.
രണ്ടാം ലോകയുദ്ധം തുടങ്ങിയപ്പോള്‍, 1939 സെപ്റ്റംബര്‍ രണ്ടിന് 'യുദ്ധം പൊട്ടിക്കഴിഞ്ഞു' എന്ന തലക്കെട്ടിലാണ് മാതൃഭൂമി വാര്‍ത്തയവതരിപ്പിച്ചത്. ശീര്‍ഷകത്തിലെ ആദ്യവരി ഇങ്ങനെ: 'പോളിഷ് അതിര്‍ത്തി മുഴുക്കെ ജര്‍മന്‍ ആക്രമണം', യുദ്ധവാര്‍ത്തകള്‍ ഒരുപേജിലാണ് നല്‍കിയത്. കൂടാതെ, ഇന്ത്യയിലെ സംഭവവികാസങ്ങള്‍ചേര്‍ത്ത് മറ്റൊരു പേജില്‍ 'ഇന്ത്യയില്‍ നാലാമത്തെ ഓര്‍ഡിനന്‍സ്' എന്ന തലക്കെട്ടില്‍ വാര്‍ത്തനല്‍കി. യുദ്ധംസംബന്ധിച്ച സമഗ്രചിത്രം മലയാളികള്‍ക്ക് നല്‍കാന്‍ മാതൃഭൂമിക്കായി.
വര്‍ത്തമാനപത്രമെന്നനിലയില്‍ മാതൃഭൂമി വിദേശവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ ആദ്യംമുതല്‍ക്കേ ശ്രദ്ധിച്ചിരുന്നു. ലോകസംഭവങ്ങള്‍ വായനക്കാരിലെത്തിക്കുക, ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തെയും ലോകസമാധാനത്തെയും അവ എങ്ങനെ സ്വാധീനിക്കുമെന്ന് വിശദീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1940-കളുടെ ആരംഭത്തോടെയാണ് വിദേശവാര്‍ത്ത കൈകാര്യംചെയ്യാന്‍ തുടങ്ങിയത്. അതിനുമുമ്പുതന്നെ ലോകവിവരങ്ങള്‍ മലയാളിയിലേക്ക് എത്തിക്കാനും മാതൃഭൂമിക്ക് കഴിഞ്ഞു. എ.പി., റോയിട്ടേഴ്സ് തുടങ്ങിയ വാര്‍ത്താഏജന്‍സികളെയും ഇതിനായി ആശ്രയിച്ചിരുന്നു.
ഹിറ്റ്ലറുടെ യുദ്ധവിളംബരം
യുദ്ധം തുടങ്ങിയതിനു പിറ്റേന്നിറങ്ങിയ പത്രത്തില്‍ 'ഹിറ്റ്ലറുടെ യുദ്ധവിളംബരം' പ്രതിപാദിച്ച് മുഖപ്രസംഗം നല്‍കി. യുദ്ധം തുടങ്ങുന്നതിനു തലേന്ന്, ആദ്യം തയ്യാറാക്കിയ ഒന്നാം പേജിലെ പ്രധാനവാര്‍ത്ത മാറ്റിയാണ് പത്രം പ്രസിദ്ധീകരിച്ചത്. സെപ്റ്റംബര്‍ ഒന്നിന് 'ഡാന്‍സിങ് വിട്ടുകിട്ടണമെന്ന ആവശ്യം ഉപേക്ഷിക്കാന്‍ പോളണ്ടിന് മനസ്സുമില്ല, അതുകൊണ്ട് ഹിറ്റ്ലര്‍ ബലംപ്രയോഗിക്കാന്‍ തീര്‍ച്ചയാക്കിയിരിക്കുന്നു; പോളണ്ടിനെ തുണയ്ക്കാന്‍ ബ്രിട്ടനും ഒരുങ്ങിയിരിക്കുന്നു; യുദ്ധം ഏതുനിമിഷവും ആരംഭിച്ചേക്കാം' -ഇത്തരത്തില്‍ യുദ്ധവാര്‍ത്തകള്‍ തയ്യാറാക്കി വൈകീട്ട് പത്രാധിപസമിതിയംഗങ്ങള്‍ ഓഫീസില്‍നിന്ന് പുറത്തിറങ്ങി, ലഘുഭക്ഷണവും കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ കടകളുടെ മുന്നിലുംമറ്റും റേഡിയോവാര്‍ത്ത കേട്ടുകൊണ്ട് ആളുകള്‍ തിരക്കുകൂട്ടുന്നതാണ് കണ്ടത്. 'യുദ്ധം പൊട്ടിക്കഴിഞ്ഞു' -പുതുതായി വരുന്നവരോട് അവരാരെന്ന് ശ്രദ്ധിക്കാതെ ആളുകള്‍ പറയുന്നു.
ഉത്കണ്ഠാകുലരായ നാട്ടുകാരുടെ നാവില്‍നിന്ന് ആ വാക്കുകള്‍ മാതൃഭൂമി പ്രവര്‍ത്തകരുടെ ചെവിയിലുമെത്തി. അവര്‍ ന്യൂസ് റൂമിലേക്ക് കുതിച്ചു. ജോലികഴിഞ്ഞ് പോയവരുള്‍പ്പെടെ എല്ലാ പത്രാധിപസമിതിയംഗങ്ങളും നിമിഷങ്ങള്‍ക്കകം ഓഫീസില്‍ തിരിച്ചെത്തി. 'ജര്‍മന്‍കാര്‍ പോളണ്ടിന്റെ അതിര്‍ത്തികളിലെല്ലാം ആക്രമണം തുടങ്ങിയ വര്‍ത്തമാനം കിട്ടിയിരിക്കുന്നു' എന്ന റോയിട്ടേഴ്സ് ഏജന്‍സിയുടെ സന്ദേശവും ഉടനെത്തി. നേരത്തേ തയ്യാറാക്കിയ യുദ്ധവാര്‍ത്തകളടക്കം രണ്ടുപേജിലധികം വാര്‍ത്ത നല്‍കാന്‍ മാതൃഭൂമിക്കായി. 'പോളണ്ടുകാരുടെ ഉച്ചഭ്രാന്തിനെ അവസാനിപ്പിക്കാന്‍ ബലത്തിനുപകരം ബലംതന്നെ പ്രയോഗിക്കുകയല്ലാതെ എനിക്ക് യാതൊരു പോംവഴിയുമില്ല' എന്നുപ്രഖ്യാപിച്ചാണ് ഹിറ്റ്ലര്‍ യുദ്ധം തുടങ്ങിയത്. 'ലോകത്തിലെ സമാധാനതത്പരര്‍ക്ക് കഠിനമായ ഹൃദയവേദനയുണ്ടാക്കുന്ന ഒരു വിളംബരമാണിത്' -മാതൃഭൂമി മുഖപ്രസംഗത്തില്‍ എഴുതി.
സെപ്റ്റംബര്‍ രണ്ടിന് ജര്‍മന്‍വിമാനങ്ങള്‍ പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സായില്‍ ബോംബിട്ടു. മൂന്നിലെ പത്രത്തില്‍ ഈ വാര്‍ത്തയ്‌ക്കൊപ്പം ഒരു ഭൂപടവുമുണ്ടായിരുന്നു. ജര്‍മനിക്ക് കിഴക്കന്‍ പ്രഷ്യയുമായി ബന്ധപ്പെടാന്‍ ഡാന്‍സിങ്ങും ബാര്‍ട്ടിക് കോറിഡോറും കൈയടക്കിയാല്‍ എളുപ്പമാണെന്ന് തെളിയിക്കുന്നു ആ ഭൂപടം. രണ്ടുകോളം മുഖപ്രസംഗവും പ്രസിദ്ധീകരിച്ചു.
അവധിദിവസവും പത്രമിറക്കി
സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11 മണിയോടെ ബ്രിട്ടന്‍ ജര്‍മനിക്കെതിരേ ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തി. അന്ന് ഞായറാഴ്ചയായിരുന്നു, മാതൃഭൂമിയില്‍ അവധിദിവസവും. എങ്കിലും പത്രാധിപസമിതി അംഗങ്ങളും മറ്റുജീവനക്കാരും എത്തി. നാലിന് രണ്ടുപേജുള്ള പ്രത്യേകപതിപ്പും ഇറക്കി. ഒന്നാംപേജില്‍ 'ബ്രിട്ടനും ജര്‍മനിയും തമ്മില്‍ യുദ്ധം തുടങ്ങി' എന്ന ബാനര്‍ തലക്കെട്ടിനുതാഴെ അഞ്ചുകോളത്തിലേറെ യുദ്ധവാര്‍ത്തകള്‍ നല്‍കി.
ഒന്നാംപേജിലെ ഇയര്‍ പാനലില്‍ 'ഗാന്ധിജി വൈസ്രോയിയെ കാണാന്‍ ഡല്‍ഹിക്കു പുറപ്പെട്ടു' വാര്‍ത്തയും വലത്ത് 'തുര്‍ക്കി ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ഭാഗത്തുചേരുന്നു' എന്ന വാര്‍ത്തയും നല്‍കി.
അന്നുമുതല്‍ ദിവസേന യുദ്ധവാര്‍ത്തകള്‍ക്ക് കോളങ്ങള്‍ക്കപ്പുറത്തേക്ക് പേജുകള്‍തന്നെ മാതൃഭൂമി മാറ്റിവെച്ചു. ഇന്ത്യയെ ബാധിക്കുന്ന യുദ്ധവാര്‍ത്തകളും ഇന്ത്യാഗവണ്‍മെന്റിന്റെ അറിയിപ്പുവാര്‍ത്തകളും ഒന്നിച്ചാണ് നല്‍കിയിരുന്നത്. യുദ്ധവാര്‍ത്തകളില്‍ ജര്‍മനിക്കുണ്ടാകുന്ന നഷ്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനായിരുന്നു മാതൃഭൂമിയുടെ ശ്രമമെങ്കില്‍, ഇന്ത്യയെ സ്പര്‍ശിക്കുന്ന വാര്‍ത്തകളില്‍ ദേശീയമായൊരു വീക്ഷണം ധ്വനിപ്പിക്കാനായിരുന്നു ശ്രദ്ധ. യുദ്ധത്തെക്കുറിച്ചുള്ള മുഖപ്രസംഗങ്ങള്‍ അതിസൂക്ഷ്മമായ രംഗനിരീക്ഷണത്തിന് നിദര്‍ശനങ്ങളാണ്. യുദ്ധത്തെപ്പറ്റിയുള്ള അഭിപ്രായങ്ങളോ ഭവിഷ്യത്തുകളെപ്പറ്റിയുള്ള സൂചനകളോ മാത്രമല്ല, യുദ്ധതന്ത്രപ്രധാനമായ നിര്‍ദേശങ്ങള്‍കൂടി മാതൃഭൂമിയുടെ അന്നത്തെ നിരീക്ഷണങ്ങളില്‍ കാണാം.
'ഫിലിപ്പൈനില്‍ ശക്തിമത്തായ സമരം', 'ജപ്പാന്‍ അമേരിക്കയോടും ബ്രിട്ടനോടും യുദ്ധത്തിലേര്‍പ്പെട്ടു', 'സിങ്കപ്പൂരിലും പെനാങ്കിലും ജപ്പാന്റെ ബോംബാക്രമണം' തുടങ്ങിയ തലക്കെട്ടുകളിലാണ് യുദ്ധവാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. പേള്‍ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചതും ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബിട്ടതും വിശദമായി മാതൃഭൂമി നല്‍കിയിരുന്നു. അക്കാലത്ത് 'അതൃപ്തികരം' എന്ന തലക്കെട്ടില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച മുഖപ്രസംഗം ശ്രദ്ധേയമായി. ബ്രിട്ടന്റെ യുദ്ധലക്ഷ്യം എന്തെന്നും അത് ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നും വ്യക്തമാക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകകമ്മിറ്റിയുടെ ക്ഷണം നിരാകരിച്ച വൈസ്രോയിയെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്നതായിരുന്നു മുഖപ്രസംഗം. സാമ്രാജ്യത്വത്തിന്റെ പഴയ ആയുധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ജനതയുടെ ആത്മാഭിമാനത്തെ ക്ഷതപ്പെടുത്തുകകൂടി ചെയ്യുന്ന നടപടിയാണിതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി. 1945 ഡിസംബര്‍ ഒന്നിലെ പത്രത്തില്‍ 24,338 ഇന്ത്യക്കാര്‍ യുദ്ധത്തില്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുദ്ധം ജയിക്കാന്‍ അമേരിക്ക ചെലവഴിച്ച തുകയുടെ കണക്കും യുദ്ധത്തില്‍ ജപ്പാനുണ്ടായ നഷ്ടത്തിന്റെ വിശദമായ കണക്കും മാതൃഭൂമി നല്‍കി.
ജപ്പാനെ നശിപ്പിക്കാന്‍ അറ്റോമിക ബോംബ്
'ജപ്പാനെ നശിപ്പിക്കാന്‍ അറ്റോമിക് ബോംബ്', 'അമേരിക്കയുടെ ഭയങ്കരമായ പുതിയ പ്രതികാര നടപടി' എന്ന നാലു ഡെക്ക് ശീര്‍ഷകത്തിലാണ് ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക അണുബോംബിടുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് മാതൃഭൂമി വാര്‍ത്ത നല്‍കിയത്. 3850 ടണ്‍ ബോംബ് വര്‍ഷിച്ചതായും മാതൃഭൂമി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. 'നാഗസാക്കിയില്‍ രണ്ടാമത്തെ അറ്റോമിക് ബോംബ്' എന്ന തലക്കെട്ടിലാണ് നാഗസാക്കിയിലെ അണുബോംബ് വര്‍ഷം മാതൃഭൂമി നല്‍കിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ 'അറ്റോമിക് ഗവേഷണം നിയന്ത്രിക്കാന്‍ ഒരു സര്‍വരാജ്യ കേന്ദ്രം', 'ഹിരോഷിമയ്ക്ക് പറ്റിയ നഷ്ടം', 'ആറ്റംബോംബുകൊണ്ടുണ്ടായ ഭയങ്കര നാശം', 'ഹിരോഷിമയിലെ ഭയങ്കര കാഴ്ച', 'ആറ്റംബോംബിന്റെ അപകൃതി' തുടങ്ങി ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ കാണാം. ഇങ്ങനെ പതിനായിരത്തില്‍പ്പരം റിപ്പോര്‍ട്ടുകളും അമ്പതിലധികം മുഖപ്രസംഗങ്ങളും രണ്ടാംലോകയുദ്ധകാലത്ത് മാതൃഭൂമി പ്രസിദ്ധീകരിക്കുകയുണ്ടായി.
Content Highlights: Mathrubhumi @ 100
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..