ലോഗോ
ചരിത്രത്തിനൊപ്പം നടക്കുകയും ചരിത്രം സൃഷ്ടിക്കുകയുംചെയ്ത ഒരു മാധ്യമത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുമ്പോള്‍, അതിനെ പോറ്റിവളര്‍ത്തിയ വായനക്കാര്‍ക്കും മിത്രങ്ങള്‍ക്കും ഞങ്ങള്‍ സീമാതീതമായ സ്നേഹാദരങ്ങള്‍ അര്‍പ്പിക്കുന്നു. കേരളത്തെ രൂപപ്പെടുത്തിയ ചരിത്രഘട്ടങ്ങളിലെല്ലാം സാക്ഷി, സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെല്ലാം പടയാളി, നാടിന്റെ സാമൂഹിക, സാംസ്‌കാരിക പരിവര്‍ത്തനപ്രവാഹങ്ങളുടെ അഗ്രഗാമി- അതാണ് മാതൃഭൂമിയുടെ പൈതൃകം.
1934 ജനുവരി 13-ന് മാതൃഭൂമിയുടെ ഗോവണിപ്പടികള്‍ കയറിവന്നശേഷം ഗാന്ധിജി പറഞ്ഞു: 'പത്രത്തിന്റെ നയത്തെയും അതു ജനങ്ങള്‍ക്കുചെയ്യുന്ന ഗുണത്തെയുമാണ് ഞാന്‍ അധികം ശ്രദ്ധിക്കുന്നത്'. അത് മാതൃഭൂമിക്കുമാത്രം ലഭിച്ച മൂല്യവത്തായ സാക്ഷ്യപത്രമാകുന്നു.
1923 മാര്‍ച്ച് 18-ന് മാതൃഭൂമി ആരംഭിക്കുമ്പോള്‍ സ്വാതന്ത്ര്യസമരയോദ്ധാക്കള്‍കൂടിയായ മാതൃഭൂമിയുടെ അമരക്കാര്‍ക്ക് വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികളുടെ കര്‍ശനമായ സെന്‍സര്‍ഷിപ്പുകളെ മറികടന്നുകൊണ്ട് യഥാര്‍ഥവസ്തുതകള്‍ അറിയിക്കാന്‍ അത് കഠിനമായി ക്ലേശിച്ചു. പിഴ കെട്ടിവെക്കലും ശാസനയും പത്രാധിപരെ അറസ്റ്റുചെയ്യലും പലതവണ നിരോധനവും പത്രം നേരിട്ടു. പത്രാധിപ കസേരയില്‍ നിന്നുതന്നെ പത്രാധിപരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശയങ്ങള്‍ നിര്‍ഭയം അവതരിപ്പിക്കാന്‍ കഴിയാതെവന്നപ്പോള്‍ അത് മുഖപ്രസംഗകോളം ഒഴിച്ചിട്ട് പ്രതിഷേധിച്ചു.
സ്വാതന്ത്ര്യം മാത്രമായിരുന്നില്ല അതിന്റെ ലക്ഷ്യം. മനുഷ്യന്റെ സ്വാഭിമാനത്തെ ക്ഷയിപ്പിക്കാനുള്ള ആചാരസമ്പ്രദായങ്ങളോടും നിബന്ധനകളോടും അത് സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിച്ചു. വൈക്കത്ത് വഴിനടക്കാനും ഗുരുവായൂരില്‍ എല്ലാവര്‍ക്കും ക്ഷേത്രദര്‍ശനത്തിനായും മാതൃഭൂമിയുടെ വിധാതാക്കള്‍ സമരത്തിനിറങ്ങി. പത്രാധിപര്‍തന്നെ പയ്യന്നൂരില്‍പ്പോയി ഉപ്പുകുറുക്കി. വിധവാവിവാഹത്തിനും ഐക്യകേരളത്തിനും ഭാഷയ്ക്കുംവേണ്ടി അത് യുദ്ധമുഖങ്ങള്‍ തുറന്നു. കേരള സര്‍വകലാശാലയ്ക്കും മെഡിക്കല്‍ കോളേജിനുംവേണ്ടി നിരന്തരം കാമ്പയിന്‍ ചെയ്തു. പ്ലാച്ചിമടയിലെ ജലചൂഷണത്തിനെതിരേ, വിഷമഴയായിപ്പെയ്ത എന്‍ഡോസള്‍ഫാനെതിരേ ജനമനഃസാക്ഷിയെ ഉണര്‍ത്തി. ഒരു പത്രത്തിനപ്പുറം സമൂഹത്തിനും രാജ്യത്തിനുംവേണ്ടി ഏറ്റെടുത്ത ബാധ്യതകള്‍ മാതൃഭൂമിയുടെ ജന്മദൗത്യമായി. മഹാത്മജിയുടെ നിര്‍ദേശങ്ങള്‍ വഹിച്ചുകൊണ്ട് ഉത്തരവാദിത്വമുള്ള ജനതയെ സൃഷ്ടിക്കുകയായിരുന്നു അതിന്റെ അന്തിമലക്ഷ്യം. ആ യാത്രയില്‍ 100 വര്‍ഷം ചെറിയ കാലയളവല്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു ജനതയുടെ ആത്മാവിഷ്‌കാരത്തിന്റെയും സാമൂഹിക രചനയുടെയും ചുമതലയായിത്തീര്‍ന്നു മാതൃഭൂമിയുടെ ജീവിതം.
ഞങ്ങളുടെ പത്രാധിപന്മാരായിരുന്നു ഐക്യകേരള പ്രസ്ഥാനത്തിന്റെ നായകര്‍. ഞങ്ങളുടെ അമരക്കാര്‍ ജലചൂഷണത്തിനെതിരേ, വിഷമഴയ്ക്കെതിരേ പൊരുതിനിന്നു. വികസനത്തിനു പുതിയ അര്‍ഥകല്പനകള്‍ ആവിഷ്‌കരിച്ചു. പ്രകൃതിയെ നിരന്തരം കൊല്ലുന്ന വികസനം, വിനാശമാണെന്ന് ഞങ്ങള്‍ ബോധ്യപ്പെടുത്തി. അറിവിന്റെ ബോധ്യങ്ങളാണ്, നീതിയാണ്, സഹിഷ്ണുതയാണ്, സമഭാവനയാണ്, കാരുണ്യമാണ് മാതൃഭൂമി രചിക്കുന്ന ജീവിതം. മലയാളിയുടെ സാംസ്‌കാരിക ഐക്യത്തിനും മുന്നേറ്റങ്ങള്‍ക്കും മലയാളിയോടൊപ്പം മാതൃഭൂമിയും അണിചേര്‍ന്നു. ഞങ്ങളെ വിമര്‍ശിക്കുന്നവര്‍പോലും പറയുകയോ എഴുതുകയോ ചെയ്യാറുണ്ട് 'മറ്റുള്ളവര്‍ ചെയ്തോട്ടെ, മാതൃഭൂമി അങ്ങനെ ചെയ്യരുത്' എന്ന്. അതൊരു വിശ്വാസപ്രഖ്യാപനമാണ്. ഞങ്ങള്‍ അതിനെ വിലമതിക്കുന്നു. ദുരിതകാലങ്ങളില്‍ ഞങ്ങളെ നിലനിര്‍ത്തിയ വായനക്കാര്‍ക്കും പത്രബന്ധുക്കള്‍ക്കും ഞങ്ങളുടെ ആവിഷ്‌കാരങ്ങള്‍ വായനക്കാരില്‍ എത്തിച്ച ഏജന്റുമാര്‍ക്കും പരസ്യദാതാക്കള്‍ക്കും ശതാബ്ദിയുടെ ഈ നിറവില്‍ വാക്കുകള്‍ക്കതീതമായ സ്നേഹവിശ്വാസങ്ങളുടെ ഭാഷയില്‍ നന്ദിപറയുന്നു. പൂര്‍വസൂരികള്‍ തെളിച്ച അതേ പാതയിലൂടെ പുതുകേരളം രചിക്കാന്‍ ഞങ്ങള്‍ പുനരര്‍പ്പണം ചെയ്യുന്നു. മാതൃഭൂമിയെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ഓരോ മനുഷ്യസ്നേഹിക്കും നന്ദി...
ആദരവോടെ, നന്ദിയോടെ,
പി.വി.ചന്ദ്രന്‍
(ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍)
എം.വി.ശ്രേയാംസ്‌കുമാര്‍
(മാനേജിങ് ഡയറക്ടര്‍)
Content Highlights: Managing Editor Managing Director Message Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..