.
ഇന്ത്യയില്‍ മതേതരരാഷ്ട്രീയസങ്കല്പവും ഭരണഘടനയുടെ നിയാമകതത്ത്വങ്ങളും ആഴത്തില്‍ ഉള്‍ക്കൊണ്ടത് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവാണ്. ഗാന്ധിവധത്തിനുശേഷം അതിനുവേണ്ടി നിലകൊണ്ടതും ഈ ആധുനികനാണ്. ഒരു രാഷ്ട്രമെന്നനിലയ്ക്ക് ഇന്ത്യ ഏതുദിശയിലൂടെ മുന്നോട്ടുപോകണമെന്ന കൃത്യമായ വീക്ഷണം നെഹ്രുവിനുണ്ടായിരുന്നു.
പ്രധാനമന്ത്രിയെന്നനിലയ്ക്ക് ജവാഹര്‍ലാല്‍ നെഹ്രുവും സമിതി അധ്യക്ഷന്‍ എന്നനിലയില്‍ ഡോ. രാജേന്ദ്രപ്രസാദും നിയമമന്ത്രിയായ ഡോ. ബി.ആര്‍. അംബേദ്കറും കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി സര്‍ദാര്‍ പട്ടേല്‍, മൗലാന ആസാദ് തുടങ്ങിയവരും അസംബ്ലിക്ക് നേതൃത്വംനല്‍കി.
അംബേദ്കറുടെ കണ്ണുനിറഞ്ഞപ്പോള്‍
ഡോ. ബി.ആര്‍. അംബേദ്കര്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. അദ്ദേഹത്തെ അസംബ്ലിയില്‍ എത്തിക്കണമെന്നും ഭരണഘടനാ നിര്‍മാണപ്രക്രിയയില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിച്ച് അദ്ദേഹത്തിനൊരു പ്രധാനപങ്ക് നല്‍കണമെന്നും മഹാത്മാഗാന്ധി പണ്ഡിറ്റ് നെഹ്രുവിനോടും സര്‍ദാര്‍ പട്ടേലിനോടും ആവശ്യപ്പെട്ടു. രണ്ടുപേര്‍ക്കും ഇത് മറികടക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ, രണ്ടാം വട്ടമേശസമ്മേളനത്തിനുശേഷം തുടര്‍ച്ചയായി മഹാത്മാഗാന്ധിയുടെ സമീപനങ്ങളെ എതിര്‍ത്തുപോന്ന അംബേദ്കറെ, ഭാവി ഇന്ത്യയുടെ ഭരണസമ്പ്രദായവും സ്ഥാപനങ്ങളും നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിപ്പിക്കണമെന്ന ഗാന്ധിജിയുടെ ഉപദേശം സ്വീകരിക്കാന്‍ അവര്‍ക്ക് ആദ്യം വിഷമംതോന്നിയത്രേ! ഒടുവില്‍ നേതാക്കള്‍ അത് സ്വീകരിച്ചു.
ബോംബെയില്‍നിന്ന് ഒഴിവുണ്ടാക്കി അംബേദ്കറെ അസംബ്ലിയിലേക്ക് കൊണ്ടുവരാന്‍ ബോംബെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന എസ്.കെ. പാട്ടീലിനോട് സര്‍ദാര്‍ പട്ടേല്‍ ആവശ്യപ്പെടുകയുംചെയ്തു. ഗാന്ധിജിയുടെ ഈ തീരുമാനം ഡോ. അംബേദ്കറെയും അദ്ഭുതപ്പെടുത്തി. കാരണം, 20 വര്‍ഷത്തോളം ഗാന്ധിജിയുടെ രാഷ്ട്രീയമൂല്യങ്ങളെ എതിര്‍ക്കുകയും പുച്ഛിക്കുകയുംചെയ്ത പ്രഥമഗണനീയനായ ഈ നേതാവ്, ഗാന്ധിജിക്ക് തന്നോടുള്ള ഈ സമീപനത്തില്‍ സ്വകാര്യമായി അദ്ഭുതം പ്രകടിപ്പിച്ചു. ഒരുപക്ഷേ, അതിന്റെ പരിണതഫലമായിട്ടായിരിക്കാം മഹാത്മാഗാന്ധിയുടെ മൃതശരീരം രാജ്ഘട്ടത്തില്‍ എത്തിച്ചപ്പോള്‍ അംബേദ്കറുടെ കണ്ണുകള്‍ നിറഞ്ഞതും പണ്ഡിറ്റ് നെഹ്രുതന്നെ പോയി സമാധാനിപ്പിച്ചതും.
നെഹ്റുവിന്റെ വിദേശനയം
ലോകം ശ്രദ്ധിച്ച നേട്ടങ്ങളിലൊന്ന് നെഹ്രുവിന്റെ വിദേശനയമായിരുന്നു. രണ്ടാംലോക യുദ്ധത്തിനുശേഷം പിറന്ന പുതിയ ലോകത്തില്‍ വ്യക്തമായ ചേരിതിരിവുണ്ടായി. അമേരിക്കയുടെ നേതൃത്വത്തിലുള്ള പടിഞ്ഞാറന്‍ ജനാധിപത്യ രാഷ്ട്രങ്ങളും അന്നത്തെ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള, ചൈനകൂടി അന്ന് ഉള്‍പ്പെട്ടിരുന്ന കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളും വ്യക്തമായ രണ്ടുചേരികളായിരുന്നു. ഇത് ലോകസമാധാനത്തിന് വെല്ലുവിളിയും ഭീഷണിയുമാണെന്ന് മനസ്സിലാക്കിയ ഇന്ത്യ ഈ ചേരികളില്‍നിന്ന് മാറിനില്‍ക്കാനും ഇന്ത്യയുടെ വിദേശനയം ചേരിചേരാസമീപനത്തില്‍ അടിയുറച്ചുനില്‍ക്കുമെന്ന് വ്യക്തമാക്കുകയുംചെയ്തു. ഈ സങ്കല്പങ്ങള്‍ ആദ്യം രണ്ടുചേരികളും പുറംതള്ളിയെങ്കിലും പിന്നീട് ലോകത്തിന്റെ ശ്രദ്ധയും ആദരവും പിടിച്ചുപറ്റി. ജവാഹര്‍ലാല്‍ നെഹ്രുവിനെ ഈ സമീപനത്തിന്റെ വക്താവായി അംഗീകരിക്കുകയുംചെയ്തു. ഇന്ത്യയുടെ വിദേശനയം അതോടെ ലോകരാഷ്ട്ര സമുച്ചയത്തിന് ഒരു ഘടകമായിമാറി.
ഇന്ത്യയുടെ രാജ്യരക്ഷാനയങ്ങളും ചേരിചേരാനയത്തിന്റെ കാഴ്ചപ്പാടില്‍ മെനഞ്ഞെടുത്തതായിരുന്നു. 1960-കളില്‍ ഇന്ത്യ-ചൈന ബന്ധം മോശമായിട്ടും ഇന്ത്യ ഈ നയസമീപനത്തില്‍ ഉറച്ചുനിന്നു. ചൈനയെ ഐക്യരാഷ്ട്രസഭയിലെ സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗമാക്കാനുള്ള ശ്രമങ്ങളില്‍നിന്ന് ഇന്ത്യ മാറിനിന്നില്ല. 'ഇന്ത്യ-ചീന ഭായിഭായി' എന്ന മുദ്രാവാക്യം ആദ്യമുയര്‍ത്തിയത് ഇന്ത്യയാണ്. പിന്നീട് ചൈനീസ് ഭാഷയിലും ഹിന്ദ്-തുങ്ക്വാ ഷുസുംക്തി എന്ന മുദ്രാവാക്യം ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ ലായ് അടക്കം എല്ലാവരും വിളിച്ചെങ്കിലും അതില്‍നിന്ന് മാറിനിന്നൊരാള്‍ മാവോ സേ തുങ് ആയിരുന്നു. വ്യക്തമല്ലാത്ത ചില കാരണങ്ങളെക്കൊണ്ട് ഇന്ത്യയുമായുള്ള സൗഹൃദത്തെക്കുറിച്ച് മാവോ ചില ശബ്ദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു.
ലഡാക്കുതൊട്ട് ഹിമാലയന്‍നിരയിലൂടെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിവരെ നീണ്ടുകിടക്കുന്നതാണ് ഇന്ത്യ-ചൈന അതിര്‍ത്തി. ഹിമാലയന്‍ അതിര്‍ത്തിക്കപ്പുറം നിലകൊള്ളുന്ന ടിബറ്റ് ദലൈലാമ, പഞ്ചന്‍ലാമമാരുടെ കീഴിലുള്ള പ്രദേശമായാണ് അറിയപ്പെട്ടിരുന്നത്. ചൈനയില്‍വന്ന പുതിയ മാറ്റങ്ങളെ ഇന്ത്യ അംഗീകരിക്കുന്നില്ല. 'ലാമ ഭരണം' അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നു എന്നൊരു ദുഷ്പ്രചാരണം ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യ ഇതൊന്നും ഗൗരവമായി കണ്ടില്ല. ചൈനയോടുള്ള സൗഹൃദത്തില്‍ അടിയുറച്ച സമീപനവുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ബന്ധൂങ് സമ്മേളനത്തിലും അതിനുശേഷവും പ്രകോപനങ്ങള്‍ വളര്‍ന്നുവരുന്നത് മനസ്സിലായെങ്കിലും ഇന്ത്യ ഈ സമ്മര്‍ദങ്ങളില്‍നിന്ന് മാറി പഴയ സമീപനം തുടര്‍ന്നു.
ഇന്ത്യ-ചൈന സംഘര്‍ഷം
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പ്രത്യേകിച്ചും ലഡാക്കില്‍ ചൈനീസ് സൈന്യം നുഴഞ്ഞുകയറുന്നു, റോഡുകളും പാതകളും ഉയര്‍ത്തുന്നു എന്ന് ഇന്ത്യക്ക് വിവരംലഭിച്ചത് മാസങ്ങള്‍ കഴിഞ്ഞാണത്രേ. ഏതായാലും ഇത് നമ്മുടെ വീഴ്ചയായി. നുഴഞ്ഞുകയറ്റം പലഭാഗത്തും തുടരുന്നു എന്നറിഞ്ഞപ്പോഴാണ് പ്രധാനമന്ത്രി നെഹ്രു പ്രകോപിതനായി കൊളംബോയില്‍ ഒരു പത്രസമ്മേളനത്തില്‍, 'അതിര്‍ത്തി കടന്ന് ആരുവന്നാലും ശരി അവരെ പുറത്താക്കാന്‍ നമ്മുടെ സൈന്യത്തിന് ഉത്തരവ് കൊടുത്തിട്ടുണ്ട്' എന്ന് വ്യക്തമാക്കിയത്. ഈ പത്രസമ്മേളനത്തിലെ അഭിപ്രായപ്രകടനം അനവസരത്തിലായിപ്പോയി എന്ന അഭിപ്രായം പലകേന്ദ്രങ്ങളില്‍നിന്നും വന്നിരുന്നു.
അതിനുശേഷമാണ് ചൈനീസ് സൈനികവ്യൂഹങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയുടെ പലഭാഗത്തും നുഴഞ്ഞുകയറ്റം നടത്തിയത്. ചൈന ഇന്ത്യയെ ആക്രമിക്കുന്നുവെന്നും ഇന്ത്യ പിറകോട്ടുപോയി എന്നുമുള്ള പ്രചാരണം ഇന്ത്യയിലെ പത്രമാധ്യമങ്ങളിലും അന്താരാഷ്ട്രരംഗത്തും കേള്‍ക്കാന്‍ തുടങ്ങി. അതോടെയാണ് ഇന്ത്യയിലെ അന്നത്തെ മാധ്യമങ്ങള്‍ (അന്ന് ടെലിവിഷനില്ല) ഇന്ത്യ ചൈനയോട് അടിയറവുപറഞ്ഞു എന്ന പ്രചാരണം ആരംഭിച്ചത്. ഇത് വസ്തുതയ്ക്കുനിരക്കാത്തതായിരുന്നു. ജനറല്‍ തിമ്മയ്യ, ജനറല്‍ മനേക്ഷാ എന്നിവരുമായുള്ള സംഭാഷണങ്ങളില്‍ എനിക്കത് വ്യക്തമായി.
യുദ്ധങ്ങളെക്കുറിച്ചോ യുദ്ധങ്ങളില്‍ വരുന്ന ഉയര്‍ച്ചതാഴ്ചകളെക്കുറിച്ചോ മനസ്സിലാക്കാന്‍ കഴിയാത്തവരാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും അവര്‍ എന്നോട് പറഞ്ഞു. ഈ സംഘട്ടനപരമ്പരയില്‍ ആദ്യം നാം പിറകോട്ടുപോയെങ്കിലും പിന്നീട് തിരിച്ചടിച്ച് ചൈനീസ് പട്ടാളത്തെ വിഷമവൃത്തത്തിലാക്കിയെന്നത് ഇവിടെ റിപ്പോര്‍ട്ട് ചെയ്തില്ല. ഇന്ത്യ, ചൈനയോട് പരാജയപ്പെട്ടു എന്നത് അര്‍ധസത്യമായിരുന്നു. പലരും ഇത് ജവാഹര്‍ലാല്‍ നെഹ്രുവിനെതിരേ ഉപയോഗിക്കാന്‍ ഒരു തന്ത്രമാക്കി മെനഞ്ഞെടുത്തു. ഇന്ത്യ എന്ന രാഷ്ട്രസങ്കല്പം വളര്‍ത്തിയെടുത്തതും അതിന് വ്യക്തമായ രൂപകല്പനചെയ്തതും നെഹ്രുവായിരുന്നു.
Content Highlights: Mathrubhumi @100
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..