ഥ ജനങ്ങളിലേക്കെത്തിച്ച മാതൃഭൂമി അതിന്റെ മോചനത്തിന് പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ച് 'മിഷന്‍ മെഡിക്കല്‍ കോളേജ് ' പദ്ധതി രൂപവത്കരിച്ചു. മാതൃഭൂമി ജീവനക്കാരും വിദ്യാര്‍ഥികളും പൊതുജനങ്ങളും കൂടി പലതവണ മെഡിക്കല്‍ കോളേജില്‍ ശുചീകരണ യജ്ഞം നടത്തി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരില്‍നിന്ന് മാതൃഭൂമി വഴി സഹായങ്ങള്‍ പ്രവഹിച്ചു. കാര്‍ഡിയോ തൊറാസിക് വിഭാഗത്തില്‍ വെന്റിലേറ്റര്‍ എത്തിച്ചു. എ.കെ. ആന്റണിയുടെ 50 ലക്ഷം രൂപ സഹായത്തില്‍ മാമോഗ്രാഫി യൂണിറ്റും വയലാര്‍ രവിയുടെ 50 ലക്ഷം രൂപ സഹായത്തില്‍ ഡയാലിസിസ് കേന്ദ്രവും മെച്ചപ്പെടുത്തി.
എം.പി. വീരേന്ദ്രകുമാര്‍ എം.പി 1.60 കോടി രൂപ ട്രോമ കെയര്‍ സെന്ററിന് നല്‍കി. നടന്‍ സുരേഷ് ഗോപി മകളുടെ ഓര്‍മയ്ക്ക് 50 കട്ടിലുകള്‍ നല്‍കി. മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കി. പദ്ധതി ഇപ്പോഴും തുടരുന്നു.
നീതിക്കായി ബെന്‍സനും ബെന്‍സിക്കുമൊപ്പം

എച്ച്.ഐ.വി. ബാധിച്ചതിന്റെ പേരില്‍ സ്‌കൂളില്‍നിന്ന് ഭ്രഷ്ട് കല്പിച്ച് പുറത്താക്കിയ സഹോദരങ്ങളായ ബെന്‍സന്റെയും ബെന്‍സിയുടെയും ദുരിതം നാടറിഞ്ഞത് മാതൃഭൂമിയിലൂടെയായിരുന്നു. മറ്റുകുട്ടികളോടൊപ്പം പഠിക്കാനുള്ള ഇരുവരുടെയും അവകാശത്തിനു നേരെ ചിലര്‍ വാതിലടച്ചപ്പോള്‍ പ്രശ്‌നം അധികാരികളുടെ ശ്രദ്ധയിലെത്തിച്ചത് മാതൃഭൂമിയായിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാം സംസ്ഥാനത്തെ ആരോഗ്യമന്ത്രിയായിരുന്ന പി. ശങ്കരനെ വിളിച്ചുവരുത്തി വിശദീകരണം തേടി. സാംക്രമികരോഗം ബാധിച്ച കുട്ടികള്‍ക്ക് സമൂഹത്തില്‍ വിവേചനമുണ്ടാകാതിരിക്കാന്‍ നിയമനടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരുടെയും ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു. ചികിത്സയ്ക്കായി 35,000 രൂപയും അനുവദിച്ചു. അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി സുഷമാ സ്വരാജ് നേരില്‍ക്കണ്ടതും ഇരുവരെയും മടിയിലിരുത്തി ചുംബിച്ചതും വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് എച്ച്.ഐ.വി. ബാധിതരായ കുട്ടികള്‍ക്ക് സൗജന്യചികിത്സ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..